Bigg Boss Malayalam, 21 September 2018 Episode 89: 89ാം ദിനം സുരേഷും സാബുവും തമ്മില്‍ തര്‍ക്കമുണ്ടായി. സാബു കറി ഉണ്ടാക്കുന്നതിനെ സുരേഷ് ചോദ്യം ചെയ്തതാണ് വഴക്കുണ്ടാവാന്‍ കാരണം. സാബു ഉണ്ടാക്കുന്നത് ശരിയായ രീതിയിലല്ലെന്ന് സുരേഷ് പറഞ്ഞു. കറിയില്‍ സാബു വെള്ളം ഒഴിച്ചതാണ് സുരേഷിനെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് സുരേഷിന്റെ ഇടപെടലില്‍ കറി മുഴുവന്‍ തറയില്‍ മറിഞ്ഞു. ഇതിന്റെ പേരില്‍ സാബുവും സുരേഷും വാഗ്വാദം ഉണ്ടായി. പ്രായത്തിന് മര്യാദ തരുമ്പോള്‍ അത് ചൂഷണം ചെയ്യരുതെന്ന് സാബു സുരേഷിനോട് പറഞ്ഞു. വഴക്കിനിടെ ഇടപെടാന്‍ ശ്രമിച്ച ഷിയാസിനെ സാബു വിലക്കി. ‘സുരേഷേട്ടന്‍ ലഭിക്കുന്ന പരിഗണന ചൂഷണം ചെയ്യുകയാണ് ചെയ്യുന്നത്. ആഹാരം എടുത്തല്ല എറിയേണ്ടത്. ചെയ്തത് ശരിയായില്ല,’ സാബു പറഞ്ഞു.

എന്നാല്‍ വെള്ളം എടുത്ത് ഒഴിച്ചത് തനിക്ക് ഇഷ്ടമായില്ലെന്ന് സുരേഷ് തിരിച്ചടിച്ചു. ഇടപെടാന്‍ ശ്രമിച്ച അര്‍ച്ചനയോടും സുരേഷ് വഴക്കിട്ടു. ‘വീട്ടില്‍ പോയി ഇത് പോലെ പാചകം ചെയ്താല്‍ മതി. തരികിടയും കാലുവാരലും ഒക്കെ സാബുവിന് മാത്രം അറിയാവുന്നത് അല്ല. നമ്മള്‍ കാലു വാരാന്‍ നിന്നാല്‍ നീയൊക്കെ തറയില്‍ വീഴും, നടുവൊടിയും’, സുരേഷ് പറഞ്ഞു.

ഉച്ചയോടെ ബിഗ് ബോസ് ലക്ഷ്വറി ബജറ്റ് ടാസ്ക് നല്‍കി. ‘കുടത്തിലെ ഭൂതം’ എന്നാണ് ടാസകിന്റെ പേര്. ലക്ഷ്വറി വസ്തുക്കളുടെ പേരുകളുളള ചീട്ട് കുടങ്ങള്‍ക്കിടയില്‍ വെക്കും. കണ്ണുകെട്ടിയ മത്സരാര്‍ത്ഥി കുടങ്ങള്‍ തല്ലിപ്പൊട്ടിക്കണം. മറ്റ് മത്സരാര്‍ത്ഥികള്‍ ചേര്‍ന്ന് കുടത്തിനടിയിലെ ചീട്ട് എടുക്കണം. മത്സരാര്‍ത്ഥികളുടെ നിര്‍ദേശത്തിന് അനുസരിച്ചാണ് സാബു കുടം അടിച്ച് പൊട്ടിക്കുന്നത്. മികച്ച രീതിയിലാണ് സാബു കുടങ്ങള്‍ അടിച്ച് പൊട്ടിച്ചത്. ഭക്ഷണസാധനങ്ങളാണ് ലക്ഷ്വറി ടാസ്കിലൂടെ ലഭിച്ചത്. ഇത് ആദ്യമായാണ് ഇത്രയും കൂടുതല്‍ സാധനങ്ങള്‍ കിട്ടുന്നതെന്ന് മത്സരാര്‍ത്ഥികള്‍ പറഞ്ഞു.

അടുത്തതായി ‘വേഷപ്പകര്‍ച്ച’ എന്ന പേരിലുളള ഡെയ്ലി ഡാസ്ക് ബിഗ് ബോസ് നല്‍കി. തിരഞ്ഞെടുക്കുന്ന ചീട്ടുകളില്‍ നിന്ന് ലഭിക്കുന്ന കഥാപാത്രങ്ങളായി അഭിനയിക്കലാണ് ടാസ്ക്. ‘ബിഗ് ബോസ് മത്സരം ജയിച്ച വ്യക്തി’ എന്ന കഥാപാത്രമായി അഭിനയിക്കാനാണ് ഷിയാസിന് ലഭിച്ച ചീട്ട്. നഗ്നനായ വ്യക്തിയാണ് ശ്രീനിഷ്. ശ്രീനിഷിന് ഒരു ഇല ഉപയോഗിക്കാം. എപ്പോഴും ദേഷ്യപ്പെടുന്ന വ്യക്തിയെന്ന ചീട്ടാണ് പേളിക്ക് ലഭിച്ചത്. സാങ്കല്‍പിക സുഹൃത്തുമായി സംസാരിക്കുന്ന വ്യക്തിയാണ് സുരേഷ്. തുടര്‍ന്ന് മത്സരാര്‍ത്ഥികള്‍ അവരവരുടെ കഥാപാത്രങ്ങളായി അഭിനയിക്കാന്‍ ആരംഭിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ