Bigg Boss Malayalam, 19 July 2018 Episode 26: ബിഗ് ബോസ് ഹൗസിലെ പോരാട്ടം 25ാം ദിവസത്തിലേക്ക് കടന്നു. ചെറിയ കാര്യങ്ങള്‍ക്കാണ് വീട്ടില്‍ പ്രശ്നമുണ്ടാവുന്നതെന്ന് രഞ്ജിനിയും സുരേഷും പറഞ്ഞു. തുടര്‍ന്ന് കഴിഞ്ഞ ദിവസത്തെ പ്രശ്നം മറന്ന് ഇരുവരും ആലിംഗനം ചെയ്തു. പേളി ആദ്യത്തെ ആഴ്ച്ചയില്‍ ഉഷാറായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ ഒന്നും ചെയ്യുന്നില്ലെന്നും ദിയ സനയും രഞ്ജിനിയും പറഞ്ഞു. ഉച്ചയോടെ ലക്ഷ്വറി ബജറ്റിനുളള അവസാന ടാസ്കുമായി ബിഗ് ബോസ് പ്രഖ്യാപനം നടത്തി. 1000 ലക്ഷ്യറി പോയന്റുകളാണ് ഈ ടാസ്കില്‍ ലഭിക്കുക. അനൂപ് ചന്ദ്രനാണ് ടാസ്ക് നിയന്ത്രിക്കുന്നത്. മത്സരാര്‍ത്ഥികളെ മാര്‍ഗനിര്‍ദേശം നല്‍കുക മാത്രമാണ് അനൂപ് ചെയ്യേണ്ടത്.

‘ആഡംബര യാത്ര’ എന്ന ടാസ്കാണ് നല്‍കിയത്. സൈക്കിള്‍ ചവിട്ടി കാസര്‍കോട് നിന്നും തിരുവനന്തപുരം എത്തുക എന്നതാണ് ടാസ്ക്. സൈക്കിള്‍ ചവിട്ടി നിശ്ചിത ദൂരം കടക്കുമ്പോള്‍ ഭൂപടത്തിലെ ഓരോ ബള്‍ബുകളും കത്തും. ഇതുപോലെ 10 ബള്‍ബുകളും കത്തിച്ചാല്‍ 1000 പോയന്റ് ലഭിക്കും. ദിയയാണ് ആദ്യം സൈക്കിള്‍ ചവിട്ടിയത്. പിന്നീട് സുരേഷ്, പേളി, സാബു രഞ്ജിനി എന്നിവര്‍ സൈക്കിള്‍ ചവിട്ടി. തുടര്‍ന്ന് ടാസ്ക് അവസാനിപ്പിച്ചു. ആകെ 1620 പോയന്റാണ് എല്ലാ ടാസ്കുകളും കൂടി മത്സരാര്‍ത്ഥികള്‍ നേടിയത്.

പേളി പാത്രം കഴുകാന്‍ സഹായിക്കുന്നില്ലെന്ന് ഷിയാസും ആരോപിച്ചു. പാത്രം വൃത്തിയായിട്ടില്ലെന്ന് രഞ്ജിനിയും സാബുവും ശ്വേതയും കുറ്റപ്പെടുത്തി. പേളിയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു ശ്വേതയുടെ കുറ്റപ്പെടുത്തല്‍. എന്നാല്‍ പേളി ജോലി ചെയ്യുന്ന ആളാണെന്ന് ദീപനും അര്‍ച്ചനയും തമ്മില്‍ മുറിയില്‍ വെച്ച് ചര്‍ച്ച ചെയ്തു. പാത്രം വൃത്തിയാക്കുന്ന ടീമിന്റെ ക്യാപ്റ്റന്‍ ഷിയാസിന്റെ വീഴ്ച്ചയാണ് ഇതെന്നും ഇരുവരും പറഞ്ഞു.

സാബുവിനേയും അനൂപിനേയും താന്‍ ചേട്ടന്‍ എന്ന് മാത്രമാണ് വിളിക്കാറുളളതെന്ന് ഷിയാസ് പറഞ്ഞു. ദേഷ്യം വന്നാല്‍ മാത്രമാണ് താന്‍ ചീത്ത വിളിക്കുകയെന്നും ഷിയാസ് പറഞ്ഞു. പാത്രം കഴുകലിനെ കുറിച്ച് മത്സരാര്‍ത്ഥികള്‍ ചേരി തിരിഞ്ഞ് ചര്‍ച്ച നടത്തി.

ബിഗ് ബോസ് ഹൗസില്‍ വീണ്ടും കോടതി കൂടുമെന്ന് ബിഗ് ബോസ് പ്രഖ്യാപിച്ചു. ക്യാപ്റ്റനായ രഞ്ജിനിയെ ആണ് ആദ്യം പ്രതിക്കൂട്ടില്‍ നിര്‍ത്തിയത്. സാബുവാണ് ന്യായാധിപന്‍. തുടര്‍ന്ന് അനൂപിനെ ബിഗ് ബോസ് വിളിപ്പിച്ചു. സാബുവിനേയും രഞ്ജിനിയേയും ഒഴികെ രണ്ട് വ്യക്തികളെ പ്രതികളായി നിര്‍ദേശിക്കാന്‍ പറഞ്ഞു. അനൂപ് ഷിയാസിനേയും പേളിയേയും ആണ് നിര്‍ദേശിച്ചത്. മിക്കവരും ഇരുവരേയും ആണ് നിര്‍ദേശിച്ചത്. രാത്രിയോടെ കോടതി നടപടികള്‍ ആരംഭിച്ചു.

ജോലിയില്‍ കടന്നുകയറ്റം ഉണ്ടാകുന്നെന്ന കാര്യം ക്യാപ്റ്റനായ രഞ്ജിനിയോട് ഇത് പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്ന് അനൂപ് പറഞ്ഞു. അതേസമയം ക്യാപ്റ്റന്‍ ‘യൂസ്ലെസ്’ ആണെന്നും താന്‍ കഥ പറയുമ്പോള്‍ തന്നെ സാബു എറിഞ്ഞപ്പോള്‍ യാതൊരു വിധത്തിലും പ്രതികരിച്ചില്ലെന്നും പേളി പറഞ്ഞു. പക്ഷപാതപരമായിട്ടും ക്യാപ്റ്റന്‍ പെരുമാറിയെന്നും പേളി പരാതിപ്പെട്ടു. രഞ്ജിനി കുറച്ച് കൂടെ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് ന്യായാധിപനായ സാബു പറഞ്ഞു.

10 പരാതികളാണ് ഷിയാസിന് നേരെ ഉയര്‍ന്നത്. ആദ്യം ബഷീറാണ് പരാതിയുമായി കോടതിക്ക് മുമ്പാകെ എത്തിയത്. ഷിയാസ് തന്നെ അധിക്ഷേപിക്കുകയും അക്രമാസക്തമായി പെരുമാറിയെന്നും ബഷീര്‍ പറഞ്ഞു. ‘കുള്ളന്‍’ എന്ന് വിളിച്ചെന്നായിരുന്നു ബഷീറിന്റെ ആരോപണം. താന്‍ ദേഷ്യത്തില്‍ അങ്ങനെ വിളിച്ചിട്ടുണ്ടാകാമെന്നും ക്ഷമാപണം നടത്തുന്നതായും ഷിയാസ് പറഞ്ഞു. ഇതിന് പിന്നാലെ ദീപനാണ് ഷിയാസിനെതിരെ പരാതി ഉന്നയിച്ചത്. പേളിയും ശ്രീനിഷും ജോലി ചെയ്യാന്‍ മടി കാണിക്കുമ്പോള്‍ ടീമിന്റെ ക്യാപ്റ്റനായ ഷിയാസ് പ്രതികരിക്കുന്നില്ല എന്നായിരുന്നു ദീപന്റെ പരാതി.

അനാവശ്യമായ സംസാരം ഷിയാസ് നടത്തുമ്പോഴാണ് ജോലി ചെയ്യാന്‍ പറ്റാത്തതെന്ന് പേളി പരാതിപ്പെട്ടു. രണ്ട് വട്ടം കുളിക്കണം എന്നൊക്കെയായിരുന്നു ഷിയാസ് പറഞ്ഞതെന്ന് പേളി പറഞ്ഞു. ഷിയാസിന് സ്വഭാവവൈകൃതം ഉണ്ടെന്ന് സാബു കുറ്റപ്പെടുത്തി. ധാര്‍ഷ്ട്യവും അഹങ്കാരവും ഉള്ളയാളാണ് ഷിയാസെന്ന് സാബു പറഞ്ഞു. ‘വീട്ടിലെ പെണ്‍കുട്ടികളോട് ഇതുപോലെ സംസാരിക്കരുത്. താങ്കള്‍ കടുംബാംഗങ്ങളെ നോക്കിക്കാണുന്ന രീതി, അവരോട് ഉപയോഗിക്കുന്ന ഭാഷ, അഹങ്കാരം എല്ലാം ഇനി മേലില്‍ ആവര്‍ത്തിക്കരുത്. ആളുകളെ ബഹുമാനത്തോടെ നോക്കിക്കാണണമെന്ന് കോടതി ഉത്തരവിടുന്നു’, സാബു പറഞ്ഞു.

ഇതിന് ശേഷം പേളിക്കെതിരെയാണ് പരാതി ഉയര്‍ന്നത്. പേളി പലപ്പോഴും കരയുന്നെന്നായിരുന്നു അനൂപിന്റെ പരാതി. പേളിയോട് ഒരു ചോദ്യം ചോദിച്ചാല്‍ അതിന് പിന്നീടാണ് ഉത്തരം കിട്ടാറുള്ളതെന്ന് ശ്വേത പരാതിപ്പെട്ടു. ഇതുവരെയുളള കാര്യങ്ങള്‍ മറന്ന് മുന്നോട്ട് പോകണമെന്ന് എല്ലാവരോടും കോടതി നിര്‍ദേശിച്ചു.

കോടതി പിരിഞ്ഞതിന് ശേഷം ഷിയാസും ബഷീറും തമ്മില്‍ സംസാരമുണ്ടായി. ഇവര്‍ സംസാരിക്കുന്നതിനിടയിലേക്ക് പേളി വന്നതോടെ ഷിയാസ് എഴുന്നേറ്റ് പോയി. കോടതിയില്‍ തനിക്കെതിരെ സംസാരിച്ചതാണ് ഷിയാസിനെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ഷിയാസിന്റെ പിണക്കം മാറ്റാന്‍ പേളിയും ശ്രീനിഷും ശ്രമിച്ചു. എന്നാല്‍ തന്നെ എല്ലാവരും ചേര്‍ന്ന് കൂട്ടം ചേര്‍ന്ന് ആക്രമിച്ചതായി ഷിയാസ് കുറ്റപ്പെടുത്തി. ആരോടും കൂട്ടുകൂടാന്‍ പോകേണ്ട എന്ന ഉപദേശമാണ് അതിഥി ഇതിനിടെ ഷിയാസിന് നല്‍കിയത്.

ഒതുക്കത്തോടെ സംസാരിക്കണമെന്ന് സാബു ഷിയിസിനോട് പറഞ്ഞു.’സ്നേഹം കൊണ്ടാണ് നിന്നെ ഉപദേശിക്കുന്നത്. അതും ഇതും സംസാരിച്ച് അനാവശ്യമായി വില കളയരുത്. നീ നല്ല പെരുമാറ്റമുളള ചെറുപ്പക്കാരനാകും. ഷിയാസിനെ ഒരു എതിരാളിയായി ആരും കണ്ടിട്ടില്ല. നിന്റെ കൂടെ ഉള്ളവരെ കൊണ്ട് ജോലി ചെയ്യിപ്പിക്കണം. അതിനാണ് നിന്നെ ഒരു ടീമിന്റെ ക്യാപ്റ്റനാക്കിയത്’, സാബു പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ