Latest News

Bigg Boss Malayalam, 21 July 2018 Elimination: ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി ബിഗ് ബോസില്‍ നിന്ന് പുറത്ത്; പൊട്ടിക്കരഞ്ഞ് അരിസ്റ്റോ സുരേഷ്

Bigg Boss Malayalam, 21 July 2018 Episode 28: അപ്പപ്പോള്‍ നിലപാടുകള്‍ പറയേണ്ടതെന്നും ശ്രീലക്ഷ്മി വൈകിപ്പോയെന്നും മോഹന്‍ലാല്‍

Bigg Boss Malayalam, 21 July 2018 Episode 28: ബിഗ് ബോസ് മലയാളത്തിലെ മത്സരം നാലാം ആഴ്ച്ചയിലേക്ക് കടന്നപ്പോള്‍ മോഹന്‍ലാല്‍ വീണ്ടും എലിമിനേഷന്‍ നടപടികള്‍ക്കായി എത്തി. കേരളത്തിലെ മഴക്കെടുതിയെ കുറിച്ചുളള വാര്‍ത്തകള്‍ മോഹന്‍ലാല്‍ മത്സരാര്‍ത്ഥികളുമായി പങ്കുവെച്ചു. ജനങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചാണ് ഇന്നത്തെ എപ്പിസോഡ് തുടങ്ങിയത്. കഴിഞ്ഞ ഒരാഴ്ച്ചയിലെ പ്രകടനത്തെ കുറിച്ച് അവലോകനം ചെയ്യാന്‍ രഞ്ജിനിയോട് മോഹന്‍ലാല്‍ ആവശ്യപ്പെട്ടു. കഴിഞ്ഞയാഴ്ച്ച രഞ്ജിനിയായിരുന്നു ക്യാപ്റ്റന്‍. പേളിയാണ് ഇന്ന് മുതല്‍ ഒരാഴ്ച്ചത്തേക്ക് ക്യാപ്റ്റന്‍. ബിഗ് ബോസ് ഹൗസില്‍ മലയാളം സംസാരിക്കാത്തവരെ മോഹന്‍ലാല്‍ ശകാരിച്ചു. രഞ്ജിനി മുതല്‍ പേളി വരെ ഉള്ളവര്‍ ഇനി മലയാളം മാത്രം സംസാരിക്കാന്‍ ശ്രമിക്കാമെന്ന് പറഞ്ഞു. അരിസ്റ്റോ സുരേഷ് ഇടയ്ക്ക് തമിഴ് സംസാരിക്കുന്നതിനെ മോഹന്‍ലാല്‍ ചോദ്യം ചെയ്തു. അരിസ്റ്റോ സുരേഷിനോട് ഒരു തമിഴ് ചിത്രത്തിലെ ഡയലോഗ് മോഹന്‍ലാല്‍ പറയിപ്പിച്ചു.

തന്നെ മറ്റൊരു ഹിമ ആക്കരുതെന്ന് പേളി എന്തിനാണ് പറഞ്ഞതെന്ന് മോഹന്‍ലാല്‍ ചോദിച്ചു. ഹിമയെ മുഴുവനായും അറിയും മുമ്പാണ് ഹിമ പുറത്തുപോയതെന്ന് പേളി പറഞ്ഞു. ശരീരസൗന്ദര്യ മത്സരത്തിനിടെ അനൂപ് വസ്ത്രം അഴിച്ച് പോസ് ചെയ്തതിനെ മോഹന്‍ലാല്‍ അഭിനന്ദിച്ചു. ഷിയാസിനേയും അദ്ദേഹം പുകഴ്ത്തി. മുട്ടയില്‍ നിന്ന് വിരിയാത്തവരാണ് ബിഗ് ബോസിലെ ചില മത്സരാര്‍ത്ഥികളെന്ന് പറഞ്ഞ സാബുവിനെ മോഹന്‍ലാല്‍ ചോദ്യം ചെയ്തു. ചിലരെ മനസ്സിലാക്കിയത് തെറ്റായിപ്പോയെന്ന് തോന്നിയപ്പോഴാണ് അങ്ങനെ പറഞ്ഞത് സാബു മറുപടി നല്‍കി. പേളി സംസാരിക്കുമ്പോള്‍ ചെരിപ്പെറിഞ്ഞ സംഭവവും മോഹന്‍ലാല്‍ ചൂണ്ടിക്കാട്ടി. ഇതിനെ ന്യായീകരിക്കാന്‍ സാബു ശ്രമിച്ചപ്പോള്‍ മോഹന്‍ലാല്‍ കുറ്റപ്പെടുത്തി. എന്നാല്‍ പിന്നീട് താന്‍ ആത്മാര്‍ത്ഥമായി ക്ഷമാപണം നടത്തിയതായി സാബു പറഞ്ഞു.

ദീപന്‍ എപ്പോഴും കട്ടിലില്‍ തന്നെയാണല്ലോയെന്ന് മോഹന്‍ലാല്‍ ചോദിച്ചു. തന്റെ ഡിസ്ക് വേദനയുണ്ടെന്നും അതുകൊണ്ടാണ് ഈ ആഴ്ച്ച കൂടുതല്‍ സമയവും കിടന്നതെന്നും ദീപന്‍ മറുപടി പറഞ്ഞു. പുലര്‍ച്ചെ 3 മണിക്കാണ് പലരും രഹസ്യങ്ങള്‍ അടുക്കളയിലൊക്കെ വന്ന് പറയുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ശ്വേതയുടെ പ്രവൃത്തി ചൂണ്ടിക്കാട്ടിയായിരുന്നു മോഹന്‍ലാലിന്റെ പരാമര്‍ശം. എന്നാല്‍ കഴിഞ്ഞ ദിവസം പേളിയേയും ശ്രീനിഷിനേയും ചേര്‍ത്ത് രഞ്ജിനിയും അതിഥിയും ശ്രീലക്ഷ്മിയും സംസാരിച്ചതും അദ്ദേഹം പരോക്ഷമായി സൂചിപ്പിച്ചു. ലോകകപ്പില്‍ ഫ്രാന്‍സ് ജയിച്ചെന്ന വിവിരവും മോഹന്‍ലാല്‍ മത്സരാര്‍ത്ഥികളെ അറിയിച്ചു. കഴിഞ്ഞ ഒരാഴ്ച്ചയിലെ വിശേഷങ്ങളും വിശകലനവും മോഹന്‍ലാല്‍ നടത്തി.

ശ്രീലക്ഷ്മി, ശ്രീനിഷ്, അതിഥി, ദീപന്‍ എന്നിവരാണ് ഈയാഴ്ച്ച എലിമിനേഷന്‍ നിഴലിലുളളത്. ഇവരില്‍ ആരെങ്കിലും ഒരാളാണ് ഈ ആഴ്ച്ച പുറത്താവുക. ശ്രീലക്ഷ്മിക്ക് സ്വന്തമായി നിലപാട് ഇല്ലാത്തത് കൊണ്ടാണ് താന്‍ നോമിനേറ്റ് ചെയ്തതെന്ന് അനൂപ് പറഞ്ഞു. അതിഥി നോമിനേഷന്‍ പട്ടികയില്‍ പെട്ടു പോയതാണെന്ന് അനൂപ് കൂട്ടിച്ചേര്‍ത്തു. ‘അതുപോല കൃത്യമായ നിലപാട് ഉള്ളയാളാണ് ദീപന്‍. പക്ഷെ ശ്രീനിഷ് ഈ വീടിന്റെ സ്വഭാവം വെച്ച് ഓളം വരുമ്പോള്‍ അത് മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടില്ല’, അനൂപ് കൂട്ടിച്ചേര്‍ത്തു.

ദീപനെ താന്‍ വൈകാരികമായ നിമിഷത്തില്‍ മറ്റൊരാള്‍ പുറത്താവാതിരിക്കാന്‍ തെറ്റായി നോമിനേറ്റ് ചെയ്തു പോയെന്ന് സാബു പറഞ്ഞു. തുടര്‍ന്ന് നോമിനേറ്റ് പട്ടികയിലുളളവരെ ബിഗ് ബോസ് വിളിപ്പിച്ചു. അതിഥിയെ ആണ് ആദ്യം വിളിപ്പിച്ചത്. അസൂയ തോന്നുന്ന വ്യക്തിയുടെ പേര് പറയാനാണ് അതിഥിയോട് ബിഗ് ബോസ് പറഞ്ഞത്. രഞ്ജിനിയുടെ ധീരമായ നിലപാട് തനിക്ക് അസൂയ ഉണ്ടാക്കാറുണ്ടെന്ന് അതിഥി പറഞ്ഞു.

രണ്ടാമത് ദീപനെയാണ് വിളിപ്പിച്ചത്. ഹീറോ ആര് സീറോ ആര് എന്നായിരുന്നു ചോദ്യം. ഹീറോ അര്‍ച്ചനയാണെന്നും സീറോ ഷിയാസാണെന്നും ദീപന്‍ പറഞ്ഞു. ബിഗ് ബോസ് ഹൗസില്‍ മറക്കാന്‍ കഴിയാത്ത ആള്‍ ആരാണെന്ന് ചോദിച്ചപ്പോള്‍ ശ്വേതയുടെ പേരാണ് ശ്രീലക്ഷ്മി പറഞ്ഞത്. എല്ലാവരുടേയും വിഷമതകള്‍ മനസ്സിലാക്കി പെരുമാറാന്‍ കഴിയുന്ന ആളാണ് ശ്വേതയെന്നും ശ്രീലക്ഷ്മി കൂട്ടിച്ചേര്‍ത്തു. പേളിയുടെ വ്യാജ വ്യക്തിത്വം ആണെന്നും ബിഗ് ബോസ് ഹൗസില്‍ നിന്ന് പോയാല്‍ പേളിയെ മറക്കുമെന്നും ശ്രീലക്ഷ്മി പറഞ്ഞു. കണ്ണു നിറഞ്ഞ് കൊണ്ടാണ് പേളി ശ്രീലക്ഷ്മിയുടെ വാക്കുകള്‍ കേട്ടത്.

അച്ഛന്റെ പേരിന് യോജിച്ച പ്രകടനം അല്ല ശ്രീലക്ഷ്മി കാണിക്കുന്നതെന്ന് അനൂപ് പറഞ്ഞതിനെ ചൊല്ലി ശ്രീലക്ഷ്മി കരഞ്ഞു. ജഗതി ശ്രീകുമാറിന്റെ മകളാണ് ശ്രീലക്ഷ്മി. വ്യക്തിപരമായ കാര്യങ്ങള്‍ പറഞ്ഞ് തന്നെ വിഷമിപ്പിക്കുകയാണെന്നും ശ്രീലക്ഷ്മി പറഞ്ഞു. ഇതിനെ തുടര്‍ന്ന് അനൂപ് ക്ഷമാപണം നടത്തി. അനൂപ് കരയുകയും ചെയ്തു. തുടര്‍ന്ന് എല്ലാവരും അനൂപിനെ ആശ്വസിപ്പിച്ചു. ശ്രീലക്ഷ്മി സ്വതന്ത്രമായി വീട്ടില്‍ നടന്ന് കാണാന്‍ ആഗ്രഹിച്ചത് കൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും അനൂപ് വിശദികരിച്ചു. എന്നാല്‍ നെഗറ്റീവ് കാര്യങ്ങള്‍ പറയുമ്പോള്‍ മാത്രമാണ് തന്റെ പപ്പയുടെ പേര് എല്ലാവരും പറയുന്നതെന്ന് ശ്രീലക്ഷ്മി പരാതി പറഞ്ഞു.

 

ശ്രീലക്ഷ്മി

‘ഞാന്‍ ആരുടേയും ചിറകിന് കീഴിലല്ല, എന്റേതായ നിലപാടുകളുണ്ട്. പപ്പയെ കുറിച്ച് പറയേണ്ട കാര്യമില്ല. എന്നെ വേദനിപ്പിച്ചാല്‍ എനിക്ക് വേദനിക്കില്ല. പക്ഷെ പപ്പ എന്റെ വീക്ക്നെസ് ആണ്. പോസിറ്റീവ് വരുമ്പോള്‍ ആരും പപ്പയെ ചേര്‍ത്ത് പറയില്ല. നെഗറ്റീവ് വരുമ്പോള്‍ മാത്രമാണ് പപ്പയെ ഇതിലേക്ക് വലിച്ചിഴക്കുക’, ശ്രീലക്ഷ്മി കൂട്ടിച്ചേര്‍ത്തു. അതേസമയം ശ്രീലക്ഷ്മിയാണ് പുറത്തു പോവുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. പെട്ടി തയ്യാറാക്കിക്കൊള്ളാന്‍ ശ്രീലക്ഷ്മിക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്ന് മത്സരാര്‍ത്ഥികള്‍ ശ്രീലക്ഷ്മിയെ യാത്രയാക്കി. അപ്പപ്പോള്‍ നിലപാടുകള്‍ പറയേണ്ടതെന്നും ശ്രീലക്ഷ്മി വൈകിപ്പോയെന്നും മോഹന്‍ലാല്‍ പറഞ്ഞു.

പുറത്തു വന്നാല്‍ എല്ലാവരുമായും ബന്ധം തുടരുമെന്ന് ശ്രീലക്ഷ്മി പറഞ്ഞു. അരിസ്റ്റോ സുരേഷ് പൊട്ടിക്കരഞ്ഞാണ് ശ്രീലക്ഷ്മിയെ സമീപിച്ചത്. തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് സുരേഷിനെ ആശ്വസിപ്പിച്ചു. ഒരു കുഞ്ഞിനെ പോലെ അരിസ്റ്റോ സുരേഷ് തേങ്ങിക്കരഞ്ഞു. സുരേഷിന്റെ പാട്ട് പാടിയാണ് ശ്രീലക്ഷ്മിയെ മത്സരാര്‍ത്ഥികള്‍ യാത്രയാക്കിയത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam 21 july 2018 episode

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express