Bigg Boss Malayalam, 19 September 2018 Episode:87: ഇന്നലത്തെ പിണക്കം മറന്ന് പേളിയും ശ്രീനിഷും രാവിലത്തെ പതിവ് പാട്ടിന് ചുവടുവെച്ചു. ഇതോടെ ഇന്നത്തെ എപ്പിസോഡ് ആരംഭിച്ചു. പിന്നാലെ കണ്ടത് അർച്ചന കരയുന്നതാണ്.  എന്നാല്‍ എന്തിനാണ് അർച്ചന കരയുന്നതെന്ന് മനസിലായില്ല. ഇതിനിടെ അർച്ചനയെ ഉഷാറാക്കാനായി സുരേഷ് ശ്രമിച്ചെങ്കിലും നടന്നില്ല. സുരേഷിന്‍റെ കൊട്ട് പാട്ടിന് സാബു ചുവടു വെച്ചതോടെ സുരേഷ് ആവേശഭരിതനായി പാട്ടിലേക്ക് കടന്നു.

കരയുകയായിരുന്ന അർച്ചനയുടെ അടുത്തേക്ക് പേളി എത്തി  അവളെ ആശ്വസിപ്പിച്ചു. അപ്പോഴേക്കും സുരേഷ്  എന്താണ് പ്രശ്നമെന്ന് ചോദിച്ചു. എന്നാല്‍ അർച്ചന ഒന്നും തുറന്നു പറഞ്ഞില്ല. പിന്നാലെ സാബുവും അവിടേക്ക് എത്തി. ആരു ചോദിച്ചിട്ടും അർച്ചന കരച്ചില്‍ നിർത്തുകയോ കാരണം പറയുകയോ ചെയ്തില്ല. വീട്ടിലുള്ളവരെ ഓർത്തായിരുന്നു കരഞ്ഞതെന്ന് പിന്നെ അർച്ചന പറഞ്ഞു. സുരേഷ് അർച്ചനയെ ഉപദേശിച്ചെങ്കിലും കരച്ചില്‍ നിർത്തി. പിന്നാലെ അതിഥിയുമവിടെ എത്തി. എല്ലാവരും ചേർന്ന് അർച്ചനയെ ആശ്വസിപ്പിച്ചു. അർച്ചനയെ കട്ടിലില്‍ നിന്നും പിടിച്ച് വലിച്ച് നിലത്തേക്ക് ഇട്ടു. പിന്നീട് സുരേഷിന്‍റെ വക നാടന്‍ അടി പ്രാക്ട്സായിരുന്നു. ഇതിനിടെ ഷിയാസിനെ എല്ലാവരും ചേർന്ന് നിലത്തിട്ട് ഉരുട്ടി.

വീട്ടിലെ പുരുഷന്മാരെ തന്‍റെ തന്ത്രങ്ങള്‍ കാണിച്ചു കൊടുക്കാനുള്ള മാർഗ്ഗങ്ങളായി തിരഞ്ഞെടുത്തായിരുന്നു സുരേഷിന്‍റെ ക്ലാസ്. എല്ലാവർക്കും ഓരോ ട്രിക്കുകള്‍ പഠിപ്പിച്ചു കൊടുത്തതിന് ശേഷം അവരെല്ലാം ചേർന്ന് സുരേഷിനെ തല്ലിയതോടെ ക്ലാസ് അവസാനിച്ചു. ഇന്നത്തെ ക്യാപ്റ്റനായി അതിഥിയെയാണ് എല്ലാവരും തിരഞ്ഞെടുത്തത്. ഇതിന് പിന്നാലെ ലക്ഷ്വറി ടാസ്കിനുള്ള സന്ദേശമെത്തി. ഷിയാസിനെ കണ്‍സെഷന്‍ റൂമിലേക്ക് വിളിച്ച് വരുത്തിയാണ് സന്ദേശം കൊടുത്തത്. ഷിയാസ് വായിക്കാനറിയാതെ ബുദ്ധിമുട്ടുന്നത് രസകരമായ കാഴ്ച്ചയായിരുന്നു. സന്ദേശത്തിലുള്ളത് മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാനായി ഷിയാസ് കാണാതെ പഠിക്കുകയായിരുന്നു. ഈ സമയം മറ്റുള്ളവർ ഷിയാസിന്‍റെ മലയാളത്തെ കളിയാക്കി.

ടീമായി തിരിഞ്ഞായിരുന്നു ടാസ്ക് പൂർത്തിയാക്കേണ്ടത്. മൂന്ന് പേർ വീതമാണ് ഓരോ ടീമിലുമുണ്ടാകേണ്ടത്. നല്‍കിയിരിക്കുന്ന ബെഞ്ചില്‍ ഒരു ടീം ഇരിക്കണം. മറ്റുള്ളവർ അവരെ അവിടെ നന്നും ഏത് വിധേനയും എഴുന്നേല്‍പ്പിക്കണം എന്നതാണ് ടാസ്ക്. ആദ്യ ടീമില്‍ അർച്ചനയും സുരേഷും ശ്രീനിഷുമായിരുന്നു ഉണ്ടായിരുന്നത്. മരപ്പൊടി, ഷേവിങ് ക്രീം, മുട്ട എന്നിവ ദേഹത്ത് ഇട്ടെങ്കിലും അവർ എഴുന്നേറ്റില്ല. വെള്ളം കോരി തലയിലൂടെ ഒഴിച്ചിട്ടും അവർ ഇരുന്ന ഇരുപ്പില്‍ നിന്നും പിന്മാറിയില്ല. പീന്നീട് സുരേഷ് എഴുന്നേറ്റു. ഈ സമയം, അതിഥി ബെഞ്ചിലിരിക്കുന്നവരെ സപ്പോർട്ട് ചെയ്യുന്നു എന്ന് പറഞ്ഞ ബിഗ് ബോസ് അതിഥിയോട് സുരേഷിന്‍റെ സ്ഥാനത്ത് ഇരിക്കാനായി ആവശ്യപ്പെട്ടു. ഇതിനിടെ അർച്ചനയ്ക്ക് വെള്ളമെടുത്തു കൊടുക്കാനായി എഴുന്നേറ്റതോടെ ശ്രീനിഷും പുറത്തായി. അർച്ചനയും അതിഥിയുമായിരുന്നു ബാക്കിയായത്. ഷിയാസ് പലവിധത്തിലും ഇരുവരേയും എഴുന്നേല്‍പ്പിക്കാനായി ശ്രമിക്കുന്നുണ്ടായിരുന്നു. തുടർന്ന് അതിഥി എഴുന്നേറ്റു. ഇതോടെ അർച്ചന മാത്രം ബാക്കിയായി. എന്നാല്‍ ബസർ അടിച്ചതിന് ശേഷമാണ് അർച്ചന എഴുന്നേറ്റത്.

പിന്നീട് അടുത്ത ടീമിന്‍റെ ഊഴമായിരുന്നു. അതിഥി ഈ ടീമിനൊപ്പവും ബെഞ്ചിലിരിക്കണമെ്ന് ബിഗ് ബോസ് അറിയിച്ചു. അതിഥിയും ഷിയാസും പേളിയും സാബുവുമായിരുന്നു രണ്ടാം ടീമിലുണ്ടായിരുന്നത്. മറ്റുള്ളവർ അവരുടെ ദേഹത്ത് സോപ്പ്, മരപ്പൊടി, ഷേവിങ് ക്രീം, ഷാംബു തുടങ്ങിയവ ഒഴിച്ചു. സാബു നേരത്തേ തന്നെ എഴുന്നേറ്റ് ഓടി. സ്വിമ്മിങ് പൂളിലേക്ക് ചാടിയാണ് സാബു രക്ഷപ്പെട്ടത്. കണ്ണ് നീറുന്നതിനാല്‍ പേളി ബഹളമുണ്ടാക്കുന്നുണ്ടായിരുന്നു. ഷിയാസും അലറി വിളിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ആരും എഴുന്നേല്‍ക്കാന്‍ കൂട്ടാക്കുന്നുണ്ടായിരുന്നില്ല. ഇതിനിടെ സാബുവിനെ ഡോക്ടർ വന്ന് പരിശോധിച്ചു പോയി. ഇതിനിടെ ശ്രീനിഷ് പേളിയെ ഉമ്മ വെക്കാനായി ശ്രമിച്ചെങ്കിലും പേളി തന്ത്രപരമായി ഒഴിഞ്ഞുമാറി. അപ്പോഴേക്കും ബസർ മുഴങ്ങി. ഈ സമയം, തന്‍റെ കണ്ണിന് വേദനയുണ്ടെന്ന് അറിയിച്ചതോടെ സാബുവിനെ ചികിത്സയ്ക്കായി പുറത്തേക്ക് കൊണ്ടു പോയി.

ടാസ്ക് കഴിഞ്ഞതും പേളിയും ഷിയാസും ചേർന്ന് ശ്രീനിഷിന് കുഴപ് തേച്ച് കൊടുത്തു. ഇതിന് ശേഷം സാബു മടങ്ങിയെത്തി. ഒരു കണ്ണ് കെട്ടി വെച്ച നിലയിലായിരുന്നു സാബു മടങ്ങിയെത്തിയത്. വെെകിട്ടോടെ ടാസ്ക് ജയിച്ച ടീമിന് ബിഗ് ബോസ് അഭിനന്ദനം അറിയിച്ചു. ഇതിന് പിന്നാലെ സുരേഷിനെ കണ്‍സെഷന്‍ റൂമിലേക്ക് വിളിപ്പിച്ചു. പുതിയ സന്ദേശവുമായാണ് സുരേഷ് മടങ്ങിയെത്തിയത്. പുതിയ ടാസ്കായിരുന്നു അതിലുണ്ടായിരുന്നത്. പാടാം നമുക്ക് പാടാം എന്നായിരുന്നു ടാസ്കിന്‍റെ പേര്. രണ്ട് ടീമായി തിരിഞ്ഞ് ആംഗ്യ ഭാഷയില്‍ പാട്ട് അവതരിപ്പിക്കുകയും മറ്റുള്ളവർ അത് ഏതാണെന്ന് പറയുന്നതുമായിരുന്നു ടാസ്ക്. അർച്ചനയും ശ്രീനിഷും സുരേഷും ആയിരുന്നു ഒരു ടീം. അതിഥിയും ഷിയാസും പേളിയുമായിരുന്നു രണ്ടാമത്തെ ടീം. എല്ലാവരും ആസ്വദിച്ചായിരുന്നു ടാസ്കില്‍ പങ്കെടുത്തത്. അതുകൊണ്ടു തന്നെ കാണാനും രസകരമായിരുന്നു. പാട്ടുകള്‍ അഭിനയിച്ചു കാണിക്കുന്നതും അത് കണ്ടു പിടിക്കുന്നതുമെല്ലാം ചിരിയുണർത്തി. സുരേഷിന്‍റെ ടീമായിരുന്നു ടാസ്ക് ജയിച്ചത്.

പീന്നീട് പേളിയേയും ശ്രീനിഷിനേയും കുറിച്ച് അർച്ചനയും അതിഥിയും സംസാരിക്കുകയുണ്ടായി. ശ്രീനിഷ് പേളിയെ അവഗണക്കുന്നില്ല പേളിയാണ് അങ്ങനെ ചെയ്യുന്നതെന്നും ശ്രീനിഷിനെ കുറ്റക്കാരന്‍ ആക്കാനാണ് പേളി ശ്രമിക്കുന്നതെന്നും അർച്ചന പറഞ്ഞു. ഇന്നലെയുണ്ടായ സംഭവം തന്നെ ഞെട്ടിച്ചെന്ന് അർച്ചനയും പറഞ്ഞു. എന്നാല്‍ രാത്രി ശ്രീനിഷും പേളിയും ചേർന്ന് കെെകള്‍ കോർത്ത് പിടിച്ച് ഡാന്‍സ് ചെയ്യുന്നതാണ് കണ്ടത്. ഇതിനിടയിലേക്ക് അതിഥി കേറി വന്നതോടെ രണ്ടു പേരും ആദ്യമൊന്ന് നാണിച്ചെങ്കിലും വീണ്ടും നൃത്തം തുടർന്നു. ഇതേ സമയം പുറത്ത് സാബുവും സുരേഷും ഇതുവരെയുള്ള യാത്രകളെ വിലയിരുത്തുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook