Bigg Boss Malayalam, 09 July 2018 Episode:16: പുലർച്ചെ രണ്ടരയോടെയാണ് ഇന്നത്തെ എപ്പിസോഡ് ആരംഭിച്ചത്. ഭക്ഷണം ശരിയാകാത്തതു കൊണ്ട് സുരേഷിന് ഛർദിയാണെന്ന് സുരേഷ് അർച്ചനയോട് പറയുന്നതാണ് ആദ്യം കണ്ടത്. തുടർന്ന് അർച്ചന വിവരം ബിഗ് ബോസിനോടും പറഞ്ഞു. സുഖമില്ലാത്ത സുരേഷിന് അർച്ചന തനിക്ക് അറിയാവുന്ന ചില പൊടിക്കെകളൊക്കെ നല്‍കി. സുരേഷിനെ ശുശ്രൂഷിക്കുന്നതില്‍ അർച്ചന പ്രത്യേക സ്നേഹവും താല്‍പര്യവും കാണിക്കുന്നുണ്ടായിരുന്നു.

ഇതിനിടെ സ്റ്റോർ റൂമിലെ അലാറം മുഴങ്ങി. അവിടേക്ക് ഓടിയെത്തി അർച്ചന റൂമില്‍ നിന്നും ലഭിച്ച മരുന്നുമായി സുരേഷിന് അരികിലെത്തി. സുഖമില്ലാത്തതിനാല്‍ കിടക്കുകയായിരുന്ന സുരേഷിനെ വിളിച്ചുണർത്തിയ ശേഷം അർച്ചന അദ്ദേഹത്തിന് മരുന്ന് നല്‍കി. ഹൃദയം തൊടുന്ന കാഴ്‌ചകളായിരുന്നു അത്.

രാവിലെ പതിവു പോലെ പാട്ടോടു കൂടി തന്നെ ദിവസം ആരംഭിച്ചു. തുടർന്ന് എലിമിനേഷനുള്ള നോമിനേഷന്‍ പ്രക്രിയ ആരംഭിച്ചു. ആദ്യം ശ്വേതയുടെ ഊഴമായിരുന്നു. കണ്‍സെഷന്‍ റൂമിലെത്തിയ ശ്വേത അനൂപിന്‍റേയും ബഷീറിന്‍റേയും പേരുകളാണ് പറഞ്ഞത്. പിന്നെ രഞ്ജിനിയും അനൂപിന്‍റെ പേരാണ് പറഞ്ഞത്. രഞ്ജിനി പറഞ്ഞ മറ്റൊരു പേര് സാബുവിന്റേതാണ്.

ശ്രീലക്ഷ്മി നോമിനേറ്റ് ചെയ്തത് അർച്ചനയെയും സാബുവിനേയുമായിരുന്നു. പേളി നിർദ്ദേശിച്ചത് ദീപനേയും ഹിമയേയുമായിരുന്നു. ഹിമ രഞ്ജിനിയേയും സാബുവിനേയും നോമിനേറ്റ് ചെയ്തു. അതിഥി അനൂപിനേയും പേളിയേയും നോമിനേറ്റ് ചെയ്തു. ദിയ ശ്രീലക്ഷ്മിയേയും രഞ്ജിനിയേയുമായിരുന്നു നോമിനേറ്റ് ചെയ്തത്. ദീപനും രഞ്ജിനിയേയും ശ്വേതയേയുമായിരുന്നു. അനൂപ് പറഞ്ഞത് രഞ്ജിനിയുടേയും ഹിമയുടേയും പേരായിരുന്നു. സുരേഷും രഞ്ജിനിയുടെ പേരാണ് പറഞ്ഞത്. ബഷീർ ശ്വേതയുടേയും രഞ്ജിനിയുടേയും പേര് പറഞ്ഞു. പ്രതീക്ഷിച്ച പോലെ സാബുവും രഞ്ജിനിയുടെ പേര് പറഞ്ഞു.

തുടർന്ന് ബിഗ് ബോസ് മത്സരാർത്ഥികള്‍ക്ക് ലഭിച്ച വോട്ട് അറിയിച്ചു. രഞ്ജിനിയും അനൂപും ഹിമയുമായിരുന്നു മുന്നില്‍. ഇവരില്‍ ഒരാളെ രക്ഷിക്കാനുള്ള അവസരം ശ്രീനിഷിന് ബിഗ് ബോസ് നല്‍കി. ഒപ്പം ഒരാളെ നോമിനേറ്റ് ചെയ്യാനും അവസരം നല്‍കി. ശ്രീനിഷ് രഞ്ജിനിയെ രക്ഷിച്ചപ്പോള്‍ ശ്രീലക്ഷ്മിയെ എലിമിനേഷന് നോമിനേറ്റ് ചെയ്തു. ക്യാപ്റ്റനായിരുന്നപ്പോള്‍ രഞ്ജിനി നിഷ്പക്ഷയായിരുന്നു എന്നാണ് ശ്രീനിഷ് പറഞ്ഞ ന്യായീകരണം.

ശേഷം, ഹിമയും അതിഥിയും തമ്മില്‍ നോമിനേഷനെ കുറിച്ച് സംസാരിച്ചു. എല്ലാവരും പരസ്പരം ശ്രീനിഷിന്‍റെ തിരഞ്ഞെടുപ്പിനെ വിലയിരുത്തുകയായിരുന്നു. അതേ ചർച്ച ശ്വേതയും ശ്രീലക്ഷ്മിയും തമ്മിലും നടന്നു. നിലവില്‍ നോമിനേറ്റ് ചെയ്യപ്പെട്ടവർ ഹിമയും അനൂപും സാബുവും ശ്രീലക്ഷ്മിയുമായിരുന്നു. എലിമിനേഷനെ കുറിച്ച് പലവിധ ചർച്ചകളാണ് വീട്ടില്‍ പലയിടത്തായി നടന്നത്.

വൈകിട്ട് മൂന്നുമണിയ്ക്ക് വീടിന് പുറത്ത് ദിയ താന്‍ പൊലീസ് സ്റ്റേഷനില്‍ കയറിയ കഥ ദിയ ബഷീറിനും ശ്രീനിഷിനും പറഞ്ഞു കൊടുക്കുകയായിരുന്നു. ദിയയുടെ വാക്കുകള്‍ ആശ്ചര്യത്തോടെയായിരുന്നു ഇരുവരും കേട്ടത്. മൂന്നേകാലോടെ സുരേഷും ശ്രീനിഷും തമ്മില്‍ രഞ്ജിനിയെ രക്ഷിച്ചതിനെ കുറിച്ച് ചർച്ചയായി. കളിക്കാന്‍ അറിയുന്നവരെ കൂടെ നിർത്തണം അല്ലാത്തവരെ നോമിനേറ്റ് ചെയ്യണം എന്നായിരുന്നു ശ്രീനിഷ് പറഞ്ഞ ന്യായീകരണം.

കാക്കക്ക് തീറ്റ കൊടുക്കുന്ന പേളി രസകരമായ നിമിഷങ്ങളാണ് പിന്നീട് സമ്മതിച്ചത്. കാക്ക വരാതായതോടെ അനൂപ് കാക്കയുടെ ശബ്ദമുണ്ടാക്കി നോക്കിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ അർച്ചനയും ദീപനും തമ്മിലുള്ള ചർച്ച ആരംഭിച്ചു. വീട്ടുകാരെ കുറിച്ചായിരുന്നു അർച്ചനയ്ക്ക് പറയാനുണ്ടായിരുന്നത്. ദീപനും വീടിനേയും ബിഗ് ബോസ് ദിവസങ്ങളെ കുറിച്ചും സംസാരിച്ചു.

ശേഷം മത്സരാർത്ഥികള്‍ക്കായി പുതിയ ടാസ്ക് എത്തി. സംഘ നൃത്തമായിരുന്നു ഇന്നത്തെ ടാസ്ക്. ബിഗ് ബോസ് ഗാനത്തിനൊത്തായിരുന്നു നൃത്തം ചെയ്യേണ്ടിയിരുന്നത്. തങ്ങളില്‍ നിന്നും ഒരു നൃത്ത സംവിധാനകനേയും തിരഞ്ഞെടുക്കാന്‍ പറഞ്ഞു. അർച്ചനയായിരുന്നു ഡാന്‍സ് മാസ്റ്റർ. വൈകിട്ട് ആറ് മണിയോടെ അരിസ്റ്റോയ്ക്ക് സുഖമില്ലാതായി. അദ്ദേഹത്തെ എല്ലാവരും ചേർന്ന് പാട്ടു പാടി ഉറക്കാന്‍ ശ്രമിച്ചു. ലാലി ലാലി പാട്ടു പാടിയും മറ്റുമായിരുന്നു അദ്ദേഹത്തെ മറ്റുള്ളവർ ഉറക്കാന്‍ ശ്രമിച്ചത്.

ശേഷം ടാസ്കില്‍ പറഞ്ഞതു പോലെ ബിഗ് ബോസ് ഗാനത്തിനൊപ്പം ഡാന്‍സ് ചെയ്യാനായിരുന്നു അവസരം. എല്ലാവരും ചേർന്ന് മനോഹരമായി തന്നെ ഡാന്‍സ് ചെയ്തു. ഡാന്‍സ് അവസാനിച്ചതും. എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് വീട്ടിലെ പുതിയ അംഗമായ ഷിയാസ് കടന്നു വന്നു. വീട്ടിലെ ചിലർക്ക് ഷിയാസിനെ നേരത്തെ പരിചയമുണ്ടായിരുന്നു. അറിയാത്തവരുമായി ഷിയാസ് പരിചയപ്പെട്ടു.

പിന്നീട് പുതിയ ആളെ കുറിച്ച് മറ്റുള്ളവരില്‍ ചിലർ ചർച്ച ചെയ്യുന്നത് കണ്ടു. ജീവനും കൊണ്ട് ഷിയാസ് ഓടുമെന്നായിരുന്നു രഞ്ജിനിയുടെ പ്രതികരണം. പിന്നീട് ഷിയാസ് അവിടേക്ക് എത്തി. ഷിയാസ് തനിക്ക് കുട്ടിയെ പോലെയാണെന്ന് ശ്വേത പറഞ്ഞു. എല്ലാവരേയും കുപ്പിയിലാക്കാനുള്ള ഷിയാസിന്‍റെ വാക്കുകളെ മറ്റുള്ളവർക്ക് ചടുലമായ മറുപടിയിലൂടെ തിരിച്ചടിച്ചു. എല്ലാ കളിയും കളിച്ചിട്ടാണ് ഇവിടെ വരെ എത്തിയതെന്നായിരുന്നു ഷിയാസിന്‍റെ മറുപടി. തുടർന്ന് ബഷീർ ഷിയാസിന് വീടു കാണിച്ചു കൊടുത്തൂ.

തമാശകള്‍ പറഞ്ഞ് വീട്ടിലെ അംഗങ്ങളുമായി അടുക്കാനുള്ള ശ്രമങ്ങളായിരുന്നു ഷിയാസ് ആദ്യ ദിവസം തന്നെ പുറത്തെടുത്തത്. എന്നാല്‍ ഇതുവരെ നടന്ന സംഭവങ്ങളുടെ അനുഭവത്തില്‍ അതിനെയെല്ലാം വീട്ടിലെ മറ്റുള്ളവർ കൃത്യമായി മനസിലാക്കി കൊണ്ടു തന്നെ നേരിടുകയും ചെയ്തു.

തുടർന്ന് ഷിയാസിനെ കുറിച്ച് കൂടുതല്‍ അറിയാനുള്ള അവസരമായിരുന്നു. എല്ലാവർക്കും ഷിയാസിനോട് ഓരോ ചോദ്യങ്ങള്‍ ചോദിക്കാന്‍ ബിഗ് ബോസ് അനുവദിച്ചു. ഒപ്പം മോഡലായതിനാല്‍ റാംപ് വാക്ക് നടത്താനും ഷിയാസിനോടായി ആവശ്യപ്പെട്ടു. തുടർന്ന് തന്നെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. ഓരോരുത്തരായി ചോദ്യങ്ങള്‍ ചോദിക്കുകയും ഷിയാസ് മറുപടി പറയുകയും ചെയ്യുന്നതായിരുന്നു രീതി. തമാശ രൂപത്തിലായിരുന്നു ഷിയാസിന്‍റെ മറുപടികളെല്ലാം. വീട്ടുകാരെ കുറിച്ചും സുഹൃത്തുക്കളെ കുറിച്ചുമെല്ലാം ഷിയാസ് പറഞ്ഞു. കൂടുതലും ഉമ്മയെ കുറിച്ചായിരുന്നു ഷിയാസിന് പറയാനുണ്ടായിരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook