Bigg Boss Malayalam, 1 August 2018 Episode:39: അഞ്ജലിയും പേളിയും തമ്മിലുള്ള ചങ്ങാത്തം കാണിച്ചു കൊണ്ടായിരുന്നു ഇന്നത്തെ എപ്പിസോഡ് തുടങ്ങിയത്. പിന്നാലെ പതിവ് പോലെ ഡൈനിങ് ടേബിളില്‍ കൊട്ടിപ്പാടുന്ന സുരേഷിലേക്ക് എത്തി. വീടിന്‍റെ മൂഡ് തന്നെ മാറ്റാന്‍ കഴിയുന്നതാണ് സുരേഷിന്‍റെ പാട്ടുകള്‍. പിന്നീട് ഇതേ പാട്ടിന്‍റെ ബിഗ് ബോസ് വെർഷന്‍ പാടാന്‍ പേളി സുരേഷിനോട് ആവശ്യപ്പെട്ടു. സാബുവും അഞ്ജലിയും ശ്രീനിഷുമുണ്ടായിരുന്നു ഈ സമയം അവിടെ. എന്നാല്‍ പിന്നീട് രഞ്ജിനിയോടും ദിയയോടും സാംസാരിക്കവെ സുരേഷ് തന്നെ ഉദ്ദേശിച്ചാണ് പാടിയതെന്ന് അഞ്ജലി പറഞ്ഞു. സാബു വഴി സത്യാവസ്ഥ അറിയാം എന്ന് രഞ്ജിനി പറഞ്ഞു. സാബു അവിടെ എത്തിയതോടെ അഞ്ജലിയും രഞ്ജിനിയും സാബുവിനോട് ഇതിനെ കുറിച്ച് സംസാരിച്ചു. പാട്ടിലെ പെണ്ണായ പെണ്ണ് എന്ന വാക്കാണ് അഞ്ജലിയെ പ്രകോപിപ്പിച്ചത്.

നാളെ തന്‍റെ ക്യാപ്റ്റന്‍സിയുടെ അവസാന നാളാണെന്നും അവസാനത്തെ ആണി താനടിക്കുമെന്ന് പറഞ്ഞ് സാബു അഞ്ജലിയ്ക്ക് പിന്തുണ അറിയിച്ചു. പിന്നീട് ഭക്ഷണം കഴിക്കുന്നതിനിടെ സാബുവിനെ സുരേഷ് പുറത്തേക്ക് വിളിച്ചു കൊണ്ടു പോയി. ഇതിനിടെ സുരേഷും അഞ്ജലിയുമായി ചെറിയ പ്രശ്നമുണ്ടായി. പിന്നീട് മുറിയില്‍ വച്ച് അനൂപ് അഞ്ജലിയെ കുറിച്ച് മോശമായി പറഞ്ഞെന്ന് രഞ്ജിനി അഞ്ജലിയോട് പറഞ്ഞു. പുരാണത്തിലെ കഥ പറഞ്ഞ് അനൂപ് നടത്തിയ പരാമർശത്തെ കുറിച്ചായിരുന്നു രഞ്ജിനി പറഞ്ഞത്. അഞ്ജലി ഇതുകേട്ട് കരഞ്ഞു. രഞ്ജിനി അവരെ ആശ്വസിപ്പിച്ചു. എന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന് പറഞ്ഞ് അഞ്ജലി ഒറ്റയ്ക്കിരുന്ന് കരയുകയുണ്ടായി.

ഉച്ചയ്ക്ക് കിടന്നുറങ്ങിയവരെ പട്ടിയുടെ ശബ്ദം കേള്‍പ്പിച്ച് ഉണർത്തി. അനൂപും സുരേഷുമായിരുന്നു കിടന്നുറങ്ങിയത്. വൈകിട്ട് എല്ലാവരും ഒരുമിച്ചിരിക്കെ സുരേഷ് അഞ്ജലിയോടായി എന്തിനാണ് കരഞ്ഞതെന്ന് ചോദിച്ചു. സുരേഷിന്‍റെ പാട്ടിനെ കുറിച്ച് അഞ്ജലി പരാതിപ്പെട്ടു. തനിക്ക് ഫീലായെന്നും അഞ്ജലി പറഞ്ഞു. വിഷമായിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നതായി സുരേഷ് പറഞ്ഞു. താന്‍ അഞ്ജലിയെ അല്ല ഉദ്ദേശിച്ചതെന്നും സുരേഷ് പറഞ്ഞു. അഞ്ജലി തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും സുരേഷ് പറഞ്ഞു. താനിത് നേരത്തെ പാടുന്ന പാട്ടാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ അഞ്ജലിയ്ക്കെതിരെ വിവേചനം കാണിക്കുന്നുണ്ടെന്ന് സാബു അഭിപ്രായപ്പെട്ടു. പെണ്ണായ പെണ്ണ് എന്ന പ്രയോഗമായിരുന്നു പ്രശ്നം, ആ വാക്കിന്‍റെ അർത്ഥം എല്ലാ പെണ്ണുങ്ങളുമാണെന്ന് സുരേഷ് വിശദീകരിച്ചു. രഞ്ജിനിയും പേളിയും അത് വിശദീകരിച്ചു കൊടുത്തു.

പിന്നീട് തന്‍റെ ഇമേജിനെ കുറിച്ചും കേരളത്തിലെ കുടുംബങ്ങളെന്താകും തന്നെ പറ്റി കരുതുക എന്നതിനെ കുറിച്ചും ഭയമുണ്ടെന്ന് സുരേഷ് പറഞ്ഞു. അതോടൊപ്പം പഴയ,സിനിമയിലെത്തും മുന്‍പുള്ള, സുരേഷിലേക്ക് താന്‍ മടങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്ക് പുറത്ത് പോകണമെന്നും സുരേഷ് പറഞ്ഞു. പിന്നീട് സാബുവിന്‍റെ പ്രസ്താവനയ്ക്കെതിരെ സാബുവും പേളിയും തർക്കമായി. അഞ്ജലിക്കെതിരെ വിവേചനമുണ്ടെന്ന സാബുവിന്‍റെ വാക്ക് വെറുതെയാണെന്ന് പേളി പറഞ്ഞു. സാബു കളിക്കുകയാണെന്നും പേളി പറഞ്ഞു. അഞ്ജലി തന്‍റെ സുഹൃത്താണെന്നും അവർക്കെതിരെ വിവേചനമുണ്ടായാല്‍ അത് തുറന്ന് കാണിക്കുമെന്നും പേളി പറഞ്ഞു. തർക്കമായപ്പോഴേക്കും സുരേഷ് അങ്ങോട്ടെത്തി. രഞ്ജിനി അവിടെ നിന്നും പേളിയെ പുറത്തേക്ക് കൊണ്ടു പോയി.

താന്‍ അഞ്ജലിയോട് വിവേചനം കാണിക്കുന്നുവെന്ന് സാബു പറഞ്ഞതായി പേളി ആരോപിച്ചു. അഞ്ജലിയും പേളിയ്ക്ക് പിന്തുണയുമായെത്തി. അപ്പോഴേക്കും സാബു അങ്ങോട്ടെത്തി. അഞ്ജലിയുടെ നൈറ്റി ധരിച്ച സമയത്ത് പേളി നടത്തിയ പ്രതികരണമായിരുന്നു സാബു ചൂണ്ടിക്കാണിച്ചത്. സാബു അനൂപിനെ വിളിച്ചു വരുത്തി അത് സ്ഥിരീകരിച്ചു. പക്ഷെ താന്‍ പറഞ്ഞതിന്‍റെ അർത്ഥം അതല്ലെന്നും എങ്ങനെയാണ് സാബുവും അനൂപും ഇങ്ങനെ സംസാരിക്കുന്നതെന്നും പേളി പറഞ്ഞു. അഞ്ജലി അവിടെ നിന്നും എഴുന്നേറ്റ് പോയി. സാബു ബഹളമുണ്ടാക്കി പേളിയെ കളിയാക്കാന്‍ ശ്രമിച്ചു. നന്മയുടെ നിറകുടം എന്ന് വിളിച്ചായിരുന്നു സാബുവിന്‍റെ പരിഹാസം.

പിന്നീട് അകത്ത് വച്ച്,രഞ്ജനി അഞ്ജലിയോടായി നിന്നോട് ആരോടെങ്കിലും വിവേചനം കാണിക്കുന്നുണ്ടോയെന്ന് ചോദിച്ചപ്പോള്‍ പേളി എന്നായിരുന്നു അഞ്ജലിയുടെ മറുപടി. സാബുവും അനൂപും വിവേചനം കാണിക്കുന്നില്ലെന്നും അവള്‍ പറഞ്ഞു. രഞ്ജിനി അത് വേഗം പേളിയുടെ അടുത്തെത്തി പറഞ്ഞു. ഉടനെ അഞ്ജലിയുടെ അടുത്തേക്ക് എത്തിയ പേളി അവളേയും കൊണ്ട് പുറത്ത് വന്നിരുന്നു സംസാരിച്ചു. തന്‍റെ ഭാഗത്തു നിന്നുമുണ്ടായ വിവേചനം എന്താണെന്ന് ചോദിച്ചു. സാരി കൊടുക്കാത്ത സംഭവമായിരുന്നു അഞ്ജലി ചൂണ്ടിക്കാണിച്ചത്. പേളിയുടെ വിശദീകരണങ്ങള്‍ പക്ഷെ അഞ്ജലിയ്ക്ക് മതിയായിരുന്നില്ല.

ശേഷം മുറിയില്‍ വച്ച് അനൂപ് പേളിയ്ക്കെതിരെ ആഞ്ഞടിച്ചു. ഇതേസമയം, പേളി തന്‍റെ ഭാഗം സുരേഷിനോട് വിശദീകരിച്ചു. പേളിയുണ്ടാക്കിയ ഫുഡ് കഴിക്കില്ലെന്ന് വരെ സാബു പറഞ്ഞു. ഷിയാസും ബഷീറും പേളിയുടെ അടുത്തെത്തി. സാബുവും രഞ്ജിനിയും പേളിയെ നെഗറ്റീവ് ആക്കാനുള്ള ശ്രമമാണെന്ന് ഇവരും പേളിയോട് പറഞ്ഞു. പിന്നീട് പേളി അഞ്ജലിയുടെ അടുത്തെത്തി സോറി പറഞ്ഞു.

അടുത്തത് ടാസ്കിനുള്ള സമയമായിരുന്നു. അവരവരുടെ പ്രശ്നങ്ങള്‍ തങ്ങള്‍ക്ക് പ്രിയപ്പെട്ടവരോട് ഫോണില്‍ സംസാരിക്കാനായിരുന്നു ടാസ്ക്. പക്ഷെ ഫോണ്‍കോള്‍ സാങ്കല്‍പ്പികമായിരിക്കും. ആദ്യം ഫോണ്‍ കോള്‍ എടുത്തത് ദിയയായിരുന്നു. അമ്മച്ചിയോടായിരുന്നു ദിയ സംസാരിച്ചത്. തന്നെ മനഃപൂർവ്വം അറ്റാക്ക് ചെയ്യുന്നുണ്ടെന്നായിരുന്നു ദിയ പറഞ്ഞത്. ദിയ ഒരുപാട് നേരം ഫോണില്‍ സംസാരിച്ചെന്ന് പറഞ്ഞ് അനൂപ് ഇടയ്ക്ക് കേറാനുള്ള ശ്രമം നടത്തി. പിന്നീട് ദിയ അത് പറഞ്ഞ് ബഹളമുണ്ടാക്കി. രാത്രി പേളി സുരേഷിന് മുന്നിൽ കരഞ്ഞു. താന്‍ അഞ്ജലിയോട് വിവേചനം കാണിക്കുന്നു എന്ന് പറഞ്ഞതാണ് പേളിയെ വേദനിപ്പിച്ചത്.

അഞ്ജലിയോട് സംസാരിച്ചാല്‍ എല്ലാം ശരിയാകുമെന്ന് സുരേഷ് പറഞ്ഞു. തനിക്ക് യാതൊരു വിവേചനമില്ലെന്നും ട്രാന്‍സ്ജെന്‍ഡർ കമ്യൂണിറ്റിയിലെ ആണുകളെ അറിയാമെന്നും പേളി പറഞ്ഞു. ഇതേസമയം അകത്ത് അഞ്ജലി സുരേഷും പേളിയും സംസാരിക്കുകയാണെന്നും പേളി കരയുകയാണെന്നും പറഞ്ഞു. പേളിയെ കളിയാക്കുന്ന തരത്തിലായിരുന്നു അഞ്ജലിയുടെ സംസാരം. ഇതിനിടെ അർച്ചനയ്ക്ക് സാങ്കല്‍പിക ഫോണ്‍വിളി വന്നു. ദീപനോടായിരുന്നു അർച്ചനയുടെ സംസാരം. അടുത്ത ഊഴം രഞ്ജിനിയുടേതായിരുന്നു. പിന്നാലെ അനൂപിനുളള കോളെത്തി. ഇതിനിടെ പേളിയുടെ മുതലക്കണ്ണീരാണെന്ന് പറഞ്ഞ് രഞ്ജിനിയും സാബുവും ഒരു പാത്രം വെള്ളവുമായെത്തി.

ഇതിന് പിന്നാലെ ബഷീറും ഷിയാസും പേളിയും അഞ്ജലിയും സംസാരിക്കുന്നത് കണ്ടു. അടുത്ത ഫോണ്‍ കോളെടുത്തത് അഞ്ജലിയായിരുന്നു. താന്‍ വിചാരിച്ചപ്പോലെയല്ല വീട്ടിലെ പണിയെന്ന് പറഞ്ഞ അഞ്ജലി അനൂപിന്‍റേയും സാബുവിന്‍റേയും സൗഹൃദത്തെ പുകഴ്ത്തി. എന്നാല്‍ സുരേഷിന്‍റെ വാക്കുകള്‍ വേദനിപ്പിച്ചെന്നും പക്ഷെ ദിയയും രഞ്ജിനിയുമുള്ളത് കൊണ്ട് കുഴപ്പമില്ലെന്നും പറഞ്ഞു. പുറത്തിരിക്കുകയായിരുന്ന പേളിയുടെ അടുത്തെത്തിയ സുരേഷ് അവളോട് പാട്ടുപാടാന്‍ ആവശ്യപ്പെട്ടു. പേളി പാടുന്നതിനിടെ കരഞ്ഞു.

രാത്രി അതിഥിയും ഷിയാസും സംസാരിക്കവെ, താന്‍ മണ്ടനായി അഭിനയിക്കുകയാണെന്നും ഇത് ഗെയിമാണെന്നും ഷിയാസ് പറഞ്ഞു. എന്നാല്‍ അതിഥിയ്ക്ക് അത് മനസിലാക്കാനായില്ല. പിന്നീട് ഷിയാസ് വിശദീകരിച്ചു കൊടുത്തു. ഗെയിമില്‍ മുന്നോട്ട് പോകാനുള്ള തന്ത്രമാണെന്നും ഷിയാസ് പറഞ്ഞു. അപ്പോഴേക്കും ശ്രീനിഷിനുള്ള കോളെത്തി. പേളിയേയും ബഷീറിനേയും ഷിയാസിനേയും സുരേഷിനേയും അതിഥിയേയും കുറിച്ച് ശ്രീനി സംസാരിച്ചു. രാത്രി പതിനൊന്ന് മണിയോടെ പേളിയും ശ്രീനിയും സംസാരിച്ചു. കരയുന്ന പേളിയെ ശ്രീനി ആശ്വസിപ്പിക്കുകയായിരുന്നു. താന്‍ പുറത്താകുമെന്നായിരുന്നു പേളി പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook