Bigg Boss Malayalam, 09 August 08 2018 Episode 46: 46-ാം ദിവസം സാധകം ചെയ്താണ് മത്സരാര്‍ത്ഥികള്‍ ആരംഭിച്ചത്. രാവിലെ തന്നെ ബിഗ് ബോസ് ടാസ്ക് നല്‍കി. ബിഗ് ബോസ് ഒരു വാക്ക് തിരഞ്ഞെടുക്കാന്‍ മത്സരാര്‍ത്ഥികളോട് ആവശ്യപ്പെട്ടു. ഈ വാക്കും തങ്ങളുടെ ജീവിതവും ചേര്‍ത്ത് മത്സരാര്‍ത്ഥികള്‍ സംസാരിക്കണം. ‘പ്രണയം’ എന്ന വാക്കാണ് ഷിയാസിന് ലഭിച്ചത്. തന്റെ അമ്മയെ കുറിച്ചും മറ്റും ഷിയാസ് സംസാരിച്ചു. ‘ഒറ്റപ്പെടല്‍’ എന്ന വാക്കാണ് അര്‍ച്ചനയ്ക്ക് ലഭിച്ചത്. തന്റെ ഉറ്റസുഹൃത്തുക്കള്‍ ഓരോന്നും ബിഗ് ബോസില്‍ നിന്ന് പോവുമ്പോള്‍ ഒറ്റപ്പെടല്‍ തോന്നിയതായി അര്‍ച്ചന പറഞ്ഞു. എന്നാല്‍ ഇനിയത് തോന്നില്ലെന്നും അര്‍ച്ചന വ്യക്തമാക്കി. ‘അമ്മ’ എന്ന വാക്കാണ് ശ്രീനിഷിന് ലഭിച്ചത്. അമ്മയാണ് താനിവിടെ നില്‍ക്കാന്‍ കാരണമെന്ന് ശ്രീനിഷ്. അമ്മയെ മിസ് ചെയ്തിട്ടും താന്‍ അത് പ്രകടിപ്പിക്കാതിരുന്നത് അമ്മയ്ക്ക് വിഷമം ഉണ്ടാവുന്നത് കൊണ്ടാണെന്ന് ശ്രീനിഷ് പറഞ്ഞു. എല്ലാവരോടും സ്നേഹത്തോടെ ഇരിക്കണമെന്നാണ് ഇങ്ങോട്ട് വരുമ്പോള്‍ അമ്മ പറഞ്ഞതെന്നും ശ്രീനിഷ് വ്യക്തമാക്കി.

‘മാറ്റം’ എന്ന വാക്കാണ് സുരേഷിന് ലഭിച്ചത്. താന്‍ തെമ്മാടിയായി നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നെന്ന് സുരേഷ് വെളിപ്പെടുത്തി. കുടുംബത്തിന്റെ സന്തോഷം തന്റെ മാറ്റത്തിലാണെന്ന ഉപദേശത്തെ തുടര്‍ന്ന് താന്‍ മാറാന്‍ ശ്രമിച്ചതായി സുരേഷ് പറഞ്ഞു. ‘അമ്മയെ സ്നേഹിച്ച് മാറണമെന്നാണ് ആദ്യം കരുതിയത്. സിനിമയില്‍ കയറി വലിയ ആളായി മാറണമെന്ന് ആഗ്രഹിച്ചു. എന്നെ തന്നെ തിരിച്ചറിഞ്ഞ് ഞാന്‍ മാറ്റം വരുത്തി’, സുരേഷ് പറഞ്ഞു.

‘വെറുപ്പ്’ എന്ന വാക്കാണ് പേളിക്ക് ലഭിച്ചത്. ഷിയാസിന്റെ ചില ആംഗ്യങ്ങളും ഗോഷ്ടികളും കാരണം അവനെ വെറുക്കാനുളള സാധ്യതയുണ്ട്. പക്ഷെ അവന്‍ തന്റെ സഹോദരനായത് കാരണം വെറുക്കില്ലെന്ന് പേളി പറഞ്ഞു. എന്നാല്‍ ഇതിന് പിന്നാലെ ഷിയാസ് ഇതിനെ ചൊല്ലി പേളിയോട് വഴക്കിട്ടു. അനാവശ്യമായാണ് ഷിയാസ് പലപ്പോഴും മുഖഭാവങ്ങള്‍ കാണിക്കുന്നതെന്ന് പേളി പറഞ്ഞു. ‘ഇന്ന് ഷിയാസ് വളരെ ഓവറായിരുന്നു. എത്ര വൈകാരികമായ കാര്യങ്ങള്‍ പറയുമ്പോഴും അനാവശ്യമായ മുഖഭാവമാണ് ഷിയാസ് കാണിക്കുന്നത്’, പേളി പറഞ്ഞു.

എന്നാല്‍ പേളിക്ക് വേണ്ടി തന്റെ ശീലം മാറ്റാനാവില്ലെന്ന് ഷിയാസ് പറഞ്ഞു. ‘എനിക്ക് ഇഷ്ടമുളളത് ഞാന്‍ കാണിക്കും. കോപ്രായമാണ് ഞാന്‍ കാണിക്കുന്നതെന്നാണ് പേളിയുടെ അഭിപ്രായം. എനിക്കത് മാറ്റാന്‍ താത്പര്യമില്ല’, ഷിയാസ് പറഞ്ഞു. എന്നാല്‍ തന്റെ മുമ്പില്‍ നിന്ന് അനാവശ്യമായ മുഖഭാവം കാണിച്ചതാണ് തന്റെ പ്രശ്നമെന്ന് പേളി വ്യക്തമാക്കി. ‘ഷിയാസ് പ്രകടനം നടത്തുമ്പോള്‍ മറ്റുളളവര്‍ മിണ്ടാതിരിക്കണം. പക്ഷെ നമ്മള്‍ എന്തെങ്കിലും പറയുമ്പോള്‍ ഷിയാസിന്റെ മുഖഭാവം ഇത്തരത്തിലാണ്’, പേളി പറഞ്ഞു.

തന്നോട് കൂടുതല്‍ കളിച്ചാല്‍ ചിലപ്പോള്‍ തല്ലിയെന്നും വരാമെന്ന് ഷിയാസ് പറഞ്ഞു. എന്നാല്‍ ഇത് കേട്ട് സുരേഷ് ഇടപെട്ടു. അടിക്കാന്‍ മാത്രം ഷിയാസ് ആയില്ലെന്ന് സുരേഷ് പറഞ്ഞു. ഷിയാസിന് നേരെ ആക്രോഷിച്ച് വന്ന സുരേഷിനെ മറ്റുളളവര്‍ പിടിച്ചു മാറ്റി. ഇക്കാര്യത്തില്‍ സുരേഷ് ഇടപെടേണ്ട കാര്യമില്ലെന്ന് ഷിയാസ് പറഞ്ഞു. തുടർന്ന് ഷിയാസിനേയും പിടിച്ചു മാറ്റി.

‘എന്റെ പെങ്ങള്‍ വെറുപ്പിച്ചാല്‍ ഞാന്‍ അടിക്കും. എന്നെ വെറുപ്പിക്കാന്‍ വരേണ്ട’, ഷിയാസ് പറഞ്ഞു. അതേസമയം ധൈര്യം ഉണ്ടെങ്കില്‍ തന്നെ അടിക്കാന്‍ ആവശ്യപ്പെട്ട് പേളി ഷിയാസിന് നേരെ പോയി. തുടര്‍ന്ന് ഇരുവരും വാക്കു തര്‍ക്കമായി. ‘ഷിയാസ് എന്റെ അമ്മയെ കുറിച്ച് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ തന്നെ അടിക്കുമെന്ന് പറയുന്നു. കത്തി കൊണ്ട് മുഖത്ത് എറിയുമെന്ന് പറയുന്നു. ഷിയാസിന്റെ പെങ്ങളെ അങ്ങനെ ചെയ്യുമായിരിക്കും. പക്ഷെ എന്നെ ചെയ്യേണ്ട കാര്യമില്ല’, പേളി പറഞ്ഞു. തുടര്‍ന്ന് പേളിയേയും സുരേഷിനേയും കുറിച്ചും ഷിയാസ് ആരോപണം ഉന്നയിച്ചു. ഇതോടെ സുരേഷും അക്രമാസക്തനായി വഴക്കിനെത്തി. സാബു സുരേഷിനെ പിടിച്ചുമാറ്റി.

ചെറുപ്പത്തില്‍ അനിയത്തി കുരുത്തക്കേട് കാണിച്ചപ്പോള്‍ താന്‍ അറിയാതെ എറിഞ്ഞ കത്തി കൊണ്ട് പരുക്കേറ്റ കാര്യമാണ് താന്‍ പേളിയോട് പറഞ്ഞതെന്ന് ഷിയാസ് പറഞ്ഞു. തന്നോട് തല്ലുമോ തല്ലുമോ എന്ന് ചോദിച്ച് തല്ലിക്കാനാണ് പേളി ശ്രമിച്ചതെന്നും ഷിയാസ് വ്യക്തമാക്കി. സുരേഷിന്റെ അമ്മ വരെ പരിചരിക്കാത്ത രീതിയിലാണ് പേളി പരിചരിക്കുന്നതെന്ന് ഷിയാസ് മറ്റുളളവരോട് പറഞ്ഞു. ‘എപ്പോഴും ഒരു പ്രശ്നം വരുമ്പോള്‍ ഗ്യാങ് ഉണ്ടാക്കാന്‍ അനൂപിന്റേയും സാബുവിന്റേയും അടുത്താണ് ഷിയാസ് പോവുന്നതെന്ന് പേളി സുരേഷിനോട് പറഞ്ഞു.

ഇതിനിടെ അടുത്തയാഴ്ചയിലെ കാരണവരെ തിരഞ്ഞെടുക്കാനുളള ടാസ്ക് ആരംഭിച്ചു. സുരേഷ്, അനൂപ്, ഷിയാസ് അതിഥി എന്നിവരാണ് ഇതുവരെ ക്യാപ്റ്റന്മാരാവാത്തത്. ഇതില്‍ നിന്ന് ഒരാളെ ക്യാപ്റ്റന്‍സി മത്സരത്തിലേക്ക് തിരഞ്ഞെടുക്കാന്‍ അര്‍ച്ചനയോട് ആവശ്യപ്പെട്ടു. അനൂപിനെ ആണ് അര്‍ച്ചന തിരഞ്ഞെടുത്ത്. ബാക്കി മൂന്ന് പേരില്‍ നിന്ന് ഷിയാസിനെയും അതിഥിയേയും കൂടി മത്സരത്തിനായി തിരഞ്ഞെടുത്തു. ഇവരില്‍ നിന്ന് ഒരാളാവും അടുത്ത ആഴ്ചയിലെ ക്യാപ്റ്റന്‍.

സുരേഷേട്ടന് ഏറ്റവും പ്രിയപ്പെട്ടതാണ് അമ്മയുടെ സ്നേഹമെന്ന് അര്‍ച്ചന പറഞ്ഞു. ‘അമ്മയുടെ സ്നേഹം കാരണമാണ് അദ്ദേഹം വിവാഹം വരെ ചെയ്യാത്തതെന്ന് തോന്നുന്നു. ആ ഒരു സ്നേഹമാണ് അദ്ദേഹം പേളിയില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നാണ് എനിക്ക് തോന്നുന്നത്’, അര്‍ച്ചന പറഞ്ഞു. സുരേഷിന് പേളിയോട് പൊസസീവ്നസ് ആണെന്നും ഇത് അപകടമാണെന്നും സാബു പറഞ്ഞു. ഇക്കാര്യം പേളിയോട് താന്‍ സംസാരിക്കാമെന്ന് രഞ്ജിനി വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook