പതിവു പോലെ പാട്ടു പാടി തന്നെ ബിഗ് ബോസിലെ പുതിയ ദിവസവും ആരംഭിച്ചു. ബിഗ് ബോസിലെ പത്താം ദിവസമാണിത്. പൈസെ പൈസെ എന്ന തമിഴ് ഗാനമാണ് ഇന്ന് മത്സരാർത്ഥികള്‍ക്കായി പ്ലേ ചെയ്‌തത്. പിന്നാലെ ശ്വേതാ മേനോനും അനൂപ് ചന്ദ്രനും തമ്മില്‍ ചെറിയ വാക്കു തർക്കമായി. ശ്വേത സ്വകാര്യ സ്കൂളിലെ എച്ച്എമ്മിനെ പോലെ പെരുമാറരുതെന്ന് അനൂപ് പറഞ്ഞു. പിന്നാലെ അങ്ങോട്ടും ഇങ്ങോട്ടും അവർ വാഗ്വാദം നടത്തി. ഒടുവില്‍ അനൂപിന്‍റെ മുഖത്ത് നോക്കി ശ്വേത ഷട്ട് അപ്പ് എന്ന് പറഞ്ഞു.

പിന്നാലെ ശ്വേത സംഭവം സാബുവിനോട് വിവരിച്ചു. വേറെ ആരെങ്കിലും ആയിരുന്നുവെങ്കില്‍ തനിക്ക് സങ്കടമാവില്ലായിരുന്നുവെന്നും സാബുവാണെങ്കില്‍ പോലുമെന്ന് ശ്വേത പറഞ്ഞു. ഒരാളുടെ സ്വഭാവം അറിയണമെങ്കില്‍ വീട്ടിലെത്തണമെന്നും ശ്വേത പറഞ്ഞു. ശ്വേതയെ ആശ്വസിപ്പിക്കാനായി സാബു ശ്രമിച്ചെങ്കിലും നിങ്ങളുടേത് വലിയ സംഘമാണെന്ന് പറഞ്ഞ് ശ്വേത സാബുവിനെ മടക്കി അയച്ചു.

ശേഷം സാബു അനൂപിന്‍റെ അരികിലെത്തി. നൂറ് പേരാണെങ്കിലും താന്‍ മൽസരിക്കുമെന്ന് അനൂപ് പറഞ്ഞു. ഇതിനിടെ ലീഡറായി അർച്ചന വരട്ടെയെന്ന് അനൂപ് അഭിപ്രായപ്പെട്ടു.

പിന്നീട് മുതലാളിയായ സാബുവും തന്‍റെ തൊഴിലാളികളും തമ്മില്‍ പണത്തെ ചൊല്ലി തർക്കമായി. തനിക്ക് 35000 വേണമെന്ന് അനൂപ് പറഞ്ഞു. ഇത്രയും കാശ് വേണമെങ്കില്‍ നേരത്തേ പറയണമെന്ന് അരിസ്റ്റോ സുരേഷ് പറഞ്ഞു. താന്‍ ഡെയ്ഞ്ചർ സോണിലാണെന്നും വേറെ വഴിയില്ലെന്നുമായി അനൂപ്.

ശേഷം ബിഗ് ബോസ് ദിയയ്‌ക്ക് മാത്രമായി പ്രത്യേക ഓഫർ നല്‍കി. ഓഫർ സ്വീകരിച്ചാല്‍ ദിയയ്‌ക്ക് ക്യാപ്റ്റനായി മൽസരിക്കാമെന്നും അടുത്ത എലിമിനേഷനില്‍ സുരക്ഷിതയായിരിക്കുമെന്നും ബിഗ് ബോസ് പറഞ്ഞു. ദിയ അത് സ്വീകരിച്ചു. അതൊരു രഹസ്യ ടാസ്കായിരുന്നു. ഇന്നത്തെ ടാസ്ക് പൂർത്തിയാക്കാതെ തടസപ്പെടുത്തുക എന്നതായിരുന്നു ടാസ്ക്. അത് പൂർത്തീകരിക്കാന്‍ ദിയയ്‌ക്ക് ഏത് വഴിയും സ്വീകരിക്കാമെന്നും ബിഗ് ബോസ് അറിയിച്ചു. ദിയ അത് സമ്മതിച്ചു.

പരാജയപ്പെട്ടാല്‍ പിന്നീട് ഒരിക്കലും ക്യാപ്റ്റനാകാന്‍ പറ്റില്ലെന്നും ബിഗ് ബോസ് അറിയിച്ചതോടെ ദിയ ആശങ്കയിലായി. മറ്റാരോടും ഇതിനെ കുറിച്ച് സംസാരിക്കരുതെന്നും ബിഗ് പറഞ്ഞു. പിന്നാലെ സാബുവും രഞ്ജിനിയും കണ്‍സെഷന്‍ റൂമിലെത്തി. ഇരുവരും കൈയ്യിലുള്ള പണം എത്രയാണെന്ന് അറിയിച്ചു. ആരേയും ക്യാപ്റ്റനാക്കാന്‍ പണം നല്‍കരുതെന്നും മുതലാളിമാർ തമ്മില്‍ ധാരണയാവരുതെന്നും ബിഗ് ബോസ് അറിയിച്ചു. എന്നാല്‍ തൊഴിലാളികളെ മാറ്റിയെടുക്കാന്‍ അവസരം നല്‍കി.

വീണ്ടും ടാസ്ക് ആരംഭിച്ചു. സ്റ്റോർ റൂമില്‍ നിന്നും സാധനങ്ങളെടുത്ത് വരുന്നതിനിടെ മത്സരാർത്ഥികളിലാരോ അകത്തേക്ക് എറിഞ്ഞ ചാക്ക് അർച്ചനയുടെ മുഖത്ത് കൊണ്ടു. ആരാണെന്ന് അറിയാതെ അർച്ചന ബഹളമുണ്ടാക്കി. ഇതിനിടെ അവരവരുണ്ടാക്കിയ ഉത്പന്നങ്ങള്‍ മത്സരാർത്ഥികള്‍ വില്‍ക്കാന്‍ ശ്രമിച്ചു. ലഭിച്ച ടാസ്ക് പൂർത്തിയാക്കുന്നതില്‍ രഞ്ജിനിയുടെ ടീമായിരുന്നു മുന്നില്‍. ഇതിനിടെ അവർക്കെതിരെ പരാതിയുമായി സാബുവിന്‍റെ തൊഴിലാളികളായ ചിലർ രംഗത്തെത്തി.

രഞ്ജിനിയും സാബുവും തങ്ങളുടെ തൊഴിലാളികളെ കുറിച്ച് പരസ്‌പരം പൊങ്ങച്ചം പറഞ്ഞ് കുറച്ച് നേരം ചിലവിട്ടു. ഇരുവരും വളരെ ആസ്വദിച്ചാണ് സംസാരിച്ചത്. ഇതിനിടെ പുറത്ത് രണ്ട് മുതലാളിമാരുടേയും തൊഴിലാളികള്‍ ടാസ്ക് പൂർത്തിയാക്കാന്‍ ശ്രമിക്കുകയായിരുന്നു. ടാസ്ക് കഴിയുന്ന സമയം അവനവന് ലഭിക്കുന്ന തുകയെ കുറിച്ചായിരുന്നു എല്ലാവരും ചർച്ച ചെയ്‌തു കൊണ്ടിരുന്നത്.

ലഭിക്കുന്ന തുക എത്രയായിരിക്കും എന്ന് അനൂപും ദിയയും കൂട്ടിയും കുറച്ചും നോക്കുകയായിരുന്നു. ഇതിനിടെ ദിയയും അരിസ്റ്റോ സുരേഷും തമ്മില്‍ തർക്കമായി. ദിയ തന്നോട് സംസാരിക്കരുതെന്ന് സുരേഷ് പറഞ്ഞു. എന്നാല്‍ ദിയയും സുരേഷിന് മറുപടി. ദിയ പണിയെടുക്കിന്നില്ലെന്നായിരുന്നു സുരേഷിന്‍റെ പരാതി. താന്‍ പണിയെടുക്കില്ലെന്ന് ദിയ ഉറപ്പിച്ചു പറഞ്ഞു.

മുതലാളി റോളിലേക്ക് ഇറങ്ങി ചെന്നായിരുന്നു രഞ്ജിനി ടാസ്കിന്‍റെ ഭാഗമായത്. ഇതിനിടെ വീണ്ടും ബസറിടിച്ചു. മത്സരാർത്ഥികള്‍ സ്റ്റോർ റൂമിലേക്ക് ഓടി. അരിസ്റ്റോ സുരേഷ് നിലത്ത് വീണെങ്കിലും ഉടനെ തന്നെ എഴുന്നേറ്റു. എല്ലാവരും അവരവർക്ക് കിട്ടിയതുമായി പുറത്തേക്ക് വന്നു. ശേഷം എതിർ ടീമിലെ ആരുടേയോ കൈ കൊണ്ട് ബഷീർ ബാഷിയ്‌ക്ക് പരുക്കേറ്റു.

വൈകിട്ടായതോടെ ടാസ്ക് അവസാനിപ്പിക്കാനുള്ള ബസർ അടിച്ചു. അവസാന നിമിഷം രഞ്ജിനിയും സംഘവും ഓടി നടന്ന് പണി തീർത്തു. സാബുവും രഞ്ജിനിയും കണ്‍സെഷന്‍ റൂമിലെത്തി. രഞ്ജിനി 50 കൈ ചെയ്നായിരുന്നു നിർമ്മിച്ചത്. ശേഷം ഇരുവരും പുറത്തേക്ക് ഇറങ്ങി.

രാത്രിയോടെ ടാസ്കിന്‍റെ റിസള്‍ട്ട് വന്നു. ലക്ഷ്വറി ടാസ്കില്‍ എല്ലാവരും പരാജയപ്പെട്ടു എന്നായിരുന്നു ബിഗ് ബോസ് അറിയിച്ചത്. ശേഷം പണമൊഴികെ ടാസ്കിനായി ഉപയോഗിച്ചതെല്ലാം തിരികെ സ്റ്റോർ റൂമിലെത്തിച്ചു. രാത്രിയില്‍ വീണ്ടും ടാസ്ക് അറിയിച്ചു കൊണ്ടുള്ള സന്ദേശം വന്നു. മൽസരാർത്ഥികള്‍ അനൂപിനും ഹിമയ്‌ക്കും പിന്നിലായി രണ്ട് ടീമായി മാറി. മൈം നാടകങ്ങള്‍ അവതരിപ്പിക്കുകയായിരുന്നു ടാസ്ക്.

രണ്ട് ബെഡ് റൂമുകളിലായി മത്സരാർത്ഥികള്‍ ടാസ്കിനായുള്ള പദ്ധതികള്‍ രൂപീകരിച്ചു. അർച്ചനയായിരുന്നു അനൂപിന്‍റെ ടീമിലെ മേക്ക് അപ്പ് ആർട്ടിസ്റ്റ്. എല്ലാവരും കുരങ്ങുകളായെത്തിയായിരുന്നു അവരുടെ പ്രകടനം. അവരുടെ പ്രകടനം രണ്ടാമത്തെ ടീം കണ്ടാസ്വദിച്ചു. തന്‍റെ അഭിനയ പാടവം അനൂപ് ഈ ടാസ്കില്‍ പുറത്തെടുത്തു. ഒടുവിലായി മനുഷ്യന്‍റെ പരിണാമഘട്ടത്തെ സൂചിപ്പിക്കുന്ന തരത്തില്‍ ടീമംഗങ്ങള്‍ നിന്നപ്പോള്‍ മറ്റുള്ളവർ കൈയ്യടിച്ചു.

അടുത്ത ഊഴം രണ്ടാമത്തെ ടീമിന്റെയായിരുന്നു. ബിഗ് ബോസിലെ സംഭവങ്ങള്‍ തന്നെ തമാശ രൂപേണ അവർ അവതരിപ്പിച്ചു. രഞ്ജിനിയും ശ്വേതയുമായിരുന്നു വിധി കർത്താക്കള്‍. വിജയികളായി ഹിമയുടെ ടീമിനെയാണ് തിരഞ്ഞെടുത്തത്.

രാത്രി പത്തു മണിയോടെ ടാസ്കിനിടെ പണം കാണാതെ പോയത് രഞ്ജിനി വീണ്ടും ചർച്ചയാക്കി ഉയർത്തിക്കൊണ്ടു വന്നു. സാബു തന്‍റെ കൈയ്യിലുണ്ടായിരുന്ന കോഴിമുട്ട ഉപയോഗിച്ച് എല്ലാവരുടേയും തലക്കുഴിഞ്ഞത് തമാശ രംഗങ്ങള്‍ സൃഷ്‌ടിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook