വീണ്ടും എലിമിനേഷന്‍ നടപടികള്‍ക്കായി മോഹന്‍ലാല്‍ ബിഗ് ബോസ് വീട്ടിലെത്തി. പുതിയ മത്സരാര്‍ത്ഥിയായ അഞ്ജലി അമീറിനോടാണ് മോഹന്‍ലാല്‍ അഭിപ്രായം ചോദിച്ചത്. ബിഗ് ബോസില്‍ നല്ല രീതിയില്‍ മുന്നോട്ട് പോകുന്നെന്ന് അഞ്ജലി പറഞ്ഞു. അഞ്ജലി എടുക്കുന്ന തീരുമാനങ്ങള്‍ നല്ലതാണെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. പേളിയെ ചെകുത്താന്റെ കുഞ്ഞെന്ന് സാബു വിളിച്ച കാര്യം മോഹന്‍ലാല്‍ സൂചിപ്പിച്ചു. ഓരോ മത്സരാര്‍ത്ഥികളോടും അഞ്ജലിയെ കുറിച്ചുളള അഭിപ്രായം മോഹന്‍ലാല്‍ ചോദിച്ചു. അഞ്ജലി നല്ല കുട്ടിയാണെന്നാണ് എല്ലാവരും പറഞ്ഞത്. ഷിയാസിന് വേണ്ടി ചില സാധനങ്ങള്‍ ഒരുക്കി വെച്ചിട്ടുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

പഴയൊരു സുരേഷിലേക്ക് തിരികെ പോവുമെന്ന് എന്തിനാണ് എപ്പോഴും പറയുന്നതെന്ന് മോഹന്‍ലാല്‍ ചോദിച്ചു. ഇനി പഴയതിലേക്ക് തിരികെ പോവേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടാമത്തെ വരവിലെ രഞ്ജിനിയുടെ വിശേഷങ്ങള്‍ മോഹന്‍ലാല്‍ ചോദിച്ചു. അഞ്ജലിക്ക് പേളി സാരി കൊടുക്കാതിരുന്ന കാര്യവും മോഹന്‍ലാല്‍ സൂചിപ്പിച്ചു. കൂടാതെ അഞ്ജലിയെ പേളി വേര്‍തിരിച്ച് കണ്ടതായി സാബു പറഞ്ഞു പരത്തിയ കാര്യം മോഹന്‍ലാല്‍ ചോദിച്ചു. എന്നാല്‍ താന്‍ അഞ്ജലിയെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ചിലര്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും പേളി വിശദീകരണം നല്‍കി. ഉടന്‍ തന്നെ മോഹന്‍ലാല്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ കാണിച്ചു. അഞ്ജലിയുടെ നൈറ്റി അനൂപ് ധരിച്ചപ്പോള്‍ പേളി ‘അയ്യോ’ എന്ന് പറഞ്ഞത് അഞ്ജലിയെ അപമാനിക്കാന്‍ ആയിരുന്നു എന്നായിരുന്നു സാബു പ്രചരിപ്പിച്ചത്. പേളി അഞ്ജലിയെ അപമാനിച്ചോ എന്ന് മത്സരാര്‍ത്ഥികള്‍ തീരുമാനിക്കണമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അതിര് വിട്ട വാക്കുകള്‍ എല്ലാവരും കേള്‍ക്കുന്നുണ്ടെന്ന് മോഹന്‍ലാല്‍ സാബുവിനോട് വ്യക്തമാക്കി.

എന്തിനാണ് പുറത്തുപോവണമെന്ന് എപ്പോഴും പറയുന്നതെന്ന് സുരേഷിനോട് മോഹന്‍ലാല്‍ ചോദിച്ചു. ‘ഇവിടെ എങ്ങനെ കളിച്ചാലും പുറത്തുള്ളവര്‍ വെറുക്കില്ല. ഇഷ്ടമുളളത് കൊണ്ടാണ് നിങ്ങളെ ഇവിടെ ഇരുത്തുന്നത്’, മോഹന്‍ലാല്‍ പറഞ്ഞു. ഷിയാസ് ഇപ്പോള്‍ കാറ്റ് പോയ ബലൂണ്‍ പോലെ ആയത് എന്താണെന്ന് മോഹന്‍ലാല്‍ ചോദിച്ചു.

ചെകുത്താന്റെ മുട്ടയെന്ന് പേളിയെ കുറിച്ച് പറഞ്ഞതില്‍ തനിക്ക് വിഷമമുണ്ടെന്ന് സാബു പറഞ്ഞു. മനസ്സില്‍ വെച്ച് പറഞ്ഞതല്ലെന്നും പറ്റിപ്പോയതാണെന്നും സാബു വ്യക്തമാക്കി. താന്‍ ഇക്കാര്യം പേളിയോട് സംസാരിച്ച് പരിഹരിച്ചെന്നും സാബു പറഞ്ഞു. വളരെ മോശമായ രീതിയിലുളള സാബുവിന്റെ പെരുമാറ്റത്തെ എല്ലാര്‍ക്കും മുമ്പില്‍ വെളിപ്പെടുത്തുകയായിരുന്നു മോഹന്‍ലാല്‍.

ഇതിന് പിന്നാലെ ഷിയാസിന് വേണ്ടി നാല് സുന്ദരികളെ ബിഗ് ബോസ് ഹൗസില്‍ മോഹന്‍ലാല്‍ എത്തിച്ചു. ഷിയാസിനൊപ്പം റാമ്പ് വാക്ക് ചെയ്താണ് പെണ്‍കുട്ടികള്‍ പോയത്. ഇപ്പോള്‍ എന്തോ ഒരു ഊര്‍ജ്ജം കിട്ടിയതായി ഷിയാസ് പറഞ്ഞു. കൂടാതെ ഷിയാസിനായി പ്രോട്ടീന്‍ പൗഡറും എത്തിച്ച് നല്‍കി. മത്സരാര്‍ത്ഥികളെ കുറിച്ച് എന്ത് വേണമെങ്കിലും സംസാരിക്കാന്‍ ഷിയാസിന് മോഹന്‍ലാല്‍ അവസരവും നല്‍കി. രഞ്ജിനിയേയും സാബുവിനേയും അര്‍ച്ചനയേയും കുറിച്ച് ഷിയാസ് തുറന്ന് സംസാരിച്ചു. താന്‍ തുറന്ന് സംസാരിച്ചാല്‍ മോശമായി പോകുമെന്ന് ഷിയാസ് പറഞ്ഞു. താന്‍ ക്ഷമ വിടാതെ ഇരിക്കുകയാണെന്നും ഷിയാസ് കൂട്ടിച്ചേര്‍ത്തു.

മത്സരത്തില്‍ അവസാന റൗണ്ടില്‍ വരുന്നവരുടെ പേര് പറയാന്‍ ഓരോരുത്തരോടും മോഹന്‍ലാല്‍ ചോദിച്ചു. താന്‍ പുറത്തുപോവുമെന്നും പേളിയും അതിഥിയും അവസാനം വരണമെന്നാണ് ആഗ്രഹമെന്നും സുരേഷ് പറഞ്ഞു. സാങ്കല്‍പിക ഫോണ്‍ കോളില്‍ പേളിയാണ് വിജയിച്ചതെന്നും ഒരു സമ്മാനം ഉണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. തുടര്‍ന്ന് പേളിയുടെ അമ്മയുമായി സംസാരിക്കാനുളള അവസരമാണ് മോഹന്‍ലാല്‍ നല്‍കിയത്. പൊട്ടിക്കരഞ്ഞാണ് പേളി അമ്മയോട് സംസാരിച്ചത്. സന്തോഷത്തോടെ ഇരിക്കണമെന്നും പേളി സുരക്ഷിതയാണെന്നും ഈയാഴ്ച്ച പുറത്ത് പോവില്ലെന്നും പേളിയുടെ അമ്മ പറഞ്ഞു. അര്‍ച്ചനയും ഈയാഴ്ച്ച പുറത്തുപോവില്ലെന്ന് മോഹന്‍ലാല്‍ വെളിപ്പെടുത്തി. ശ്രീനിഷ്, ബഷീര്‍, ദിയ എന്നിവരാണ് എലിമിനേഷന്‍ പട്ടികയിലുളളത്. ഇനി മുതല്‍ താന്‍ നന്നായി കളിക്കുമെന്ന് ഷിയാസ് രഞ്ജിനിയോട് പറഞ്ഞു. ഞായറാഴ്ച്ചയാണ് ഒരു മത്സരാര്‍ത്ഥി പുറത്തുപോവുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook