‘മറ്റുളളവര്‍ പലതും പറയുന്നുണ്ട്, ഇവിടെ നിന്നും ഞാന്‍ പുറത്തുപോവുന്നതാണ് നല്ലത്’; സുരേഷിനോട് പേളി

Bigg Boss Malayalam, 10 August 2018 Episode 47: ശ്രീനിഷിനോട് എന്തിനാണ് പേളിക്ക് പിണക്കമെന്ന് അര്‍ച്ചന ചോദിച്ചു

Bigg Boss Malayalam, 10 August 2018 Episode 47: 47-ാം ദിവസം രാവിലെ തന്നെ ബിഗ് ബോസ് നിർദ്ദേശിച്ച വ്യായാമത്തില്‍ നിന്ന് പേളി വിട്ടു നിന്നു. ഇതിനെ ചോദ്യം ചെയ്ത് ഷിയാസ് രംഗത്തെത്തി. ഇതുപോലെയുളള സ്വഭാവം വീട്ടില്‍ വച്ച് വന്നാല്‍ മതിയെന്ന് പേളിയോട് ഷിയാസ് പറഞ്ഞു. തുടര്‍ന്ന് സുരേഷും അനൂപും പേളിയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. തനിക്ക് നടുവേദനയുണ്ടെന്നും അത് കാരണമാണ് വരാത്തതെന്നും പേളി പറഞ്ഞു. തന്നെ അപമാനിക്കാനാണ് പേളിയുടെ ശ്രമമെന്നാണ് ഷിയാസിന്റെ വാദം. ഷിയാസിന്റെ കൂടെ ചെയ്യാന്‍ താത്പര്യമില്ലെന്ന് പേളി പറഞ്ഞു. ഷിയാസാണ് വ്യായാമത്തിന് നേതൃത്വം നല്‍കുന്നത്.

അര്‍ച്ചന അടക്കമുളളവര്‍ നിര്‍ബന്ധിച്ചതോടെ പേളി വ്യായാമം ചെയ്യാനെത്തി. ഇന്നലെ ഇരുവരും തമ്മില്‍ നടന്ന വഴക്കിന്റെ ബാക്കിയാണ് ഇന്ന് നടന്നത്. വൈകാരികമായ കാര്യങ്ങള്‍ പറയുമ്പോഴും അനാവശ്യമായ മുഖഭാവമാണ് ഷിയാസ് കാണിക്കുന്നതെന്ന് ഇന്നലെ പേളി പറഞ്ഞതാണ് വഴക്കിന് കാരണമായത്. എന്നാല്‍ പേളിക്ക് വേണ്ടി തന്റെ ശീലം മാറ്റാനാവില്ലെന്ന് ഷിയാസ് പറഞ്ഞു. ‘എനിക്ക് ഇഷ്ടമുളളത് ഞാന്‍ കാണിക്കും. കോപ്രായമാണ് ഞാന്‍ കാണിക്കുന്നതെന്നാണ് പേളിയുടെ അഭിപ്രായം. എനിക്കത് മാറ്റാന്‍ താത്പര്യമില്ല’, ഷിയാസ് പറഞ്ഞു. എന്നാല്‍ തന്റെ മുമ്പില്‍ നിന്ന് അനാവശ്യമായ മുഖഭാവം കാണിച്ചതാണ് തന്റെ പ്രശ്നമെന്ന് പേളി വ്യക്തമാക്കി. ‘ഷിയാസ് പ്രകടനം നടത്തുമ്പോള്‍ മറ്റുളളവര്‍ മിണ്ടാതിരിക്കണം. പക്ഷെ നമ്മള്‍ എന്തെങ്കിലും പറയുമ്പോള്‍ ഷിയാസിന്റെ മുഖഭാവം ഇത്തരത്തിലാണ്’, പേളി പറഞ്ഞു.

ഇന്ന് ഇക്കാര്യത്തില്‍ പേളിയെ ആശ്വസിപ്പിക്കാന്‍ ശ്രീനിഷ് ശ്രമിച്ചു. ശ്രീനിഷിനോട് എന്തിനാണ് പേളിക്ക് പിണക്കമെന്ന് അര്‍ച്ചന ചോദിച്ചു. എന്നാല്‍ തനിക്ക് പിണക്കമൊന്നും ഇല്ലെന്ന് പേളി വ്യക്തമാക്കി. പേളി കാറ്റ് പോയ ബലൂണ്‍ പോലെ ആയെന്ന് അര്‍ച്ചനയും ശ്രീനിഷും പറഞ്ഞു. തനിക്ക് കുഴപ്പമൊന്നും ഇല്ലെന്ന് പേളി വ്യക്തമാക്കി.

അടുത്ത ആഴ്ചയില്‍ ക്യാപ്റ്റനാവാന്‍ മത്സരിക്കുന്നവര്‍ക്കുളള ടാസ്ക് ബിഗ് ബോസ് വിശദീകരിച്ചു. ബിഗ് ബോസ് നല്‍കുന്ന ഭക്ഷണം നിശ്ചിത സമയത്തിനുളളില്‍ കഴിച്ചു തീരുന്നവരാണ് ക്യാപ്റ്റനാവുക. അതിഥി, ഷിയാസ്, അനൂപ് എന്നിവരാണ് മത്സരത്തിനുളളത്. ടാസ്കില്‍ വിജയിച്ചയാളെ അര്‍ച്ചനയാണ് പ്രഖ്യാപിക്കുക. പുട്ടും പഴവും ആണ് കഴിക്കാനായി നല്‍കിയത്. മത്സരം ആരംഭിച്ചതോടെ മൂവരും മത്സരിച്ച് പുട്ടും പഴവും കുഴച്ച് കഴിക്കാന്‍ തുടങ്ങി. ഭക്ഷണം കഴിക്കുന്നതിനിടെ അനൂപ് ഷര്‍ദ്ദിച്ചു. ഇതിന് പിന്നാലെ ഷിയാസും ഒന്നില്‍കൂടുതല്‍ തവണ ഛര്‍ദ്ദിച്ചു. എങ്കിലും ബിഗ് ബോസ് വിജയിയായി പ്രഖ്യാപിച്ചത് ഷിയാസിനെ ആയിരുന്നു.

ഇതോടെ അനൂപ് എതിര്‍പ്പുമായി എത്തി. ആരോഗ്യമുളളയാളെ തിരഞ്ഞെടുക്കുന്നു എന്നാണ് ബിഗ് ബോസ് അറിയിച്ചത്. എന്നാല്‍ ഷിയാസ് ഛര്‍ദ്ദിച്ചതായി അനൂപ് ആരോപിച്ചു. തുടര്‍ന്ന് ഷിയാസുമായി അനൂപ് വഴക്കിട്ടു. അടുത്ത ടാസ്ക് തുടങ്ങുന്നതിനിടെ തനിക്ക് സുഖമില്ലെന്നും പങ്കെടുക്കുന്നില്ലെന്നും സുരേഷ് പറഞ്ഞു. മറ്റുളളവര്‍ അദ്ദേഹത്തെ വിളിച്ചെങ്കിലും സുരേഷ് പോവാതെ മുറിയില്‍ കിടന്നു. ബിഗ് ബസാര്‍ ആദായമെന്ന പേരില്‍ 2000 ലക്ഷ്വറി പോയിന്റുകള്‍ ബിഗ് ബോസ് നല്‍കി. ഈ പോയിന്റിന് തുല്യമായ സാധനങ്ങള്‍ സ്റ്റോര്‍ റൂമില്‍ നിന്ന് എടുക്കാം. എന്നാല്‍ ലഭിച്ച പോയിന്റിന് മുകളിലാണ് പര്‍ച്ചേസ് എങ്കില്‍ പോയിന്റ് അസാധുവാകും. എന്നാല്‍ കിട്ടിയ പോയിന്റിനും മുകളിലാണ് മത്സരാര്‍ത്ഥികള്‍ പര്‍ച്ചേസ് ചെയ്തത്. ഇതോടെ എല്ലാ പോയിന്റുകളും അസാധുവായി. എന്നാല്‍ 1200 പോയിന്റ് ക്യാഷ്ബാക്ക് ഓഫറായി ബിഗ് ബോസ് നല്‍കി. ഈ പോയിന്റ് ഉപയോഗിച്ച് ഉത്പന്നങ്ങള്‍ പര്‍ച്ചേസ് ചെയ്യാന്‍ അവസരം നല്‍കി. തുടര്‍ന്ന് മത്സരാര്‍ത്ഥികള്‍ ഉത്പന്നങ്ങള്‍ പര്‍ച്ചേസ് ചെയ്തു.

ഷിയാസ് ക്യാപ്റ്റനായാല്‍ പേളിയെ പൊളിച്ചടുക്കുമെന്ന് സാബു സുരേഷിനോട് പറഞ്ഞു. പുറത്തുപോവണമെന്ന് സുരേഷ് പറഞ്ഞതിനെ തുടര്‍ന്നാണ് ഈ അഭിപ്രായം സാബുവും അനൂപും പങ്കുവച്ചത്. ക്യാപ്റ്റനായാല്‍ ടാസ്കിന് പോലും താന്‍ തന്നെ പോകുമെന്ന് ഷിയാസ് പറഞ്ഞതായും സാബു വ്യക്തമാക്കി. രാത്രിയോടെ അസ്വസ്ഥത പ്രകടിപ്പിച്ച സുരേഷിനെ പരിശോധിക്കാന്‍ ഡോക്ടര്‍മാരെത്തി. സാബുവും രക്തസമ്മര്‍ദ്ദം പരിശോധിച്ചു.

പേളി സുരേഷിനെ അവഗണിക്കാന്‍ ഇപ്പോള്‍ ശ്രമിക്കുന്നതായി സാബുവും രഞ്ജിനിയും അര്‍ച്ചനയും ചര്‍ച്ച ചെയ്തു. ഇത് പേളിക്ക് നല്ലതിനാണെന്നും മൂവരും അഭിപ്രായപ്പെട്ടു. രാത്രിയോടെ അര്‍ച്ചനയുടെ ക്യാപ്റ്റന്‍ കാലാവധി അവസാനിച്ചു. അര്‍ച്ചന നല്ല ക്യാപ്റ്റനായിരുന്നെന്ന് ബഷീർ പറഞ്ഞു. തുടര്‍ന്ന് പുതിയ കാരണവരായ ഷിയാസിന് അര്‍ച്ചന നേതൃസ്ഥാനം കൈമാറി. തന്റെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി മുന്നോട്ട് പോവണമെന്ന് ഷിയാസ് പറഞ്ഞു. ഷിയാസിന്റേത് ഭീഷണിയുടെ ഭാഷയാണെന്ന് പറഞ്ഞ് സാബു യോഗത്തിനിടെ എഴുന്നേറ്റ് പോയി. തുടര്‍ന്ന് ഷിയാസ് സാബുവിനെ വിളിക്കാന്‍ ചെന്നു. സുരേഷും ഇതിന് പിന്നാലെ എഴുന്നേറ്റ് പോയി. ചെയ്തത് തെറ്റായി പോയെന്ന് പറഞ്ഞ് ഷിയാസ് ക്ഷമാപണം നടത്തി. തുടര്‍ന്ന് ടീമുകളായി തിരിക്കാനായി എല്ലാവരും യോഗത്തില്‍ തിരിച്ചെത്തി.

തനിക്ക് എന്തായാലും ഈയാഴ്ച പുറത്തുപോവണമെന്ന് സുരേഷ് പറഞ്ഞു. ഇവിടെ നില്‍ക്കും തോറും മാനസിക സമ്മര്‍ദ്ദം ഏറുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. സ്മോക്കിങ് മുറിയില്‍ ഇരുന്ന സുരേഷിനെ അതിഥി വിളിക്കാനെത്തി. തുടര്‍ന്ന് ഇരുവരും തമ്മില്‍ സംസാരിച്ചു. ‘എനിക്ക് നിയന്ത്രണം കിട്ടുന്നില്ല. പരമാവധി ശ്രമിക്കുകയായിരുന്നു പിടിച്ചു നില്‍ക്കാന്‍. പക്ഷെ പറ്റുന്നില്ല’, സുരേഷ് പറഞ്ഞു.

സുരേഷ് കൈവിട്ട് പോകുന്നത് പോലെ തോന്നുന്നതായി പേളി രഞ്ജിനിയോട് പറഞ്ഞു. അദ്ദേഹം പൊസസീവ് ആയത് പോലെ തോന്നുന്നെന്നും ഈയാഴ്ച പുറത്തുപോവുന്നതാണ് നല്ലതെന്നും പേളി പറഞ്ഞു. താന്‍ പോയാല്‍ ഇവിടെ നന്നാകുമെന്ന് പേളി സുരേഷിനോട് പറഞ്ഞു. എന്നാല്‍ തെറ്റായ ധാരണയാണെന്ന് സുരേഷ് വ്യക്തമാക്കി. ‘ഞാനാണ് ഇവിടെ കഷ്ടപ്പെടുന്നത്. അക്രമാസക്തനാവുന്നത് പോലെ എനിക്ക് തോന്നുന്നുണ്ട്. ഞാന്‍ ഇവിടെ ഉണ്ടെങ്കില്‍ പേളിയെ ആരെങ്കിലും ഉപദ്രവിക്കുന്നത് കണ്ടാല്‍ ഞാന്‍ ഇടപെടും. അത് പ്രശ്നമാകും. പേളിയെ പലപ്പോഴും ഒഴിവാക്കാനാണ് ഞാന്‍ ശ്രമിച്ചത്. സാബു അടക്കമുളളവര്‍ പേളിയെ കുറിച്ച് കുറ്റം പറയുമ്പോള്‍ ഞാന്‍ തിരുത്താനാണ് ശ്രമിച്ചത്’, സുരേഷ് പറഞ്ഞു. പലരും ഇരുവരേയും കുറിച്ച് പലതും പറയുന്നുണ്ടെന്നും സുരേഷ് തന്നെ എല്ലായ്പ്പോഴും സംരക്ഷിക്കാന്‍ ശ്രിക്കുന്നത് മറ്റുളളവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ടെന്നും പേളി വ്യക്താക്കി. ഇവിടെ നില്‍ക്കുന്നിടത്തോളം സന്തോഷത്തോടെ ഇരിക്കാമെന്ന് പേളി പറഞ്ഞു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam 10 august 2018 episode

Next Story
ഞങ്ങള്‍-അവര്‍ എന്ന് വേര്‍തിരിച്ചു പറയാതെ നമ്മള്‍ എന്ന് പറഞ്ഞു ശീലിക്കാം: ‘മുല്‍ക്കി’ന്റെ പ്രസക്തിയും പ്രാധാന്യവുംmulk,film
The moderation of comments is automated and not cleared manually by malayalam.indianexpress.com