Bigg Boss Malayalam, 1 August 2018 Episod 38: പുലര്‍ച്ചെ രണ്ട് മണിക്ക് പേളിയും ശ്രീനിഷും തമ്മില്‍ നിര്‍ണായകമായ സംഭാഷണങ്ങള്‍ നടന്നു. പേളിക്ക് എപ്പോള്‍ മുതലാണ് തന്നെ ഇഷ്ടമായത് എന്നായിരുന്നു ശ്രീനിഷ് ചോദിച്ചത്. കഴിഞ്ഞ ദിവസം സുരേഷിനോട് തനിക്ക് ശ്രീനിഷിനെ ഇഷ്ടമാണെന്ന് പേളി പറഞ്ഞിരുന്നു. ശ്രീനിഷിന്റെ ചോദ്യത്തിന് പേളി വ്യക്തമായ ഉത്തരം പറഞ്ഞില്ല. ഇത്രയും വലിയ ചോദ്യം തുടക്കത്തില്‍ ചോദിക്കരുതെന്നായിരുന്നു പേളി പറഞ്ഞത്. തന്റെ എന്ത് സ്വഭാവമാണ് പേളിക്ക് ഇഷ്ടപ്പെട്ടതെന്നും ശ്രീനിഷ് ചോദിച്ചു. ശ്രീനിഷിനെ മുഴുവനായും ഇഷ്ടമാണ് എന്നാണ് പേളി ഉത്തരം പറഞ്ഞത്.

രഞ്ജിനി എലിമിനേറ്റ് ആയെന്ന് കരുതി തിരിച്ചുവന്നത് കാളകൂട വിഷവും ആയിട്ടാണെന്ന് സാബു തമാശയായി പറഞ്ഞു. രഞ്ജിനി പോയി വന്നതിന് ശേഷം അടിയുണ്ടാക്കാനുളള വിത്ത് ഇട്ട് വയ്ക്കുകയാണെന്നും സാബു പറഞ്ഞു. പൊട്ടിച്ചിരിച്ച് കൊണ്ടാണ് രഞ്ജിനി സാബുവിന്റെ വാക്കുകള്‍ കേട്ടത്. ഉച്ചയോടെ അതിഥിയെ കണ്‍ഫെഷന്‍ റൂമിലേക്ക് ബിഗ് ബോസ് വിളിപ്പിച്ചു. അതിഥിക്ക് ജന്മദിന സമ്മാനം ബിഗ് ബോസ് കൊടുക്കുകയാണ്. നാല് പെട്ടികളില്‍ ഒന്നില്‍ ഒരു സമ്മാനം ഒളിപ്പിച്ച് വച്ചിരുന്നു. ഇതില്‍ ഒരു പെട്ടി തിരഞ്ഞെടുക്കുകയാണ് വേണ്ടത്. അതിഥി ഒരു പെട്ടി തിരഞ്ഞെടുത്തു. ലക്ഷ്വറി ബജറ്റ് ടാസ്ക് ഈ ആഴ്ച ഇനി ഉണ്ടാവില്ലെന്നാണ് ജന്മദിനത്തിന്റെ ഭാഗമായി ബിഗ് ബോസ് അറിയിച്ചത്. കൂടാതെ മത്സരാര്‍ത്ഥികള്‍ ഇന്നലെ നേടിയ 1650 പോയിന്റിന്റെ കൂടെ 350 പോയിന്റുകളും ബിഗ് ബോസ് നല്‍കി. ഇതിന് പിന്നാലെ അതിഥിയുടെ മമ്മി ജന്മദിനാശംസ നേരുന്ന വീഡിയോ ബിഗ് ബോസ് പ്രദര്‍ശിപ്പിച്ചു. പൊട്ടിക്കരഞ്ഞാണ് അതിഥി ഇത് കണ്ടത്. പേളിയും രഞ്ജിനിയും അടക്കമുളള മത്സരാര്‍ത്ഥികളും കണ്ണീര്‍ പൊഴിച്ചു.

തുടര്‍ന്ന് ബിഗ് ബോസ് സമ്മാനിച്ച കേക്ക് മുറിച്ച് അതിഥിയുടെ ജന്മദിനം ആഘോഷിച്ചു. ഇതിന്റെ ഭാഗമായി ബിഗ് ബോസിലെ ഒരു സംഭവത്തെ അടിസ്ഥാനമാക്കി കഥാപ്രസംഗം നടത്താന്‍ ബിഗ് ബോസ് നിർദ്ദേശിച്ചു. അനൂപും സുരേഷും ആണ് കഥാപ്രസംഗം നടത്തേണ്ടത്. അതേസമയം പേളിയും ശ്രീനിഷും തമ്മില്‍ പ്രണയമുണ്ടെന്ന വിഷയം കഥാപ്രസംഗത്തില്‍ ഭാഗമാക്കണമെന്ന് അനൂപും സാബുവും പറഞ്ഞു. എന്നാല്‍ ഇരുവരും തമ്മില്‍ പ്രണയമില്ലെന്നും ആ ഭാഗം വേണ്ടെന്നും സുരേഷ് പറഞ്ഞു. സാബുവും രഞ്ജിനിയും തമ്മില്‍ പ്രണയം ഉണ്ടെന്ന് താന്‍ പറഞ്ഞാല്‍ സമ്മതിക്കുമോ എന്നായിരുന്നു സുരേഷ് തിരിച്ചു ചോദിച്ചത്. തങ്ങള്‍ പ്രണയത്തിലാണെന്ന് സാബു മറുപടി പറഞ്ഞു. ഇതിനിടെ ബിഗ് ബോസില്‍ ഷിയാസ് സ്വയം ബഹുമാനവും പേരും കളയരുതെന്ന് അതിഥി പറഞ്ഞു.

തുടര്‍ന്ന് അനൂപും സുരേഷും കഥാപ്രസംഗം ആരംഭിച്ചു. ‘ബിഗ് ബോസ് തറവാട്’ എന്നാണ് കഥാപ്രസംഗത്തിന് പേരിട്ടത്. കഴിഞ്ഞ ആഴ്ചയിലെ എലിമിനേഷനെ അടിസ്ഥാനപ്പെടുത്തിയാണ് കഥാപ്രസംഗം തയ്യാറാക്കിയത്. അഞ്ജലി ബിഗ് ബോസിലേക്ക് വന്നതും രഞ്ജിനിയുടെ തിരിച്ചു വരവും പരാമര്‍ശിക്കപ്പെട്ടു. ഓരോ മത്സരാര്‍ത്ഥികളേയും പിന്നീട് കഥാപ്രസംഗത്തില്‍ അവതരിപ്പിച്ചു. മൂന്ന് വയസുകാരന്റെ ബുദ്ധി മാത്രമുളള ഒരു യുവാവാണ് ഷിയാസെന്ന് കഥാപ്രസംഗത്തില്‍ അനൂപ് പറഞ്ഞു.

ബിഗ് ബോസില്‍ കഴിഞ്ഞയാഴ്ച നടന്ന ഓരോ സംഭവങ്ങളും അനൂപ് അവതരിപ്പിച്ചു. എല്ലാവരും ഓരോ കഥാപാത്രങ്ങളായി പ്രകടനം നടത്തി. അതിഥിയുടെ ജന്മദിനം വരെ അനൂപ് കഥാപ്രസംഗത്തില്‍ അവതരിപ്പിച്ചു. ഇതിനിടെ പേളിയേയും ശ്രീനിഷിനേയും കളിയാക്കിയും അനൂപ് കഥാപ്രസംഗത്തില്‍ പരാമര്‍ശിച്ചു. ഇണക്കുരുവികള്‍ കൊക്കുരുമ്മി ഇരിക്കുകയാണ് എന്നാണ് അനൂപ് പറഞ്ഞത്. ഉടന്‍ തന്നെ ശ്രീനിഷ് കല്ലേറ് തുടങ്ങി. പിന്നാലെ മറ്റുളളവരും കാഥികനെ കല്ലെറിഞ്ഞ് വേദിയില്‍ നിന്നിറക്കി.

ഇതിന് ശേഷം മറ്റൊരു ടാസ്ക് കൂടി ബിഗ് ബോസ് നല്‍കി. ബിഗ് ബോസ് നല്‍കിയ വ്യത്യസ്ത സ്‌പ്രേകളുടെ മണം തിരിച്ചറിയുകയാണ് ടാസ്ക്. പേളിയും സാബുവും ആണ് രണ്ട് ടീമുകളുടെ ക്യാപ്റ്റന്മാര്‍. മത്സരത്തില്‍ പേളി നയിച്ച എ ടീം ആണ് മത്സരത്തില്‍ ജയിച്ചത്. ജയിച്ച ടീമിന് ഫോഗ് സ്‌പ്രേകളാണ് സമ്മാനം നല്‍കിയത്. ബിഗ് ബോസില്‍ വന്ന തന്നെ കുറിച്ച് പുറത്തുളളവര്‍ സംസാരിക്കുന്നത് എന്തായിരിക്കുമെന്ന കാര്യത്തില്‍ തനിക്ക് ആശങ്കയുണ്ടെന്ന് സുരേഷ് പേളിയോട് പറഞ്ഞു. താന്‍ വഴക്കുണ്ടാക്കുന്നത് കണ്ടവര്‍ തന്നെ വെറുക്കുന്നുണ്ടാകുമെന്നും സുരേഷ് കൂട്ടിച്ചേര്‍ത്തു. പേളി സുരേഷിനെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook