Bigg Boss Malayalam, 12 July 2018 Episode:19; സുഖമില്ലാത്ത ദിയയെ ചികിത്സിക്കുന്ന പേളിയിലൂടെയാണ് ഇന്നത്തെ എപ്പിസോഡ് ആരംഭിച്ചത്. പിന്നാലെ യോഗ ചെയ്യുന്ന ഹിമയുടെ അടുത്തെത്തി സംസാരിച്ച് ശ്രദ്ധ തെറ്റിക്കാന്‍ ശ്രമിച്ച ഷിയാസിനെ ഹിമ ഓടിച്ചു വിടുന്നതും കണ്ടു. അതിന് ശേഷം വളരെ മനോഹരമായ കാഴ്ചയാണ് ബിഗ് ബോസ് വീട്ടിലുണ്ടായത്. അനൂപ് ചന്ദ്രന്‍ പേളിയേയും ദീപനേയും പാട്ടു പഠിപ്പിക്കുകയായിരുന്നു. വളരെ മനോഹരമായായിട്ടായിരുന്നു അനൂപ് പാടിയത്.

പിന്നാലെ ആസ്ഥാന ഗായകനായ സുരേഷ് ഡെസ്കില്‍ കൊട്ടി തന്‍റെ നാടന്‍പാട്ടുമായി വീടിനെ ഉണർത്തി. സാബുവിന്‍റെ കുടിയന്‍ ആക്ടും കൂടിയായപ്പോള്‍ അത് രസികന്‍ കാഴ്ചയായി മാറിയെന്ന് നിസ്സംശയം പറയാം. പിന്നെ പേളിയുടെ നേതൃത്വത്തിലുള്ള റാംപ് വാക്കായിരുന്നു നടന്നത്. ഒപ്പം ചേർന്ന് ബഷീറും സുരേഷും രംഗം കൊഴുപ്പിച്ചു. ഉച്ചയ്ക്ക് ഫുഡ് കഴിക്കുന്നതിനിടെ അർച്ചനയും ഷിയാസും തമ്മില്‍ ചെറിയ തർക്കമായി. ശ്വേതയും രഞ്ജിനിയുമെല്ലാം ഇടപെട്ടതോടെ അതു വേഗം തന്നെ പരിഹരിക്കപ്പെട്ടു.

പിന്നാലെ പേളിയെ ഭക്ഷണം കഴിക്കാന്‍ ഷിയാസ് ഉപദേശിച്ചു. മര്യാദയ്ക്ക് ഭക്ഷണം കഴിച്ചില്ലേല്‍ ഇഞ്ചിഞ്ചായി മരിക്കുമെന്നൊക്കെയായിരുന്നു ഷിയാസിന്‍റെ ഉപദേശം. ഷിയാസിന്‍റെ സംസാരത്തില്‍ വീണ പേളി തനിക്ക് ചോക്ലേറ്റ് ഐസ് ക്രീം വേണമെന്ന് പറഞ്ഞു. പിന്നീട് ഇതേ ഉപദേശങ്ങള്‍ പേളി സുരേഷിനും നല്‍കി. ശേഷം തനിക്ക് തരുന്ന മുട്ടയുടെ എണ്ണത്തില്‍ കുറവുണ്ടെന്ന് ഷിയാസ് സാബുവിനോട് പരാതി പറഞ്ഞു. ഇതൊക്കെ ശീലമായിക്കോളും എന്നായിരുന്നു സാബുവിന്‍റെ മറുപടി.

നേരത്തെ ഷിയാസും അർച്ചനയും തമ്മിലുരസിയതും മുട്ടയെ ചൊല്ലിയായിരുന്നു. വീട്ടിലെ നിയമം അനുസരിച്ചേ തരാന്‍ കഴിയൂ എന്നായിരുന്നു അർച്ചനയുടെ നിലപാട്. തനിക്ക് മുട്ട കിട്ടാത്തത് വലിയ പ്രശ്നമെന്ന പോലെയായിരുന്നു ഷിയാസിന്‍റെ പ്രതികരണങ്ങളൊക്കെ. വൈകിട്ടോടെ അർച്ചനയും ഷിയാസും വീണ്ടും മുട്ടയെ ചൊല്ലി സംസാരം ആരംഭിച്ചു. ഇതിനിടെ ദിയയും അർച്ചനയ്ക്കൊപ്പം ചേർന്നു. എന്നാല്‍ എനിക്ക് കഴിക്കാന്‍ തോന്നുന്ന സമയത്ത് കഴിക്കുമെന്നും ഞാന്‍ നിങ്ങളുടെ അടിമയല്ലെന്നുമായിരുന്നു ഷിയാസ് ദിയയോട് പറഞ്ഞത്.

ഷിയാസിനെ ശ്വേത പിടിച്ചു പുറത്തേക്ക് കൊണ്ടു പോയി. ഓരോരുത്തർക്കും കഴിക്കാവുന്ന മുട്ടയുടെ എണ്ണത്തില്‍ വീട്ടിലുള്ളവർ ചേർന്ന് തീരുമാനത്തിലെത്തിയതാണെന്നും അതങ്ങനെ തന്നെ തുടരണമെന്നും ശ്വേത ഷിയാസിനെ പറഞ്ഞ് മനസിലാക്കി. വീട്ടിലുള്ള സാധനങ്ങളുടെ അഭാവത്തെ കുറിച്ച് വ്യക്തമാക്കി കൊടുത്ത ശ്വേത ഷിയാസിനോട് വളരെ റിലാക്സ് ആവണമെന്നും പറഞ്ഞു. വീട്ടിലെ രീതികളും ചിട്ടകളും അറിയാത്തതായിരുന്നു ഷിയാസിന്‍റെ പ്രശ്നം.

പിന്നാലെ മത്സരാർത്ഥികളെ തേടി ബിഗ് ബോസിന്‍റെ സന്ദേശം എത്തി. വീട്ടിലെ അംഗങ്ങളെ കുറിച്ചുള്ള പരാതികള്‍ അറിയാക്കാനുള്ള അവസരം നല്‍കി കൊണ്ടുള്ളതായിരുന്നു സന്ദേശം. പരാതികളുടെ വിധി കർത്താവ് അനൂപാണെന്നും ബിഗ് ബോസ് പറഞ്ഞു. അനൂപിനെതിരെ ആർക്കും പരാതി പറയാന്‍ പറ്റില്ലെന്നും സന്ദേശത്തില്‍ പറയുന്നു. പരാതിക്കാരന്‍റെ പരാതി അനുസരിച്ച് കുറ്റാരോപിതനെ വിസ്താരം ചെയ്യാനും അനൂപിന് അവസരമുണ്ട്. തുടർന്ന് എല്ലാവരും അവരവരുടെ പരാതി എഴുതി തയ്യാറാക്കി. തുടർന്ന് ആ പരാതികള്‍ പരാതിപ്പെട്ടിയില്‍ നിക്ഷേപിച്ചു.

പിന്നീട് അനൂപിന് വിധി പറയാനുള്ള അവസരമായിരുന്നു. രഞ്ജിനിയ്ക്കെതിരെയായിരുന്നു ആദ്യ പരാതി. അടിയുണ്ടാകുന്ന സമയം രഞ്ജിനി രണ്ടു ഭാഗത്തും നില്‍ക്കുന്നു എന്നായിരുന്നു പരാതി. അതേസമയം, ജഡ്ജി തന്നോട് വ്യക്തിപരമായ വിദ്വേഷം തീർക്കുകയാണെന്നും രഞ്ജിനി പറഞ്ഞു. അനൂപിനെതിരെ പലതരത്തിലുള്ള ആരോപണങ്ങളാണ് രഞ്ജിനി ഉയർത്തിയത്. എന്നാല്‍ കോടതിയെ വിമർശിക്കാന്‍ സാധിക്കില്ലെന്നായിരുന്നു അനൂപിന്‍റെ മറുപടി.

അടുത്ത പരാതി ക്യാപ്റ്റന്‍ ശ്രീനിഷിനെതിരെയായിരുന്നു. ക്യാപ്റ്റന്‍റെ ഉത്തരവാദിത്വം നിറവേറ്റുന്നില്ലെന്നും ബിഗ് ബോസ് വീടിനെ നാഥനില്ലാ കളരിയാക്കിയെന്നുമായിരുന്നു പരാതി. തുടർന്ന് അതിഥി തന്റെ അഭിപ്രായം രേഖപ്പെടുത്തി. ശ്രീനിഷിന് എതിരായിരുന്നു അതിഥിയുടെ മൊഴി. പിന്നീട് പേളി മൊഴി നല്‍കി. അവരും ശ്രീനിഷിനെതിരെ സംസാരിച്ചു. ഓരോ ടീമിനും ഡ്യൂട്ടി നല്‍കുന്നതില്‍ ശ്രീനിഷിന് പിഴവ് സംഭവിച്ചെന്നായിരുന്നു എല്ലാവരുടേയും മൊഴി. പ്രശ്നങ്ങളില്‍ നിന്നും ശ്രീനിഷ് ഓടിയൊളിക്കുകയും ഭിന്നിപ്പിച്ച് ഭരിക്കുകയാണെന്നും സാബു പറഞ്ഞു. പത്ത് ഏത്തമിടാനായിരുന്നു ശ്രീനിഷിന് ലഭിച്ച ശിക്ഷ.

അടുത്തത് ഹിമയ്ക്കെതിരായ പരാതിയായിരുന്നു. ഹിമ മറ്റുള്ളവർ സംസാരിക്കുന്ന സമയം അവിടെ വന്നിരുന്ന് വെറുതേ അടിയുണ്ടാക്കുന്നു എന്നായിരുന്നു പരാതി. തന്നെ അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്നും തന്‍റെ പ്രൊഫഷനെ കളിയാക്കുകയാണെന്നും ഹിമ പറഞ്ഞു. സാബുവിനെതിരെയായിരുന്നു ഹിമയുടെ ആരോപണം. എന്നാല്‍ അങ്ങനെ ചെയ്തിട്ടില്ലെന്ന് സാബു പറഞ്ഞു. ചടുലമായ മറുപടികളായിരുന്നു സാബു നല്‍കിയത്. മറുപടികളില്‍ ഹിമ വരെ ചിരിച്ചു പോയെന്ന് വാസ്തവം. വീട്ടിലുള്ള എല്ലാവരുടേയും തല മസാജ് ചെയ്യാനായിരുന്നു ഹിമയ്ക്ക് ലഭിച്ച ശിക്ഷ. ശേഷം കോടതി പിരിഞ്ഞു.

എന്നാല്‍ പിന്നീട് ശ്വേതയും പേളിയും തമ്മില്‍ തർക്കമായി. ശ്വേതയെ പേളി വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്നായിരുന്നു ശ്വേതയുടെ ആരോപണം. അതേസമയം, സുരേഷിന് സുഖമില്ലാതയത് താന്‍ കാരണമാണെന്ന് ശ്വേത പറഞ്ഞെന്ന് പറഞ്ഞ് പേളി പൊട്ടിക്കരഞ്ഞു. എനിക്ക് ഇതൊന്നും അറിയില്ലല്ലോ എന്നായിരുന്നു അവള്‍ പറഞ്ഞ് കരഞ്ഞത്. എല്ലാവരും ചേർന്ന് പേളിയെ പുറത്തേക്ക് കൊണ്ടുപോയി. ശ്വേത അവിടെ എത്തി തന്‍റെ നിലപാട് അറിയിച്ചു. ഇതേസമയം, അകത്ത് ശ്രീനിഷും ശ്രീലക്ഷ്മിയും തമ്മിൽ സംസാരം ആരംഭിച്ചു. പേളിയും ശ്രീലക്ഷ്മിയും തമ്മിലുണ്ടായ ഫ്രണ്ട്ഷിപ്പിലെ വിടവിനെ കുറിച്ചായിരുന്നു സംസാരം. പേളി മാറിയെന്നാണ് ശ്രീലക്ഷ്മി പറഞ്ഞത്. പേളിയെ നോമിനേറ്റ് ചെയ്തത് താനാണെന്നാണ് പേളി കരുതിയിരിക്കുന്നതെന്നും ശ്രീലക്ഷ്മി പറഞ്ഞു.

രാത്രി ആയപ്പോള്‍ സുരേഷും സാബുവും ശ്രീനിഷും ചേർന്ന് ആ ദിവസം നടന്ന സംഭവങ്ങള്‍ പറഞ്ഞു കൊണ്ട് സ്മോക്കിങ് റൂമിലിരുന്ന് ചിരിച്ചു. ഗെയിമിന്‍റെ പോക്കിനെ കൃത്യമായി വിലയിരുത്തുന്നവരാണ് സാബുവും ശ്രീനിഷുമെന്ന് വ്യക്തമാകുന്നതായിരുന്നു അവരുടെ സംസാരങ്ങളും ഇടപെടലുകളും. പിന്നെ തനിക്ക് ലഭിച്ച ശിക്ഷയുടെ ഭാഗമായി ഹിമ ഷിയാസിന്‍റെ തല മസാജ് ചെയ്യുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ