26ാം ദിവസത്തിലേക്ക് ബിഗ് ബോസ് മത്സരം കടന്നു. ഷിയാസിനെതിരായ കോടതി പരാമര്‍ശം തന്നെയായിരുന്നു ഇന്നത്തേയും ചര്‍ച്ച. തന്റെ ദേഹം വേദനിച്ചാല്‍ മാത്രമേ താന്‍ തിരിച്ചടിക്കുകയുളളുവെന്ന് ഷിയാസ് പറഞ്ഞു. എന്നാല്‍ ബിഗ് ബോസ് ഹൗസില്‍ ഷിയാസ് ഒരു എതിരാളിയേ അല്ലെന്ന് സാബു വീണ്ടും ആവര്‍ത്തിച്ചു. ഷിയാസിനെ അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു സാബുവിന്റെ പരാമര്‍ശം. രാവിലെ തന്നെ ശ്രീനിഷ് പാത്രം കഴുകുന്നില്ലെന്ന് പറഞ്ഞ് ഷിയാസ് ഒച്ചവെച്ചു. എന്നാല്‍ താന്‍ പല്ലു തേക്കാതെ പാത്രം കഴുകില്ലെന്ന് ശ്രീനിഷ് പറഞ്ഞു. തുടര്‍ന്ന് ശ്രീനിഷ് പല്ലു തേക്കാന്‍ പോയത് ഷിയാസിനെ ദേഷ്യം പിടിപ്പിച്ചു.

ഇതിനിടെ സുരേഷും പേളിയും പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന് രഞ്ജിനിയും അതിഥിയും ചര്‍ച്ച ചെയ്തു. ഹൗസില്‍ പലരും മലയാളം അല്ലാത്ത ഭാഷ സംസാരിക്കുന്നതായി ബിഗ് ബോസ് അറിയിച്ചു. മലയാളികള്‍ക്ക് വേണ്ടിയുളള പരിപാടിയില്‍ മലയാളം മാത്രമേ സംസാരിക്കാവൂ എന്നും ബിഗ് ബോസ് നിര്‍ദേശിച്ചു. ഇനി മുതല്‍ എല്ലാവരും മലയാളം മാത്രമെ സംസാരിക്കാവു എന്ന് രഞ്ജിനി അറിയിച്ചു. തങ്ങള്‍ക്ക് കിട്ടുന്ന ഭക്ഷണം തുച്ഛമാണെന്ന് മത്സരാര്‍ത്ഥികള്‍ പരസ്പരം പരാതിപ്പെട്ടു.

ഉച്ചയോടെ അടുത്ത ആഴ്ച്ചയിലുളള ക്യാപ്റ്റനെ തിരഞ്ഞെടുക്കാനാണ് ബിഗ് ബോസ് നിര്‍ദേശിച്ചത്. മത്സരാര്‍ത്ഥികളില്‍ രണ്ട് പേരെ എല്ലാവര്‍ക്കും നിര്‍ദേശിക്കാം. അര്‍ച്ചന, പേളി, അതിഥി എന്നിവരാണ് ക്യാപ്റ്റനാവാനുളള പട്ടികയില്‍ എത്തിയത്. ഈ മൂന്ന് പേരും ഒരു ടാസ്കില്‍ പങ്കെടുക്കും. ഇതില്‍ വിജയിക്കുന്നയാളാണ് അടുത്തയാഴ്ച്ചയിലെ ക്യാപ്റ്റന്‍. 1000 പന്തുകള്‍ വെച്ച ബാസ്കറ്റില്‍ നിന്നും ഏറ്റവും കൂടുതല്‍ നക്ഷത്രം പതിച്ച പന്തുകള്‍ നിശ്ചിത സമയത്തിനുളളില്‍ ശേഖരിക്കുന്നവരാകും വിജയി. അതിഥി 6 പന്തുകളാണ് 1 മിനുട്ടില്‍ ശേഖരിച്ചത്. അര്‍ച്ചന 7 പന്തുകളെടുത്തു. അതേസമയം പേളിയും 7 പന്തുകള്‍ തന്നെ എടുത്തു. തുടര്‍ന്ന് ഇരുവരും തമ്മില്‍ ഒന്നുകൂടെ ഏറ്റുമുട്ടി. ഇതില്‍ പേളി വിജയിച്ചു. 9 പന്തുകളാണ് പേളി ശേഖരിച്ചത്. അര്‍ച്ചന 8 എണ്ണം മാത്രമാണ് എടുത്തത്. ഇതോടെ അടുത്ത ആഴ്ച്ചയിലെ ക്യാപ്റ്റനായി പേളി തിരഞ്ഞെടുക്കപ്പെട്ടു.

ഇതിനിടയിലാണ് ബിഗ് ബോസ് ഹൗസിലേക്ക് ഒരാഴ്ച്ചത്തെ ഭക്ഷണസാധനങ്ങള്‍ എത്തിയത്. തങ്ങള്‍ ആവശ്യപ്പെട്ട ന്യൂഡില്‍സും മറ്റും ലഭിച്ചില്ലെന്ന് മത്സരാര്‍ത്ഥികള്‍ ബിഗ് ബോസിനോട് പരാതിപ്പെട്ടു. ശ്രീനിഷ് ഇപ്പോള്‍ മറ്റേതോ ലോകത്താണെന്ന് അതിഥിയും ശ്രീലക്ഷ്മിയും പറഞ്ഞു. ക്യാപ്റ്റനായതിന് പിന്നാലെ ആളാകെ മാറിയെന്നും ഇരുവരും ചൂണ്ടിക്കാട്ടി.

ഷിയാസിനെ കുറിച്ച് ഓരോരുത്തര്‍ക്കും തോന്നുന്ന നല്ല കാര്യങ്ങള്‍ അത്താഴത്തിന് ശേഷം പറയണമെന്ന് പേളി മത്സരാര്‍ത്ഥികളോട് പറഞ്ഞു. ഷിയാസിന്റെ മൂഡ് മാറ്റാന്‍ വേണ്ടിയായിരുന്നു പേളിയുടെ ശ്രമം. എല്ലാവരും ഇത് സമ്മതിക്കുകയും ചെയ്തു. എന്നാല്‍ തങ്ങള്‍ നല്ലത് പറഞ്ഞാല്‍ ഷിയാസ് എങ്ങനെ എടുക്കുമെന്ന സംശയം സാബു ഉയര്‍ത്തി. ഷിയാസ് മറ്റുളളവരോട് സംസാരിക്കാത്തത് കൊണ്ടാണ് പേളി ഈ നീക്കം നടത്തിയത്.

പേളി ക്യാപ്റ്റനായതിന് പിന്നാലെ അര്‍ച്ചന തന്റെ എതിര്‍പ്പ് പരോക്ഷമായി പ്രകടിപ്പിച്ച് തുടങ്ങി. ക്യാപ്റ്റനാവും മുമ്പ് പേളി കളി തുടങ്ങിയെന്ന് അര്‍ച്ചന ദീപനോട് പറഞ്ഞു. ഈയാഴ്ച്ചയിലെ ക്യാപ്റ്റനായ രഞ്ജിനി നന്നായി പ്രകടനം നടത്തിയതായി പേളി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് അടുത്ത ആഴ്ച്ചയിലെ പണികള്‍ക്കുളള ടീമുകളെ പേളി തിരിച്ചു.

അടുത്ത ദിവസം രാവിലെ തന്നെ ഒരു ടാസ്കാണ് ബിഗ് ബോസ് നല്‍കിയത്. ആദ്യം ടീമുകളായി തിരിക്കുകയാണ് ചെയ്തത്. പേപ്പറില്‍ ഒരു വിഭവത്തിന്റെ പേരെഴുതി കാണിക്കും. ഇത് ടീമിലെ ഒരംഗം മറ്റ് അംഗങ്ങള്‍ക്ക് ആംഗ്യഭാഷയില്‍ കാണിക്കണം. വിജയിച്ചാല്‍ ഈ വിഭവങ്ങള്‍ ലഭ്യമാകും. ആദ്യം തന്നെ ഐസ്ക്രീമും ഇതിന് പിന്നാലെ പായസവും മത്സരാര്‍ത്ഥികള്‍ അഭിനയിച്ച് കാണിച്ചു. ആപ്പിള്‍, കപ്പലണ്ടി മിട്ടായി, തൈര് സാദം, ചോക്ലേറ്റ് കേക്ക്, മുട്ടത്തോരന്‍, മുറുക്ക്, എന്നിവയും മത്സരാര്‍ത്ഥികള്‍ വിജയകരമായി ആംഗ്യഭാഷയിലൂടെ കാണിച്ചു. തുടര്‍ന്ന് ഇവയെല്ലാം തന്നെ ബിഗ് ബോസ് എത്തിച്ചു നല്‍കി. തനിക്ക് ഇനി എത്ര കാലം ഇങ്ങനെ ഇവിടെ തുടരാന്‍ ആവുമെന്ന് അറിയില്ലെന്ന് പേളി സുരേഷിനോട് പറഞ്ഞു. ബാക്കി ദിവസങ്ങള്‍ ഇനി പെട്ടെന്ന് പോകുമെന്ന് പറഞ്ഞ് സുരേഷ് പേളിയെ ആശ്വസിപ്പിച്ചു.

പേളി അതിഥിയേയും ഷിയാസിനേയും ചേര്‍ത്ത് പറയാന്‍ ശ്രമിക്കുന്നുണ്ടെന്ന് രഞ്ജിനി അതിഥിയോടും പറഞ്ഞു. എന്നാല്‍ ശ്രീനിഷും പേളിയും തമ്മിലുളള ബന്ധത്തില്‍ സംശയമുണ്ടെന്ന് അതിഥിയും ശ്രീലക്ഷ്മിയും പറഞ്ഞു. ഇതില്‍ നിന്നും ശ്രദ്ധ തിരിക്കാനാവാം തന്റെയും ഷിയാസിന്റേയും പേര് ചേര്‍ത്ത് പറയുന്നതെന്ന് അതിഥി പറഞ്ഞു. പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു മൂവരുടേയും സംഭാഷണം.

ശ്രീലക്ഷ്മിയാണ് ആദ്യം പറഞ്ഞു തുടങ്ങിയത്. ‘ശ്രീനിഷിന്റെ ആനവാല്‍ മോതിരം പേളിയുടെ കൈയിലാണ് ഉള്ളത്. ഒരിക്കല്‍ ആ മോതിരം ഞാന്‍ ശ്രീനിഷ് മറന്നു വെച്ചപ്പോള്‍ എടുത്തു നല്‍കിയിരുന്നു. ഇന്നലെ അത് പേളിയുടെ കൈയില്‍ കണ്ടു. ഇത് സംശയകരമാണ്’, ശ്രീലക്ഷ്മി പറഞ്ഞു. ‘ഇരുവരും പലപ്പോഴും പരസ്പരം നോക്കി ചിരിക്കും. കോഡ് ഭാഷയിലാണ് സംസാരം. അതാണ് അവള്‍ ശ്രീനിഷിനോട് ഉപയോഗിക്കുന്നത്. അത്കൊണ്ടാണ് എന്നേയും ഷിയാസിനേയും ചേര്‍ത്ത് അവള്‍ പറയുന്നത്’, അതിഥിയും വിട്ടുകൊടുത്തില്ല. പേളിയെ കുറിച്ചുളള വാക്കുകള്‍ രഞ്ജിനിയും ഏറെ സന്തോഷത്തോടെ കേട്ടിരുന്നു. നാട്ടുകാര്‍ എല്ലാം കാണുന്നുണ്ട് എന്നായിരുന്നു തുടര്‍ന്ന് രഞ്ജിനി പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook