Bigg Boss Malayalam, 16 July 2018 Episode: 23 : രണ്ടാം മത്സരാര്‍ത്ഥി കൂടി പുറത്തായതോടെ ബിഗ് ബോസില്‍ പുതിയ ദിനം ആരംഭിച്ചു. കഴിഞ്ഞ ദിവസം ഹിമ ശങ്കറാണ് പുറത്തായത്. ഹിമയെ എല്ലാവരും ചേര്‍ന്ന് യാത്രയാക്കി. ഡേവിഡ് ജോണായിരുന്നു ആദ്യം പുറത്തായ മത്സരാര്‍ത്ഥി. രഞ്ജിനിയാണ് ബിഗ് ബോസിലെ പുതിയ ക്യാപ്റ്റന്‍. ഇത് രണ്ടാം തവണയാണ് രഞ്ജിനി ക്യാപ്റ്റനാകുന്നത്. ഇതിനിടെ ദീപന് ഭാര്യ ജന്മദിനാശംസ നേര്‍ന്ന് കാര്‍ഡയച്ചു. ഉച്ചയോടെ ബിഗ് ബോസ് നോമിനേഷനെ കുറിച്ചുളള വിവരം നല്‍കി. സ്വന്തമായ അഭിപ്രായം ഇല്ലാത്തതും, എല്ലാത്തില്‍ നിന്നും ഉള്‍വലിഞ്ഞ് നില്‍ക്കുന്നവരേയും തിരഞ്ഞെടുക്കാനാണ് ബിഗ് ബോസ് ആവശ്യപ്പെട്ടത്. അഞ്ച് പേരെ തിരഞ്ഞെടുക്കാനാണ് നിർദ്ദേശം. വോട്ടെടുപ്പ് നടത്തിയാണ് അഞ്ച് പേരെ തിരഞ്ഞെടുക്കുന്നത്. ഈ അഞ്ച് പേരില്‍ ഒരാളായിരിക്കും ഈ ആഴ്ച പുറത്താവുക.

അതിഥി, ശ്രീനിഷ്, പേളി മാണി, ശ്രീലക്ഷ്മി, ദീപന്‍, ഷിയാസ് എന്നീ ആറ് പേരെയാണ് നോമിനേഷനായി തിരഞ്ഞെടുത്തത്. ഇതില്‍ നിന്ന് രണ്ട് പേരെ തിരഞ്ഞെടുക്കാന്‍ അനൂപ് ചന്ദ്രനോട് ബിഗ് ബോസ് ആവശ്യപ്പെട്ടു. ശ്രീനിഷ്, ശ്രീലക്ഷ്മി എന്നിവരെയാണ് അനൂപ് നോമിനേറ്റ് ചെയ്തത്. ശ്രീനിഷിനെയും ദീപനേയും ആണ് ശ്വേത നോമിനേറ്റ് ചെയ്തത്. ശ്രീലക്ഷ്മിയേയും ഷിയാസിനേയും ആണ് അര്‍ച്ചന നോമിനേറ്റ് ചെയ്തത്. ശ്രീനിഷിനേയും ദീപനേയും സാബു നോമിനേറ്റ് ചെയ്തു. ദീപനേയും ശ്രീലക്ഷ്മിയേയും ആണ് അരിസ്റ്റോ സുരേഷ് നോമിനേറ്റ് ചെയ്തത്. ദീപനേയും പേളിയേയും ഷിയാസ് നോമിനേറ്റ് ചെയ്തു. പേളി മാണി നോമിനേറ്റ് ചെയ്തത് ദീപനേയും അതിഥിയേയും ആയിരുന്നു. അതിഥിയേയും ശ്രീനിഷിനേയും ആണ് ബിഗ് ബോസില്‍ തുടരാന്‍ യോഗ്യനല്ലെന്ന് പറഞ്ഞത്.

ഇതോടെ അതിഥി, ശ്രീനിഷ്, ശ്രീലക്ഷ്മി, ദീപന്‍ എന്നിവര്‍ അടുത്ത ആഴ്ചയിലെ നോമിനേഷന്‍ പട്ടികയില്‍ ഇടംനേടി. ഇവര്‍ക്കായിരുന്നു കൂടുതല്‍ എതിര്‍വോട്ടുകള്‍. ബിഗ് ഹൗസില്‍ തുടരണമെങ്കില്‍ പാവത്തരം കളയണമെന്ന് പേളിയോട് അര്‍ച്ചനയും ദിയയും പറഞ്ഞു. ‘ഇല്ലെങ്കില്‍ ഇവിടെ അതിജീവിക്കാന്‍ കഴിയില്ല. പേളി എല്ലാത്തിലും ഇടപെടണം. പ്രകടമായി തന്നെ പെരുമാറണം. ഇല്ലെങ്കില്‍ ഇവിടെ തുടരാനാവില്ല. ഒരു തവണ പേളി തുറന്നു പെരുമാറുന്നത് കണ്ടിട്ടുണ്ട്. അതുപോലെ ആകണം. ഇവിടെ എങ്ങനെ പെരുമാറിയാലും അത് ഒന്നിനേയും ബാധിക്കാന്‍ പോവുന്നില്ല’, അര്‍ച്ചന പറഞ്ഞു.

ഇതിനിടെ ദീപന്റെ ജന്മദിനാഘോഷത്തിലേക്ക് മത്സരാര്‍ത്ഥികള്‍ നീങ്ങി. കലാപരിപാടികളോടെയായിരുന്നു ദീപന്റെ ജന്മദിനാഘോഷം തുടങ്ങിയത്. ഓരോ മത്സരാര്‍ത്ഥികളും ഓരോ കഥാപാത്രങ്ങളായി തിരിഞ്ഞ് ഒരു പഞ്ചായത്തിന്റെ പശ്ചാത്തലത്തിലാണ് ദീപന്റെ ആഘോഷം തുടങ്ങിയത്. പിന്നീട് തന്റെ ഭാര്യ അയച്ച കേക്ക് മുറിച്ചാണ് ദീപന്റെ ജന്മദിനം ആഘോഷിച്ചത്.

ദീപൻ

വൈകിട്ടോടെ നാടോടിനൃത്തവും അരങ്ങേറി. പേളി മാണിയും ശ്രീനിഷുമാണ് നാടോടിനൃത്തം ചെയ്തത്. അരിസ്റ്റോ സുരേഷാണ് പാട്ട് പാടിയത്. നാടോടിപ്പെണ്ണായി വേഷം കെട്ടിയാണ് പേളി നൃത്തം ചെയ്തത്. ദിയ സനയും അനൂപും നൃത്തത്തില്‍ കഥാപാത്രങ്ങളായി. ഇതിന് ശേഷം ‘മ്യൂസിക് വിത്ത് ബോഡി ഷോ’ ആണ് നടന്നത്.

ഷിയാസാണ് ബോഡി ഷോയ്ക്ക് വേണ്ടി ഷര്‍ട്ടഴിച്ച് പ്രത്യക്ഷപ്പെട്ടത്. വിവിധ തരത്തിലുളള പോസാണ് ഷിയാസ് നടത്തിയത്. ഇന്ത്യന്‍ മോഡലായി തിളങ്ങിയ ഷിയാസ് പെരുമ്പാവൂര്‍ സ്വദേശിയാണ്. മിസ്റ്റര്‍ ഫോട്ടോ മോഡല്‍ 2018, പോപ്പുലാരിറ്റി മോഡല്‍ 2018 എങ്ങനെയുള്ള അംഗീകാരങ്ങള്‍ ഈ വര്‍ഷം തന്നെ നേടിയ താരമാണ് ഷിയാസ്. ബിഗ് ബോസിലേക്കുള്ള ഷിയാസിന്റെ എന്‍ട്രി വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഷിയാസിന്റെ പ്രകടനം കൈയ്യടിച്ച് മത്സരാര്‍ത്ഥികള്‍ പ്രോത്സാഹിപ്പിച്ചു. ഇതിനിടെ കലാപരിപാടികള്‍ക്ക് ട്വിസ്റ്റ് നല്‍കി അനൂപ് ചന്ദ്രനും ഷര്‍ട്ടഴിച്ചു.

പൊട്ടിച്ചിരിച്ചാണ് മത്സരാര്‍ത്ഥികള്‍ അനൂപിന്റെ പ്രകടനം വീക്ഷിച്ചത്. തുടര്‍ന്ന് അനൂപിനെ വിജയിയായി പ്രഖ്യാപിച്ചു.

ഇതിന് ശേഷം രഞ്ജിനിയും അര്‍ച്ചനയും നൃത്തച്ചുവടുകളുമായെത്തി. ബഷീറും സംഘനൃത്തത്തിന്റെ ഭാഗമായി. ഇതിന് ശേഷം അരിസ്റ്റോ സുരേഷ് തന്നെ എഴുതിയ നാടന്‍പാട്ട് പാടി. വൈകിട്ട് ആറ് മണിയോടെ കിച്ചണ്‍ ഫാഷന്‍ ഷോ ആണ് നടന്നത്. അതിഥി, സാബു, ശ്വേത, എന്നിവരാണ് ഇതില്‍ പങ്കെടുത്തത്. ശ്രീനിഷ്, ഷിയാസ്, പേളി എന്നിവര്‍ ക്ലീനിങ് ടീമില്‍ നിന്നും ഫാഷന്‍ ഷോയുമായി എത്തി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ