Bigg Boss Malayalam, 17 July 2018 Episode 24: പുതിയ ദിനവും പതിവുപോലെ നൃത്തച്ചുവടുകളോടെയാണ് ബിഗ് ബോസ് ഹൗസില്‍ ആരംഭിച്ചത്. ബിഗ് ബോസില്‍ ഒറ്റയ്ക്ക് നിന്നാല്‍ അതിജീവിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ അര്‍ച്ചന ശ്രീനിഷിനോടും ബഷീറിനോടും തീരുമാനങ്ങള്‍ ഒറ്റക്കെട്ടായി എടുക്കണമെന്ന് പറഞ്ഞു. ലക്ഷ്വറി ബജറ്റ് ടാസ്കിനായുളള നിർദ്ദേശങ്ങള്‍ ബിഗ് ബോസ് നല്കി. ഏഴ് ടാസ്കുകളാണ് ഇത്തവണ ലക്ഷ്വറി ബജറ്റിനായുളള പോയിന്റ് നേടാന്‍ വിജയിക്കേണ്ടത്. ഒരു ടാസ്കില് പങ്കെടുത്ത മത്സരാര്‍ത്ഥിക്ക് മറ്റൊരു ടാസ്കില് പങ്കെടുക്കാനാവില്ല. ആദ്യ ടാസ്ക് ഒരാള്‍ക്ക് മാത്രമാണ് ചെയ്യാന്‍ കഴിയുക. ബുദ്ധി, ശക്തി, വേഗത, നിരീക്ഷണപാഠവം എന്നിവ അടങ്ങിയ ടാസ്കുകളായിരിക്കാം നല്‍കുക. ആദ്യ ടാസ്കില് ദീപന് പോവട്ടേയെന്ന് മത്സരാര്‍ത്ഥികള്‍ കൂട്ടായി തീരുമാനിച്ചു. 450 പോയിന്റിനുളള ‘ചിത്രം വിചിത്രം’ എന്നതാണ് ആദ്യ ടാസ്ക്.
ചിത്രത്തിന്റെ ഭാഗങ്ങള്‍ ചേര്‍ത്ത് വച്ച് പൂര്ണ്ണരൂപത്തിലാക്കുക എന്നതാണ് ടാസ്ക്. 5 മിനിറ്റാണ് സമയം അനുവദിച്ചത്. പല ഭാഗങ്ങളായി വച്ച മോഹന്‍ലാലിന്റെ ചിത്രം ശരിയാക്കുന്നതില്‍ ദീപന് പരാജയപ്പെട്ടു. രണ്ടാമതായി അര്‍ച്ചനയെ ആണ് ടാസ്കിനായി തിരഞ്ഞെടുത്തത്. ‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്നതാണ് രണ്ടാമത്തെ ടാസ്ക്. 10 ബള്‍ബുകളില്‍ 10 സ്വിച്ചുകള്‍ ഉണ്ട്. ഇതില്‍ മൂന്ന് മഞ്ഞ ബള്‍ബുകള്‍ നിശ്ചിത സമയത്തിനുളളില്‍ തെളിയിക്കുകയാണ് ടാസ്ക്. ഇതില്‍ അര്‍ച്ചന വിജയിച്ചു. ഇതോടെ 350 പോയിന്റ് മത്സരാര്‍ത്ഥികള്‍ക്ക് ലഭിച്ചു.
ഇതിനിടെ ഷിയാസും ബഷീറും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഷിയാസ് പറഞ്ഞ തമാശ തനിക്ക് ഇഷ്ടമായില്ലെന്ന് പറഞ്ഞാണ് ബഷീര്‍ പ്രകോപിതനായത്. താന്‍ പെമ്പിള്ളേരോട് സംസാരിക്കുന്നത് ബഷീറിന് അസൂയയാണെന്ന് ഷിയാസ് പറഞ്ഞു. എന്ത് പറഞ്ഞാലും കേട്ട് കൊണ്ടിരിക്കില്ലെന്ന് ബഷീര്‍ പറഞ്ഞു. ഇതില്‍ ഇടപെട്ട് ദിയ സാഹചര്യം വഷളാക്കാന്‍ നോക്കിയെന്ന് രഞ്ജിനി കുറ്റപ്പെടുത്തി. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി. ഷിയാസും ബഷീറും സുഹൃത്തുക്കളാണെന്നും തല്ലുകൂടരുതെന്നും പേളി ബഷീറിനോട് പറഞ്ഞു.
ഓരോരുത്തരുടേയും സ്വകാര്യ കാര്യങ്ങള്‍ പറഞ്ഞാണ് ഷിയാസ് അക്രമം നടത്തുന്നതെന്ന് പേളി പറഞ്ഞു. ഇത് പോലെയല്ല ഗെയിം കളിക്കേണ്ടതെന്ന് പേളി ഷിയാസിനോട് നിർദ്ദേശിച്ചു. തുടര്‍ന്ന് വ്യക്തിപരമായി ഷിയാസ് അവഹേളിച്ചെന്ന് പറഞ്ഞ് പേളി കരഞ്ഞു. എന്തിനും ഏതിനും പൊട്ടിക്കരയരുതെന്ന് പേളിയോട് അരിസ്റ്റോ സുരേഷ് പറഞ്ഞു. തുടര്‍ന്ന് പാട്ടുപാടിക്കൊടുത്താണ് പേളിയെ സുരേഷ് ആശ്വസിപ്പിച്ചത്.
മൂന്നാമത്തെ ടാസ്കിനായി ശ്രീലക്ഷ്മിയെ ആണ് മത്സരാര്‍ത്ഥികള്‍ തിരഞ്ഞെടുത്തത്. ശക്തിപരീക്ഷണമാണ് ബിഗ് ബോസ് നല്‍കിയത്. ഒരു കൈവണ്ടിയില്‍ മല്ലനായ ഒരാള്‍ ഇരുന്നു, ഈ കൈവണ്ടി മറ്റേ വശത്ത് നിന്നും ഉയര്‍ത്താനാണ് ടാസ്ക്. മി. പോഞ്ഞിക്കര എന്നായിരുന്നു ഇയാള്ക്കിട്ട പേര്. പക്ഷെ ശ്രീലക്ഷ്മി ടാസ്കില് പരാജയപ്പെട്ടു. ഇതോടെ ലക്ഷ്വറി ബജറ്റില്‍ 950 പോയിന്റ് നഷ്ടമായി. ശ്രീലക്ഷ്മി നടത്തിയ ശ്രമത്തിന് ഒരു സമ്മാനം കരുതി വച്ചിട്ടുണ്ടായിരുന്നു. ഒരു മുട്ടയായിരുന്നു ശ്രീലക്ഷ്മിക്ക് ലഭിച്ചത്.
‘ഭാര്‍ഗവി നിലയം’ എന്നതാണ് നാലാമത്തെ ടാസ്കായി ബിഗ് ബോസ് നല്‍കിയത്. ഏറ്റവും കൂടുതല്‍ പേടിപ്പെടുത്തുന്ന പ്രേതകഥ പറയാനായിരുന്നു നിർദ്ദേശം. പേളിയാണ് ആദ്യം പ്രേതകഥ പറയാനെത്തിയത്. എന്നാല്‍ എല്ലാവരും ചിരിച്ചും കളി പറഞ്ഞുമാണ് പേളിയുടെ കഥ കേട്ടത്. കഥ പറയുമ്പോള്‍ സാബു ഇടപെട്ടതില്‍ പേളി പ്രതിഷേധിച്ചു. കൂടാതെ മിണ്ടാതിരുന്ന രഞ്ജിനിയെ പേളി കുറ്റപ്പെടുത്തി. എന്നാല്‍ 100 പോയിന്റ് കിട്ടുന്ന ടാസ്കിനെ പേളി തമാശയാക്കി മാറ്റിയെന്ന് രഞ്ജിനി പറഞ്ഞു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. തനിക്ക് ഇനി ഇവിടെ തുടരാനാവില്ലെന്ന് പറഞ്ഞ് പേളി കരഞ്ഞു. ക്യാപ്റ്റനെന്ന നിലയില്‍ രഞ്ജിനിയെ കൊണ്ട് ഒരു ഉപയോഗവും ഇല്ലെന്ന് പേളി പറഞ്ഞു. തുടര്‍ന്ന് രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് ബിഗ് ബോസില്‍ തര്‍ക്കം ഉണ്ടായി. ഈ സമയമത്രയും പേളി കരയുകയായിരുന്നു. തനിക്ക് ഇവിടെ തുടരാനാവില്ലെന്നും പുറത്ത് പോവണമെന്നും പേളി പറഞ്ഞു.
അതേസമയം സുരേഷ് തന്റെ സുഹൃത്താണെന്നും സുരേഷ് മാത്രം ഇടപെട്ടാല്‍ മതിയെന്നും പേളി പറഞ്ഞത് ശ്വേത ചോദ്യം ചെയ്തു. അനുരഞ്ജനത്തിന് എത്തിയ സുരേഷിനോട് സംസാരിക്കാന്‍ താനില്ലെന്ന് രഞ്ജിനി പറഞ്ഞതോടെ സുരേഷ് പിന്‍വാങ്ങി.