Bigg Boss Malayalam, 24 September 2018 Episode:92: തന്നെ നോമിനേറ്റ് ചെയ്യാനായി സാബു പറഞ്ഞ കാര്യം തന്നെ വേദനിപ്പിച്ചതായി പറഞ്ഞ് അതിഥി കരയുന്നതാണ് ആദ്യം കണ്ടത്. സാബു ആശ്വസിപ്പിക്കാനായി ശ്രമിച്ചെങ്കിലും അതിഥിയുടെ വിഷമം മാറിയില്ല. പിന്നീട് ഷിയാസ് എത്തി പാട്ടുപാടി ആശ്വസിപ്പിക്കാനായി ശ്രമിച്ചതോടെയാണ് അതിഥി ചിരിച്ചത്. ഇതേസമയം പുറത്ത് വച്ച് ഷിയാസിനെ കുറിച്ച് സാബു സുരേഷിനോടും പേളിയോടും പറയുകയായിരുന്നു. ഷിയാസിനെ താന്‍ പലപ്പോഴും വെറുതെ വിടുകയായിരുന്നുവെന്നും എല്ലാവരും കളിയാക്കിയിട്ടും താന്‍ ചെയ്യാതിരിക്കുകയായിരുന്നുവെന്നും സാബു പറഞ്ഞു. എന്നാല്‍ തന്നെ നിരന്തരം ആക്രമിക്കാന്‍ തുടങ്ങിയതോടെയാണ് കളിയാക്കാനായി തുടങ്ങിയതെന്നും സാബു പറഞ്ഞു. താനിതുവരേയും ഷായിസിനെ നോമിനേറ്റ് ചെയ്തിട്ടില്ലെന്നും സാബു പറഞ്ഞു. ഇതോടെ ഈ ദിവസം അവസാനിച്ചു.

പിറ്റേദിവസം രാവിലെ പതിവു പോലെ എല്ലാവരും പാട്ടിന്‍റെ താളത്തിലാണ് എഴുന്നേറ്റത്. സുരേഷും ഷിയാസും ശ്രീനിഷും ചേർന്ന് സാബുവിനെ കുറിച്ച് സംസാരിക്കുകയുണ്ടായി. സാബുവിന് ഗെയിം ജയിക്കണമെന്ന് ആഗ്രഹമില്ലെന്നാണ് ശ്രീനിഷും സുരേഷും ആണയിട്ടു പറഞ്ഞു. തനിക്ക് ഇവിടെ നിക്കണമെന്നും ജയിക്കണമെന്നൊക്കെ ആഗ്രഹമുണ്ടെന്നും എന്നാല്‍ സാബുവിന് അങ്ങനയൊരു ചിന്തയില്ലെന്നും സുരേഷ് അഭിപ്രായപ്പെട്ടു.

വെെകിട്ട് സാബുവും പേളിയും അടുക്കളയില്‍ പുതിയൊരു പരീക്ഷണത്തിന് ശ്രമിക്കുകയായിരുന്നു. ഇതിനിടെ അടുപ്പത്ത് വച്ചത് പൊട്ടിത്തെറിക്കുകയുണ്ടായി. ഇതോടെ രണ്ടു പേരും അവിടെ നിന്നും ഓടിയൊളിച്ചു. എന്താണ് സംഭവിച്ചതെന്ന് അറിയാനായി അതിഥി അവിടെ എത്തി. അതിഥി എന്താണ് സംഭവിച്ചതെന്ന് നോക്കുന്നതിനിടെ വീണ്ടും അടുപ്പത്ത് വച്ച പാത്രത്തിലുള്ളത് പൊട്ടിത്തെറിച്ചു. രണ്ടു പേരും എന്താണുണ്ടാക്കിയതെന്ന് അതിഥിയ്ക്ക് മനസിലായില്ല. അരിപ്പൊടിയും ജീരകും ചേർത്ത് കുഴച്ചത് എണ്ണയിലിടുകയായിരുന്നു എന്നാണ് പേളി പറഞ്ഞത്. ഓട്ടത്തിനിടെ സാബുവിന്‍റെ ചെരുപ്പ് പൊട്ടിപ്പോയി. അപ്പോഴേക്കും ശ്രീനിഷും അവിടെ എത്തി. രസകരമായ നിമിഷമായിരുന്നു അത്. ഇനിയാവർത്തിക്കില്ലെന്ന് സാബുവും പേളിയും പറഞ്ഞു.

രാത്രിയോടെ സുരേഷും സാബുവും ചേർന്ന് അതിഥിയുമായി കല്യാണത്തെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. തന്‍റെ ഫോട്ടോ മാട്രിമോണിയലിലുണ്ടെന്ന് അതിഥി പറഞ്ഞതും സാബുവും സുരേഷും കളിയാക്കി. അതിഥിയെ ഏതെങ്കിലും പണക്കാരനെ കെട്ടിച്ച് കൊടുക്കാവു എന്ന് സാബു പറഞ്ഞു. ഇതോടെ ഈ ദിവസത്തെ കാഴ്ച്ചകളും അവസാനിച്ചു.

പിറ്റേദിവസം ആരംഭിച്ചു. സുരേഷും ഷിയാസും ശ്രീനിഷും അതിഥിയും പേളിയും മുറ്റത്തിറങ്ങിയാണ് നൃത്തം ചെയ്തത്. രാവിലെ അടുക്കളയില്‍ പണിയെടുക്കുന്നതിനെ ചൊല്ലി സുരേഷും പേളിയും ചെറിയ തർക്കമായി. ഷിയാസും ശ്രീനിഷും സുരേഷിന് പിന്തുണ അറിയിച്ചു. ഇതിനിടെ സാബുവിന് സന്ദേശം വന്നു. സുരേഷ് അത് തുറന്ന് എല്ലാവർക്കുമായി വായിച്ചു കൊടുത്തു. സാബു എല്ലാവരോടും പ്രണയ നംപറുകള്‍ പഠിപ്പിക്കുക എന്നായിരുന്നു അതിലെഴുതിയിരുന്നത്. തന്നോട് ചെയ്തത് ക്രൂരമായി പോയി എന്ന് സാബു പറഞ്ഞു. സുരേഷ് പൊട്ടിച്ചിരിച്ചു കൊണ്ടായിരുന്നു കത്ത് വായിച്ചത്. സാബുവിന് പ്രണയത്തെ നശിപ്പിക്കാനേ അറിയൂ എന്ന് സുരേഷ് കളിയാക്കി. പിന്നീട് എല്ലാവരും സാബുവിന് ചുറ്റും ഇരുന്നു. ഭക്തിഗാനത്തോടെ ക്ലാസ് ആരംഭിക്കാം എന്ന് പറഞ്ഞ് സുരേഷ് പാടി. പിന്നാലെ സാബു പ്രണയത്തെ കുറിച്ച് സംസാരിച്ചു. ശ്രീനിയെ മാതൃകയായി വച്ചുകൊണ്ടായിരുന്നു സാബു സംസാരിച്ചത്.

പ്രേമിക്കുന്ന പെണ്ണിന്‍റെ അച്ഛന്‍ വരുന്ന സമയം എങ്ങനെ രക്ഷപ്പെടാം എന്നാണ് സാബു ആദ്യം പറഞ്ഞത്. ഇതിനിടെ സുരേഷ് സാബുവിനെ കളിയാക്കുന്നത് തുടർന്നു. തന്‍റെ ഒരു പ്രണയത്തെ തേച്ച് ചുമരിലൊട്ടിച്ചത് അവളുടെ അമ്മയാണെന്ന് സാബു പറഞ്ഞു. തന്‍റെ മകളുടെ ഭാവി ഓർത്ത് അവർ ചെയ്തതാകും എന്ന് സുരേഷ് കളിയാക്കി. വെെകിട്ട് എല്ലാവരും ചേർന്ന് ഭക്ഷണമുണ്ടാക്കി. ഇതിനിടെ മെെദ പഴകിയെന്ന് പറഞ്ഞ് സുരേഷ് പറഞ്ഞു. ഫ്രിഡ്ജില്‍ വച്ചത് കൊണ്ടാണ് മണമെന്ന് അതിഥി വ്യക്തമാക്കി. ഇതിനിടെ ഭക്ഷണം ഷിയാസ് മണത്ത് നോക്കിയതിനെ സുരേഷ് കളിയാക്കി. പക്ഷെ ഷിയാസ് കാരണം വ്യക്തമാക്കിയതോടെ അത് അവസാനിച്ചു. ശ്രീനിഷും ഷിയാസിനെ പിന്തുണച്ചു. സുരേഷ് എല്ലാത്തിനേയും കുറ്റം പറയുകയാണെന്ന് പേളി പറഞ്ഞു. നല്ലത് പറയുന്നത് സ്വീകരിക്കുന്നത് പോലെ തന്നെ വിമർശിക്കുന്നതും സ്വീകരിക്കണമന്ന് സുരേഷ് പറഞ്ഞു. ഇതിനിടെ ഷിയാസ് സുരേഷിന് പിന്തുണയുമായെത്തി. ഇതോടെ പേളിയും ഷിയാസും തമ്മിലായി തർക്കും. പണിയെടുക്കാതെ ഷിയാസ് കുറ്റം പറയുകയാണെന്ന് പേളി പറഞ്ഞു. മണത്ത് നോക്കുക മാത്രമാണ് ചെയ്തതെന്നും കുറ്റം പറഞ്ഞില്ലെന്നും ഷിയാസ് വ്യക്തമാക്കി.

ഇതോടെ പേളിയും ഷിയാസും തമ്മില്‍ വലിയ തർക്കമായി. സുരേഷിനും ഷിയാസും മാത്രമാണ് മണം തോന്നിയതെന്നും വെറുതെ കുറ്റം പറയരുതെന്നും പേളി പറഞ്ഞു. അതിഥി പേളിയ്ക്ക് പിന്തുണയുമായെത്തി. തനിക്ക് തോന്നിയത് പറയുക മാത്രമാണ് ചെയ്തതെന്ന് ഷിയാസ് പറഞ്ഞു. താന്‍ ചായ വെച്ചിട്ടുണ്ടെന്ന് ഷിയാസ് പറഞ്ഞു. ഇതിനിടെ പെണ്ണുങ്ങള്‍ മാത്രമാണ് ജോലി ചെയ്യുന്നതെന്ന് ഷിയാസ് പറഞ്ഞതായി പേളി ആരോപിച്ചു. ഷിയാസ് ഇതിനെ എതിർത്തു. സുരേഷ് ഷിയാസിനെ പിന്തുണക്കുന്നുണ്ടായിരുന്നു. ഈ സമയമത്രയും സാബു മിണ്ടാതെ ഇരിക്കുകയായിരുന്നു. ജോലി ചെയ്ത് നോക്കെന്ന് പറഞ്ഞ് അതിഥി സുരേഷിനെ അടുക്കളയിലേക്ക് തള്ളി വിട്ടു പരിഹസിച്ചു. ഈ സമയം പേളി കരയാന്‍ തുടങ്ങി. ശ്രീനിഷ് പേളിയെ ആശ്വസിപ്പിച്ചു. ഇതോടെ വാശിപ്പുറത്ത് സുരേഷും ഷിയാസും അടുക്കളയില്‍ കേറി. തന്നോട് പേളിയ്ക്ക് എന്തും പറയാമെന്നും തിരിച്ചും അതുപോലെ ആയിരിക്കണമെന്നും ഷിയാസ് പറഞ്ഞു.

ഇതേസമയം, പുറത്ത് സ്മോക്കിങ് ഏരിയയില്‍ വച്ച് സാബുവും ശ്രീനിഷും ഇതേ കുറിച്ച് സംസാരിക്കുന്നുണ്ടായിരുന്നു. ഉണ്ടാക്കിയ ഭക്ഷണം മണത്ത് നോക്കി അഭിപ്രായം പറയുന്നത് അപമാനിക്കലാണെന്ന് സാബു പറഞ്ഞു. ശ്രീനിഷും അത് അംഗീകരിച്ചു. അപ്പോഴേക്കും ബിഗ് ബോസിന്‍റെ സന്ദേശം വന്നു. ഈ ആഴ്ച്ച നോമിനേഷനുണ്ടാകില്ലെന്നും എല്ലാവരും ഫിനാലെയിലേക്ക് പ്രവേശിച്ചെന്നും ബിഗ് ബോസ് അറിയിച്ചു. പിന്നാലെ വിജയ് ആകാന്‍ എന്തു കൊണ്ട് അവകാശപ്പെടുന്നു എന്ന് പറയാനായി ബിഗ് ബോസ് ആവശ്യപ്പെട്ടു. ഇതിനായി സുരേഷാണ് ആദ്യം കണ്‍സെഷന്‍ റൂമിലെത്തിയത്. വോട്ട് അഭ്യർത്ഥിക്കാനായിരുന്നു ആവശ്യപ്പെട്ടത്. താന്‍ ആത്മാർത്ഥമായാണ് പങ്കെടുക്കതെന്നായിരുന്നു സുരേഷ് പറഞ്ഞ കാരണം. അടുത്ത ഊഴം ശ്രീനിഷിന്‍റേതായിരുന്നു. പ്രേക്ഷക പിന്തുണയാണ് തന്നെ ഇവിടെ വരെ എത്തിച്ചതെന്നും താന്‍ ആരുമായി പ്രശ്നത്തിന് പോയിട്ടില്ലെന്നും ശ്രീനിഷ് പറഞ്ഞു. തനിക്ക് ഈ വീട് മിസ് ചെയ്യുമെന്നും ശ്രീനിഷ് പറഞ്ഞു.

തന്നെ വിന്നറായി ഇതുവരേയും കണ്ടിട്ടില്ലെന്നും തന്നെ എങ്ങനെയാണ് പ്രേക്ഷകർ മനസിലാക്കിയിരിക്കുന്നതെന്ന് അറിയില്ലെന്നും അതിഥി പറഞ്ഞു. താന്‍ എല്ലാത്തിനോടും അഡ്ജസ്റ്റ് ചെയ്താണ് ഇവിടെ വരെ എത്തിയതെന്നും അതിഥി പറഞ്ഞു. ഇനിയും എല്ലാവരുടേയും പിന്തുണ പ്രതീക്ഷിക്കുന്നുണ്ടെന്നും അതിഥി പറഞ്ഞു. പിന്നാലെ പേളി കണ്‍സെഷന്‍ മുറിയിലേക്ക് എത്തി. ചിരിച്ച് കളിച്ച് നടക്കുന്ന പേളിയെയാണ് നേരത്തെ കണ്ടിട്ടുള്ളതെന്നും എന്നാല്‍ ഇവിടെ തന്‍റെ എല്ലാ സ്വഭാവവും പ്രേക്ഷകർ കണ്ടെന്നും പേളി പറഞ്ഞു. തനിക്ക് വോട്ട് ചെയ്യണമെന്ന് പറയില്ലെന്നും അർഹിക്കുന്നയാള്‍ക്ക് വോട്ട് ചെയ്താ മതിയെന്നും പറഞ്ഞ പേളി പിന്തുണകള്‍ക്ക് നന്ദി പറയുകയും ചെയ്തു. സാബുവാണ് അടുത്തതായി എത്തിയത്. തനിക്ക് ജയിക്കണമെന്നില്ലെന്നും ഇഷ്ടമുള്ളയാള്‍ക്ക് വോട്ട് ചെയ്താല്‍ മതിയാകുമെന്നും സാബുവും പറഞ്ഞു.

അടുത്തതായി എത്തിയത് ഷിയാസായിരുന്നു. ഇതിനിടെ ഷിയാസിനോട് വരേണ്ടെന്ന് പറഞ്ഞതായി പറഞ്ഞ് സാബു തമാശ സൃഷ്ടിച്ചു. ഷിയാസ് തനിക്ക് വോട്ട് ചെയ്യാനായി അപേക്ഷിക്കുന്നത് അവതരിപ്പിച്ച് അതിഥി ചിരിയുണ്ടാക്കി. തനിക്ക് തന്ന സപ്പോർട്ടിനും പ്രാർത്ഥനയ്ക്കും നന്ദി പറയുന്നതായി ഷിയാസ് പറഞ്ഞു. ഇവിടെ വന്നപ്പോഴാണ് തന്‍റെ കുറവുകളും കഴിവുകളും മനസിലാക്കിയെന്നും ഷിയാസ് പറഞ്ഞു. ജയിക്കാനായാണ് വന്നതെന്നും സപ്പോർട്ടും വോട്ടും വേണമെന്നും ഷിയാസ് വ്യക്തമാക്കി.

പിന്നീട്, തന്‍റെ ഏറ്റവും ഹിറ്റ് പാട്ടായ മുത്തേ പൊന്നേ സുരേഷ് പാടി. പ്രേക്ഷകർക്ക് സമർപ്പിച്ചുകൊണ്ടാണ് സുരേഷ് പാടിയത്. ഈ സമയം മറ്റുള്ളവർ പാട്ടിന് താളം പിടിച്ചു. അതിന് ശേഷം ടാസ്കിനുള്ള സമയമായിരുന്നു. രണ്ട് ടീമായി തിരിഞ്ഞ് വീടിന് പുറത്ത് വെച്ച ബോർഡുകളില്‍ പെയിന്‍റെ ചെയ്യുകയാണ് ടാസ്ക്. രണ്ട് ഘട്ടമായാണ് പെയ്ന്‍റ് ചെയ്യേണ്ടത്. രേഖാ ചിത്രത്തിനാണ് പെയ്ന്‍റ് ചെയ്യേണ്ടത്. ബിഗ് ബോസ് വീടിന്‍റെ മുന്‍ വശമായിരുന്നു പസിലിലൂടെ യോജിപ്പിച്ചുണ്ടാക്കേണ്ടത്. അതിന് ശേഷം മാത്രമേ പെയിന്‍റ് ചെയ്യാനുള്ള ചിത്രം ലഭിക്കുകയുള്ളൂ. സാബുവിന്‍റെ ടീമാണ് ആദ്യം പസില്‍ പൂർത്തിയാക്കിയത്. ഇതോടെ അവർ ചിത്രത്തിന് പെയിന്‍റ് ചെയ്യാനായി ആരംഭിച്ചു. ശ്രീനിഷും സാബും പേളിയുമായിരുന്നു ടീം. അപ്പോഴേക്കും സുരേഷും ഷിയാസും അതിഥിയുമുള്ള ടീം പസില്‍ പൂർത്തിയാക്കി. ഇതോടെ അവരും പെയിന്‍റ് ചെയ്യാനായി റെഡിയായി. സാബുവിന്‍റെ ടീം തന്നെയാണ് ഇത്തവണയും ആദ്യം പൂർത്തിയാക്കിയത്. ജയിച്ച ടീമിന് പ്രത്യേക സമ്മാനമുണ്ടായിരുന്നു.

വെെകിട്ട് ആയതോടെ പോകുന്ന സമയം എന്ത് എടുത്ത് കൊണ്ടു പോകാം എന്നതിനെ കുറിച്ച് സാബും ശ്രീനിഷും ഷിയാസും തമാശ പറഞ്ഞ് ചിരിച്ചു. പുറത്ത് വച്ച് കാണുന്നതിനെ കുറിച്ചും അവർ സംസാരിച്ചു. ഡംബല്‍ എടുത്തോണ്ട് പോകണമെന്ന് ഷിയാസിനോട് സാബു പറഞ്ഞു. തനിക്ക് മീനിട്ടുവെക്കുന്ന പാത്രം മതിയെന്നും സാബു പറഞ്ഞു. രാത്രി സാബു വീണ്ടും ഭക്ഷണത്തില്‍ പരീക്ഷണം നടത്തി. ഇത്തവണ അതിഥിയാണ് ഇരയായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook