Bigg Boss Malayalam, 05 August 2018 Episode 42: ശ്വേത മേനോന്‍ പുറത്തായതിന് പിന്നാലെ ഒരു മത്സരാര്‍ത്ഥി കൂടി ബിഗ് ബോസ് ഹൗസിന്റെ പടിയിറങ്ങുകയാണ്. അര്‍ച്ചന, പേളി, ബഷീര്‍, ദിയ സന, ശ്രീനിഷ് എന്നിവരാണ് എലിമിനേഷന്‍ പട്ടികയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ശനിയാഴ്ച്ച ബിഗ് ബോസില്‍ എത്തിയ മോഹന്‍ലാല്‍ രണ്ട് പേര്‍ സുരക്ഷിതരാണെന്ന് അറിയിച്ചിരുന്നു. പേളി, അര്‍ച്ചന എന്നിവര്‍ ഈയാഴ്ച്ച പുറത്താവാനുളളവരുടെ പട്ടികയിലില്ല. ശ്രീനിഷ്, ബഷീര്‍, ദിയ എന്നിവരാണ് ഇപ്പോള്‍ എലിമിനേഷന്‍ നിഴലിലുളളത്. ഇവരില്‍ ഒരാളെ ഇന്ന് ബിഗ് ബോസ് പുറത്താക്കും. മത്സരാര്‍ത്ഥികളുടെ പ്രകടനം വിലയിരുതത്താനായി മോഹന്‍ലാല്‍ എത്തിയിട്ടുണ്ട്. പ്രേക്ഷകരുടെ വോട്ട്, മത്സരാര്‍ത്ഥികളുടെ പ്രകടനം, ബിഗ് ബോസിന്റെ വിലയിരുത്തല്‍ എന്നിവ കണക്കാക്കിയാണ് മത്സരാര്‍ത്ഥികള്‍ ബിഗ് ബോസില്‍ തുടരാന്‍ അര്‍ഹരാണോ അനര്‍ഹരാണോ എന്ന് തീരുമാനിക്കുക.

മമ്മിയോട് സംസാരിച്ചതോടെ വളരെയധികം സന്തോഷമായെന്ന് പേളി പറഞ്ഞു. പുതിയ കാരണവരായി തിരഞ്ഞെടുത്ത അര്‍ച്ചനയോട് മോഹന്‍ലാല്‍ ഭാവി പരിപാടികള്‍ ചോദിച്ചു. കുടുംബത്തിലെ ഒരംഗമായി ഇവിടത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാനാവും ആദ്യം ശ്രമിക്കുകയെന്ന് അര്‍ച്ചന പറഞ്ഞു. വീടിനെ നയിക്കാന്‍ പോവുന്ന അര്‍ച്ചനയ്ക്ക് ഓരോരുത്തരും ആശംസകള്‍ നേര്‍ന്നു. രഞ്ജിനി പുറത്തേക്ക് പോയി തിരികെ വന്നത് കീഴ്മേല്‍ മറിക്കാനെന്ന പോലെയാണെന്ന് സാബു മോഹന്‍ലാലിനോട് പറഞ്ഞു. ‘ഇനി വല്യ കളികളാണ്’ എന്നാണ് മോഹന്‍ലാല്‍ മറുപടി പറഞ്ഞത്.

പേളിയുടെ വസ്ത്രത്തില്‍ മുമ്പ് ഉണ്ടായിരുന്ന സ്മൈല്‍ ചിഹ്നം ശ്രീനിഷിന്റെ വസ്ത്രത്തില്‍ മോഹന്‍ലാല്‍ ശ്രദ്ധിച്ചു. മോതിരം മാറ്റം പോലെയാണ് ഇത് എന്നായിരുന്നു മോഹന്‍ലാല്‍ ചോദിച്ചത്. ചുമ്മാ ഒരു ബാഡ്ജ് കൊടുത്തതാണെന്ന് പേളി പറഞ്ഞു. താനും മറ്റൊന്നും ഉദ്ദേശിച്ചില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു. സാബു ക്യാപ്റ്റനായിരുന്നപ്പോള്‍ ഒന്നു രണ്ട് പേര്‍ക്ക് കൂടുതല്‍ ശ്രദ്ധ കൊടുത്ത് പക്ഷാപാതം കാണിച്ചതായി ബഷീര്‍ പറഞ്ഞു. ബഷീര്‍ കഴിഞ്ഞ ദിവസം സാബുവിനോട് വഴക്കിട്ടത് സൂചിപ്പിച്ച് മോഹന്‍ലാല്‍ ചോദിച്ചപ്പോഴായിരുന്നു ബഷീറിന്റെ മറുപടി.

ഇതിന് പിന്നാലെ ബിഗ് ബോസിലെ ഒരാള്‍ക്കുളള മോശം ഗുണം എന്താണെന്ന് പറയണമെന്ന് ഓരോ മത്സരാര്‍ത്ഥികളോടും മോഹന്‍ലാല്‍ ചോദിച്ചു. സാബുവിന് ക്ഷമ ഇല്ലെന്നാണ് സുരേഷ് പറഞ്ഞത്. പേളി ചെയ്തത് തെറ്റാണെന്ന് ബോധ്യപ്പെടുമ്പോള്‍ അതിനോട് പൊരുത്തപ്പെടാന്‍ കഴിയാത്ത വ്യക്തിയാണെന്ന് അനൂപ് പറഞ്ഞു. ഒരാള്‍ തെറ്റ് ചെയ്തില്ലെന്ന് പറഞ്ഞാലും അത് സമ്മതിക്കാനുളള മടിയാണ് അനൂപിനെന്ന് പേളിയും പറഞ്ഞു. ഏറ്രവും കൂടുതല്‍ മോശം സ്വഭാവം സാബുവിനാണെന്നാണ് മത്സരാര്‍ത്ഥികള്‍ പറഞ്ഞത്. താന്‍ ആത്മപരിശോധന നടത്തുമെന്ന് സാബു പറഞ്ഞു.

ഒരു കോടിയിലധികം പേരാണ് ഈ ആഴ്ച്ചയിലെ എലിമിനേഷനായി വോട്ട് ചെയ്തതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഒരാളെ ഇന്ന് തന്നെ പറഞ്ഞയക്കും. ഇത് മൂന്നാം തവണയാണ് എലിമിനേഷന്‍ പട്ടികയില്‍ ശ്രീനിഷ് വരുന്നത്. ദിയ സന രണ്ടാം തവണയാണ്. ബഷീര്‍ ഇത് ആദ്യത്തെ തവണയാണ് എലിമിനേഷന്‍ പട്ടികയില്‍ എത്തുന്നത്. തന്റെ കുടുംബത്തെ മിസ് ചെയ്യുന്നത് കൊണ്ട് പുറത്തുപോവുന്നെങ്കില്‍ താന്‍ പോവണമെന്ന് ബഷീര്‍ പറഞ്ഞു. വാതില്‍ തുറന്നു തന്നാല്‍ പുറത്തേക്ക് പോവുമോയെന്ന് ബഷീറിനോട് മോഹന്‍ലാല്‍ ചോദിച്ചു. താന്‍ പോവുമെന്നാണ് ബഷീര്‍ പറഞ്ഞത്. എന്നാല്‍ ഇവിടെ തുടരുകയാണെങ്കില്‍ മറ്റെല്ലാം മറന്ന് നന്നായി കളിക്കണമെന്ന് മോഹന്‍ലാല്‍ ഉപദേശിച്ചു.

ആരാണ് പുറത്ത് പോവേണ്ടതെന്ന് തനിക്ക് പറയാനാവില്ലെന്ന് ശ്രീനിഷ് പറഞ്ഞു. താന്‍ ഇവിടെ തുടരണമെന്നാണ് ആഗ്രഹമെന്നും ശ്രീനിഷ് കൂട്ടിച്ചേര്‍ത്തു. തനിക്ക് ആരോഗ്യപരമായ ബുദ്ധിമുട്ട് ഉണ്ടെന്ന് ദിയ സന പറഞ്ഞു. ചികിത്സ തുടരാന്‍ പുറത്തുപോവണമെന്നാണ് തനിക്ക് ആഗ്രഹമെന്നും ദിയ വ്യക്തമാക്കി. എന്നാല്‍ എല്ലാം ബിഗ് ബോസിന്റേയും പ്രേക്ഷകരുടേയും കൈയിലാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

ഈയാഴ്ച്ച ശ്രീനിഷ് പുറത്തുപോവില്ലെന്ന് മോഹന്‍ലാല്‍ അറിയിച്ചു. അതിഥിയോ ബഷീറോ ആണ് പുറത്തുപോവുക. ഇടവേളയ്ക്ക് ശേഷം തിരികെ വന്ന മോഹന്‍ലാല്‍ ദിയയാണ് പുറത്തുപോവുകയെന്ന് വ്യക്തമാക്കി. എല്ലാവരേയും മിസ് ചെയ്യുമെന്ന് ദിയ പറഞ്ഞു. തന്നോട് ക്ഷമിക്കണമെന്ന് അരിസ്റ്റോ സുരേഷിനോട് ദിയ പറഞ്ഞു. അനുഗ്രഹം തേടി സുരേഷന്റെ കാലിലും ദിയ തൊട്ടു.

‘ഞാന്‍ വേദനിപ്പിച്ചിട്ടുണ്ട്. നിങ്ങളുടെ സ്നേഹമാണ് ഞാന്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷിച്ചത്. അതിന്റെ പേരില്‍ ഞാന്‍ വേദനിപ്പിച്ചിട്ടുണ്ട്. ബിഗ് ബോസില്‍ എനിക്ക് സുരേഷേട്ടനോട് മാത്രമാണ് അത്രയും മാപ്പ് ചോദിക്കാനുളളത്. എന്നെ അനുഗ്രഹിക്കണം’, ദിയ സുരേഷിന്റെ കാലില്‍ തൊട്ട് പറഞ്ഞു. എല്ലാവരും ചേര്‍ന്ന് ദിയയെ യാത്ര പറഞ്ഞ് അയച്ചു.

ദിയയെ കെട്ടിപ്പിടിച്ച് കരയുന്ന അര്‍ച്ചന

അകത്തേക്ക് പോയ ദിയയാണോ പുറത്തേക്ക് പോവുന്നതെന്ന് മോഹന്‍ലാല്‍ ചോദിച്ചു. ‘ഒരുപാട് ക്ഷമ ഞാന്‍ പഠിച്ചു. വലിയ വലിയ കാര്യങ്ങളാണ് കിട്ടിയത്. അത്രയും ആകാംക്ഷയോടെയാണ് ബിഗ് ബോസിലെത്തിയത്. മിക്കവരേയും വ്യക്തിപരമായി അറിയാമായിരുന്നു. ചില കാര്യങ്ങള്‍ ഞാന്‍ പറഞ്ഞത് ഫലിപ്പിക്കാനായില്ല’, ദിയ സന പറഞ്ഞു. പ്രേക്ഷകരോട് നന്ദി പറഞ്ഞാണ് ദിയ മടങ്ങിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook