Bigg Boss Malayalam, 22 July 2018 Episode 29: ശ്രീലക്ഷ്മി പുറത്തായതിന് പിന്നാലെ വീണ്ടും എലിമിനേഷന്‍ നടപടികള്‍ ആരംഭിച്ചു. മോഹന്‍ലാല്‍ എത്തി വീണ്ടും മത്സരാര്‍ത്ഥികളുടെ മത്സരങ്ങള്‍ വിലയിരുത്തി. പ്രേക്ഷകര്‍ നല്‍കിയ വോട്ടുകളെ കുറിച്ച് മോഹന്‍ലാല്‍ വ്യക്തമാക്കി. പുതിയ ക്യാപ്റ്റനായ പേളി മാണിയെ മോഹന്‍ലാല്‍ അഭിനന്ദിച്ചു. അനൂപിന്റെ മേല്‍നോട്ടത്തിലാണ് താന്‍ ക്യാപ്റ്റനായി പ്രവര്‍ത്തിക്കുകയെന്ന് പേളി പറഞ്ഞു. രഞ്ജിനി എന്ന ക്യാപ്റ്റന്‍ വളരെ ശക്തമായ നിലപാടുളളയാളായിരുന്നെന്നും പേളി കൂട്ടിച്ചേര്‍ത്തു. ശ്രീനിഷിന്റെ ആനവാല്‍ മോതിരം വാങ്ങിയ കാര്യത്തെ കുറിച്ച് മോഹന്‍ലാല്‍ ചോദിച്ചു.

ധൈര്യം കിട്ടാന്‍ വേണ്ടിയാണ് ശ്രീനിഷ് മോതിരം നല്‍കിയതെന്ന് പേളി പറഞ്ഞു. അത് തിരികെ കൊടുത്തതായും പേളി കൂട്ടിച്ചേര്‍ത്തു. ഈ മോതിരത്തിന്റെ പേരിലായിരുന്നു കഴിഞ്ഞ ദിവസം അതിഥിയും രഞ്ജിനിയും ശ്രീലക്ഷ്മിയും പേളിയെ കുറിച്ച് സംസാരിച്ചത്. പേളിയും ശ്രീനിഷും പ്രണയത്തിലാണെന്ന് മൂവരും സംശയം ഉണര്‍ത്തിയത് ഈ മോതിരത്തിന്റെ പേരിലായിരുന്നു. ഇന്ന് മുതല്‍ പുതിയ ക്യാപ്റ്റനായി ചുമതലയേറ്റ പേളിയെ കുറിച്ച് എല്ലാവരും അഭിപ്രായം പറഞ്ഞു. പേളി നല്ല നിലപാടുളളയാളാണെന്ന് സാബുവും ശ്വേതയും അഭിപ്രായപ്പെട്ടു.

അതേസമയം മത്സരാര്‍ത്ഥികള്‍ക്കായി മോഹന്‍ലാല്‍ ഒരു ഗുണപാഠ കഥ പറഞ്ഞു. ‘എല്ലാ വികാരങ്ങളും ഒരുമിച്ച് താമസിക്കുന്ന മനസ്സിന്റെ താഴ്‍വരയില്‍ ഒരിക്കല്‍ വെള്ളപ്പൊക്കമുണ്ടായി. ഏറെ ശ്രമപ്പെട്ട് എല്ലാവരും ഒരു തോണിയില്‍ കയറി രക്ഷപ്പെടാന്‍ നോക്കി. എന്നാല്‍ ‘അഹന്ത’ എന്ന വികാരം മാത്രം കരയില്‍ നിന്ന് തോണിയില്‍ കയരാന്‍ കൂട്ടാക്കിയില്ല. എല്ലാവരും നിര്‍ബന്ധിച്ചിട്ടും അഹന്ത കരയില്‍ നിന്നും. അതേസമയം സ്നേഹം ചാടിയിറങ്ങി അഹന്തയെ വലിച്ചിഴച്ച് തോണിയിലേക്ക് വരാന്‍ ശ്രമിച്ചു. എന്നാല്‍ വെള്ളപ്പൊക്കം ശക്തമായതോടെ തോണി പുറപ്പെട്ടു. ഇതോടെ സ്നേഹവും അഹന്തയും വെള്ളപ്പൊക്കത്തില്‍ മരിച്ചു പോയി’, അഹന്തയുളളപ്പോള്‍ സ്നേഹത്തിന് സ്ഥാനമില്ലെന്ന ഗുണപാഠമാണ് മോഹന്‍ലാല്‍ മത്സരാര്‍ത്ഥികളോട് പറയാന്‍ ശ്രമിച്ചത്. പലപ്പോഴും ‘ഞാന്‍’ എന്ന ഭാവം അപകടത്തില്‍ ചാടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇനി ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ കഴിയില്ലെന്ന് നേരത്തേ ദിയ സനയോട് ബിഗ് ബോസ് അറിയിച്ചിരുന്നു. നേരത്തേ ഒരു ടാസ്കില്‍ പരാജയപ്പെട്ടത് കൊണ്ടായിരുന്നു ഈ തീരുമാനം. എന്നാല്‍ ദിയയ്ക്ക് അടുത്തയാഴ്ച്ച ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മത്സരിക്കാമെന്ന് മോഹന്‍ലാല്‍ അറിയിച്ചു. അതിഥി, ദീപന്‍, ശ്രീനിഷ് എന്നിവരാണ് ഇന്ന് എലിമിനേഷന്‍ നിഴലിലുളളത്. മൂവരും പെട്ടി റെഡിയാക്കി വെച്ചു കഴിഞ്ഞു. മൂവരേയും ബിഗ് ബോസ് വിളിച്ചു സ്വന്തം പ്രകടനം വിലയിരുത്താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ദീപനാണ് പുറത്തുപോവുന്നതെന്ന് ബിഗ് ബോസ് അറിയിച്ചു. തുടര്‍ന്ന് കണ്ണുകെട്ടിയാണ് ദീപനെ ബിഗ് ബോസ് ഹൗസിന് പുറത്തേക്ക് കൊണ്ടു പോയത്.

ഇതിനിടെ എന്തോ മോശമായി സംഭവിക്കാന്‍ പോകുന്നെന്ന് അര്‍ച്ചന ദിയയോട് പറഞ്ഞും. ദിപനും അര്‍ച്ചനയും ഉറ്റസുഹൃത്തുക്കളായിരുന്നു. ഈ വീട്ടില്‍ എല്ലാവരേയും സ്നേഹിക്കുകയും മറ്റൊരാള്‍ക്ക് സ്നേഹം കൊടുക്കാന്‍ എന്തും ചെയ്യണമെന്നും ദീപന്‍ അവസാനമായി ബിഗ് ബോസ് മത്സരാര്‍ത്ഥികളോട് പറഞ്ഞു. അര്‍ച്ചന കരഞ്ഞുകൊണ്ടാണ് ദീപന്‍ പുറത്തുപോയ വിവരം കേട്ടത്.

ദീപന്‍

പിന്നാലെ ദിയയും പൊട്ടിക്കരഞ്ഞു. മത്സരാര്‍ത്ഥികള്‍ ചേര്‍ന്ന് ഇരുവരേയും ആശ്വസിപ്പിച്ചു. ദീപന് വേണ്ടി അര്‍ച്ചന നന്നായി പ്രകടനം കാഴ്ച്ച വെക്കണമെന്ന് രഞ്ജിനി പറഞ്ഞു. ബാക്കി ഉള്ളവരോട് യാത്ര പോലും പറയാന്‍ ദീപന് അവസരം നല്‍കാത്തതില്‍ പേളി മോഹന്‍ലാലിനോട് പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. ദീപനെ നോമിനേറ്റ് ചെയ്തതില്‍ തനിക്ക് വിഷമമുണ്ടെന്ന് സാബു പറഞ്ഞു. ദീപന്‍ പോയതില്‍ ഒരു ശരികേട് ഉണ്ടെന്നും സാബു കൂട്ടിച്ചേര്‍ത്തു.

എല്ലാവര്‍ക്കും നന്ദി പറയുന്നതായി ദീപന്‍ വ്യക്താക്കി. ബിഗ് ബോസിലെ 27 ദിവസങ്ങള്‍ 100 ദിനം പോലെ തന്നെയാണെന്നും ദീപന്‍ പറഞ്ഞു. ഈയാഴ്ച്ച ശ്രീലക്ഷ്മിയും ദീപനുമാണ് പുറത്തായത്. ഇരുവരേയും മോഹന്‍ലാല്‍ വിളിച്ച് അനുഭവങ്ങള്‍ പങ്കുവെയ്ക്കാന്‍ ആവശ്യപ്പെട്ടു. ഒരുപാട് കാര്യങ്ങള്‍ പഠിച്ചാണ് തിരികെ പോകുന്നതെന്ന് ശ്രീലക്ഷ്മി പറഞ്ഞു.

ഈ ഗെയിം താന്‍ ഇഷ്ടപ്പെട്ട് തുടങ്ങിയെന്ന് പേളി പറഞ്ഞു. ‘എനിക്ക് ധൈര്യം വന്നു തുടങ്ങി. നമ്മളെ മാനസികമായി തളര്‍ത്തുകയാണ് ഈ ഗെയിം. അത് നന്നായി മനസ്സിലാവുന്നുണ്ട്. ഇനി നന്നായി കളിക്കണം. ടാസ്കിനിടെ സൈക്കിള്‍ ചവിട്ടിയപ്പോള്‍ എനിക്ക് കിട്ടിയ മാനസികധൈര്യം വളരെ വലുതാണ്. അന്ന് എന്റെ കാലല്ല, മനസ്സാണ് സൈക്കിള്‍ ചവിട്ടിയത്’, പേളി പറഞ്ഞു.

പ്രായമുളള തന്റെ അച്ഛനും അമ്മയും മാത്രമാണ് വീട്ടിലുളളതെന്ന് ബിഗ് ബോസിനെ അനൂപ് അറിയിച്ചു, വീടുമായി ബിഗ് ബോസ് ഒന്ന് ബന്ധപ്പെട്ട് അവര്‍ സുഖമായി ഇരിക്കുന്നു എന്ന് ഉറപ്പിച്ചു തരണമെന്നും അനൂപ് ബിഗ് ബോസിനോട് ആവശ്യപ്പെട്ടു. കേരളത്തില്‍ മഴക്കെടുതി ഉണ്ടായെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് തന്റെ കൃഷിയും പശുക്കളും നാടും നന്നായി ഇരിക്കുന്നുണ്ടോയെന്ന് അന്വേഷിച്ച് അറിയിക്കണമെന്നും അനൂപ് ബിഗ് ബോസിനോട് ആവശ്യപ്പെട്ടു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ