Bigg Boss Malayalam, 14 August 2018 Episode:52; ഇന്ന് രാവിലെ ഉറക്കമെഴുന്നേറ്റ വീട്ടുകാരെ സ്വീകരിച്ചത് അകത്തളത്തിലൊരുക്കിയിരിക്കുന്ന കാഴ്ചയായിരുന്നു. ഫൊറന്‍സിക് ലാബിന്‍റെ തരത്തിലുള്ള സജ്ജീകരണങ്ങളായിരുന്നു ഒരുക്കിയിരുന്നത്. പിന്നീട് കുളി മുറിയ്ക്ക് മുന്നില്‍ വച്ച് അർച്ചനയും ശ്രീനിഷും തമ്മിലുള്ള അടി കണ്ടു. തനിക്ക് ആദ്യം കുളിക്കണമെന്നായിരുന്നു രണ്ടു പേരുടേയും ആവശ്യം. ബാത്ത് റൂമിനുള്ളില്‍ ഈ സമയം പേളിയുണ്ടായിരുന്നു. താന്‍ കുക്കിങ് ടീമിലാണെന്ന് അർച്ചന പറഞ്ഞു. ഹിമയും അവിടെയുണ്ടായിരുന്നു. ഹിമ രണ്ടു പേരേയും കളിയാക്കി കൊണ്ടിരുന്നു. അപ്പോഴേക്കും ബഷീറും അവിടേക്ക് എത്തി. എന്നാല്‍ പേളി വാതില്‍ തുറന്ന് പുറത്ത് വന്നത് രണ്ടാമത്തെ ബാത്ത് റൂമില്‍ നിന്നുമായിരുന്നു. അതോടെ ശ്രീനിഷിനെ മറികടന്ന് അർച്ചന അകത്തേക്ക് ഓടിക്കയറി.

പിന്നീട് സ്മോക്കിങ് ഏരിയയില്‍ വച്ച് അനൂപും സാബുവും ശ്രീനിഷും ചേർന്ന് പേളിയേയും സുരേഷിനേയും കുറിച്ച് സംസാരിക്കുന്നത് കണ്ടു. അല്‍പ്പസമയം കഴിഞ്ഞ് സാബുവും സുരേഷും സ്മോക്കിങ് ഏരിയയില്‍ എത്തി. പേളി തനിക്കെതിരെ ബിഗ് ബോസിനോട് പരാതിപ്പെട്ടെന്ന സംഭവം സുരേഷിനോട് സാബു വെളിപ്പെടുത്തി. ഇതേസമയം, തന്നെ രഞ്ജിനി ശ്രീനിഷും ബഷീറുമായി ഈ വിഷയം സംസാരിക്കുന്നുണ്ടായിരുന്നു. സുരേഷിനെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാനുള്ള ശ്രമത്തിലായിരുന്നു സാബു. രഞ്ജിനി ഇതിനിടെ കളിക്കുന്നുണ്ടെന്നും സാബു സുരേഷിനോട് പറഞ്ഞു. ഇതേസമയം, ഹിമയും രഞ്ജിനിയുടെ അരികിലേക്ക് എത്തി. പേളി വളരെ മനോഹരമായ ഗെയിമാണ് കളിക്കുന്നതെന്നും അവളുടെ കുട്ടിക്കളിയും ഗെയിമാണെന്ന് രഞ്ജിനി പറഞ്ഞു. ശ്രീനിയേയും സുരേഷിനേയും കുരുതിക്ക് കൊടുത്തിട്ടാണ് പേളി കളിക്കുന്നതെന്നും രഞ്ജിനി പറഞ്ഞു.

ഉച്ചയോടെ ടാസ്ക് സന്ദേശമെത്തി. ബിഗ് ബോസ് വീട് ഒരു ബഹിരാകാശ ഫൊറന്‍സിക് ലാബാണെന്നും അവർക്ക് മുന്നിലുള്ളത് ഒരു ഉക്രയിന്‍കാരനായ മലയാളിയുടെ ശവശരീരമാണ്. അത് അന്യഗ്രഹ ജീവികള്‍ക്ക് കൈമാറുന്നത് വരെ സൂക്ഷിക്കുകയാണ് ടാസ്ക്. ഈ ടാസ്കില്‍ മത്സരാർത്ഥികളെല്ലാം ശാസ്ത്രജ്ഞരായിരിക്കും. അവരുടെ ദൗത്യത്തെ പരാജയപ്പെടുത്താനായി രണ്ട് പേർ എത്തുമെന്നും സന്ദേശത്തിലുണ്ടായിരുന്നു. സാബുവും രഞ്ജിനിയുമായി ആ രണ്ടു പേർ. ഡെഡ് ബോഡിയുടെ ശരീരം കഷ്ണങ്ങളാക്കുകയെന്നതാണ് അവർക്ക് നല്‍കിയ ടാസ്ക്. ഇത് അതീവ രഹസ്യമായിട്ടായിരിക്കണം ചെയ്യേണ്ടത്. മൃതദേഹത്തിന്‍റെ ശരീര ഭാഗങ്ങള്‍ മാറ്റി വയ്ക്കാനായി വേറെ ഭാഗങ്ങളും നല്‍കും. ടാസ്ക് തുടങ്ങി. ഷിഫ്റ്റ് അനുസരിച്ചാകും ഓരോരുത്തരും മൃതദേഹം സംരക്ഷിക്കുക.

ഇതിനിടെ ശ്രീനിഷ് സുരേഷിന് അരികിലെത്തി. പേളിയുമായുളള ബന്ധത്തെ കുറിച്ച് സംസാരിച്ചു. സുരേഷിനെ പേളിയില്‍ നിന്നും അകറ്റുകയായിരുന്നു ശ്രീനിഷിന്‍റേയും ലക്ഷ്യം. പേളിയ്ക്കും സുരേഷിന്‍റെ അമിത സ്നേഹം ശല്യമാകുന്നുണ്ടെന്ന് ശ്രീനി പറഞ്ഞു. തന്നോട് പേളിയാണ് അമിത അടുപ്പം കാണിക്കുന്നതെന്ന് സുരേഷ് പറഞ്ഞു. പേളിയ്ക്ക് സുരേഷ് അച്ഛനെ പോലെയാണെന്ന് ശ്രീനിഷ് പറഞ്ഞു.

വൈകിട്ട് രണ്ടാമത്തെ ടാസ്ക് എത്തി. ഉത്തമന്‍റെ (ഡെഡ് ബോഡി) കത്ത് എന്നതാണ് ടാസ്ക്. ഉത്തമനെഴുതിയ കോഡ് ഭാഷയിലുള്ള കത്തിന്‍റെ അർത്ഥം കണ്ടു പിടിക്കലാണ് ടാസ്ക്. പിന്നീട് ഹിമ എല്ലാവരും ചേർന്ന് ഡി കോഡ് ചെയ്ത കത്ത് വായിച്ചു. കോഡ് കണ്ടെത്തിയതോടെ മത്സരാർത്ഥികള്‍ ഉത്തമന്‍റെ അന്യഗ്രഹ യാത്രയുടെ ആദ്യ ഘട്ടം പൂർത്തിയാക്കി. രാത്രിയോടെ ഇതിനായുള്ള ബഹിരാകാശ വാഹനം എത്തി. വീടിന്‍റെ മുറ്റത്തായിട്ടാണ് റോക്കറ്റ് വന്നത്. ചിലർ റോക്കറ്റ് പരിശോധിച്ചു. ഹിമയും അർച്ചനയുമായിരുന്നു ഈ സമയം ഡെഡ് ബോഡിയുടെ സംരക്ഷണം ഏറ്റെടുത്തത്. രഞ്ജിനിയായിരുന്നു റോക്കറ്റ് പരിശോധിക്കുന്നതില്‍ മുന്നില്‍ നിന്നിരുന്നത്. ഇതിനിടെ സാബുവും അനൂപും രഞ്ജിനിയും ചേർന്ന് വീണ്ടും സുരേഷിനേയും പേളിയേയും കുറിച്ച് സംസാരിക്കുകയുണ്ടായി. രണ്ടു പേരുടേയും സൈഡില്‍ നിൽക്കാതെ ന്യൂട്രലായിട്ട് നിക്കണമെന്ന് രഞ്ജിനി പറഞ്ഞു.

പിന്നീട് സാബുവും അനൂപും വീണ്ടും സുരേഷിന് അരികിലെത്തി. തങ്ങളെ വെറുതെ തീ തീറ്റിക്കരുതെന്ന് അനൂപ് സുരേഷിനോട് പറഞ്ഞു. പേളിയ്ക്ക് തന്നോട് ഇഷ്ടമാണെന്ന് നേരത്തെ തോന്നിയിരുന്നുവെന്ന് സുരേഷ് പറഞ്ഞു. എന്നാല്‍ തനിക്ക് അങ്ങനെ തോന്നിയിട്ടില്ലെന്നും അതുകൊണ്ടാണ് വീട്ടില്‍ നിന്നും പുറത്ത് പോകണമെന്ന് പറഞ്ഞതെന്നും സുരേഷ് പറഞ്ഞു. പിന്നീട് അനൂപ് പേളിയുടെ അടുത്തെത്തി. ഇത് ഒറ്റയ്ക്ക് തീർക്കാവുന്നതേയുള്ളൂവെന്നും വെറുതെ എല്ലാവരേയും അറിയിച്ചു പ്രശ്നമാക്കിയെന്നും അനൂപ് പറഞ്ഞു. തനിക്ക് സുരേഷിനോട് സ്നേഹമോ പ്രണയമോ ഇല്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ സുരേഷിനെ തനിക്ക് അവോയിഡ് ചെയ്യാനാകില്ലെന്നും പേളി പറഞ്ഞു. എല്ലാവരും ഇടപെട്ട് മോശമാക്കുകയാണെന്നും പലരും ഇടപെട്ട് തന്നെ മോശക്കാരിയാക്കിയെന്നും പേളി പറഞ്ഞു. സുരേഷ് തന്നെ പ്രണയിക്കുകയാണെങ്കില്‍ പ്രണയിച്ചോട്ടെയെന്നും അവർ വ്യക്തമാക്കി.

പിന്നീട് ശ്രീനിഷിന്റെ അരികിലെത്തിയ പേളി ശ്രീനിയെ കെട്ടിപ്പിടിച്ച് കരഞ്ഞു. എന്താ കാരണമെന്ന് ചോദിച്ചിട്ട് പേളി ഒന്നും പറഞ്ഞില്ല. പറയാതെ അവിടെ നിന്നും പേളി പോയി. എല്ലാവർക്കും അവരവരുടെ കാര്യം നോക്കി ജീവിച്ചാ പോരെയെന്ന് പറഞ്ഞ് പേളി ബാത്ത് റൂമിലേക്ക് കയറി. ഷിയാസിനോടായിരുന്നു പേളി ഇത് പറഞ്ഞത്. ഞാനൊന്നും പറഞ്ഞില്ലേയെന്ന് പറഞ്ഞ് ഷിയാസ് കൈ മലർത്തി. എന്താണ് സംഭവിച്ചതെന്ന് തിരിയാതെയായിരുന്നു ഷിയാസ് ഇതെല്ലാം നോക്കി കണ്ടത്. പുറത്തിറങ്ങിയ പേളി ഷിയാസിനെ ആശ്വസിപ്പിച്ചു. പിന്നീട് അതിഥിയും അനൂപും സുരേഷിന് അടുത്തെത്തി. തന്നെ കുറിച്ച് വെറുതെ കഥയിറക്കുകയാണെന്നും തന്‍റെ കൂട്ടുകാരാണെന്ന് പറയുന്നവർ തന്നെയാണ് കഥയിറക്കുന്നതെന്നും സുരേഷ് പറഞ്ഞു. എല്ലാത്തിനും പേളിയെ ഡിപ്പന്‍റ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് അതിഥി പറഞ്ഞു.

രാത്രി മീറ്റിങ് വിളിച്ചപ്പോള്‍ തനിക്ക് പേളിയെ കുറിച്ച് പരാതിയുണ്ടെന്ന് സാബു പറഞ്ഞു. അപ്പോള്‍ സുരേഷ് എഴുന്നേറ്റ് പോകാന്‍ ശ്രമിച്ചെങ്കിലും മറ്റുള്ളവർ അദ്ദേഹത്തെ പിടിച്ചിരുത്തി. എന്നാല്‍ അല്‍പ്പസമയം കഴിഞ്ഞ് സുരേഷ് എഴുന്നേറ്റ് പോയി. പേളിയെ കുറിച്ച് പറയുന്ന സമയം എന്തുകൊണ്ടാണ് സുരേഷിന് ദേഷ്യം വരുന്നതെന്ന് രഞ്ജിനി ചോദിച്ചു. മനുഷ്യനായാല്‍ ഇത്ര തരം താഴരുതെന്നും ആരെക്കുറിച്ചും ഇങ്ങനെ ചിന്തിക്കരുതെന്നും സുരേഷ് പറഞ്ഞു. ഇതിനിടെ ചാടി എഴുന്നേറ്റ പേളി. ഡോണ്ട് ഹർട്ട് എന്ന് പറഞ്ഞ് രഞ്ജിനിയുടെ നേരെ രംഗത്തെത്തി. സുരേഷിനെ ഇന്‍സള്‍ട്ട് ചെയ്യുകയാണെന്നും പേളി പറഞ്ഞു. ഇത് പേളി തന്നെ ക്രിയേറ്റ് ചെയ്ത പ്രശ്നമാണെന്ന് രഞ്ജിനി പറഞ്ഞു. ദേഷ്യം പിടിച്ച പേളി ബാത്ത് റൂമിലേക്ക് കയറി. ഈ സമയം, തങ്ങളുടെ ജീവിതം വച്ച് ഇങ്ങനെ കളിക്കരുതെന്നു പറഞ്ഞ് സുരേഷ് ക്യാമറയുടെ മുന്നിലെത്തി പൊട്ടിക്കരഞ്ഞു.

ഇതിനിടെ അതിഥി സുരേഷിന് അടുത്തെത്തി പൊട്ടിത്തെറിച്ചു. സുരേഷിനെ കുറിച്ച് പരാതി പറഞ്ഞത് പേളി തന്നെയാണെന്നും അവളാണ് എല്ലാവരുടേയും അടുത്ത് പോയി പറഞ്ഞതെന്നും അതിഥി പറഞ്ഞു. ഇതേസമയം, ബാത്ത് റൂമിന് പുറത്ത് വച്ച് ശ്രീനിയും രഞ്ജിനിയും തമ്മിലും തർക്കമായി. പേളി പറഞ്ഞിട്ടാണ് ഇത് ചർച്ച ചെയ്തതെന്ന് രഞ്ജിനി പറഞ്ഞു. മറ്റുള്ളവർ ഈ സമയം സുരേഷിന് അടുത്തായിരുന്നു. സുരേഷ് നിരപരാധിയാണെന്ന് ലോകം അറിയണമെന്ന് അതിഥി പറഞ്ഞു. ഈ സമയം അവിടെ എത്തിയ രഞ്ജിനി പേളി തന്നോട് സുരേഷിനെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ തുറന്നു പറഞ്ഞു. ബിഗ് ബോസിനോട് പറഞ്ഞതും രഞ്ജിനി വെളിപ്പെടുത്തി. സുരേഷ് ഈ സമയമത്രയും കരയുകയായിരുന്നു. എന്തിനാണ് എന്‍റെ കാര്യത്തിൽ ഇടപെടുന്നത് എന്നായിരുന്നു സുരേഷ് ചോദിച്ചിരുന്നത്. ഈ വിഷയത്തില്‍ ഇടപെട്ട് വലിയ പ്രശ്നമാക്കരുതെന്ന് പേളി രഞ്ജിനിയോട് പറഞ്ഞു.

അപ്പോഴേക്കും ഹിമയും പേളിയ്ക്കെതിരെ രംഗത്തെത്തി. പേളി കാരണം മറ്റുള്ളവർക്ക് വേദനയുണ്ടാകുന്നുണ്ടെന്നു ഹിമ പറഞ്ഞു. എന്തുണ്ടായാലും പേളി തന്നെയാണ് കുറ്റം പറയുന്നതെന്ന് രഞ്ജിനി പറഞ്ഞു. ഇത് ടെലിക്കാസ്റ്റ് ചെയ്യരുതെന്ന് പേളി പറയുന്നുണ്ടായിരുന്നു. ഇതിനിടെ അതിഥിയും രഞ്ജിനിയും സുരേഷിനെ സമാധാനിപ്പിക്കുന്നുണ്ടായിരുന്നു. പേളിയാണ് പ്രശ്നങ്ങളുടെ കാരണക്കാരിയെന്നും സുരേഷ് ഇരയാണെന്നും അവർ ആവർത്തിച്ചു. ക്യാമറയ്ക്ക് മുന്നിലെത്തിയ പേളി പൊട്ടിക്കരഞ്ഞു. സുരേഷിനെ എല്ലാവരും ചേർന്ന് ഹർട്ട് ചെയ്യുകയാണെന്നും തനിക്ക് സുരേഷിനെ അവോയിഡ് ചെയ്യാനാകില്ലെന്നും തനിക്ക് അദ്ദേഹത്തെ ഒരുപാട് ഇഷ്ടമാണെന്നും പറഞ്ഞു. പിന്നീട് പേളി സുരേഷിന് അടുത്തേക്ക് എത്തി. എന്നാലപ്പോള്‍ അതിഥി പേളിയോട് പൊട്ടിത്തെറിച്ചു. അതിഥിയെ മറ്റുള്ളവർ ചേർന്നാണ് അവിടെ നിന്നും പിടിച്ചു കൊണ്ടു പോയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ