Bigg Boss Malayalam, 03 August 2018 Episode 40: 40-ാം ദിനം രാവിലെ തന്നെ പുതിയ ക്യാപ്റ്റനാവാന്‍ പോവുന്ന സാബു തന്റെ പദ്ധതികള്‍ തയ്യാറാക്കുകയായിരുന്നു. പുതിയ ആള്‍ക്കാരെ അടുക്കളയിലേക്ക് നിയോഗിക്കാനാണ് സാബുവിന്റെ തീരുമാനം. ഷിയാസും ബഷീറും അടക്കമുളളവരെ പാചകത്തിന് നിയോഗിക്കണമെന്ന് രഞ്ജിനി പറഞ്ഞു. തങ്ങള്‍ക്ക് കിട്ടിയ ലക്ഷ്വറി പോയിന്റില്‍ നിന്ന് സാധനങ്ങള്‍ തിരഞ്ഞെടുത്തു. ബിഗ് ബോസില്‍ ഗെയിം കളിക്കുന്നെങ്കില്‍ ശ്രദ്ധിച്ച് കളിക്കണമെന്ന് സാബു അനൂപിനോട് പറഞ്ഞു. ബിഗ് ബോസില്‍ പരമാവധി തുടരണമെങ്കില്‍ തനിക്ക് താഴെ ഉള്ളവനെ അടിക്കണമെന്ന് സാബു പറഞ്ഞു. ആദ്യം ഷിയാസിനെ ആക്രമിക്കാനാണ് സാബു പറഞ്ഞു കൊടുത്തത്.

അടുത്ത ആഴ്ച മുതല്‍ ക്യാപ്റ്റനല്ല ‘കാരണവര്‍’ ആണ് ബിഗ് ബോസില്‍ ഉണ്ടാവുകയെന്ന് ബിഗ് ബോസ് അറിയിച്ചു. തുടര്‍ന്ന് അടുത്ത ആഴ്ച കാരണവര്‍ ആകുവാനുളള മത്സരത്തിന് മൂന്ന് പേരെ തിരഞ്ഞെടുത്തു. അര്‍ച്ചന, ബഷീര്‍, ശ്രീനിഷ് എന്നിവരാണ് യോഗ്യത നേടിയത്. മൂവര്‍ക്കമുളള ടാസ്ക് ബിഗ് ബോസ് കൊടുത്തു. കാരണവര്‍ ആയാല്‍ നടപ്പിലാക്കാന്‍ പോവുന്ന പദ്ധതികള്‍ 3 മിനിറ്റിനുളളില്‍ വിവരിക്കണം. മൂവര്‍ക്കും മറ്റ് മത്സരാര്‍ത്ഥികള്‍ വോട്ട് ചെയ്യും. മികച്ച പ്രസംഗം നടത്തിയവരാണ് കാരണവര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടേണ്ടത്.

ആദ്യം പദ്ധതികള്‍ വിവരിക്കാനെത്തിയത് അര്‍ച്ചനയാണ്. മുന്‍കാല ക്യാപ്റ്റന്മാരുടെ നല്ല പ്രവൃത്തികള്‍ തിരഞ്ഞെടുത്ത് താന്‍ ചെയ്യുമെന്ന് അര്‍ച്ചന വാഗ്‌ദാനം ചെയ്തു. ശരിയുടെ പക്ഷത്താണ് കാരണവര്‍ ആയാല്‍ താന്‍ നില്‍ക്കുകയെന്ന് ശ്രീനിഷ് പറഞ്ഞു. പുറത്താവുന്നതിന് മുമ്പ് ബിഗ് ബോസിലെ നായകനാവണമെന്ന് ആഗ്രഹമുളളതായി ബഷീര്‍ പറഞ്ഞു. തുടര്‍ന്ന് ഓരോരുത്തരും വോട്ട് ചെയ്തു. അര്‍ച്ചനയാണ് വോട്ടിങ്ങില്‍ വിജയിച്ചത്. പുതിയ കാരണവരാകുന്ന അര്‍ച്ചനയെ മത്സരാര്‍ത്ഥികള്‍ അഭിനന്ദിച്ചു.

തന്നെ മനഃപൂര്‍വ്വം തളര്‍ത്താനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് പേളി പറഞ്ഞു. സാബുവിന് ഇഷ്ടമില്ലാത്തവർ സംസാരിക്കുമ്പോള്‍ വില കല്‍പ്പിക്കുന്നില്ലെന്നും പേളി ആരോപിച്ചു. ഇതിനിടെ കടന്നുവന്ന അനൂപിനോടും പേളി സംസാരിച്ചു. ഷിയാസ് ഇവിടെ അനാവശ്യമായി ഒച്ച വച്ച് സംസാരിക്കുന്നു എന്നായിരുന്നു അനൂപ് പറഞ്ഞത്. എന്നാല്‍ അനൂപ് രാവിലെ നല്ല ഉച്ചത്തില്‍ സംസാരിച്ചെന്നും നിങ്ങള്‍ക്ക് മാത്രമല്ലല്ലോ സംസാരിക്കാന്‍ പറ്റാവുന്നതെന്ന് പേളി തിരിച്ചടിച്ചു.

ഇതിനിടെ അനൂപുമായി സംസാരിച്ച് കൊണ്ടിരുന്ന ബഷീര്‍ സാബു വന്നപ്പോള്‍ എഴുന്നേറ്റ് പോവാന്‍ ശ്രമിച്ചു. എന്നാല്‍ ഇതാണോ ബഷീറിന്റെ മര്യാദയെന്ന് സാബു ചോദിച്ചു. മതത്തിന്റേയും മറ്റും പേരില്‍ വിഭാഗീയത ഉണ്ടാക്കാന്‍ നോക്കുന്ന സാബുവാണോ മര്യാദ പഠിപ്പിക്കുന്നതെന്ന് ബഷീര്‍ തിരിച്ചു ചോദിച്ചു. സാബുവിനെ പൊളിച്ചടുക്കുന്ന രീതിയിലാണ് ബഷീര്‍ സംസാരിച്ചത്. തന്ന ബഹുമാനം ഇനി നല്‍കില്ലെന്നും ബഷീര്‍ തുറന്നു പറഞ്ഞു. പേളിയെ ചെകുത്താന്റെ കുഞ്ഞെന്ന് വിളിച്ചതാണോ സാബുവിന്റെ മാന്യതയെന്നും ബഷീര്‍ ചോദിച്ചു. ഇനി ബിഗ് ബോസില്‍ തങ്ങള്‍ കളിക്കുമെന്നും ബഷീര്‍ മറ്റുളളവരോട് പറഞ്ഞു.

താന്‍ ഇനിയും ഇവിടെ തുടര്‍ന്നാല്‍ ബിഗ് ബോസ് ഒരു ഭ്രാന്തിന്റെ ഡോക്ടറെ വിടേണ്ടി വരുമെന്ന് അരിസ്റ്റോ സുരേഷ് പറഞ്ഞു. ഇതിനിടെയാണ് വഴിത്തിരിവുണ്ടാക്കുന്ന പ്രഖ്യാപനം ബിഗ് ബോസ് നടത്തിയത്. ഈ ആഴ്ച നോമിനേഷനിലുളളവര്‍ ഇനി ജോലിയൊന്നും ചെയ്യേണ്ട. അടിമക്കണ്ണ് എന്നാണ് ടാസ്കിന്റെ പേര്. നോമിനേഷനില്‍ വന്നവര്‍ യജമാനന്‍മാരാണ്. ഇവര്‍ക്ക് ഓരോ അടിമകളെ തിരഞ്ഞെടുക്കാം. യജമാനന് വേണ്ട ഓരോ ജോലികളും അടിമകള്‍ ചെയ്ത് കൊടുക്കണം. തന്റെ അടിമയായി സാബുവിനെ വേണമെന്ന് പേളി പറഞ്ഞു. അര്‍ച്ചനയുടെ അടിമ അഞ്ജലിയാണ്, ബഷീറിന്റെ അടിമ രഞ്ജിനിയാണ്. ഷിയാസാണ് ശ്രീനിഷിന്റെ അടിമ.

ആദ്യം തന്നെ രഞ്ജിനിയെ കൊണ്ട് ബഷീര്‍ മസാജ് ചെയ്യിച്ചു. സാബുവിനെ കൊണ്ട് പേളി ചായ ഉണ്ടാക്കിച്ചു. പിന്നാലെ സാബുവിനെ കൊണ്ട് പാട്ട് പാടിച്ചു. ഷിയാസിനെ കൊണ്ട് ശ്രീനിഷ് ഡാന്‍സ് ചെയ്യിച്ചു. ഇതില്‍ സാബവും രഞ്ജിനിയും പങ്കാളികളായി. പേളി പറഞ്ഞ ഓരോ കാര്യങ്ങളും സാബു ചെയ്ത് കൊടുത്തു. താനും സാബുവും സുഹൃത്തുക്കളായെന്ന് പേളി സുരേഷിനോട് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook