Bigg Boss Malayalam, 05 July 2018 Episode:12: ആമേനിലെ പാട്ടൊടെ പതിനൊന്നാം ദിവസം ആരംഭിച്ചു. മത്സരാർത്ഥികളെല്ലാം ഉറക്കത്തു നിന്നും എഴുന്നേറ്റ് ഡാന്‍സ് ചെയ്തു. എന്നാല്‍ ഏത് പാട്ടാണെന്ന് അർച്ചനയ്ക്ക് മനസിലായില്ല.

ലക്ഷ്വറി ടാസ്കില്‍ പരാജയപ്പെട്ടതിനാല്‍ ഈ ആഴ്‌ച ടാക്സ്കോ പണമോ ഇല്ലെന്ന് ബിഗ് ബോസ് അറിയിച്ചു. പിന്നാലെ ആരുടെ കൈയ്യിലാണ് ഏറ്റവും കൂടുതല്‍ പണമുള്ളതെന്ന് ബിഗ് ബോസ് ചോദിച്ചു. കൂടുതലുള്ളയാള്‍ക്ക് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മത്സരിക്കാം. എല്ലാവരും അവരവരുടെ കൈയ്യിലുള്ള രൂപ എത്രയാണെന്ന് പറഞ്ഞു. ഏറ്റവും കൂടുതലുണ്ടായിരുന്നത് അനൂപിന്‍റെ പക്കലായിരുന്നു.

ഏറ്റവും കുറവ് സാബുവിന്‍റെ കൈയ്യിലും. സത്യത്തില്‍ സാബുവിന്‍റെ കൈയ്യില്‍ കാശൊന്നുമില്ലായിരുന്നു. പിന്നാലെ തനിക്ക് ഏല്‍പ്പിച്ച രഹസ്യ ടാസ്കില്‍ പരാജയപ്പെട്ടതിനാല്‍ ദിയയ്ക്ക് ഇനി ഒരിക്കലും ക്യാപ്റ്റനായി മത്സരിക്കാന്‍ കഴിയില്ലെന്നും അറിയിച്ചു.

പിന്നാലെ രണ്ട് ടീമിലേയും മികച്ച പണിക്കാരായ ശ്രീനിഷിനേയും ശ്വേതയേയും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ തിരഞ്ഞെടുത്തു. ശേഷം തന്നെ ഏല്‍പ്പിച്ച ടാസ്ക് എന്താണെന്ന് ദിയ ശ്വേതയോടും അർച്ചനയോടും പറഞ്ഞു. എന്നാല്‍ തനിക്ക് അത് ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞ് അവർ കരഞ്ഞു. അർച്ചന ദിയയെ ആശ്വസിപ്പിക്കാനെത്തി.

ശേഷം ബഷീർ ക്യാപ്റ്റന്‍ ടാസ്ക് വിവരിച്ചു കൊടുത്തു. പരസ്പരം ബന്ധിപ്പിച്ചിട്ടുള്ള പാന്‍റ് ധരിച്ചു കൊണ്ടായിരുന്നു ടാസ്ക് ചെയ്യേണ്ടിയിരുന്നത്. നിർദ്ദേശമനുസരിച്ച് മൂവരും ടാസ്ക് ആരംഭിച്ചു. കയറു കൊണ്ട് വസ്ത്രങ്ങള്‍ ചേർത്തു കെട്ടിയാണ് നടക്കേണ്ടത്. കയറില്‍ നിന്നും ബന്ധം വിട്ടു പോകുന്നവർ പുറത്താകും. രസകരമായ നിമിഷങ്ങളായിരുന്നു പിന്നീട് അരങ്ങേറിയത്.

മറ്റ് മത്സരാർത്ഥികള്‍ പാട്ടു പാടി മൂന്ന് പേർക്കും ആവേശം പകർന്നു. എന്നാല്‍ തനിക്ക് ടാസ്ക് പൂർത്തിയാക്കാന്‍ ഇഷ്ടമില്ലെന്ന് പറഞ്ഞ് അനൂപ് തന്നെ ബന്ധിപ്പിച്ച കയർ പൊട്ടിക്കാനായി ആവശ്യപ്പെട്ടു. എല്ലാവരും എതിർത്തെങ്കിലും അനൂപ് തീരുമാനത്തില്‍ ഉറച്ചു നിന്നു. പക്ഷെ ഒടുവില്‍ അനൂപ് അവരുടെ വാക്കു കേട്ടു.

ശേഷം വീടിനുള്ളില്‍ അനൂപും സുരേഷും തുപ്പുന്നതിനെതിരെ രഞ്ജിനി പ്രശ്നം ഉന്നയിച്ചു. പുറത്തു നിന്നും കോളാമ്പി എടുത്ത് കൊണ്ടു വന്നായിരുന്നു രഞ്ജിനിയുടെ പ്രതിഷേധം. മത്സരാർത്ഥികളിള്‍ ഭൂരിപക്ഷം ആളുകളും രഞ്ജിനിക്കൊപ്പം നിന്നു.

ഇതിനിടെ കഴിഞ്ഞ ദിവസം ശ്വേതയും അനൂപും തമ്മിലുണ്ടായ പ്രശ്നം അവർ വീണ്ടും ഉയർത്തികൊണ്ടു വന്നു. അനൂപിന്‍റേത് മാടമ്പിത്വമാണെന്ന് ശ്വേത ആരോപിച്ചു. അതാണ് അനൂപ് സാബുവിനോട് കാണിച്ചതെന്നും അവർ പറഞ്ഞു. അതേസമയം, ശ്വേതയുടേത് മൂരാച്ചി നിലാപാടാണെന്നായിരുന്നു അനൂപിന്‍റെ പ്രതികരണം.

തനിക്ക് ചൂടെടുക്കുണ്ടെന്നും കുറച്ച് കഴിഞ്ഞാല്‍ തുണിയൊക്കെ അഴിക്കേണ്ടി വരുമെന്നും ശ്വേത തമാശ രൂപേണ പറഞ്ഞപ്പോള്‍ മലയാളികള്‍ എല്ലാം കണ്ടതാണല്ലോ എന്നായിരുന്നു അനൂപിന്‍റെ മറുപടി. ഇതിനെതിരെ ശ്വേത ശക്തമായി തന്നെ പ്രതിഷേധിച്ചു. തുടർന്ന് സുരേഷിന്‍റെ അഭിപ്രായം ശ്വേത ആരാഞ്ഞു. ഇതിനിടെ അനൂപിനെതിരെ രഞ്ജിനിയും ഹിമയും ദിയയും രംഗത്തെത്തി. രഞ്ജിനി വളരെ രൂക്ഷമായിട്ടായിരുന്നു പ്രതികരിച്ചത്.

ഒരു വ്യക്തിയെന്ന നിലയില്‍ ക്രൂരമാണ് അനൂപിന്‍റെ വാക്കെന്ന് രഞ്ജിനിയും മറ്റും പറഞ്ഞു. എന്നാല്‍ അനൂപ് തന്‍റെ വാക്കുകളില്‍ തന്നെ ഉറച്ചു നിന്നു കൊണ്ടു തന്നെ മാപ്പ് പറഞ്ഞു. സ്ത്രീയെന്ന നിലയിലും കലാകാരി എന്ന നിലയിലും ശ്വേതയെക്കുറിച്ചുളള അനൂപിന്റെ വളരെ മോശമായ പ്രതികരണമാണെന്നും രഞ്ജനി പറഞ്ഞു. ദേഷ്യം പിടിച്ച രഞ്ജിനി തനിക്ക് തുപ്പാനാണ് തോന്നുന്നതെന്ന് പറഞ്ഞു.

എന്നാല്‍ തനിക്ക് ശ്വേതയോട് ബഹുമാനമുണ്ടെന്നും പക്ഷെ തമാശയ്ക്കാണ് അങ്ങനെ പറഞ്ഞതെന്നുമായിരുന്നു അനൂപിന്‍റെ വാദം. തുടർന്ന് തന്‍റെ കയർ പൊട്ടിച്ച് അനൂപ് സ്വയം ടാസ്കില്‍ നിന്നും പുറത്തു പോയി. അനൂപ് രഞ്ജിനിയോട് വീണ്ടും സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും പൊട്ടിത്തെറിച്ചായിരുന്നു രഞ്ജിനി പ്രതികരിച്ചത്. ഇങ്ങനത്തെ ഒരു മനുഷ്യനൊപ്പം ജീവിക്കാന്‍ പറ്റില്ലെന്നായിരുന്നു രഞ്ജിനിയുടെ പ്രതികരണം. തന്നെ എടീ പോടി എന്നു വിളിക്കാന്‍ താന്‍ ആരാണെന്നും രഞ്ജിനി ചോദിച്ചു. കലുക്ഷിതമായ രംഗങ്ങളായിരുന്നു അരങ്ങേറിയത്.

തനിക്ക് സ്ത്രീകളോട് ബഹുമാനമാണുള്ളതെന്നും എന്നാല്‍ തന്‍റെ തമാശ രൂപത്തിലുള്ള വാക്കുകളെ ശ്വേത ഗെയിമാക്കി മാറ്റുകയായിരുന്നുവെന്ന് അനൂപ് പറഞ്ഞു. അനൂപും പേളിയും മാത്രമുള്ളപ്പോഴായിരുന്നു പറഞ്ഞത്. താനാരാണെന്ന് ശ്വേതയ്ക്ക് അറിയാമെന്നും താന്‍ നിലപാടുള്ളയാളാണെന്നും അനൂപ് പേളിയോട് പറഞ്ഞു. താന്‍ കമ്യൂണിസ്റ്റാണെന്നും അനൂപ് പറഞ്ഞു.

ഇതിനിടെ പുറത്ത് അരിസ്റ്റോ സുരേഷും രഞ്ജിനിയും വിഷയം ചർച്ച ചെയ്തു. പുറത്തായിരുന്നുവെങ്കില്‍ അനൂപിനെ ഞാനടിക്കുമെന്ന് സുരേഷ് പറഞ്ഞു. ഇതിനിടെ അനുരഞ്ജനത്തിനായി ബഷീർ രഞ്ജിനിക്കരികിലെത്തി. ശ്വേത കളിക്കുകയായിരുന്നുവെന്ന് തനിക്കറിയാമെന്നും തുടക്കത്തില്‍ താനും അങ്ങനെ തന്നെയായിരുന്നുവെന്നും രഞ്ജിനി പറഞ്ഞു.

അനൂപിന് അരികിലെത്തി സാബു പൊട്ടിത്തെറിച്ചു. അനൂപ് ചെയ്തത് മണ്ടത്തരമാണെന്നും തനിക്ക് എല്ലാമറിയാമെന്നും പക്ഷെ വേണ്ടാന്നു വച്ചിട്ടാണെന്നും സാബു പറഞ്ഞു. തനിക്ക് വേണമെങ്കില്‍ ഗെയിം തിരിച്ചു വിടാന്‍ പറ്റുമായിരുന്നുവെന്നും പക്ഷെ ഗെയിം ഫെയർ ആയിരിക്കണമെന്ന് കരുതിയാണ് മാറി നിന്നതെന്നും സാബു പറഞ്ഞു. ഒരു ഗ്രുപ്പുണ്ടായി വരുന്നുണ്ടെന്നും അത് പൊളിക്കണമെന്നും സാബു പറഞ്ഞു. അർച്ചനയും ദീപനും ബഷീറും ഈ സമയം അവർക്കൊപ്പമുണ്ടായിരുന്നു.

ശേഷം, പുറത്തെത്തിയ സാബു ശ്രീനിഷിന്‍റെ ഒപ്പം ബന്ധിപ്പിക്കപ്പെട്ട ശ്വേതയെ പുരുഷന്മാരുടെ മുറിയില്‍ കിടത്താന്‍ പറ്റില്ലെന്ന് പറഞ്ഞു. തമാശയായിട്ട് തുടങ്ങിയ സംഭാഷണം ചെറിയ തോതിലുള്ള വാഗ്വാദമായി മാറിയതും സാബു അവിടെ നിന്നും പോയി. ശ്രീനിഷിനെ പുറത്തു നിർത്തി ശ്വേത ബാത്ത് റൂമില്‍ കയറിയപ്പോള്‍ ശ്രീലക്ഷ്മിയും ദിയയും ഹം തും ഏക് ടോയ്‌ലറ്റ് മേ ബന്ദ് ഹോ എന്ന പാട്ടു പാടി കളിയാക്കി.

ശേഷം ദീപനും അർച്ചനയും രഞ്ജിനിയേയും ശ്വേതയേയും കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. കാര്യങ്ങള്‍ വളരെ മോശമാണെന്നും ഗെയിമിന്‍റെ പേരില്‍ വളരെ വൃത്തികെട്ട കാര്യങ്ങളാണ് അവർ ചെയ്യുന്നതെന്നും അവർ പരസ്പരം പറഞ്ഞു. തനിക്ക് ഒറ്റയ്ക്ക് നിൽക്കാന്‍ പേടിയാണെന്ന് അർച്ചന ദീപനോട് പറഞ്ഞു. എല്ലാവരും കളിക്കാന്‍ തയ്യാറായാണ് വന്നതെന്നും വെറുതെ വന്നവർ നമ്മളാണെന്നും ദീപന്‍ പറഞ്ഞു. അർച്ചന അതിനോട് യോജിച്ചു.

ടാസ്കിന് വേണ്ടി ഞാനിങ്ങനെയൊന്നും ചെയ്യില്ലെന്ന് അർച്ചന ശ്വേത ശ്രീനിഷിനെ ബാത്ത് റൂമിലേക്ക് കയറ്റിയതിനെ കുറിച്ച് പറഞ്ഞു. ഇതൊന്നും മലയാളികള്‍ക്ക് ഇഷ്ടപ്പെടില്ലെന്നായിരുന്നു ദീപന്‍റെ മറുപടി.

രാത്രി ഉറങ്ങാനുള്ള സമയമായതോടെ ശ്വേത ശ്രീനിഷിനൊപ്പം പുരുഷന്മാരുടെ മുറിയിലെത്തി. രാത്രി ഉറങ്ങുന്നേരം ശ്വേത കയറിന്‍റെ കൊളുത്ത് ഊരാതെ നോക്കണേ എന്ന് സാബുവും ദീപനും ശ്രീനിഷിന് മുന്നറിയിപ്പ് നല്‍കിയപ്പോള്‍ അതിന് അവർക്ക് കണ്ണു കാണണ്ടേ എന്നായിരുന്നു ശ്രീനിഷിന്‍റെ മറുപടി.

തനിക്ക് സുഖമാണ് അമ്മേ, എന്ന് പറഞ്ഞ് പേളി രാത്രി ശ്രീലക്ഷ്മിയ്ക്ക് മുന്നില്‍ കരഞ്ഞു. ആരെങ്കിലും പരിപാടിയെ കുറിച്ച് ചോദിച്ചാല്‍ ഒന്നും പറയേണ്ടെന്നും ഞാനിവിടെ ഹാപ്പിയാണെന്നും അമ്മയോടായി പറഞ്ഞു കൊണ്ടായിരുന്നു പേളി കരഞ്ഞത്. പേളിയെ ശ്രീലക്ഷ്മി പലതും പറഞ്ഞ് ആശ്വസിപ്പിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ