ബിഗ് ബോസില്‍ മൂന്നാഴ്ച്ചയിലെ പ്രകടനം വിലയിരുത്തി ഒരു മത്സരാര്‍ത്ഥിയെ കൂടി ബിഗ് ബോസില്‍ നിന്ന് പുറത്താക്കാനുളള നടപടികള്‍ ആരംഭിച്ചു. ഇതിന് മുന്നോടിയായി മത്സരാര്‍ത്ഥികളെ നേരിട്ട് കാണാന്‍ മോഹന്‍ലാല്‍ എത്തി. പലരും പരിപാടി കാണാതെ അഭിപ്രായം പറയുന്നുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു, പരിപാടി കണ്ട് മാത്രം വിലയിരുത്തല്‍ നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പുതിയ കുടുംബാംഗമായ ഷിയാസിനോട് മോഹന്‍ലാല്‍ വിശേഷങ്ങള്‍ തിരക്കി. വന്ന് കയറിയപാടെ ബിരിയാണിയാണോ ചോദിക്കേണ്ടതെന്ന് ഷിയാസിനോട് മോഹന്‍ലാല്‍ പറഞ്ഞു. ഷിയാസ് വന്നപ്പോള്‍ കുടുംബത്തില്‍ കുറച്ചു കൂടെ ഊര്‍ജ്ജം വന്നതായി ശ്രീനിഷ് പറഞ്ഞു. ഷിയാസ് നല്ല ആത്മാര്‍ത്ഥതയുളള പയ്യനാണെന്ന് അരിസ്റ്റോ സുരേഷ് പറഞ്ഞു. ‘ചങ്ക് ബ്രോ’ എന്നാണ് ഷിയാസിനെ കുറിച്ച് പേളി മാണി പറഞ്ഞത്.
വാട്ട്സ്ആപ്പില്‍ ഷിയാസിനെ ബ്ലോക്ക് ചെയ്തതിനെ കുറിച്ച് മോഹന്‍ലാല്‍ ചോദിച്ചു. അതില്‍ തനിക്ക് ഖേദം ഉണ്ടെന്ന് പേളി പറഞ്ഞു. നേരത്തേ താന്‍ ഷിയാസിനെ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്ന് പേളി വെളിപ്പെടുത്തിയിരുന്നു. ബൈറ്റ് വേണമെന്ന് ആവശ്യപ്പെട്ട് പലപ്പോഴും സന്ദേശം അയച്ചപ്പോഴാണ് ബ്ലോക്ക് ചെയ്തത് എന്നായിരുന്നു പേളിയുടെ വാക്കുകള്‍.
അരിസ്റ്റോ സുരേഷിന് അസുഖം വന്നപ്പോള്‍ പരിചരിച്ച അര്‍ച്ചനയെ മോഹന്‍ലാല്‍ അഭിനന്ദിച്ചു. ഇതിനിടെ ഷിയാസിനെ ഹിമ മസാജ് ചെയ്ത സംഭവത്തെ കുറിച്ച് മോഹന്‍ലാല്‍ പരോക്ഷമായി സൂചിപ്പിച്ചു. തന്റെ അടികൂടുന്ന സഹോദരനാണ് സാബുവെന്ന് ഹിമ പറഞ്ഞു. കോടതി ടാസ്കിനിടെ സുരേഷിനെ കുറിച്ച് കള്ളം പറഞ്ഞ ശ്രീലക്ഷ്മിയോട് മോഹന്‍ലാല്‍ വിശദീകരണം ചോദിച്ചു.
ഷിയാസ് ഒരു പ്രത്യേക ചിരിയും കൊണ്ടാണ് വന്നതെന്ന് അതിഥി പറഞ്ഞു. ഷിയാസിനോട് പ്രത്യേക സ്നേഹം ഉണ്ടോയെന്ന് മോഹന്‍ലാല്‍ ചോദിച്ചു. ‘ഷിയാസ് അടുത്ത് വരുമ്പോള്‍ എന്റെ ഹാര്‍ട്ട്ബീറ്റ് ഫാസ്റ്റ് ആകുന്നു’ എന്നായിരുന്നു അതിഥിയുടെ മറുപടി. എല്ലാവരും പൊട്ടിച്ചിരിയോടെയാണ് അതിഥിയുടെ മറുപടി കേട്ടത്. തമിഴ്- ഹിന്ദി ബിഗ് ബോസിലേത് പോലെ മലയാളത്തിലും പ്രണയം തുടങ്ങാനുളള സാധ്യതകളും തള്ളിക്കളയാനാവില്ല.
കോടതിയില്‍ അനൂപ് ചന്ദ്രന് മികച്ച ന്യായാധിപനായിരുന്നെന്ന് മോഹന്‍ലാല്‍ പറഞ്ഞു. സാബു നല്ല രീതിയില്‍ വാദിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനിടെ ശ്വേതയും അനൂപും തമ്മിലുണ്ടായ തര്‍ക്കത്തെ കുറിച്ച് മോഹന്‍ലാല്‍ ചോദിച്ചു. തന്റെ വോട്ട് കൊണ്ടാണ് അനൂപ് പുറത്താവാതെ രക്ഷപ്പെട്ടതെന്ന ശ്വേതയുടെ വാക്കുകള്‍ മോഹന്‍ലാല്‍ ചോദ്യം ചെയ്തു. അനൂപ് തന്നെ കുറിച്ച് മോശമായി സംസാരിക്കുന്ന ദൃശ്യങ്ങള്‍ ബിഗ് ബോസ് കാണിച്ചെന്നായിരുന്നു അനൂപിനോട് ശ്വേത പറഞ്ഞത്. ഇതേ വാക്കുകള്‍ ശ്രീനിഷിനോടും അരിസ്റ്റോ സുരേഷിനോടും ശ്വേത പറഞ്ഞിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ ദൃശ്യങ്ങള്‍ കാണിച്ച് ശ്വേതയുടെ വാദം പൊളിച്ചു. തന്റെ ഔദാര്യത്തിലാണ് അനൂപ് പുറത്താവാത്തതെന്ന് ശ്വേത പറഞ്ഞതായി അനൂപ് പറഞ്ഞു. ആര് കള്ളം പറഞ്ഞാലും ബിഗ് ബോസ് കള്ളം പറയില്ലെന്ന് മോഹന്‍ലാല്‍ ഓര്‍മ്മപ്പെടുത്തി.
ബിഗ് ബോസിലെ കൊലപാതക പരമ്പരയില്‍ പെട്ടെന്ന് തോറ്റ് പോയ രഞ്ജിനിയോട് മോഹന്‍ലാല്‍ വിശദീകരണം ചോദിച്ചു. സാബു തന്ത്രപരമായി കേസ് തെളിയിച്ചെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ബിഗ് ബോസ് നല്കിയ ടാസ്കില് അതിഥിയെ ചുംബിച്ച് കൊന്ന ഷിയാസിനോട് ഇനി സൂക്ഷിച്ച് മുന്നോട്ട് പോകണമെന്ന് മോഹന്‍ലാല്‍ നിര്‍ദേശിച്ചു. പ്രതികളെ പെട്ടെന്ന് പിടിച്ച സാബുവിനെ മോഹന്‍ലാല്‍ അഭിനന്ദിച്ചു. സാബുവിന് ബിഗ് ബോസ് ഒരു സമ്മാനം കൊടുത്തയച്ചിരുന്നു. ഇത് സാബുവിന് എടുത്തുകൊടുക്കാന്‍ രഞ്ജിനിയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് രഞ്ജിനി ഈ സമ്മാനം കൈമാറി.
നാളെ നടക്കുന്ന ലോകകപ്പ് ഫുട്ബോളില്‍ ആരൊക്കെയാണ് ഫൈനലില്‍ എത്തിയതെന്ന് പ്രവചിക്കാന്‍ മത്സരാര്‍ത്ഥികളോട് മോഹന്‍ലാല്‍ പറഞ്ഞു. മിക്കവരും ബ്രസീല്‍- ജര്‍മ്മനി ഫൈനലായിരിക്കും എന്നാണ് പറഞ്ഞത്. ബിഗ് ബോസ് ഹൗസില്‍ ഫോണോ മറ്റ് ഗാഡ്ജെറ്റുകളോ ലഭിക്കാത്തത് കൊണ്ട് തന്നെ പുറത്തുളള വിവരങ്ങള്‍ ആര്‍ക്കും അറിയില്ല. തുടര്‍ന്ന് ഫ്രാന്‍സും ക്രൊയോഷ്യയും തമ്മിലാണ് ഫൈനലെന്ന് മോഹന്‍ലാല്‍ വെളിപ്പെടുത്തി.
തുടര്‍ന്ന് ബിഗ് ബോസ് ഹൗസിലും ഫുട്ബോള്‍ കളിക്കാമെന്ന് മോഹന്‍ലാല്‍ അറിയിച്ചു. തുടര്‍ന്ന് രഞ്ജിനിയേയും സാബുവിനേയും രണ്ട് ടീമുകളുടെ ക്യാപ്റ്റന്മാരായി തിരിച്ച് മത്സരം ആരംഭിച്ചു. ഫ്രാന്‍സ്- ക്രൊയോഷ്യ എന്നീ ടീമുകളായാണ് തിരിച്ചത്. കളി ഗോള്‍രഹിത സമനിലയില്‍ ആയതിനെ തുടര്‍ന്ന് പെനാള്‍ട്ടിയിലേക്ക് കളി നീണ്ടു. തുടര്‍ന്ന് സാബുവിന്റെ ടീമായ ക്രൊയോഷ്യ 1-0ത്തിന് വിജയിച്ചു.
ഞായറാഴ്ച്ചത്തെ ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സ് ജയിക്കുമെന്ന് രഞ്ജിനിയുടെ ടീം പ്രവചിച്ചു. അതേസമയം താനും ഫ്രാന്‍സിനൊപ്പമാണെന്ന് സാബു പറഞ്ഞു. തുടര്‍ന്ന് ബഷീറിന്റെ മകന്റെ ജന്മദിനാഘോഷത്തിലേക്ക് മത്സരാര്‍ത്ഥികള്‍ നീങ്ങി. ഞായറാഴ്ച്ചയാണ് ഒരാള്‍ ബിഗ് ബോസ് ഹൗസില്‍ നിന്ന് എലിമിനേറ്റ് ചെയ്യപ്പെടുക.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook