Bigg Boss Malayalam, 08 September 2018 Episode:75: വീക്കിലി എലിമിനേഷന്‍റെ ഭാഗമായി മോഹന്‍ലാല്‍ എത്തുന്ന ദിവസമാണ് ഇന്ന് ബിഗ് ബോസില്‍. കഴിഞ്ഞ ആഴ്ചയിലെ വിശേഷങ്ങളെ കുറിച്ച് ചോദിക്കും മുന്‍പായി കലാഭവന്‍ മണിയുടെ പാട്ടു സുരേഷിനെ കൊണ്ട് പാടിച്ചു. മണിയുടെ ചാലക്കുടിക്കാരന്‍ എന്ന പാട്ടിനെ തന്‍റേതായ രീതിയിലേക്ക് മാറ്റിയാണ് സുരേഷ് പാടിയത്. കഴിഞ്ഞ ദിവസം വീട്ടിലെ അടിക്ക് കാരണമായത് മുട്ടയായിരുന്നു. വീട്ടില്‍ സ്ഥിരമായി പ്രശ്നമുണ്ടാക്കുന്നത് മുട്ടയാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. നേരത്തെ ഉണ്ടായ അടികളൊക്കെ വീണ്ടും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്നലെ സാബുവും ഹിമയും തമ്മിലുണ്ടായ അടിയെ കുറിച്ചും അദ്ദേഹം ചോദിച്ചു. ഇന്നലെ അടിയുണ്ടാക്കിയവർ ഇവിടെ ഇല്ലെന്നായിരുന്നു സാബുവിന്‍റെ മറുപടി. ഇതിനിടെ ബിഗ് ബോസില്‍ എല്ലാവരും അഭിനയിക്കുകയാണെന്ന് അഭിപ്രായമുണ്ടെന്നും അതിനെ കുറിച്ച് വീട്ടിലുള്ളവരോടും ചോദിക്കുകയും ചെയ്തു മോഹന്‍ലാല്‍. ആരും അഭിനയിക്കുകയല്ലെന്ന് സുരേഷ് മറുപടി പറഞ്ഞു.

നേരത്തെ തനിക്കും അങ്ങനെ സംശയമുണ്ടായിരുന്നുവെന്നും എന്നാല്‍ അങ്ങനെയല്ലെന്നും ഇതെല്ലാം സത്യമാണെന്നും ബഷീർ പറഞ്ഞു. ഇടപെടലുണ്ടാകുമെന്നായിരുന്നു താനും കരുതിയിരുന്നുവെന്നും എന്നാല്‍ ആരും ഇടപെടുന്നില്ലെന്നും ഇതുപോലൊരു സാഹചര്യത്തില്‍ എത്തിച്ചേരുന്നതോടെ സംഭവിക്കുന്ന അവസ്ഥയാണിതെന്നും തന്‍റെ സ്വഭാവം എങ്ങനെ മാറുമെന്ന് അറിയില്ലെന്നും സാബു പറഞ്ഞു. ശ്രീനിഷിനും അതേ അഭിപ്രായമായിരുന്നു. നല്ല ഫുഡ് കിട്ടുമെന്ന് കരുതിയാണ് വന്നതെന്നായിരുന്നു ഷിയാസ് പറഞ്ഞത്. കഴിഞ്ഞ ദിവസത്തെ അടിയെ കുറിച്ച് ഹിമയോട് ചോദിച്ചു. തനിക്ക് ഇടയ്ക്ക് നിയന്ത്രണം നഷ്ടമാകുമെന്നും മനസിലുള്ളത് അങ്ങനെ തന്നെ പ്രതികരിക്കുമെന്നും ഹിമ പറഞ്ഞു. താന്‍ സത്യം ചെയ്തിരുന്നുവെന്നും അത് തെറ്റിച്ചെന്നും അവള്‍ കൂട്ടിച്ചേർത്തു. സത്യം പാലിക്കാതിരിക്കുന്നത് ബേസിക് എത്തിക്സിന് വിരുദ്ധമാണെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചു. ബിഗ് ബോസ് സ്ക്രിപ്പറ്റഡല്ലെന്ന് പേളിയും അർച്ചനയും അതിഥിയും പറഞ്ഞു.

പുറത്ത് നടക്കുന്നത് അകത്ത് പറയരുതെന്ന് ഹിമയോട് പറഞ്ഞിരുന്നുവെന്നും അത് ഹിമ തെറ്റിച്ചെന്നും മോഹന്‍ലാല്‍ പറഞ്ഞു. താന്‍ ചെയ്തത് തെറ്റാണെന്ന് ഹിമ പറഞ്ഞു. താന്‍ ചിന്തിച്ചല്ല പെരുമാറുന്നതെന്നും അതൊരു പോരായ്മയാണെന്നും ഹിമ പറഞ്ഞു. ഹിമ കരയുന്നുണ്ടായിരുന്നു. എന്താണ് സാബുവിനെ കുറിച്ചുള്ള പരാതി എന്ന് മോഹന്‍ലാല്‍ ചോദിച്ചു. താന്‍ മോശമായി പലതും പറഞ്ഞിട്ടുണ്ടെങ്കിലും പക്ഷെ തന്നെ ബ്ലോക്ക് ചെയ്തിട്ടില്ലെന്നും തനിക്ക് സാബുവിനോടുള്ള ഫീലിങ് ഇഷ്ടമല്ലെങ്കില്‍ പറയാമായിരുന്നുവെന്നും പക്ഷെ അത് ചെയ്യാതെ മറ്റുള്ളവരുടെ കൂടെ ചേർന്ന് കളിക്കുകയാണെന്ന് ഹിമ പറഞ്ഞു. ഹിമ ഉപയോഗിക്കുന്ന ഭാഷയും ശാരീരികമായി ആക്രമിക്കുന്നതും മോശമാണെന്ന് പറഞ്ഞ മോഹന്‍ലാല്‍ സാബുവിനും ഇത് ബാധകമാണെന്ന് പറഞ്ഞു. കഴിഞ്ഞ ദിവസം കഴുത്തില്‍ പിടിച്ച് തള്ളിയത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ പ്രതീക്ഷിക്കുന്ന ഉത്തരം തന്നെ കിട്ടണമെന്ന് വാശി പിടിക്കുന്നതിലെ യുക്തി മനസിലാകുന്നില്ലെന്ന് സാബു പറഞ്ഞു. ഹിമ ഗെയിം കളിക്കുകയാണെന്ന് തന്നോട് ഒരാള്‍ പറഞ്ഞിരുന്നുവെന്ന് സാബു പറഞ്ഞു.

അതാരാണെന്ന് മോഹന്‍ലാല്‍ ചോദിച്ചു. ഹിമയുടെ വികാരത്തെ താന്‍ ബഹുമാനിക്കുന്നുണ്ടെന്നും പക്ഷെ തനിക്ക് വികാരങ്ങളെ കച്ചവടമാക്കാന്‍ താല്‍പര്യമില്ലെന്നും സാബു പറഞ്ഞു. തന്നോട് അർച്ചനയാണ് അത് പറഞ്ഞതെന്നും സാബു വ്യക്തമാക്കി. അർച്ചനയോട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ തന്നോട് ഹിമ തന്നെയാണ് പറഞ്ഞതെന്ന് അർച്ചന വ്യക്തമാക്കി. ഇതോടെ ഹിമ വ്യക്തത നല്‍കാനായി ശ്രമിച്ചു. താന്‍ പുറത്ത് പോയപ്പോള്‍ സാബുവിനോട് ഇഷ്ടം തോന്നിയിരുന്നുവെന്ന് ചിലരോട് പറഞ്ഞിരുന്നുവെന്നും പക്ഷെ താന്‍ ഗെയിം കളിക്കുകയല്ലെന്നും പറഞ്ഞു. താനിത് മറച്ചു വച്ചിരുന്നതായിരുന്നുവെന്നും പക്ഷെ ഹിമ ചെയ്യുന്നത് തെറ്റാണെന്ന് തോന്നിയ സമയത്താണ് താന്‍ സാബുവിനോട് പറഞ്ഞതെന്നും അർച്ചന പറഞ്ഞു. താന്‍ ചോദിച്ചതിന് ഹിമ ഉത്തരം പറയുന്നില്ലെന്ന് പറഞ്ഞ് ഇടക്ക് മോഹന്‍ലാല്‍ ദേഷ്യപ്പെട്ടു. ഇവിടുന്ന് പോകും മുന്‍പ് സാബുവിനെ അടിക്കുമെന്ന് പറഞ്ഞത് ശരിയാണോ എന്ന് അദ്ദേഹം ചോദിച്ചു. താനങ്ങനെ പറഞ്ഞിരുന്നുവെന്ന് ഹിമ പറഞ്ഞു. ഇനിയെങ്കിലും നിങ്ങളുപയോഗിക്കുന്ന ഭാഷ സൂക്ഷിക്കണമെന്ന് മോഹന്‍ലാല്‍ സാബുവിനോടും ഹിമയോടുമായി പറഞ്ഞു.

ഹിമയുടെ ജീവിതത്തിന്‍റെ അർത്ഥം എന്താണെന്ന് സുരേഷ് ചോദിച്ചിരുന്നുവെന്നും അതിനുള്ള ഉത്തരമെന്നും മോഹന്‍ലാല്‍ ചോദിച്ചു. താനിങ്ങനെയാണെന്നും തനിക്ക് തോന്നിയത് പോലെ സംസാരിക്കുന്നതാണ് ശീലമെന്നും പക്ഷെ പുറത്തിറങ്ങിയാലത് മാറ്റുമെന്നും ഹിമ പറഞ്ഞു. തനിക്ക് സാബുവിനോട് ദേഷ്യമില്ലെന്നും അവർ വ്യക്തമാക്കി. തന്നോട് ഇഷ്ടമില്ലെങ്കില്‍ ഇത് സാബു വ്യക്തമാക്കണമെന്ന് ഹിമ പറഞ്ഞു. എന്‍റെ പ്രണയം നിങ്ങള്‍ക്ക് എങ്ങനെ തിരസ്കരിക്കാം എന്ന് സാബുവിനോട് ചോദിക്കുന്നത് എങ്ങനെയാണ് ശരിയെന്ന് മോഹന്‍ലാല്‍ ചോദിച്ചു. കൈ നീട്ടാനുള്ള അവകാശം അടുത്തുള്ളവന്‍റെ മൂക്കിന്‍റെ അറ്റം വരെയുള്ളൂവെന്ന് പറഞ്ഞാണ് മോഹന്‍ലാല്‍ ആ ചർച്ച നിർത്തിയത്.

താന്‍ ചെയ്യുന്നത് തെറ്റാണെന്ന് ഹിമയ്ക്ക് പിന്നീട് മനസിലാകുമെന്ന് അർച്ചന പറഞ്ഞു. അർച്ചനയുടെ പേര് പറഞ്ഞതിന് സാബു അർച്ചനയോട് മാപ്പ് ചോദിച്ചു. സാബുവല്ല താനാണ് തെറ്റെന്ന് പറഞ്ഞ് ഹിമ ദേഷ്യപ്പെടുകയും കരയുകയും ചെയ്തു. അത് ആളുകള്‍ തീരുമാനിക്കുമെന്ന് സാബു പറഞ്ഞു. ഒരു വിഷയത്തെ ഹിമ വിചാരിക്കുന്ന അതേ രീതിയില്‍ തന്നെ മറ്റുള്ളവർ എടുക്കുമെന്ന് കരുതുന്നത് ശരിയല്ലെന്ന് സാബു പറഞ്ഞു. തനിക്ക് സാബുവിനോട് പ്രണയമാണെന്നും അതുകൊണ്ടാണ് ഇങ്ങനെ ഒക്കെ ചെയ്യുന്നതെന്നും ഹിമ പറഞ്ഞു. നിനക്ക് അങ്ങനെ തോന്നുന്നു എന്ന് കരുതി സാബുവിന് അങ്ങനെ തോന്നണമില്ലെന്ന് അർച്ചന പറഞ്ഞു. ഇരുവരും തമ്മില്‍ ഇതേ കുറിച്ച് തർക്കിച്ചു. തന്‍റെ ഉള്ളില്‍ ഈ വികാരമുണ്ടാക്കിയത് അർച്ചനയും മറ്റുമാണെന്ന് പറഞ്ഞത് അർച്ചനയെ ദേഷ്യം പിടിപ്പിച്ചു. താനൊരിക്കലും അങ്ങനെ പറഞ്ഞിട്ടില്ലെന്നും നീ തന്നെയാണ് ഓരോന്നും പറഞ്ഞതെന്ന് അർച്ചന വ്യക്തമാക്കി. ഒന്നെങ്കില്‍ നിനക്ക് ഒന്നും മനസിലാകുന്നില്ല അല്ലെങ്കില്‍ മനസിലാക്കേണ്ട എന്നാണെന്ന് പറഞ്ഞ് അർച്ചന ദേഷ്യപ്പെട്ടു.

വികാരങ്ങള്‍ സ്വന്തം വീട്ടില്‍ മാത്രം കാണിച്ചാല്‍ മതിയെന്ന് മോഹന്‍ലാല്‍ എല്ലാവരോടുമായി പറഞ്ഞു. പിന്നീട് ഷിയാസിനെ കൊണ്ട് അന്യനിലെ രംഗം അഭിനയിപ്പിച്ചു. ഷിയാസ് മിടുക്കനായെന്ന് മോഹന്‍ലാല്‍ പറഞ്ഞു. സാബുവും സുരേഷും തുടങ്ങുന്ന അധോലോകത്തില്‍ തനിക്കും അവസരം കിട്ടുമോ എന്നും അദ്ദേഹം ചോദിച്ചു. പിന്നീട് വീട്ടിലെ ഓരോരുത്തരെ കിട്ടിയാല്‍ അവരെ കൊണ്ട് എന്ത് ചെയ്യിപ്പിക്കുമെന്ന് എല്ലാവരോടുമായി പറയാനായി ഒരു ടാസ്ക് നല്‍കി. സ്പിന്‍ വീലിന്‍റെ സഹായത്തോടെയായിരിക്കും ടാസ്ക്. വീലിലുള്ള പിഴയായിരിക്കും ഓരോരുത്തർക്കും നല്‍കേണ്ടേത്.

ആദ്യമെത്തിയത് സുരേഷായിരുന്നു. സുരേഷ് തിരഞ്ഞെടുത്തത് സാബുവിനെയായിരുന്നു. രണ്ടാമതായി ശ്രീനിഷ് വന്നു. പേളിയെയാണ് ശ്രീനിഷ് തിരഞ്ഞെടുത്തത്. പേളിയ്ക്ക് പുളി കഴിക്കുകയായിരുന്നു ശിക്ഷയായി ലഭിച്ചത്. അർച്ചന തിരഞ്ഞെടുത്തത് ഷിയാസിനെയായിരുന്നു. തലയില്‍ മുട്ട അടിച്ച് പൊട്ടിക്കാനായിരുന്നു കിട്ടിയ ശിക്ഷ. അതിഥി തിരഞ്ഞെടുത്തത് സുരേഷിനെയായിരുന്നു. ചിക്കന്‍ കഴിപ്പിക്കുകയായിരുന്നു ശിക്ഷ. സുരേഷ് സന്തോഷത്തോടെ ശിക്ഷ ഏറ്റെടുത്തു. അതിഥിയെയാണ് ഹിമ തിരഞ്ഞെടുത്തത്. എടുത്ത് നീന്തല്‍ കുളത്തിലിടുകയായിരുന്നു ശിക്ഷ. പേളി തിരഞ്ഞെടുത്തത് അർച്ചനയെയായിരുന്നു. തലകുത്തി നിക്കാനായിരുന്നു അർച്ചനക്ക് കിട്ടിയ ശിക്ഷ. ശ്രീനിഷിനെയായിരുന്നു ബഷീർ വിളിച്ചത്. രസഗുള കഴിക്കുകയായിരുന്നു ശിക്ഷ. പേളിയെയാണ് ഷിയാസ് വിളിച്ചത്. ഇഞ്ചിനീരും മുളക് കലക്കിയതും കഴിക്കുകയായിരുന്നു പേളിയ്ക്ക് കിട്ടിയ ശിക്ഷ. സാബു ഹിമയുടെ പേരാണ് പറഞ്ഞത്. ഉപ്പു ചായ കുടിക്കുകയായിരുന്നു ശിക്ഷ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook