scorecardresearch
Latest News

ക്ലൈമാക്‌സില്‍ കൊടും ട്വിസ്റ്റ്; ആരാണ് പുറത്തായതെന്ന് അറിയാതെ കുഴങ്ങി മത്സരാര്‍ത്ഥികള്‍

അതിഥിയെ കണ്ണുകെട്ടിയ അവസ്ഥയില്‍ കണ്‍സെഷന്‍ റൂമിലേക്ക് കൊണ്ടിരുത്തുകയായിരുന്നു. ക്ലെെമാക്സിലെ ട്വിസ്റ്റില്‍ അതിഥി ഞെട്ടിത്തരിച്ചു പോയി

ക്ലൈമാക്‌സില്‍ കൊടും ട്വിസ്റ്റ്; ആരാണ് പുറത്തായതെന്ന് അറിയാതെ കുഴങ്ങി മത്സരാര്‍ത്ഥികള്‍

Bigg Boss Malayalam, 09 September 2018 Episode:76 ഇന്നലെ അവസാനിപ്പിച്ചിടത്തു നിന്നും ഇന്നത്തെ എപ്പിസോഡ് ആരംഭിച്ചു. എലിമിനേഷന്‍ പ്രക്രിയകളുമായി മോഹന്‍ലാല്‍ എത്തി. പക്ഷെ ഈ സമയം, സാബുവും സുരേഷും ബാത്ത് റൂമിലായിരുന്നു. ഇതോടെ മോഹന്‍ലാലിനും മറ്റുള്ളവർക്കും അവർ വരുന്നതിനായി കാത്തു നില്‍ക്കേണ്ടി വന്നു. സമയവും കാലവും ആർക്കു വേണ്ടിയും കാത്തു നില്‍ക്കില്ലെന്ന് പറഞ്ഞ് മോഹന്‍ലാല്‍ അവരെ വിമർശിച്ചു. ക്യാപ്റ്റനായ ശ്രീനിഷിനോട് കഴിഞ്ഞ ആഴ്ച്ചയിലെ സംഭവങ്ങളെ കുറിച്ച് ചോദിച്ചു. വീട്ടിലുണ്ടായ അടികളെ കുറിച്ച് ശ്രീനിഷ് പറഞ്ഞു. സാബുവും ഹിമയും തമ്മിലെന്തിനാണ് അടിയുണ്ടാക്കിയതെന്ന് മോഹന്‍ലാല്‍ ചോദിച്ചു. ബിഗ് ബോസ് കിന്‍റർ ഗാർഡന്‍ ആയെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

ശ്രീനിഷിന്‍റെ ക്യാപ്റ്റന്‍സി നന്നായിരുന്നുവെന്ന് സുരേഷ് അഭിപ്രായപ്പെട്ടു. പിന്നീട് സുരേഷ് സോക്സിന്‍റെ അടിയില്‍ അണ്ടിപ്പരിപ്പ് ഒളിപ്പിച്ച് വച്ചിട്ടുണ്ടെന്ന് മോഹന്‍ലാല്‍ വെളിപ്പെടുത്തി. അതിഥിയെ പേടിച്ചിട്ടാണ് ഒളിപ്പിച്ച് വച്ചതെന്ന് സുരേഷ് പറഞ്ഞു. പതിവ് പോലെ വീട്ടിലെ ഓരോരുത്തരോടും മോഹന്‍ലാല്‍ വിശേഷങ്ങള്‍ തിരക്കി. പിന്നീട് ഹിമയോട് സുരേഷിനോടുണ്ടായ വഴക്കിനെ കുറിച്ച് ചോദിച്ചു. തനിക്ക് വ്യക്തിപരമായി വിഷമമുണ്ടായപ്പോള്‍ മാത്രമാണ് ദേഷ്യം വന്നതെന്ന് ഹിമ പറഞ്ഞു. സാബുവുമായി ഉണ്ടായ അടിയുടേയും കാരണവും അതാണെന്ന് ഹിമ വ്യക്തമാക്കി. പിന്നീട് സാബുവിനോട് വിശദീകരണം ചോദിച്ചു. ആഹാരത്തോട് അനാദരവ് കാണിച്ചത് ഇഷ്ടമായില്ലെന്നും വളർത്തു ദോഷം കൊണ്ടാങ്ങനെ ചെയ്തതെന്നും സാബു പറഞ്ഞു. ഇതൊക്കെ ആളുകള്‍ കാണുന്നുണ്ടെന്ന് മോഹന്‍ലാല്‍ ഓർമ്മിപ്പിച്ചു.

വീട്ടിനുള്ളില്‍ അരാജകത്വമാണെന്നും ആരേയും നിയന്ത്രിക്കാനാകില്ലെന്നും സുരേഷ് പറഞ്ഞു. ക്യാപ്റ്റന്‍സി ടാസ്കിനെ കുറിച്ച് ഷിയാസിനോട് മോഹന്‍ലാല്‍ ചോദിച്ചു. ടാസ്ക് എന്താണെന്ന് മനസിലായില്ലേ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. ഷിയാസ് മുഖം ചെളിയില്‍ മുക്കിയത് എന്തിനാണെന്ന് മനസിലായില്ലെന്ന് സാബുവും ബഷീറും പറഞ്ഞു. പുതിയ ക്യാപ്റ്റനായ അതിഥിയോട് അഭിപ്രായം ചോദിച്ചു. തനിക്ക് പഠിക്കാനുണ്ടെന്നും അതിന് സാബുവിന്‍റെ സഹായം വേണമെന്നും അതിഥി പറഞ്ഞു. തന്നോട് അതിഥി പകരം വീട്ടുകയാണെന്നായിരുന്നു സാബുവിന്‍റെ മറുപടി. തന്നെ വന്ന കാലം മുതല്‍ സാബു തേച്ച് ഒട്ടിക്കുകയാണെന്ന് ഹിമ പറഞ്ഞു. ഒരാള്‍ ഡാന്‍സ് കളിക്കുന്നതിനിടെ സ്വയം കത്തിപ്പോയതിനെ കുറിച്ച് പറഞ്ഞതായിരുന്നു സാബു നേരത്തെ കളിയാക്കിയത്. പിന്നീട് അവർക്കായി ഒരു ടാസ്ക് ബിഗ് ബോസ് നല്‍കി.

എല്ലാവരും ചേർന്നുള്ള പസില്‍ ടാസ്കായിരുന്നു ലഭിച്ചത്. നീന്തല്‍ കുളത്തിലുള്ള പസിലുകള്‍ ചേർത്ത് വച്ചായിരുന്നു രൂപമുണ്ടാക്കേണ്ടത്. കഥകളിയുടെ രൂപമാണ് യോജിപ്പിക്കേണ്ടത്. രണ്ട് ടീമായിട്ടായിരുന്നു മത്സരിക്കേണ്ടത്. എന്നാലിതിനിടെ ഇരു ടീമും തമ്മില്‍ ചെറിയ തർക്കമുണ്ടായി. മടങ്ങി എത്തിയതും ഷിയാസ് ഈ ആഴ്ച്ച പുറത്താകുന്നില്ലെന്ന് മോഹന്‍ ലാല്‍ അറിയിച്ചു. ഇതോടെ അതിഥിയും ഹിമയും അർച്ചനയും മാത്രമായി ബാക്കി. പിന്നീട് അർച്ചനയും പുറത്ത് പോകുന്നില്ലെന്ന് അദ്ദേഹം അറിയിച്ചു. ഇതോടെ അതിഥിയും ഹിമയും മാത്രമായി ബാക്കി. ക്യാപ്റ്റനാകാനുള്ള അവസരം കിട്ടിയതേയുള്ളൂ അതിഥിയ്ക്ക് എന്നാല്‍ അത് ആസ്വദിക്കാനുള്ള അവസരം അതിഥിക്കുണ്ടായില്ല. അതിഥിയോട് പെട്ടിയെടുത്ത് പുറത്തേക്ക് വരാന്‍ ലാലേട്ടന്‍ ആവശ്യപ്പെട്ടു. ഹിമ ഇതു കേട്ടതും പൊട്ടിക്കരഞ്ഞു. അതിഥി പക്ഷെ ചിരിച്ചു കൊണ്ടായിരുന്നു പെട്ടിയെടുത്തതും പോകാനായി തയ്യാറെടുത്തതും. വിശ്വസിക്കാനാകാതെ ഷിയാസ് തലയില്‍ കെെ വെച്ച് നില്‍ക്കുകയായിരുന്നു.

എല്ലാവരോടും ചിരിച്ചു കൊണ്ട് യാത്ര പറഞ്ഞാണ് അതിഥി വീട്ടില്‍ നിന്നും ഇറങ്ങിയത്. താനെത്ര ഹാപ്പിയാണെന്ന് പറയാനറിയില്ലെന്ന് അതിഥി പറഞ്ഞു. ഹിമയോട് കണ്‍സെഷന്‍ റൂമിലേക്ക് വരാനായി പറഞ്ഞു. കരഞ്ഞു കൊണ്ടായിരുന്നു ഹിമ നടന്നത്. മുറിയിലെത്തിയതും ഹിമ പൊട്ടിക്കരഞ്ഞു. പ്രതീക്ഷകള്‍ക്ക് ഒത്ത് ഉയരാനാകാത്തത് കൊണ്ട് ഹിമയ്ക്ക് എതിരാണ് പ്രേക്ഷകരുടെ വോട്ടെന്നും അതുകൊണ്ട് ഹിമയോട് എല്ലാവരോടും യാത്ര പറഞ്ഞ് പുറത്തേക്ക് വരാന്‍ ബിഗ് ബോസ് പറഞ്ഞു. തന്നെ പ്രേക്ഷകർക്ക് ഇഷ്ടമാകില്ലെന്ന് അറിയാമെന്നും തനിക്ക് സാബുവിനോടുണ്ടായിരുന്നത് ഇഷ്ടം തന്നെയായിരുന്നുവെന്നും അല്ലാതെ ഗെയിമല്ലായിരുന്നുവെന്നും എല്ലാം കെെയ്യില്‍ നിന്നും പോവുകയായിരുന്നുവെന്നും ഹിമ പറഞ്ഞു. എന്നാല്‍ ഇനിയാരോടും യാത്ര പറയേണ്ടതില്ലെന്ന് ബിഗ് ബസ് അറിയിക്കുകയായിരുന്നു. തുടർന്ന് ഹിമയെ പിന്‍വാതിലിലൂടെ പുറത്താക്കി. ഹിമ പോയത് മറ്റുള്ളവർ അറിഞ്ഞിരുന്നില്ല.

ഈ സമയം, അതിഥിയെ കണ്ണുകെട്ടിയ അവസ്ഥയില്‍ കണ്‍സെഷന്‍ റൂമിലേക്ക് കൊണ്ടിരുത്തുകയായിരുന്നു. ക്ലെെമാക്സിലെ ട്വിസ്റ്റില്‍ അതിഥി ഞെട്ടിത്തരിച്ചു പോയി. അതിഥിയെ വീട്ടിലേക്ക് തിരികെ കൊണ്ട് വരികയായിരുന്നു. വാതില്‍ തുറന്ന് അതിഥി പുറത്തിറങ്ങിയതും മറ്റുള്ളവർക്ക് വിശ്വാസിക്കാനായില്ല. ഹിമ പുറത്ത് പോയത് അറിഞ്ഞിട്ടും ആർക്കും വലിയ വിഷമമുണ്ടായിരുന്നില്ല. എല്ലാവരും അതിഥി തിരികെ എത്തിയതിന്‍റെ സന്തോഷത്തിലായിരുന്നു.

തുടർന്ന് ഹിമ മോഹന്‍ലാലിന് അരികിലെത്തി. തനിക്ക് തന്‍റെ തെറ്റുകള്‍ മനസിലായെന്നും തെറ്റുകള്‍ പറ്റിയിട്ടുണ്ടെന്നും ഹിമ പറഞ്ഞു. തനിക്ക് പക്വതയില്ലായിരുന്നുവെന്നും ഹിമ പറഞ്ഞു. തനിക്ക് പുറത്തായതില്‍ സങ്കടമില്ലെന്നും അതിഥിയ്ക്ക് തന്നേക്കാള്‍ അർഹതയുണ്ടെന്നും ഹിമ പറഞ്ഞു. തനിക്ക് സാബുവിനെ ഇഷ്ടമാണെന്ന് ഹിമ ആവർത്തിച്ചു. തന്നെ മറ്റുള്ളവർ തെറ്റിദ്ധരിച്ചതാണെന്നും ഹിമ അഭിപ്രായപ്പെട്ടു. തുടർന്ന് സാബുവിന്‍റെ കട്ടൌട്ടിനെ നോക്കി താന്‍ ഫെമിനിസ്റ്റും ഈക്വലിസ്റ്റുമാണെന്നും ഹിമ പറഞ്ഞു. ഒരുനാള്‍ സാബു തന്നോട് മാപ്പ് പറയുമെന്നും ഹിമ പറഞ്ഞു. തന്‍റെ പ്രിയപ്പെട്ട ചെടി ഹിമയ്ക്ക് നല്‍കി കൊണ്ട് ഹിമയെ മോഹന്‍ലാല്‍ യാത്രയാക്കി.

അതിഥി തിരികെ വന്നതും ഹിമ പോയതിലും വീട്ടിലുള്ളവർ വളരെയധികം സന്തോഷത്തിലായിരുന്നു. വലിയ ആശ്വസമുണ്ടെന്ന് സാബുവും പറഞ്ഞു. ഹിമയ്ക്ക് കാര്യങ്ങള്‍ പറഞ്ഞ് കൊടുത്താല്‍ മനസിലാകില്ലെന്ന് ബഷീർ പറഞ്ഞു. ഹിമ പറയുന്ന കണക്ഷന്‍ തനിക്കൊരിക്കലും അനുഭവപ്പെട്ടിട്ടില്ലെന്ന് സാബു പറഞ്ഞു. ശ്രീനിഷും പേളിയും അവർക്കൊപ്പമുണ്ടായിരുന്നു. ഹിമയുടെ ലോകം വളരെ ചെറുതാണെന്നും ഒന്നും കണ്ടിട്ടില്ലെന്നും സാബു അഭിപ്രായപ്പെട്ടു. മടങ്ങിയെത്തിയ അതിഥിയ്ക്ക് അരികിലെത്തി സന്തോഷം അറിയിച്ച ഷിയാസിനെ ചുംബനം നല്‍കിയാണ് അതിഥി സ്വീകരിച്ചത്. പിന്നീട് ഇതേ ചൊല്ലി ശ്രീനിഷും പേളിയും ഷിയാസിനെ കളിയാക്കി. ഷിയാസിന്‍റെ മുഖത്ത് അതിഥിയുടെ ലിപ്സ്റ്റിക്കിന്‍റെ പാടുണ്ടായിരുന്നു. ഇത് ചൂണ്ടിക്കാണിച്ചവർ കളിയാക്കിത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Bigg boss malayalam 09 september 2018 episode76