ഈ ആഴ്ച്ച ആരാകും പുറത്ത് പോവുക എന്ന ചോദ്യത്തിന് ഉത്തരം തേടിയാണ് ഇന്നത്തെ എപ്പിസോഡ് ആരംഭിച്ചത്. മഴ പെയ്യുന്ന പ്രഭാതത്തിലേക്കാണ് എല്ലാവരും എഴുന്നേറ്റത്. സുരേഷിനെ കുറിച്ച് സംസാരിക്കുന്ന ബഷീറിനേയും അനൂപിനേയുമാണ് ആദ്യം കാണിച്ചത്. സുരേഷ് അല്‍പ്പം ഓവറാണെന്നും പേളിയുടെ കാര്യത്തില്‍ അമിതമായി ഇടപെടുകയാണെന്നും ബഷീർ പറഞ്ഞു. പിന്നീട് ഇതേ വിഷയം രഞ്ജിനിയും സാബുവും കിച്ചണിനരികില്‍ വച്ച് സംസാരിക്കുകയുണ്ടായി. കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങളെ കുറിച്ചായിരുന്നു സാബുവും രഞ്ജിനിയും സംസാരിച്ചത്. അർച്ചനയും അവർക്കൊപ്പമുണ്ടായിരുന്നു. കാര്യങ്ങള്‍ വളരെ സങ്കീർണമാവുകയാണെന്ന് സാബു പറഞ്ഞു. സുരേഷ് പുറത്ത് പോകുന്നത് തടയരുതെന്ന് അർച്ചന അഭിപ്രായപ്പെട്ടു.

അല്‍പ്പസമയത്തിന് ശേഷം സാബുവും ബഷീറും സുരേഷിനോട് സംസാരിക്കാനെത്തി. താന്‍ കഴിഞ്ഞ ദിവസം പറഞ്ഞ സംഭവങ്ങളില്‍ ബഷീർ വിശദീകരണം നല്‍കി. എന്നാല്‍ ഒട്ടും താല്‍പര്യമില്ലാതെയാണ് സുരേഷ് പ്രതികരിച്ചത്. പിന്നീട് സുരേഷിനെ കുറിച്ച് ശ്രീനിഷും അതിഥിയും പേളിയും തമ്മില്‍ ചർച്ച നടത്തി. സുരേഷിനെ പറഞ്ഞ് മനസിലാക്കാന്‍ ബുദ്ധിമുട്ടാണെന്നും സുരേഷിന് വേദനിക്കുന്നുണ്ടെന്നും പേളി പറഞ്ഞു. ഇപ്പോഴേക്കും സുരേഷ് അവിടെ എത്തി. അതേസമയം അകത്ത് സാബുവും അനൂപും ബഷീറും സംസാരിക്കുകയായിരുന്നു. തനിക്ക് തുടരാന്‍ സാധിക്കില്ലെന്നും വയ്യാതായെന്നും അനൂപ് പറഞ്ഞു. സാബുവും ബഷീറിനും അനൂപിനെ പരിഹസിച്ചു.

പിന്നീട് പുറത്ത് വച്ച് ബഷീറും ഷിയാസും തമ്മില്‍ അടിയായി. നിന്‍റെ സ്വഭാവം കയ്യില്‍ വെച്ചാമതിയെന്നും നിന്‍റെ പട്ടി ഷോ കെെയ്യില്‍ വച്ചാമതിയെന്നും ബഷീർ ഷിയാസിനോട് പറഞ്ഞു. ഷിയാസ് പേളിയെ കുറിച്ച് പറഞ്ഞത് തന്‍റെ പേരിലേക്ക് മാറ്റിയെന്നായിരുന്നു ബഷീറിന്‍റെ ആരോപണം. സാബുവും അനൂപും ബഷീറിനെ പിടിച്ചു മാറ്റുകയായിരുന്നു. അതിഥിയുമായി ബന്ധപ്പെട്ട സംഭവവും അടിയ്ക്ക് കാരണമായി. പിന്നീട് അതിഥിയ്ക്ക് അരികിലെത്തി സാബു സംഭവം പറഞ്ഞതും അതിഥി പൊട്ടിക്കരഞ്ഞു. രഞ്ജിനി അതിഥിയെ ആശ്വസിപ്പിച്ചു.

അപ്പോഴേക്കും ബിഗ് ബോസ് വേദിയിലേക്ക് കമലഹാസനെത്തി. ഇന്ന് മോഹന്‍ലാലില്ലെന്നും താനാകും അവതരിപ്പിക്കുകയെന്നും കമലഹാസന്‍ പറഞ്ഞു. മോഹന്‍ലാല്‍ വിശ്വരൂപം കാണാന്‍ പോയതാണെന്നായിരുന്നു കമലഹാസന്‍ പറഞ്ഞത്. അപ്പോഴേക്കും മോഹന്‍ലാല്‍ വേദിയിലേക്ക് കടന്നു വന്നു. പിന്നീട് മോഹന്‍ലാല്‍ കമലഹാസന് വേണ്ടി കഴിഞ്ഞ ആഴ്ച്ചയിലെ ഹെെലെറ്റ്സ് കാണിച്ചു കൊടുത്തു. വിശ്വരൂപം രണ്ടിനെ കുറിച്ച് മോഹന്‍ലാല്‍ കമലഹാസനോട് തിരക്കി. അപൂർവ്വങ്ങളിലപൂർവ്വമായ താരസംഗമ വേദിയായി ബിഗ് ബോസ് വേദി മാറുകയായിരുന്നു. തുടർന്ന് കമലഹാസന്‍ ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ചു. പിന്നീട് മത്സരാർത്ഥികള്‍ക്ക് സർപ്രെെസ് നല്‍കാനായി അദ്ദേഹത്തെ മോഹന്‍ലാല്‍ ബിഗ് ബോസ് വീട്ടിലേക്ക് അയച്ചു.

കമല്‍ഹസന്‍റെ ചിത്രങ്ങളിലെ കഥാപാത്രങ്ങളായി മാറുകയെന്നതായിരുന്നു ഇന്നത്തെ ടാസ്ക്. പിന്നീട് മോഹന്‍ലാല്‍ മത്സരാർത്ഥികള്‍ക്ക് മുന്നിലെത്തി. അഞ്ജലി പോയതില്‍ സങ്കടമുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു. വീട്ടിലെ ഓരോരുത്തരോടുമായി അദ്ദേഹം വിവരങ്ങള്‍ തിരക്കി. പ്രോട്ടീന്‍ തന്നത് കുഴപ്പായോ എന്ന് ഷിയാസിനോട് ചോദിച്ചു. ദേഷ്യം ജീവിതത്തില്‍ നിന്നും മാറ്റിവെക്കണമെന്നും കാരണം മറ്റുള്ളവർ അത് എങ്ങനെയെടുക്കുമെന്ന് പറയനാകില്ലെന്നും ലാലേട്ടന്‍ പറഞ്ഞു. ശേഷം മോഹന്‍ലാല്‍ മത്സരാർത്ഥികളോടായി ഇന്നത്തെ ടാസ്കിനെ കുറിച്ച് പറഞ്ഞു. കമല്‍ഹസന്‍റെ കഥാപാത്രങ്ങളെ അനുകരിക്കുകയായിരുന്നു ടാസ്ക്. ശേഷം എല്ലാവരും അതിനുള്ള തയ്യാറെടുപ്പുകളിലേക്ക് നീങ്ങി. പിന്നീട് ഓരോരുത്തരായി അവരവരുടെ വേഷങ്ങളൊക്കെ അവതരിപ്പിക്കുകയുണ്ടായി.

പെടുന്നനെ മ്യൂസിക് കേള്‍ക്കുകയുണ്ടായി. എല്ലാവരും ആകാംഷയോടെ നോക്കിനില്‍ക്കെ കമല്‍ഹാസന്‍ വീട്ടിലേക്ക് കടന്നു വന്നു. വിശ്വസിക്കാനാകാതെ മത്സരാർത്ഥികള്‍ ആർപ്പു വിളിക്കുകയും അദ്ദേഹത്തിന്‍റെ കാല്‍ക്കല്‍ വീഴുകയും ചെയ്തു. തുടർന്ന് ബിഗ് ബോസ് അദ്ദേഹത്തെ സ്വാഗതം ചെയ്തു. മത്സരാർത്ഥികളോടായി അദ്ദേഹത്തെ സല്‍ക്കരിക്കാന്‍ പറഞ്ഞു. ഇതെല്ലാം മോഹന്‍ലാലും കാണുന്നുണ്ടായിരുന്നു. മത്സരാർത്ഥികളോരോരുത്തരായി എത്തി തങ്ങളുടെ അനുകരണം കാഴ്ച്ചവെച്ചു. ആദ്യമെത്തിയത് അനൂപ് ആയിരുന്നു. ദശാവതരത്തിലെ രംഗമായിരുന്നു അനൂപ് അവതരിപ്പിച്ചത്. പിന്നീട് അർച്ചനയെത്തി. വേട്ടയാട് വിളയാടിലെ രംഗവുമായി പേളിയെത്തി. സാബുവിന്‍റെ സഹായവുമുണ്ടായിരുന്നു. സുരേഷിനെ മോഹന്‍ലാല്‍ തന്നെയാണ് അവതരിപ്പിച്ചത്.

കമല്‍ഹാസന്‍റെ ഗാനം ആലപിച്ചു കൊണ്ടായിരുന്നു സുരേഷ് തുടങ്ങിയത്. സുരേഷിനൊപ്പം കമലും ചേർന്ന് പാടി. പിന്നാലെ സുരേഷ് മാടാപ്രാവേ വാ എന്ന ഐക്കോണിക്ക് പാട്ട് അവതരിപ്പിച്ചു കാണിച്ചു. അടുത്തതായി മൂട്രാം മുറയിലെ രംഗം രഞ്ജിനി അവതരിപ്പിച്ചു. ഗുണയിലെ പാട്ടായിരിന്നു അതിഥി അവതരിപ്പിച്ചത്. പിന്നാലെ വീര പാണ്ഡിയിലെ രംഗവുമായി ശ്രീനിഷെത്തി. ഔവ്വയ് ഷണ്‍മുഖിയായാണ് സാബു എത്തിയത്. ഷിയാസിനെ ഭീകരനെന്ന് വിളിച്ചു കൊണ്ടായിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ചത്. വിശ്വരൂപത്തിലെ രംഗമാണ് ഷിയാസ് അവതരിപ്പിച്ചത്. നായകന്‍ ഫിലിമിലെ രംഗമാണ് ബഷീർ അവതരിപ്പിച്ചത്. ടെന്‍ഷന്‍ കാരണം എല്ലാവരും വിളറി പോയെന്നതാണ് വാസ്തവം. എല്ലാവരുടേയും ശ്രമങ്ങളേയും കമല്‍ഹാസന്‍ അഭിനന്ദിച്ചു. ഇതിനിടെ സാർ നിങ്ങള്‍ക്കായി ഒരു സമ്മാനം കൊണ്ടു വന്നിട്ടുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു. വിശ്വരൂപം രണ്ടിന്‍റെ ട്രെയിലറായിരുന്നു അത്. ബിഗ് ബോസ് വെറുമൊരു റിയാലിറ്റി ഷോയോ കളിയോ അല്ലെന്നും ഒരു സോഷ്യല്‍ മിററാണെന്നും കമല്‍ഹാസന്‍ പറഞ്ഞു. കളിക്കുന്നവരെ കാണുന്നവർക്കും സ്വയം കണ്ടെത്താന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അദ്ദേഹം അതോടെ വീട്ടില്‍ നിന്നും മടങ്ങി. താന്‍ കൊണ്ടു വന്ന മധുരവും നല്‍കിയാണ് അദ്ദേഹം മടങ്ങിയത്. വിശ്വസിക്കാനാവാത്ത അവസ്ഥയിലായിരുന്നു മത്സരാർത്ഥികള്‍.

ബിഗ് ബോസ് വേദിയിലേക്ക് മടങ്ങിയെത്തിയ കമല്‍ഹാസനെ പ്രശംസകള്‍ കൊണ്ട് മൂടിയാണ് മോഹന്‍ലാല്‍ സ്വീകരിച്ചത്. മോഹന്‍ലാലിനെ കേരളത്തിന്‍റെ അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് വിശ്വരൂപം ടീം വേദിയിലേക്ക് എത്തി. ചിത്രത്തിന് ആശംസകള്‍ നേർന്ന് മോഹന്‍ലാല്‍ കമല്‍ഹാസനേയും സംഘത്തേയും യാത്രയാക്കി.

പിന്നീട് മോഹന്‍ലാല്‍ മത്സരാർത്ഥികള്‍ക്ക് മുന്നിലെത്തി. എല്ലാവരേയും അദ്ദേഹം അഭിനന്ദിച്ചു. രഞ്ജിനിയുടെ മീശയെ കുറിച്ച് അദ്ദേഹം തമാശ പൊട്ടിച്ചു. ഷിയാസിന്‍റെ ദേഷ്യത്തെ കുറിച്ച് വീണ്ടും മോഹന്‍ലാല്‍ ചൂണ്ടിക്കാണിച്ചു. സംസാരിക്കാതെ ഇരുന്നിട്ട് കാര്യമില്ലെന്നും സംസാരിക്കുകയും സ്വയം നിയന്ത്രിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. സുരേഷിന് അരികിലെത്തിയ മോഹന്‍ലാല്‍ പോണം പോണം എന്ന ചിന്ത കളയണമെന്നും സുരേഷിനോട് പറഞ്ഞു. ആ ചിന്ത കളഞ്ഞെന്ന് സുരേഷ് പറഞ്ഞു. പിന്നെ കവിളോളം മറുകുള്ള പെണ്ണേയെന്ന ഗാനം സുരേഷ് ആലപിച്ചു. ഇതിനിടെ മീശ എടുത്ത സാബുവിനെ കളിയാക്കുകയും ചെയ്തു. പിന്നെ ഓരോരുത്തരായി കമല്‍ഹാസനെ കണ്ട അനുഭവം വിവരിച്ചു. സ്വപ്നമാണെന്ന് തോന്നിയെന്നായിരുന്നു ഷിയാസ് പറഞ്ഞത്. എല്ലാവരും അതേ അവസ്ഥയിലായിരുന്നു.

ശേഷം എലിമിനേഷന്‍ പ്രേസസിലേക്ക് കടന്നു. നാമനിർദ്ദേശം ചെയ്യപ്പെട്ടവരായ സുരേഷും സാബുവും അനൂപും പേളിയും അതിഥിയും മുന്നോട്ട് വന്നു. പക്ഷെ ആരാകും പുറത്താവുക എന്ന് നാളെയേ അറിയാന്‍ സാധിക്കുകയുള്ളൂ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook