Bigg Boss Malayalam, 04 September 2018 Episode:72: ഷിയാസിന്‍റേയും സാബുവിന്‍റേയും പതിവ് തമാശകളോടെയാണ് ഇന്നത്തെ ദിവസം ആരംഭിച്ചത്. അർച്ചനയും ബഷീറും പേളിയുമൊക്കെ ഒപ്പമുണ്ടായിരുന്നു. പിന്നീട് തങ്ങളുടെ ശരീരത്തിലെ എല്ലുകള്‍ക്ക് പരുക്കുണ്ടെന്നും മർമ്മാണി ചികിത്സ വേണമെന്ന് സാബുവും അർച്ചനയും പേളിയും പറഞ്ഞു.

കഴിഞ്ഞ ദിവസമുണ്ടായ സംഭവങ്ങളെ കുറിച്ച് പേളിയും സുരേഷും സംസാരിക്കുന്നതിലേക്ക് കടന്നു പിന്നീട്. ഹിമയെ കുറിച്ചായിരുന്നു സുരേഷ് പറഞ്ഞത്. ഓരോന്ന് പറഞ്ഞ് കേറി പോയിട്ട് അവസാനം സ്ത്രീയെന്നാണ് ഹിമ പറയുന്നതെന്നും അത് പറയാന്‍ അവകാശമുള്ളവർ വേറെയുണ്ടെന്നും സുരേഷ് പറഞ്ഞു. ഇതിന് ശേഷം സുരേഷ് തന്നോട് അനാശാസ്യം എന്ന വാക്ക് പ്രയോഗിച്ചത് ഇഷ്ടമായില്ലെന്നും അതാണ് തന്‍റെ പ്രതികരണത്തിന് കാരണമെന്നും ഹിമ പേളിയോട് പറഞ്ഞു. പിന്നീട് പേളിയും ഷിയാസും ഹിമയും സംസാരിക്കുന്നിടത്തെത്തിയ സാബു ഷിയാസിന് വായില്‍ ഒട്ടിക്കാനായി പ്ലാസ്റ്റർ കൊടുത്തു. ഷിയാസ് അത് ഒട്ടിച്ചു.

ടാസ്കിനുള്ള അവസരമായിരുന്നു അടുത്തത്. രണ്ട് പേർ വീതമാണ് മത്സരിക്കേണ്ടത്. അർച്ചനയും ബഷീറുമാണ് മത്സരിക്കാനെത്തിയത്. മൂന്നാം മുറ എന്നായിരുന്നു ആദ്യത്തെ ടാസ്കിന്‍റെ പേര്. അർച്ചനയും ബഷീറുമാണ് രണ്ട് ഗ്രൂപ്പിലേയും ലീഡർമാർ. ഐസ് കട്ട നിറച്ച ബാത്ത് ഡബ്ബില്‍ കിടക്കാനായിരുന്നു ആദ്യ ടാസ്ക്. ബഷീറും അർച്ചനയുമാണ് മത്സരിച്ചത്. രണ്ടാം ഘട്ടത്തില്‍ ഇരുവരും ചെളി നിറച്ച കുളത്തില്‍നിന്നും ബോള്‍ കണ്ടെത്തണം. രണ്ടാം ഘട്ടത്തില്‍ പക്ഷെ അവർ പരാജയപ്പെട്ടു. ഇതോടെ മൂന്നാം ഘട്ടം നിർണ്ണായകമായി മാറി. ചെറിയ വ്യത്യാസത്തില്‍ പക്ഷെ മൂന്നാം ഘട്ടത്തിലും പരാജയപ്പെട്ടു.

പുറത്ത് ഇറങ്ങിയാല്‍ തങ്ങള്‍ക്ക് മാത്രമായി ഒരിടം കണ്ടെത്തണമെന്ന് സുരേഷും സാബും പദ്ധതിയിട്ടു. തങ്ങളെന്ന് അവർ ഉദ്ദേശിച്ചത് ബിഗ് ബോസിലെ ടീമിനെയായിരുന്നു. ഇതിനിടെ നഷ്ടപ്പെട്ട ലക്ഷ്വറി പോയിന്‍റിന് പകരം കുറച്ച് പോയിന്‍റ് കടമായിട്ട് ചോദിക്കണമെന്നും അവർ പറഞ്ഞു. ഇതിന് ശേഷം ലക്ഷ്വറി ടാസ്കിലെ രണ്ടാം റൗണ്ട് ആരംഭിച്ചു. ഇതില്‍ നേരത്തേ കഴിഞ്ഞതില്‍ ഒരു ടാസ്ക് വീണ്ടും എടുക്കണം. ഐസ് വെള്ളത്തിലെടുക്കുന്നതാണ് അവർ തിരഞ്ഞെടുത്തത്. ഷിയാസും അതിഥിയുമാണ് മത്സരിക്കാനായി ഇത്തവണ എത്തിയത്. പതിവ് പോലെ തമാശ കളിച്ചു കൊണ്ടായിരുന്നു ഷിയാസ് മത്സരിച്ചത്. അതിഥിയ്ക്ക് നന്നായി തണുക്കുന്നുണ്ടായിരുന്നു. ഇതിനിടെ ഷിയാസ് അതിഥിയെ കളിപ്പിക്കുകയും ചെയ്തു. ഇരുവരും വിജയകരമായി തന്നെ ആ ഘട്ടം പൂർത്തിയാക്കി.

രണ്ടാം ഘട്ടത്തില്‍ ബിഗ് ബോസിന്‍റെ ചോദ്യങ്ങള്‍ക്ക് അവർ മറുപടി നല്‍കി. ബിഗ് ബോസുമായി ബന്ധപ്പെട്ടു തന്നെയായിരുന്നു ചോദ്യങ്ങളൊക്കെ. പതിനഞ്ചില്‍ പതിമൂന്നെണ്ണത്തിന് മാത്രമേ അവർക്ക് ഉത്തരം നല്‍കാനായുള്ളൂ. തോങ്ങാക്കൊല എന്നായിരുന്നു മൂന്നാമത്തെ ടാസ്കിന്‍റെ പേര്. തേങ്ങയുടെ ചകിരി കടിച്ച് കളയുകയായിരുന്നു ടാസ്ക്. രണ്ടാം ഘട്ടം അവർ വിജയകരമായി പൂർത്തിയാക്കി.

പിന്നീട് ഹിമ കരയുന്നത് കണ്ട് സാബു അവിടേക്ക് എത്തി. കഴിഞ്ഞ ദിവസം പറഞ്ഞ വാക്കുകള്‍ ഹിമയെ വല്ലാതെ വേദനിപ്പിച്ചെന്നും അതാണ് കരയാന്‍ കാരണമെന്നും അർച്ചന സാബുവിനോട് പറഞ്ഞു. ഉപകാരം ചെയ്യാന്‍ വന്നതിനാണ് തന്നെ വിഷമിപ്പിച്ചതെന്ന് പറഞ്ഞായിരുന്നു ഹിമ കരഞ്ഞത്. എല്ലാം കഴിഞ്ഞെന്നും മായ്ച്ച് കളയണമെന്നും സാബു പറഞ്ഞു. അതേസമയം, തന്നോട് അലംപാക്കാന്‍ വന്നാല്‍ തിരിച്ചും അത് ചെയ്യുമെന്നും സാബു പറഞ്ഞു. തമാശ രൂപത്തിലായിരുന്നു സാബു സംസാരിച്ചതെങ്കിലും ഹിമയോടുള്ള വിയോജിപ്പ് ആ വാക്കുകളില്‍ നിന്നും വ്യക്തമായിരുന്നു.

രാത്രിയോടെ ബഷീറും സുരേഷും അർച്ചനയും സാബുവും അതിഥിയും ചേർന്ന് ഒരുമിച്ചിരുന്ന് പാട്ടു പാടി. രസകരമായ നിമിഷങ്ങളായിരുന്നു.സുരേഷിന്‍റെ പാട്ട് എല്ലാവരും ചേർന്ന് ആസ്വദിച്ചു. പുറകെ മറ്റുള്ളവരും അവിടെ എത്തിച്ചേർന്നു.

അടുത്ത ടാസ്കിനുള്ള സമയമായി. ലഭിക്കുന്ന വിഷയത്തെ കഥയാക്കി മാറ്റുകയായിരുന്നു ടാസ്ക്. കൊതുക് എന്ന വിഷയത്തിലായിരുന്നു സംസാരിച്ചത്. എല്ലാവരും പരസ്പരം ബന്ധപ്പെടുത്തി കൊണ്ടായിരുന്നു കൊതുകിനെ കുറിച്ച് സംസാരിച്ചത്. രണ്ടാമത്തെ വിഷയം മുട്ട കൂടോത്രം എന്ന വിഷയമായിരുന്നു. മൂന്നാം വാക്ക് അലുവയും മത്തിക്കറിയും ആയിരുന്നു. വീട്ടിലെ സംഭവങ്ങളുമായി ബന്ധപ്പെടുത്തിയായിരുന്നു എല്ലാവരും സംസാരിച്ചത്. യക്ഷി എന്നതായിരുന്നു നാലാമത്തെ വാക്ക്. ഹിമയുമായി ബന്ധപ്പെടുത്തിയായിരുന്നു ഇത്തവണ എല്ലാവരും സംസാരിച്ചത്. ചിരി നിറഞ്ഞ നിമിഷങ്ങളായിരുന്നു ഈ ടാസ്ക് സമ്മാനിച്ചത്. പരസ്പരം പാര പണിതു കൊണ്ടായിരുന്നു അവർ ടാസ്ക് ആഘോഷമാക്കിയത്.

രാത്രി പതിവ് പോലെ ശ്രീനിഷും പേളിയും ഒഴിഞ്ഞ മൂലയിലെത്തി. ജീവിതത്തെ കുറിച്ചും ഒരുമിച്ചുള്ള ജീവിതത്തെ കുറിച്ചുമൊക്കെയായിരുന്നു അവർ സംസാരിച്ചിരുന്നത്. കല്യാണത്തെ കുറിച്ചും വീട്ടുകാരെ കുറിച്ചുമെല്ലം അവർ സംസാരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook