scorecardresearch
Latest News

നമ്മള്‍ അതിജീവിക്കും: കേരളത്തിന് കെെത്താങ്ങാകാന്‍ ബിഗ് ബോസ് മത്സരാർത്ഥികളും

Bigg Boss Malayalam, 21 August 2018 Episode:58; ചെന്നെെയില്‍ വെള്ളപ്പൊക്കമുണ്ടായപ്പോള്‍ കേരളം ഒരുപാട് സഹായിച്ചിരുന്നുവെന്നും അതുകൊണ്ട് എല്ലാവരും കേരളത്തെ സഹായിക്കണമെന്ന് ശ്രീനിഷ് തമിഴ് ജനതയോട് ആവശ്യപ്പെട്ടു

നമ്മള്‍ അതിജീവിക്കും: കേരളത്തിന് കെെത്താങ്ങാകാന്‍ ബിഗ് ബോസ് മത്സരാർത്ഥികളും

Bigg Boss Malayalam, 21 August 2018 Episode:58: ബാത്ത് റൂം പൂട്ടിയിട്ട കാഴ്ചയായിരുന്നു ഇന്ന് രാവിലെ എഴുന്നേറ്റ മത്സരാർത്ഥികളെ കാത്തിരുന്നത്. എന്താണ് സംഭവിക്കുന്നത് എന്നു മനസിലാകാതെ എല്ലാവരും വിഷമിച്ചിരിക്കുന്ന സമയം ഹാളിലെ സ്ക്രീനിലൊരു സന്ദേശമെത്തി. ഇന്നത്തെ ലക്ഷ്വറി ബജറ്റ് ടാസ്കിന്‍റെ ഭാഗമായാണ് ബാത്ത് റൂം പൂട്ടിയത്. മത്സരാർത്ഥികള്‍ ഗ്രൂപ്പുകളായി തിരിഞ്ഞ് ടാസ്കില്‍ പങ്കെടുത്ത് ജയിച്ചാല്‍ മാത്രമേ ബാത്ത് റൂം വിട്ടു കിട്ടുകയുള്ളൂ. തോല്‍ക്കുന്ന ടീം ജയിക്കുന്ന ടീം നല്‍കുന്ന ശിക്ഷ ഏറ്റുവാങ്ങണം. നല്‍കുന്ന സോപ്പ് കുളിച്ച് തീർക്കുകയായിരുന്നു ആദ്യ ടാസ്ക്.

ബഷീറിന്‍റേയും അതിഥിയുടെയും നേതൃത്വത്തിലാണ് ഗ്രൂപ്പുകളായി തിരിഞ്ഞത്. സാബുവും രഞ്ജിനിയുമാണ് ആദ്യം കുളിക്കാനെത്തിയത്. മുറ്റത്ത് സജ്ജമാക്കിയ ഷവറിന് ചുവട്ടിലായിട്ടായിരുന്നു കുളി. സോപ്പ് തീർക്കുക എന്ന ലക്ഷ്യത്തോടെ ഇരുവരും വസ്ത്രത്തിന് മുകളിലൂടെ തന്നെ സോപ്പ് ഉരയ്ക്കുകയായിരുന്നു. സാബുവായിരുന്നു ആദ്യത്തെ ടാസ്കില്‍ വിജയിച്ചത്. മഞ്ഞ നീല ടീമുകളായിട്ടായിരുന്നു മത്സരാർത്ഥികള്‍ തിരിഞ്ഞത്. ബഷീറിന്‍റെ നീല ടീമിലായിരുന്നു സാബു. രഞ്ജിനി അതിഥിയുടെ ടീമായിരുന്നു. ഇതോടെ ബാത്ത് റൂമിന്‍റെ അവകാശം ബഷീറിന്‍റെ ടീമിനായി. എതിരാളികള്‍ കയറാതെ ബാത്ത്റൂമിന് പുറത്ത് കൊടി കുത്താന്‍ ബിഗ് ബോസ് അറിയിച്ചു. കുളിക്കാന്‍ ബാത്ത് റൂം തുറന്ന് തരണമെന്ന് സുരേഷും പേളിയും പറഞ്ഞെങ്കിലും നീല ടീം ആദ്യം അനുവദിച്ചില്ല.

ബാത്ത്റൂം കൈയ്യടക്കാനായി രഞ്ജിനി ചില ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. കുറച്ച് നേരം കളിപ്പിച്ച ശേഷം ബഷീർ രഞ്ജിനിയ്ക്കായി ബാത്ത് റൂം തുറന്നു നല്‍കി. ബ്ലൂ ടീമിനെ പുകഴ്ത്തണമെന്ന് പകരം പറയാനായി ബഷീർ ആവശ്യപ്പെട്ടു. ഇതിനിടെ സുരേഷും പേളിയും ബഷീറിന് മുന്നിലെത്തി ബാത്ത് റൂം തുറന്നു നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഏത്തം ഇട്ടതിന് ശേഷമാണ് സുരേഷിന് മുന്നില്‍ ബാത്ത് റൂം തുറന്നത്. തല കുത്തി നിക്കാനായിരുന്നു അർച്ചനയ്ക്ക് നല്‍കിയ ശിക്ഷ. പല്ലു തേക്കാനായി ബാത്ത് റൂം തുറന്ന് തരണമെന്ന് ആവശ്യപ്പെട്ട അതിഥിയ്ക്ക് ഓടാനായിരുന്നു നല്‍കിയ ശിക്ഷ. ഇതിനിടെ അടുക്കളയില്‍ വച്ച് പേളിയും ഷിയാസും തമ്മില്‍ അതിഥിയെ കുറിച്ച് സംസാരിക്കുന്നുണ്ടായിരുന്നു. തനിക്ക് അതിഥിയെ ഇഷ്ടമല്ലെന്ന് ഷിയാസ് പറഞ്ഞു. പേളി അങ്ങനെ പറയരുതെന്ന് പറഞ്ഞെങ്കിലും അവള്‍ പാവമല്ലെന്നും പാവമായി അഭിനയിക്കുകയാണെന്നും ഷിയാസ് പറഞ്ഞു.

ഉച്ചയോടെ അടുത്ത ടാസ്കെത്തി. അടുക്കളയ്ക്കും ഡൈനിനിങ് ഏരിയ്ക്കും വേണ്ടിയായിരുന്നു മത്സരം. പാത്രം കഴുകുകയായിരുന്നു ടാസ്ക്. രണ്ട് പേർ വീതം ഓരോ ടീമില്‍ നിന്നും മത്സരത്തില്‍ പങ്കെടുക്കും. മഞ്ഞ ടീമിനായി അർച്ചനയും അതിഥിയും നീല ടീമിനായി ബഷീറും ഹിമയുമാണ് മത്സരത്തിന് ഇറങ്ങിയത്. ഇതിനിടെ താന്‍ നല്‍കുന്ന നിർദ്ദേശങ്ങള്‍ പാലിക്കാത്തതില്‍ സുരേഷിന് ദേഷ്യം പിടിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് സാബു മഞ്ഞ ടീമിന്‍റെ ബക്കറ്റ് തട്ടി മറിച്ചു. പകരത്തിന് രഞ്ജിനിയും അതു തന്നെ ചെയ്തു. കുളത്തില്‍ നിന്നും വെള്ളമെടുത്ത് വീണ്ടും മത്സരം ആരംഭിച്ചു. ദേഷ്യം പിടിച്ച സുരേഷ് മാറി ഇരിക്കുകയായിരുന്നു. ഇത്തവണയും ബ്ലൂ ടീമായിരുന്നു ജയിച്ചത്. അതോടെ അടുക്കളയുടെ അധികാരികളായി അവർ മാറി.

ബാത്ത് റൂമിലേക്ക് പേളി എത്തിയതും നീല ടീം തടഞ്ഞു. തവള ചാട്ടമായിരുന്നു പേളിയ്ക്ക് നല്‍കിയ ശിക്ഷ. പിന്നീട് അതിഥിയും പേളിയും തമ്മില്‍ ചെറിയ വാക്ക് തർക്കമുണ്ടായി. ശ്രീനിഷ് ഇടപെട്ടെങ്കിലും ഇരുവരും തമ്മിലുള്ള നാളുകളായി തുടരുന്ന പ്രശ്നം പരിഹരിക്കാനായില്ല. അതിഥിയ്ക്ക് പാത്രം കഴുകാനറിയില്ല എന്ന് പറഞ്ഞ് പേളി കളിയാക്കി. പേളി ഏറെക്കുറെ തമാശ രൂപേണയായിരുന്നു സംസാരിച്ചത്. അതിഥി ശരിക്കും ദേഷ്യത്തിലായിരുന്നു. പിന്തുണയുമായി ഷിയാസും പേളിയ്ക്കൊപ്പം കൂടി. സ്വന്തം ചോറില്‍ വിഷം കലക്കുന്ന ആളാണ് പേളിയെന്ന് അതിഥി പറഞ്ഞു.

പിന്നീട് അതിഥി ഇതിനെ കുറിച്ച് സാബുവിനോടും അനൂപിനോടും പറഞ്ഞു. തന്നോട് സംസാരിക്കുന്നവരെയെല്ലാം അതിഥി സ്വന്തം സൈഡിലേക്ക് വലിച്ചെടുക്കുകയാണെന്ന് പേളി പറഞ്ഞതാണ് അതിഥിയ്ക്ക് വിഷമമുണ്ടാക്കിയത്. ശ്രീനിയെ അതിഥി സ്വന്തം സൈഡിലാക്കിയെന്ന് പേളി പറഞ്ഞെന്ന് അതിഥി പറഞ്ഞു. പേളി കളർ മാറ്റിക്കൊണ്ടിരിക്കുകയാണെന്നും എന്നാല്‍ താനങ്ങനെയല്ലെന്നും അതിഥി പറഞ്ഞു.

അടുത്ത ടാസ്ക് സന്ദേശമെത്തി. ബെഡ് റൂമിന് വേണ്ടിയായിരുന്നു ടാസ്ക്. ബെഡ് റൂമിന്‍റെ താക്കോല്‍ കുളത്തില്‍ ഒളിപ്പിച്ചിട്ടുണ്ട്. അത് കണ്ടെത്തുകയായിരുന്നു ടാസ്ക്. രണ്ട് പേർ വീതമാണ് പങ്കെടുക്കേണ്ടത്. തോറ്റ ടീമിന് ബെഡ് റൂമില്‍ കിടന്നുറങ്ങാനും സാധിക്കില്ല. മഞ്ഞയില്‍ നിന്നും സുരേഷും നീലയില്‍ നിന്നും ശ്രീനിഷുമാണ് കുളത്തില്‍ ചാടിയത്. ഈ സമയം ഷിയാസ് നീല ടീമിന് വേണ്ടിയും പേളി മഞ്ഞ ടീമിന് വേണ്ടിയും പൂട്ട് തുറക്കാനുള്ള ശ്രമം നടത്തി. എന്നാല്‍ പേളിയ്ക്ക് ഒപ്പം രഞ്ജിനിയും പൂട്ട് തുറക്കാന്‍ ശ്രമിച്ചത് നിയമ വിരുദ്ധമാണെന്ന് നീല ടീം ഉയർത്തി കാണിച്ചു. അവർ മുറി തുറന്നിരുന്നു. ബഷീർ കിടപ്പു മുറിയുടെ അകത്ത് കയറാനായി ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും അർച്ചന കൈയ്യോടെ പിടിച്ച് പുറത്താക്കി. പിന്നെ സാബു അകത്ത് കയറി. പിടിച്ച് പുറത്താക്കാനുള്ള ശ്രമം അതിഥിയും അർച്ചനയും നടത്തിയെങ്കിലും വിജയിച്ചില്ല. സാബുവിനെ കൊണ്ട് ഏത്തമിടിയിച്ചു.

അർച്ചനയും സാബുവും സുരേഷും ചേർന്നിരിക്കുന്ന സമയം ശ്രീനിഷിനെ കുറിച്ച് സംസാരമുണ്ടായി. ശ്രീനിഷിന് കുശാഗ്ര ബുദ്ധിയാണെന്ന് അർച്ചനയും സുരേഷും പറഞ്ഞു. അതിഥിയും രഞ്ജിനിയുമുണ്ടായിരുന്നു അവിടെ. ഇതിനിടെ രഞ്ജിനി ബാത്ത് റൂമില്‍ പോകുന്ന സമയം പകരം കിടക്കാനെത്തിയ ഹിമയെ പിടിച്ച് പുറത്താക്കി. തന്നോട് സാബു ജാഡ കാണിക്കുകയാണെന്ന് ഹിമ ആരോപിച്ചു. രണ്ടു പേരും നീല ടീമിലായിരുന്നു. സാബു പറഞ്ഞത് പ്രകാരമായിരുന്നു ഹിമയെ അർച്ചന പുറത്താക്കിയത്. ഇതോടെ ഇരുവരും തമ്മില്‍ തർക്കമായി. സാബു ഷോ ഓഫാണെന്ന് ഹിമ ആരോപിച്ചു. ബഹുമാനിക്കാന്‍ പഠിക്കണമെന്ന് സാബു തിരിച്ചടിച്ചു. ഇതിനിടെ കിടപ്പു മുറിയുടെ അധികാരമുള്ള മഞ്ഞ ടീമിലെ അർച്ചനയും അതിഥിയും ഭക്ഷണ സാധനങ്ങളും പ്ലേറ്റും എടുത്ത് അവരുടെ മുറിയില്‍ കൊണ്ടു പോയി വച്ചു. പേളിയും അവർക്കൊപ്പം കൂടി. കിടപ്പുമുറിയുടെ അവകാശം അവർക്കായിരുന്നു.

ഇതിനിടെ ഹിമ ഉണ്ടാക്കി കൊണ്ടിരുന്ന ചായ സാബു എടുത്ത് കളഞ്ഞു. തന്നോട് മാത്രമേ അധികാരം കാണിക്കുന്നുള്ളൂവെന്നും ചില ആള്‍ക്കാരോട് മാത്രം സാബുവിന് പ്രത്യേക സ്നേഹമാണെന്നും ഹിമ പറഞ്ഞു.

പിന്നീട് മത്സരാർത്ഥികളെ കേരളത്തിലെ പ്രളയത്തെ കുറിച്ച് അറിയിച്ചു. ഒപ്പം ദുരിതാശ്വാസ ക്യാംപുകളിലേക്കുള്ള അവശ്യ വസ്തുക്കള്‍ പായ്ക്ക് ചെയ്യാനായി ആവശ്യപ്പെട്ടു. അവശ്യ വസ്തുക്കള്‍ സ്റ്റോർ റൂമിലുണ്ടായിരുന്നു. ഒരു നിമിഷം പ്രാർത്ഥിച്ചതിന് ശേഷമായിരുന്നു അവർ സാധനങ്ങള്‍ പാക്ക് ചെയ്യാന്‍ തുടങ്ങിയത്. ആത്മാർത്ഥതയോടെ തന്നെ എല്ലാവരും സാധനങ്ങള്‍ പായ്ക്ക് ചെയ്തു. അതിന് ശേഷം എല്ലാവരും ദുരന്തത്തില്‍ നിന്നും കരകയറുന്നതിനെ കുറിച്ച് സംസാരിച്ചു. കേരളത്തില്‍ എന്താണ് നടക്കുന്നതെന്ന് വ്യക്തമായി തങ്ങള്‍ക്ക് അറിയില്ലെങ്കിലും ചെയ്യാന്‍ കഴിയുന്നത് ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നും ബിഗ് ബോസിന് നന്ദി പറയുന്നതായും അവർ പറഞ്ഞു. നമ്മള്‍ അതിജീവിക്കുമെന്ന് അവരും ഉറച്ചു പറഞ്ഞു. കേരളത്തിന് വേണ്ടി സഹായിക്കണെന്ന് ശ്രീനിഷ് തമിഴ്നാട്ടിലെ സുഹൃത്തുക്കളോടായി ആവശ്യപ്പെട്ടു. ചെന്നൈയില്‍ വെള്ളപ്പൊക്കമുണ്ടായപ്പോള്‍ കേരളം സഹായിച്ചെന്നും ശ്രീനിഷ് പറഞ്ഞു. എല്ലാവരും കേരളത്തിനായി പ്രാർത്ഥിക്കുന്നതായി പറഞ്ഞു.

രാത്രി ക്യാമറയ്ക്ക് അരികിലെത്തിയ അനൂപ് തന്‍റെ അക്കൗണ്ടില്‍ നിന്നും ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടു. തന്‍റെ കുടുംബത്തെ കുറിച്ച് അറിയണമെന്നും 25000 രൂപ സംഭാവന നല്‍കണമെന്നും ബഷീർ പറഞ്ഞു. ഇതുപോലൊരു സാഹചര്യത്തില്‍ എല്ലാവരും ലീഡർമാരാകുമെന്നു പേളി പറഞ്ഞു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Bigg boss malayalam 21 august 2018 episode58