Bigg Boss Malayalam, 24 July 2018 Episode:31: മത്സരാർത്ഥികള്‍ക്ക് സർപ്രെെസുമായാണ് ഇന്നത്തെ ദിവസം ആരംഭിച്ചത്. ബിഗ് ബോസ് വീടിന് പുറത്ത് ബിഗ് ബോസ് പള്ളിക്കൂടം എന്ന ബോർഡുയർന്നു കൊണ്ടാണ് ഇന്നത്തെ പാട്ട് ആരംഭിച്ചത്. പിന്നീട് പേളിയുടെ കുട്ടിക്കളിയ്ക്ക് സാക്ഷ്യം വഹിച്ചു വീട്. പേളി കുട്ടിയായി അഭിനയിച്ചു തകർത്തപ്പോള്‍ രഞ്ജിനിയും ശ്വേതയും ഉപദേശങ്ങള്‍ നല്‍കി. എല്ലാവരുടേയും അടുത്തെത്തി പേളി ചെറിയ കുട്ടിയെ പോലെയാണ് പെരുമാറിയത്. പേളിയുടെ തമാശയ്ക്ക് മറ്റുള്ളവരും ഒപ്പം ചേർന്നു.

വളരെ തന്‍മയത്തോടെഒയും തമാശ കലർന്ന രീതിയിലുമാണ് പേളി കുട്ടിയെ അവതരിപ്പിച്ചത്. പേളിയ്ക്കൊപ്പം ബഷീറും കുട്ടിയായി മാറി. ഇന്നത്തെ ടാസ്കിലേക്ക് സൂചന നല്‍കുന്നതായിരുന്നു ഇരുവരുടേയും പെരുമാറ്റം. അമ്മ മലയാളം എന്നതായിരുന്നു ഇന്നത്തെ ടാസ്ക്. മാതൃഭാഷ മാത്രമേ സംസാരിക്കാന്‍ പാടുള്ളൂ. അതിനായി ബിഗ് ബോസ് വീട്ടില്‍ പള്ളീക്കൂടം ആരംഭിച്ചു. അനൂപും ദിയയും സുരേഷുമാണ് സ്കൂളിലെ അധ്യാപകർ. തന്നെ കുഴപ്പിക്കാന്‍ വേണ്ടി മാത്രമായുള്ള ടാസ്കാണെന്ന് അർച്ച പറഞ്ഞു. പിന്നാലെ എല്ലാവർക്കുമുള്ള സ്കൂള്‍ യൂണിഫോമുകളുമെത്തി.

ഈശ്വര പ്രാർത്ഥനയോടെയാണ് സ്കൂള്‍ ആരംഭിച്ചത്. ആദ്യത്തെ ക്ലാസ് എടുക്കാനെത്തിയത് അനൂപ് മാഷായിരുന്നു. ദിയയാണ് പ്രധാന അധ്യാപിക. സ്കൂളില്‍ അച്ചടക്കം വളരെ പ്രധാനമാണെന്ന് ദിയ വിദ്യാർത്ഥികളോട് പറഞ്ഞു. ക്ലാസിലിരുന്ന് ഒച്ചയുണ്ടാക്കിയതിന് പേളിയ്ക്കും ഷിയാസിനും ദിയ മിസ് ശിക്ഷ നല്‍കി. ക്ലാസു തുടങ്ങും മുന്‍പ് തന്നെ ശിക്ഷ നടപ്പിലാക്കി. ശേഷം അനൂപ് മാഷ് ക്ലാസിലേക്ക് എത്തി. കുട്ടികളെ കൂവാന്‍ പ്രേരിപ്പിച്ച അനൂപ് പക്ഷെ ഈ ചന്തത്തരം വീട്ടില് വെച്ചാ മതിയെന്ന് പറഞ്ഞ് ക്ലാസ് റൂമിന്‍റെ സ്വഭാവം വ്യക്തമാക്കി. ഒരു മലയാളം അധ്യാപകന്‍റെ സ്വഭാവ ശെെലിയിലായിരുന്നു അനൂപിന്‍റെ ക്ലാസ്. ഇതിനിടെ പേളിയും ശ്രീനിഷും പ്രേമമാണെന്ന് സാബു മാഷിനോട് വിളിച്ചു പറഞ്ഞു.

ഇതിനിടെ തന്‍റെ ദേഹത്ത് യാതൊരു കാരണവുമില്ലാതെ അനൂപ് മാഷ് ചോക്ക് വലിച്ചെറിഞ്ഞെന്ന് പറഞ്ഞ് ശ്വേത ദിയയുടെ അരികില്‍ പരാതിയുമായെത്തി. അനൂപിനെ വിളിച്ചു വരുത്തി ദിയ വിശദീകരണം ചോദിച്ചു. ചെറിയ സംഭവത്തെ പ്രശ്നമാക്കി മാറ്റാനുള്ള ശ്രമമായിരുന്നു ശ്വേതയുടേത്. എന്തായാലും ദിയ അത് പരിഹരിച്ചു. പിന്നീട് അനൂപ് ക്ലാസില്‍ കുട്ടികള്‍ക്ക് കഥ പറഞ്ഞു കൊടുത്തു. ഗുരുകുലത്തെ കുറിച്ചുള്ള കഥയായിരുന്നു അനൂപ് പറഞ്ഞത്. തന്നെ എപ്പോഴും തല്ലുന്ന ഗുരുവിനോട് ദ്യേഷപ്പെടുന്ന ശിഷ്യന്‍റെ കഥയായിരുന്നു. ശിഷ്യന്‍ ഗുരുവിനെ കൊല്ലാന്‍ ശ്രമിക്കുന്നതും ഒടുവില്‍ അവന് മാനസാന്തരം വരുന്നതുമായ സാരോപദേശ കഥയായിരുന്നു അത്. ശ്വേതയ്ക്കുള്ള ഒളിയമ്പായിരുന്നു അനൂപിന്റെ കഥ.

പിന്നീട് ശ്വേത പരാതി പറഞ്ഞതിനെ അനൂപ് സൂചിപ്പിച്ചു. ഗുരു പറയുന്നത് മനസിലാക്കുന്നില്ലെങ്കില്‍ അത് ധിക്കാരമാണെന്ന് അനൂപ് പറഞ്ഞു. മറ്റുള്ളവരെ ബഹുമാനിക്കാന്‍ അറിയാത്ത കുട്ടിയ്ക്ക് ശിക്ഷ നല്‍കണമെന്ന് പറഞ്ഞ് അനൂപ് ശ്വേതയെ മുട്ടില്‍ നില്‍ക്കാന്‍ ശിക്ഷിച്ചു. പിന്നീട് പുറത്ത് വച്ച് പേളിയുടേയും ശ്രീനിയുടേയും പെരുമാറ്റത്തെ സാബു വിമർശിച്ചു. ടാസ്കിനെ തകർക്കുന്നതാണ് അതെന്നായിരുന്നു സാബു രഞ്ജിനിയോട് പറഞ്ഞത്. നേരത്തെ ശ്രീനിയും ശ്വേതയും ക്യാപ്റ്റന്‍സി ടാസ്കിന്‍റെ ഭാഗമായി ഒരുമിച്ച് രാത്രി കിടന്നതിനെ സദാചാര ബോധത്തോടെ കണ്ടവർ എന്തുകൊണ്ട് ഇപ്പോള്‍ മിണ്ടുന്നില്ലെന്നായിരുന്നു സാബു ചോദിച്ചത്.

പേളി അറ്റന്‍ഷന്‍ ലഭിക്കാന്‍ ഓരോന്ന് കാട്ടിക്കൂട്ടുകയാണെന്ന് സാബു ദിയയോട് പറഞ്ഞു. സാധാരണയായി നോമിനേറ്റ് ചെയ്തവരെയാണ് ടാസ്കില്‍ പ്രധാനമായും ഉള്‍പ്പെടുത്തുന്നതെന്നും എന്നാല്‍ പേളി വേണ്ടാത്ത ഇടപെടലുകള്‍ നടത്തുന്നുവെന്നും സാബു പറഞ്ഞു. പേളിയുടേയും ശ്രീനിഷിന്‍റേയും ഇടപെടുലകളെയും സാബു സൂചിപ്പിച്ചു. ഇരട്ട നീതിയാണ് നടപ്പിലാകുന്നതെന്നും സാബു പറഞ്ഞു. ഇതിനിടെ പേളി സുരേഷിന് അരികിലെത്തി ഗെയിം കളിക്കണമെന്നും സങ്കടപ്പെട്ട് നടക്കരുതെന്നും പറഞ്ഞു. സുരേഷേട്ടന് വിഷമമുണ്ടെന്ന് തനിക്ക് കണ്ടാലറിയാം എന്നും പേളി പറഞ്ഞു.

വീണ്ടും ക്ലാസ് ആരംഭിക്കുന്നതിന് മുന്നോടിയായി ക്യാപ്റ്റനായ പേളി എല്ലാവരുടേയും മീറ്റിങ് വിളിച്ചു. എന്നാല്‍ ടാസ്ക് ആണ് പ്രധാനമെന്നു പറഞ്ഞ് ദിയയും അനൂപും ഉടക്കി. പക്ഷെ തനിക്ക് അഞ്ച് മിനുറ്റ് അനുവദിക്കണമെന്ന് പേളി റിക്വസ്റ്റ് ചെയ്തു. ദിയ പരാതിയുമായി സാബുവിന് അരികിലെത്തി. എങ്കിലും മീറ്റിംഗ് നടന്നു. ടാസ്കിനെ കുറിച്ചായിരുന്നു പേളി സംസാരിച്ചത്. എല്ലാവരും അവരവരുടെ ക്യാരക്ടർ നന്നാക്കാന്‍ ശ്രമിക്കണമെന്ന് പേളി പറഞ്ഞു. രണ്ടാമതായി നാമനിർദ്ദേശം ചെയ്യപ്പെട്ടവർക്ക് വേണ്ടി താന്‍ പ്രകടനം മോശമാക്കണെന്ന് സുരേഷ് പറഞ്ഞതായി പേളി പറഞ്ഞു. നേരത്തെ സാബു ഉന്നയിച്ച സംഭവത്തെയായിരുന്നു പേളി ഉയർത്തി കൊണ്ടു വന്നത്. ഇതോടെ രഞ്ജിനി ബഹളമുണ്ടാക്കി. അപ്പോഴേക്കും ദിയ ഇടപെട്ടു. ബിഗ് ബോസ് വീട്ടിലെ രീതിയാണിതെന്ന് ദിയ പറഞ്ഞു.

സാബുവിനേയും അനൂപിനേയും സുരേഷിനേയും പേളി മനപ്പൂർവ്വം പ്രശ്നത്തിലേക്ക് വലിച്ചിടുകയായിരുന്നു. ദിയയും അവർക്കൊപ്പമായിരുന്നു. ശക്തമായ എതിർപ്പാണ് സംഭവം മറ്റുള്ളവരിലുണ്ടാക്കിയത്. അനൂപും സുരേഷും സാബുവും സുരേഷും പേളിയുടെ പെരുമാറ്റത്തെ എതിർത്തു. ബഷീറും ശ്രീനിഷും അത് അംഗീകരിച്ചു. ബഷീർ പേളിയുടെ നീക്കം മോശമായെന്ന് തുറന്നടിച്ചു. പേളിയോടുള്ള സ്നേഹം പ്രകടമാക്കി കൊണ്ടു തന്നെയായിരുന്നു സുരേഷിന്‍റെ പ്രതികരണം. ഇതിനിടെ ശ്വേത വീണ്ടും ചോക്കേറ് പൊക്കി കൊണ്ടു വന്നു. ദിയയോടും അർച്ചനയോടുമായിരുന്നു ശ്വേത പരാതി ഉന്നയിച്ചത്.

വീണ്ടും ക്ലാസ് ആരംഭിച്ചു. സുരേഷിന്‍റെ സംഗീത ക്ലാസായിരുന്നു അടുത്തത്. സുരേഷ് പാടി കൊടുത്ത പാട്ട് എല്ലാവരും ഏറ്റുപാടി. അതോടെ ടാസ്ക് പൂർത്തിയായി. അടുത്തത് ടാസ്കില്‍ ഏറ്റവും നന്നായി പെർഫോം ചെയ്തയാളെ തിരഞ്ഞെടുക്കാനുള്ള അവസരമായിരുന്നു. എല്ലാവരും ചേർന്നാണ് അയാളെ തിരഞ്ഞെടുക്കേണ്ടത്.ആ വ്യക്തിയ്ക്ക് ക്യാപ്റ്റന്‍സി ടാസ്കില്‍ പങ്കെടുക്കാന്‍ സാധിക്കും. അനൂപിനെയായിരുന്നു എല്ലാവരും തിരഞ്ഞെടുത്തത്. രാത്രിയോടെ ചോക്കിന്‍റെ സംഭവം ശ്വേത അനൂപിന് മുന്നില്‍ അവതരിപ്പിച്ചു. എല്ലാവരും ഒരുമിച്ച് ഇരിക്കുന്ന സമയമായിരുന്നു ശ്വേത പരാതി ഉന്നയിച്ചത്. എന്നാല്‍ തന്നെ ഏല്‍പ്പിച്ച ജോലി ഭംഗിയായി ചെയ്യുക മാത്രമാണ് ചെയ്തതെന്നും അല്ലാതെ ആരേയും വ്യക്തിപരമായി അപമാനിക്കുക ലക്ഷ്യമായിരുന്നില്ലെന്നും അനൂപ് പറഞ്ഞു. ശ്വേത ആ മറുപടിയില്‍ തൃപ്തയല്ലായിരുന്നു.

എന്നാല്‍ ശ്വേതയുടേത് ദുഷ്ട ബുദ്ധിയാണെന്നും മലയാളം മീഡിയം സ്കൂളിലെ അധ്യാപകനോ വിദ്യാർത്ഥിയോ ഇങ്ങനെ പരാതിപ്പെടില്ലെന്നും അനൂപ് പറഞ്ഞു. എന്നാല്‍ ശ്വേത അത് കേട്ടില്ല. ചോക്ക് വലിച്ചെറിയുന്നത് ശരിയല്ലെന്ന് ശ്വേത ആവർത്തിച്ചു. തന്‍റെ അമ്മയേയും അച്ഛനേയും തട്ടിനേയും വിളിച്ച് അനൂപ് സത്യം ചെയ്തു. താനങ്ങനെ ഉദ്ദേശിച്ചിട്ടില്ലെന്ന് അനൂപ് ആവർത്തിച്ചു. ബഷീറും അനൂപിന് ഒപ്പം ചേർന്നു. പിന്നാലെ ശ്രീനിഷും അനൂപിന് പിന്തുണയുമായെത്തി. കരഞ്ഞു കൊണ്ടാണ് ശ്വേത മുറിയില്‍ നിന്നും പുറത്തേക്ക് പോയത്. ഇതിനിടെ സാബുവും രഞ്ജിനിയും അർച്ചനയും അനൂപിന് അരികിലെത്തി ആശ്വസിപ്പിച്ചു. എന്താണ് സംഭവിച്ചതെന്ന് രഞ്ജിനി അനൂപിന് വിശദീകരിച്ചു കൊടുക്കുകയായിരുന്നു. സാബു ഇതേസമയം,തന്നെ ശ്വേതയുടെ അരികിലെത്തി എല്ലാം പറഞ്ഞ് മനസിലാക്കിക്കാന്‍ ശ്രമിച്ചു.

രാത്രി പത്താം വിവാഹ വാർഷികം ആഘോഷിക്കുന്ന സാബുവിന് ഭാര്യ അയച്ചു കൊടുത്ത സമ്മാനങ്ങള്‍ ശ്വേത സാബുവിന് നല്‍കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ