Bigg Boss Malayalam, 08 July 2018 Episode:15: മോഹന്‍ലാലിന്‍റെ എന്‍ട്രിയോടെ പുതിയ എപ്പിസോഡ് ആരംഭിച്ചു. കഴിഞ്ഞ ദിവസം അവസാനിച്ചിടത്തു നിന്നുമാണ് ഇന്നത്തെ ദിവസം ആരംഭിച്ചത്. അവിടെ നിന്നും വീട്ടിലേക്ക് എത്തുന്നേരം മത്സരാർത്ഥികള്‍ ആരാകും വീട്ടില്‍ നിന്നും പുറത്താവുക എന്ന ചർച്ചയിലായിരുന്നു. അനൂപും ശ്രീലക്ഷ്മിയും തമ്മിലായിരുന്നു ചർച്ച നടന്നിരുന്നത്. താന്‍ പുറത്ത് പോവുമെന്ന് മുന്‍ കൂട്ടി കണ്ടു കൊണ്ട് ശ്രീലക്ഷ്മിയ്ക്ക് ബുദ്ധി ഉപദേശിക്കുകയായിരുന്നു അനൂപ്.

അതേസമയം, പുറത്ത് അർച്ചനും ദീപനും തമ്മില്‍ ചർച്ച നടത്തുകയായിരുന്നു. ബഷീറിനെ കുറിച്ചായിരുന്നു ചർച്ച. മറ്റൊരു ഇടത്ത് ശ്വേതയും രഞ്ജിനിയും അതിഥിയും ബഷീറിനെ കുറിച്ചു തന്നെ സംസാരിക്കുന്നുണ്ടായിരുന്നു. ബഷീർ ഇരട്ട മുഖമുള്ള വ്യക്തിയാണെന്നായിരുന്നു ചർച്ചകളുടെ നിഗമനം. ശേഷം മോഹന്‍ലാല്‍ മത്സരാർത്ഥികള്‍ക്ക് മുന്നിലെത്തി.

ശ്വേതയും ബഷീറും തമ്മിലുണ്ടായ അസ്വാരസ്യം വീണ്ടും ഉയർന്നു വന്നു. മോഹന്‍ലാലിന്‍റെ ഇടപെടലോടെ ഇരുവരും പരസ്പരം കെട്ടിപ്പിടിച്ച് എല്ലാം അവസാനിച്ചതായി പറഞ്ഞു. പിന്നീട് എലിമിനേഷന്‍ പ്രോസസിലേക്ക് കടന്നു. അപ്പോള്‍ തന്നെ പുറത്താക്കണമെന്ന് അരിസ്റ്റോ സുരേഷ് പറഞ്ഞു. അതിനെ മറ്റ് മത്സരാർത്ഥികള്‍ എതിർത്തു.

ശേഷം മോഹന്‍ലാല്‍ അനൂപിന് അടുത്തെത്തി. താന്‍ പുറത്താകാനാണ് സാധ്യത എന്നായിരുന്നു അനൂപിന്‍റെ പ്രതികരണം. തനിക്ക് പുറത്ത് പോയാലും പ്രശ്നമില്ലെന്നും വീട്ടില്‍ ചെന്നാല്‍ വീടും കൃഷിയും പശുവുമൊക്കെയായി സന്തോഷത്തോടെ ജീവിക്കുമെന്നും അനൂപ് പറഞ്ഞു. പിന്നീട് പേളിയോട് ചോദിച്ചു. ആരും പുറത്ത് പോകരുതെന്നാണ് ആഗ്രഹമെന്നായിരുന്നു പേളിയുടെ മറുപടി. ഇതിനിടെ വീട്ടില്‍ ഒരുപാട് വെള്ളം ചിലവാക്കുന്നുണ്ടെന്നും അതിന് പ്രതിവിധി കണ്ടെത്തണമെന്നും മോഹന്‍ലാല്‍ അറിയിച്ചു.

മോഹന്‍ലാല്‍ ആവശ്യപ്പെട്ടതിനെ തുടർന്ന് പേളിയും സുരേഷും പാട്ടു പാടി. സുരേഷ് തന്നെ എഴുതിയ പാട്ടായിരുന്നു ഇരുവരും ചേർന്ന് മേശയില്‍ കൊട്ടി പാടിയത്. ശേഷം മോഹന്‍ലാല്‍ ബഷീറിലേക്ക് എത്തി. മൂന്നു പേരും പുറത്താകരുതെന്നായിരുന്നു ബഷീർ പറഞ്ഞത്. ഇതിനിടെ ശ്വേതയെ കണ്‍സെഷന്‍ റൂമിലേക്ക് വിളച്ചു. അനൂപും ശ്വേതയും തമ്മിലുണ്ടായ പ്രശ്നങ്ങളെ കുറിച്ചായിരുന്നു കണ്‍സെഷന്‍ റൂമില്‍ വച്ച് ബിഗ് ബോസ് ചോദിച്ചത്. അനൂപിന് മാപ്പു കൊടുക്കുമോ എന്ന് ബിഗ് ബോസ് ചോദിച്ചു. ശ്വേതയുടെ തീരുമാനം അനുസരിച്ചാകും അനൂപിന്‍റെ വിധിയെന്നും ബിഗ് ബോസ് പറഞ്ഞു.

അനൂപില്‍ നിന്നും പ്രതീക്ഷിച്ചിരുന്നില്ല അതുപോലൊലുള്ള വാക്കുകളെന്നും തനിക്ക് അനൂപ് സഹോദരനെ പോലെയായിരുന്നുവെന്നും ശ്വേത പറഞ്ഞു. അതു പറഞ്ഞു കൊണ്ടവർ പൊട്ടിക്കരഞ്ഞു. എന്നാല്‍ അനൂപിന് താന്‍ മാപ്പു കൊടുക്കുന്നുവെന്നും പക്ഷെ ഇനി ഇതുണ്ടാകില്ലെന്നും അവർ പറഞ്ഞു. തുടർന്ന് തീരുമാനം മറ്റുള്ളവരെ അറിയിക്കാനും അവരോട് ആവശ്യപ്പെട്ടു.

അകത്തെത്തിയ ശ്വേതയെ സംസാരിക്കാന്‍ വിടാതെ എന്താകാം ബിഗ് ബോസ് പറഞ്ഞിട്ടുണ്ടാവുക എന്ന് ഊഹിക്കാന്‍ മറ്റുള്ളവരോട് മോഹന്‍ലാല്‍ പറഞ്ഞു. പുറത്ത് പോകേണ്ടത് ആരാണെന്നാകും ബിഗ് ബോസ് ചോദിച്ചത് എന്നായിരുന്നു എല്ലാവരും ഊഹിച്ചത്. അനൂപ് പുറത്ത് പോകണമെന്ന് പറഞ്ഞിട്ടുണ്ടാകാം എന്നും ചിലർ ഊഹിച്ചു. ചിലർ പേളിയുടെ പുറത്താകലാകാം ശ്വേതയെ കരയിപ്പിച്ചതെന്നും പറഞ്ഞു.

തുടർന്ന് ശ്വേതയുടെ ഊഴമായിരുന്നു. അവർ മുന്നോട്ട് വന്ന് സംഭവിച്ചത് മറ്റുള്ളവരോട് പറഞ്ഞു. അനൂപിന് താന്‍ മാപ്പു കൊടുത്തതും ശ്വേത പറഞ്ഞു. കരഞ്ഞു കൊണ്ടായിരുന്നു ശ്വേത സംസാരിച്ചത്. ശേഷം അനൂപിനെ കെട്ടിപ്പിടിക്കുകയും ചെയ്തു. ശേഷം ശ്വേതയ്ക്ക് ഏറ്റവും ഇഷ്ടമുള്ള മസാല ദോശ സ്റ്റോർ റൂമിലുണ്ടെന്നും അത് പോയി എടുത്ത് കൊണ്ടു വരാനും മോഹന്‍ലാല്‍ അനൂപിനോട് പറഞ്ഞു. മസാല ദോശയിലൂടെ അനൂപിനെ പാഠം പഠിപ്പിച്ചെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.

സ്ത്രീകളുടെ മുറിയിലെത്തിയ ശേഷം ശ്വേതയെ മറ്റ് സ്ത്രീകള്‍ അഭിനന്ദിച്ചു. ഈ സമയത്ത് അനൂപ് തന്നോട് പറഞ്ഞത് ശ്രീലക്ഷ്മി മറ്റുള്ളവരോട് പറഞ്ഞു. സ്ത്രീകള്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. ശ്രീലക്ഷ്മി ശ്വേതയുടേയും രഞ്ജിനിയുടേയും കരവലയത്തിലായിരിക്കുമെന്ന് അനൂപ് പറഞ്ഞതായി ശ്രീലക്ഷ്മി ശ്വേതയോടും രഞ്ജിനിയോടും പറഞ്ഞു.

പിന്നീട് തന്നെ ആർക്കും മനസിലായിട്ടില്ലെന്നും അനൂപ് തന്‍റെ ഫ്രണ്ടാണെന്നും ശ്വേത എല്ലാവരുമുള്ളപ്പോള്‍ പറഞ്ഞു. ടെക്നിക്കലി അനൂപ് പുറത്തായിരുന്നതാണെന്നും അവർ ഓർമ്മിപ്പിച്ചു. ഇതിനിടെ നിങ്ങള്‍ പറഞ്ഞത് തിരിച്ച് വരുമെന്ന് അനൂപിനോടും അവർ പറഞ്ഞു. സാബു അനൂപിനെ പരിഹസിച്ച് ചിരിക്കുന്നുണ്ടായിരുന്നു. എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു അനൂപ്. വീട്ടിലെ മിക്കവരും ശ്വേതയെ പ്രശംസിക്കുകയായിരുന്നു. പ്രത്യേകിച്ചും സ്ത്രീകള്‍.

മോഹന്‍ലാല്‍ മടങ്ങിയെത്തിയപ്പോള്‍ വോട്ടിങ്ങില്‍ ഏറ്റവും മുന്നില്‍ പേളിയാണെന്ന് അദ്ദേഹം അറിയിച്ചു. അതോടെ മോഹന്‍ലാല്‍ അവരോട് യാത്ര പറഞ്ഞ് സ്റ്റേജിലേക്ക് മടങ്ങിയെത്തി. പിന്നീട് അനൂപ് സാബുവിനോട് തന്‍റെ ഫീലിങ്സ് തുറന്നു പറഞ്ഞു. താന്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് അദ്ദേഹം സാബുവിനോട് ചോദിച്ചു. ഇത് അനൂപിന് സ്വയം തെളിയിക്കാന്‍ ലഭിച്ച അവസരമാണെന്നായിരുന്നു സാബു മറുപടി പറഞ്ഞത്.

അതേസമയം, പുറത്ത് ശ്രീനിഷും അരിസ്റ്റോയുമായി തന്നോട് ബിഗ് ബോസ് പറഞ്ഞതൊക്കെ ശ്വേത വിശദീകരിച്ചു കൊടുക്കുകയായിരുന്നു. ശ്രീലക്ഷ്മി തന്നോട് പറഞ്ഞതിനെ കുറിച്ചും ശ്വേത പറഞ്ഞു. സുരേഷ് ശ്വേതയ്ക്ക് കൈ കൊടുത്ത് അഭിനന്ദിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ