Bigg Boss Malayalam, 25 August 2018 Episode 62: ബിഗ് ബോസ് ഹൗസില്‍ ഓണത്തിന്റെ ഭാഗമായുളള ആഘോഷങ്ങളാണ് ഇന്ന് നടക്കുന്നത്. കേരളത്തിലെ പ്രളയ ദുരിതത്തിന്റെ പശ്ചാത്തലത്തില്‍ വളരെ ലളിതമായ രീതിയിലാണ് ബിഗ് ബോസ് ഹൗസിലും ആഘോഷങ്ങള്‍ നടക്കുന്നത്. ബിഗ് ബോസ് ഹൗസിലെ മത്സരാര്‍ത്ഥികളെ രണ്ട് ടീമുകളാക്കി തിരിച്ച് ഒരു മത്സരമാണ് ആദ്യം ബിഗ് ബോസ് നിര്‍ദേശിച്ചത്. ഈ രണ്ട് ടീമുകളും ഓണം സ്പെഷ്യല്‍ അട പാചകം ചെയ്യണമെന്നാണ് നിര്‍ദേശിച്ചത്. ഇതില്‍ മികച്ച രുചിയുളള അട ഉണ്ടാക്കുന്ന ടീം വിജയിക്കും. ഇതിനിടെ ബിഗ് ബോസ് ഹൌസിനകത്തേക്ക് മോഹന്‍ലാല്‍ അപ്രതീക്ഷിതമായി കടന്നു ചെന്നു. ഇത് ആദ്യമായാണ് അവതാരകനായ മോഹന്‍ലാല്‍ ബിഗ് ബോസ് ഹൗസിന് അകത്തെത്തുന്നത്.
മോഹന്‍ലാല്‍ ആണ് മത്സരത്തിലെ വിജയിയെ പ്രഖ്യാപിക്കുക. ഇതിന്റെ ഭാഗമായി രണ്ട് ടീമുകളും ഉണ്ടാക്കിയ അട മോഹന്‍ലാല്‍ രുചിച്ചു നോക്കി. ഇതിലെ വിജയിയെ പിന്നാലെ പ്രഖ്യാപിക്കുമെന്ന് മോഹന്‍ലാല്‍ അറിയിച്ചു. ഓരോ മത്സരാര്‍ത്ഥികളോടും അദ്ദേഹം ഓണവിശേഷങ്ങള്‍ ചോദിച്ചു. ഇതിന് പിന്നാലെ മത്സരാര്‍ത്ഥികള്‍ നൃത്തം ചെയ്തും ഓണം ആഘോഷമാക്കി. ഓരോരുത്തര്‍ക്കും മോഹന്‍ലാല്‍ ഓണസമ്മാനങ്ങള്‍ വിതരണം ചെയ്തു. ഓരോരുത്തരുടേയും വീട്ടില്‍ നിന്ന് കൊടുത്തയച്ച സമ്മാനമാണ് മോഹന്‍ലാല്‍ നല്‍കിയത്. ഓരോരുത്തരുടേയും കുടുംബാംഗങ്ങളുടെ സന്ദേശങ്ങളാണ് ദൃശ്യങ്ങളിലൂടെ മത്സരാര്‍ത്ഥികളെ കാണിച്ചത്.
ഇതിന് പിന്നാലെ മോഹന്‍ലാലിനെ ബിഗ് ബോസ് വിളിപ്പിച്ചു. നല്കിയ കത്ത് എല്ലാവര്ക്കും മുമ്പില്‍ വായിക്കാനാണ് മോഹന്‍ലാലിനോട് ആവശ്യപ്പെട്ടത്. ഉറിയടി മത്സരം ബിഗ് ബോസ് ഹൗസില്‍ നടത്തുന്ന പ്രഖ്യാപനമാണ് മോഹന്‍ലാല്‍ നടത്തിയത്. രണ്ട് ടീമുകളായി തിരിച്ചാണ് മത്സരം. ഇതിനിടെ അടയുണ്ടാക്കിയ അനൂപിന്റെ ടീമിനെയാണ് മോഹന്‍ലാല്‍ വിജയികളായി പ്രഖ്യാപിച്ചത്. ഉറിയടിക്ക് ശേഷം മത്സരാര്‍ത്ഥികള്‍ക്ക് സദ്യ വിളമ്പി. ഞായറാഴ്ച്ചയാണ് ബിഗ് ബോസിലെ എലിമിനേഷന് നടക്കുന്നത്. കഴിഞ്ഞ ആവ്ച്ച എലിമിനേഷന് പട്ടികയിലുളള അര്‍ച്ചന, ശ്രീനിഷ്, സുരേഷ്, പേളി എന്നിവര്‍ പട്ടികയിലുണ്ട്.