എലിമിനേഷന്‍ ദിവസമായ ഞായറാഴ്ച്ച ഒരു മത്സരാര്‍ത്ഥിയെ നോമിനേറ്റ് ചെയ്യുന്ന നടപടിയിലേക്കാണ് ബിഗ് ബോസിലെ നീക്കം. മോഹന്‍ലാല്‍ എത്തി പുതിയ ക്യാപ്റ്റനായ രഞ്ജിനിയെ കുറിച്ച് എല്ലാവരോടും അഭിപ്രായം ചോദിച്ചു. സമ്മിശ്ര പ്രതികരണമാണ് രഞ്ജിനിയെ കുറിച്ച് ഉയര്‍ന്നത്. രഞ്ജിനിയുടെ മോശം ഗുണങ്ങള്‍ ഭരണത്തില്‍ കാണിച്ചാല്‍  ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥ പോലെയായിരിക്കുമെന്ന് അനൂപ് ചന്ദ്രന്‍ പറഞ്ഞു.

രഞ്ജിനി നല്ല വ്യക്തിയാണെന്ന് സാബു പറഞ്ഞു. രണ്ടാം തവണയും ക്യാപ്റ്റനാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് രഞ്ജിനി പറഞ്ഞു. തന്റെ കുറവുകള്‍ നികത്തി എല്ലാവര്‍ക്കും തൃപ്തിയുളള പ്രകടനം താന്‍ കാഴ്ച്ച വെക്കുമെന്നും രഞ്ജിനി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ തവണ തനിക്ക് ലഭിച്ച 7 നോമിനേഷനുകളില്‍ നിന്ന് തന്നെ തന്റെ നേതൃത്വത്തില്‍ കുറവുണ്ടെന്ന് മനസ്സിലായതായി രഞ്ജിനി വ്യക്തമാക്കി. ഇത് തിരുത്തി മുന്നോട്ട് പോകുമെന്നും രഞ്ജിനി കൂട്ടിച്ചേര്‍ത്തു.

ഹിമ, സാബു, അനൂപ്, ശ്രീലക്ഷ്മി എന്നിവരാണ് ഈ ആഴ്ച്ചയിലെ നോമിനേഷന്‍ പട്ടികയിലുളളത്. ഇവരില്‍ ഒരാളായിരിക്കും പുറത്തു പോവുക. അതേസമയം സാബു സുരക്ഷിതനാണെന്ന് മോഹന്‍ലാല്‍ അറിയിച്ചു. മൂന്നാമത്തെ പ്രാവശ്യമാണ് താന്‍ നോമിനേഷനില്‍ വരുന്നതെന്ന് ഹിമ പറഞ്ഞു. ഹിമ സത്യസന്ധമല്ലാത്ത രീതിയിലാണ് പെരുമാറുന്നതെന്ന് അനൂപ് പറഞ്ഞു. ഹിമയാണ് പുറത്തുപോവാന്‍ കൂടുതല്‍ യോഗ്യയെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം അനൂപ് സുരക്ഷിതനാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

ഹിമയും ശ്രീലക്ഷ്മിയും ആണ് ഇപ്പോള്‍ നോമിനേഷന്‍ പട്ടികയിലുളളത്. ഹിമ പുറത്തു പോവണം എന്നാണ് തന്റെ ആഗ്രഹമെന്ന് രഞ്ജിനി പറഞ്ഞു. മത്സരാര്‍ത്ഥി എന്ന നിലയില്‍ ഹിമ ഭീഷണിയാണെന്ന് രഞ്ജിനിയും ശ്വേതയും പറഞ്ഞു. രണ്ട് പേരും ഉണ്ടാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഷിയാസ് കരീം പറഞ്ഞു. ഹിമയും ശ്രീലക്ഷ്മിയും തനിക്ക് പ്രിയ്യപ്പെട്ടവരാണെന്ന് അതിഥി റായ് പൊട്ടിക്കരഞ്ഞ് കൊണ്ട് വ്യക്തമാക്കി. അതിഥി സത്യസന്ധമായാണ് ഇത്തരത്തില്‍ കരഞ്ഞതെന്ന് സാബു പറഞ്ഞു. ഹിമയും ശ്രീലക്ഷ്മിയും പുറത്തുപോവണമെന്നാണ് ആഗ്രഹമെന്ന് സാബു കൂട്ടിച്ചേര്‍ത്തു.

ഹിമ ശങ്കര്‍

ശ്രീലക്ഷ്മിയാണ് പുറത്തുപോവേണ്ടതെന്നാണ് തന്റെ ആഗ്രഹമെന്ന് പേളി പറഞ്ഞു. ഹിമയെ കുറിച്ച് തനിക്ക് നന്നായി അറിയാമെന്നും വീട്ടിലെ സാഹചര്യങ്ങള്‍ കൊണ്ടാണ് ഹിമ ബോള്‍ഡായി പെരുമാറുന്നതെന്നും പേളി കൂട്ടിച്ചേര്‍ത്തു. അതേസമയം ആഴ്ച്ചകളുടെ മാത്രം പരിചയം കൊണ്ട് തന്നെ മോശക്കാരിയായി മുദ്രകുത്തിയെന്ന് ശ്രീലക്ഷ്മി പറഞ്ഞു. ആരും തന്നോട് ചെയ്തതോ പറഞ്ഞതോ തെറ്റാണെന്ന് തുറന്നുപറഞ്ഞിട്ടില്ലെന്നും ശ്രീലക്ഷ്മി വ്യക്തമാക്കി. രണ്ട് പേരേയും പുറത്താക്കണോ, അതോ ആരെങ്കിലും ഒരാളെ പുറത്താക്കണോയെന്ന് മോഹന്‍ലാല്‍ ചോദിച്ചു. തുടര്‍ന്ന് ഹിമയാണ് പുറത്തെന്ന് മോഹന്‍ലാല്‍ വെളിപ്പെടുത്തി. തന്റെ യുദ്ധം സത്യവുമായിട്ടാണെന്നും അതില്‍ താന്‍ ജയിക്കുമെന്നും ഹിമ പറഞ്ഞു. ഇതോടെ പെട്ടി തയ്യാറാക്കാന്‍ ഹിമയോട് മോഹന്‍ലാല്‍ ആവശ്യപ്പെട്ടു. ബഷീറിന്റെ മകന്റെ ജന്മദിനാഘോഷത്തിന്റെ കേക്ക് മുറിച്ച് ആഘോഷിച്ചാണ് മത്സരാര്‍ത്ഥികള്‍ ഹിമയെ യാത്രയാക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook