Bigg Boss Malayalam, 26 August 2018 Episode 63: എലിമിനേഷന്‍ നടപടികള്‍ക്കായി അവതാരകനായ മോഹന്‍ലാല്‍ ബിഗ് ബോസിലെത്തി. കഴിഞ്ഞ ആഴ്ച്ചയിലെ കാരണവറായ അനൂപ് ചന്ദ്രനെ കുറിച്ച് എല്ലാവരോടും മോഹന്‍ലാല്‍ അഭിപ്രായം ചോദിച്ചു. ഇതിനിടെ ഷിയാസ് ഭക്ഷണം എടുത്ത് കഴിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തെ കുറിച്ച് മോഹന്‍ലാല്‍ ചോദിച്ചു. ഷിയാസിനെതിരെ ബഷീറും സാബുവും രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു. മറ്റുളളവരുടെ വയറിനെ കുറിച്ച് ഓര്‍ക്കാതെയാണ് ഷിയാസിന്റെ പെരുമാറ്റമെന്ന് ബഷീര്‍ കുറ്റപ്പെടുത്തി. നാട് ഭരിക്കാന്‍ എളുപ്പമാണെന്നും വീട് ഭരിക്കല്‍ എളുപ്പമുളള കാര്യമല്ലെന്നും അനൂപ് വ്യക്തമാക്കി. ബഷീര്‍ നേരുളള മനുഷ്യനാണെന്നും സത്യം മാത്രമാണ് പറയാറുളളതെന്നും അനൂപ് പറഞ്ഞു.

ശ്രീനിഷിനെ ബാറ്റ്മാന്‍ എന്നാണ് ആളുകള്‍ വിളിക്കുന്നതെന്ന് മോഹന്‍ലാല്‍ കളിയാക്കി. ബഷീറിനോട് ക്യാപ്റ്റനായിരുന്നപ്പോള്‍ അനൂപ് പ്രത്യേക പരിഗണന നല്‍കിയെന്ന് രഞ്ജിനി കുറ്റപ്പെടുത്തി. രാത്രി മാത്രം സംസാരിക്കുന്ന ആള്‍ക്കാരായി എല്ലാവരും മാറിയോ എന്ന് പേളിയോട് മോഹന്‍ലാല്‍ ചോദിച്ചു. അനൂപിനെ കുറിച്ച് നല്ല അഭിപ്രായമാണ് പേളി പറഞ്ഞത്. അതേസമയം അനൂപ് പക്ഷപാതപരമായാണ് ക്യാപ്റ്റനായി കളിച്ചതെന്ന് ഹിമ ശങ്കര്‍ പറഞ്ഞു.

അനൂപ് പക്ഷപാതം കാണിച്ചിട്ടില്ലെന്ന് സുരേഷ് പറഞ്ഞു. പുതിയ കാരണവരായ ബഷീറിനോട് ഭാവിപരിപാടികള്‍ മോഹന്‍ലാല്‍ ചോദിച്ചു. പുരുഷന്മാരെ കൊണ്ട് പാചകം ചെയ്യിക്കാനുളള പദ്ധതി മുന്നോട്ട് വെക്കുമെന്ന് ബഷീര്‍ പറഞ്ഞു. വീട് വൃത്തിയാക്കാനായി സ്ത്രീകളെ നിയോഗിക്കുമെന്നും ബഷീര്‍ വ്യക്തമാക്കി.

ഇതിനിടെയാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്ക് ഒരു ടാസ്ക് നല്‍കിയത്. കെട്ടിപ്പിണഞ്ഞ് കിടക്കുന്ന കയറഴിച്ച് താക്കോല്‍ കടത്തി വിജയിക്കുന്ന ടാസ്കായിരുന്നു ഇത്. രഞ്ജിനിയും സാബുവും അടങ്ങിയ ടീമാണ് വിജയിച്ചത്. വിജയിച്ച ടീമിന് അഞ്ച് ശക്തികള്‍ ബിഗ് ബോസ് നല്‍കി. അടുത്ത ആഴ്ച്ചയിലാണ് ഈ ശക്തികള്‍ ലഭ്യമാകുക. നോമിനേഷനില്‍ പെടാതെ രക്ഷപ്പെടുന്ന വ്യക്തിയാണ് രഞ്ജിനി. നോമിനേഷനില്‍ നിന്ന് ഒരാളെ രക്ഷിക്കാന്‍ അനൂപിനും സാബുവിനും കഴിവ് നല്‍കി. 500 ബോണസ് പോയന്റുളള വ്യക്തിയാണ് സുരേഷ്.

ഇതിനിടെ പേളിയും ശ്രീനിഷും തമ്മിലെന്താണെന്ന് മോഹന്‍ലാല്‍ പരോക്ഷമായി ചോദിച്ചു. ഇക്കാര്യെ വെളിപ്പെടുത്തണമെന്നും അറിയാനുളള അവകാശം എല്ലാവര്‍ക്കും ഉണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. അതേസമയം ശ്രീനിഷിന് മറ്റൊരു ഗേള്‍ഫ്രണ്ട് ഉണ്ടെന്ന് അര്‍ച്ചന പറഞ്ഞു. തനിക്ക് പേളിയെ ആണ് ഇഷ്ടമെന്ന് ശ്രീനിഷ് പറഞ്ഞതായും അര്‍ച്ചന കൂട്ടിച്ചേര്‍ത്തു. പേളി ശര്രീനിഷിനേട് ഇഷ്ടമാണെന്ന് പറയുന്ന വീഡിയോ മോഹന്‍ലാല്‍ കാണിച്ച് കൊടുത്തു. തനിക്ക് ശ്രീനിഷിനെ ഇഷ്ടമാണെന്ന് പേളി പറഞ്ഞു.

‘എനിക്ക് ശ്രീനിഷിനെ ഇഷ്ടമാണ്. എന്റെ മമ്മിയോട് ഒന്ന് ലാലേട്ടന്‍ സംസാരിക്കണം. എന്റെ ബാക്കിയുളള ജീവിതം ശ്രീനിഷിന്റെ കൂടെ ചെലഴിക്കണം’, പേളി പറഞ്ഞു. പേളിയെ തനിക്കും ഇഷ്ടമാണെന്നും തന്റെ ബാക്കിയുളള ജീവിതം പേളിയുടെ കൂടെ ചെലവഴിക്കണെന്ന് ശ്രീനിഷും പറഞ്ഞു.

അതേസമയം ബിഗ് ബോസ് ഹൗസില്‍ വെച്ച് മോതിരം മാറ്റണമെന്ന് മറ്റ് മത്സരാര്‍ത്ഥികള്‍ പറഞ്ഞു. ഇത് കളിയല്ലെന്നും ജീവിതമാണെന്നും നന്നായി ചിന്തിച്ച് തീരുമാനം എടുക്കണമെന്നും സാബു പറഞ്ഞു. എല്ലാവരും പേളിക്കും ശ്രീനിഷിനും ആശംസ നേര്‍ന്നു. അതേസമയം രക്ഷിതാക്കളോട് സംസാരിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. രക്ഷിതാക്കളെ ബിഗ് ബോസില്‍ എത്തിച്ച് സംസാരിക്കാമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. വീട്ടുകാര്‍ സമ്മതിക്കുമെന്നാണ് വിശ്വാസമെന്ന് ഇരുവരും പറഞ്ഞു. എല്ലാവരും ഇരുവര്‍ക്കും നല്ല ഭാവി നേര്‍ന്നു. ഇരുവരും വിവാഹിതരായാല്‍ താനായിരിക്കും കൂടുതല്‍ സന്തോഷവതിയാകുന്നതെന്ന് രഞ്ജിനി പറഞ്ഞു.

ഇരുവര്‍ക്കും മോഹന്‍ലാലും ആശംസ അറിയിച്ചു. അതേസമയം ഇന്ന് പുറത്താകുന്നവരെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. സാബുവും രഞ്ജിനിയും തമ്മിലുണ്ടായ ബന്ധത്തിലെ പരിക്രമം വീഡിയോ രൂപത്തില്‍ മോഹന്‍ലാല്‍ എല്ലാവര്‍ക്കും വേണ്ടി കാണിച്ചു. ഇതിന് പിന്നാലെയാണ് രഞ്ജിനിയാണ് പുറത്താവുന്നതെന്ന് മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്. രഞ്ജിനിയോട് പെട്ടി എടുത്ത് പുറത്തേക്ക് വരാന്‍ മോഹന്‍ലാല്‍ ആവശ്യപ്പെട്ടു. തനിക്ക് കിട്ടിയ പോയന്റ് അര്‍ച്ചനയ്ക്ക് രഞ്ഞ്ജിനി കൊടുത്തു. ഇതോടെ അടുത്ത ആഴ്ച്ച അര്‍ച്ചന എലിമിനേഷനില്‍ വരില്ല.

എല്ലാവരും ചേര്‍ന്ന് രഞ്ജിനിയെ യാത്രയാക്കി. ശക്തയായ ഒരു മത്സരാര്‍ത്ഥിയാണ് പുറത്ത് പോയതെന്ന് അനൂപ് പറഞ്ഞു. രഞ്ജിനി പുറത്താവേണ്ട ആളല്ലെന്ന് ഷിയാസ് വ്യക്തമാക്കി. എല്ലാവര്‍ക്കും ഇതേ അഭിപ്രായമായിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ രഞ്ജിനിയെ വീണ്ടും ബിഗ് ബോസ് ഹൗസില്‍ എത്തിക്കാനാണ് ഈ നീക്കമെന്നും വിലയിരുത്താന്‍ സാധിക്കും.

ഇത് പ്രേക്ഷകരുടെ തീരുമാനമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. പല്ല് പൊട്ടിയത് കൊണ്ട് അത് ശരിയാക്കാനായി നില്‍ക്കുകയായിരുന്നെന്ന് രഞ്ജിനി പറഞ്ഞു. ‘നന്നായി ഈ വീട്ടില്‍ ആസ്വദിച്ചിട്ടുണ്ട്. ഇത് കളിയാണെന്ന പൂര്‍ണ ബോധ്യമുണ്ട്. ബിഗ് ബോസ് കാണിക്കുന്ന കാഴ്ച്ചയാണ് പ്രേക്ഷകര്‍ കണ്ടത്. ഞാന്‍ എന്താണോ അതാണ് ബിഗ് ബോസിലും കണ്ടത്. എന്നെ തന്നെ പഠിക്കണം എന്ന് കരുതിയാണ് ബിഗ് ബോസിലെത്തിയത്. എന്നാല്‍ ഞാനത്ര മോശമല്ലെന്ന് ഇവിടെ വെച്ച് മനസ്സിലായി’, രഞ്ജിനി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook