മുൻപരിചയമോ മുൻവിധികളോ ഇല്ലാതെയാണ് ഞാൻ ‘ബിഗ് ബോസ്’ ടിവി ഷോ ആദ്യമായി കാണുവാൻ തുടങ്ങിയത്, അതും മലയാളത്തിൽ. മോഹൻലാൽ, രഞ്ജിനി ഹരിദാസ് എന്നിവരുൾപ്പെടെ ഞാൻ ഇഷ്ടപ്പെടുന്ന ചില സെലിബ്രിറ്റികൾ ഷോയിൽ ഉള്ളതു തന്നെയായിരുന്നു എന്നെ അതിലേയ്ക്ക് ആകർഷിച്ച പ്രധാന ഘടകം. ഇപ്പോൾ കണ്ടു കണ്ട് അധികം ടി.വി കാണാത്ത ഞാൻ ഈ ഷോ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. എന്നാൽ ‘ബിഗ് ബോസ്’ ഷോ കാണുന്നത് ഒളിഞ്ഞു നോട്ടമാണ്, ചാനലുകാർ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയ്ക്കനുസരി ച്ചുള്ള സ്ക്രിപ്റ്റഡ്‌-ഷോ ആണ്, പാശ്ചാത്യ സംസ്കാരമാണ് എന്നൊക്കെയുള്ള ആരോപണങ്ങൾ തുടക്കം മുതലേ കേട്ടിരുന്നു.

മലയാളിയുടെ ഒളിഞ്ഞുനോട്ടത്തിനുള്ള ത്വര വെളിവാക്കുന്നതാണ് ഇത്തരം ഷോകൾ എന്നതാണ് ആദ്യത്തെ ആരോപണം! ഒരു വ്യക്തി അറിയാതെ അയാളുടെ സ്വകാര്യ ജീവിതം അറിയാൻ ശ്രമിക്കുന്നതാണ് ഒളിഞ്ഞു നോട്ടം. ‘ബിഗ് ബോസ്’ വീട്ടിലെ ഓരോ ചലനങ്ങളും പല ക്യാമറകളാൽ ഒപ്പിയെടുക്കപ്പെടുമെന്നും അത് ലോകം മുഴുവൻ കാണുമെന്നും പൂർണ്ണ ബോധ്യം ഉള്ളവരാണ് ഈ ഷോയിലെ മത്സരാർത്ഥികൾ. അതിനാൽ തന്നെ ഇവിടെ ഒളിഞ്ഞു നോട്ടം എന്ന വാക്കു തന്നെ നിരർത്ഥകമാണ്. കൂടാതെ, ലോകം മുഴുവൻ പല ഭാഷകളിലായി ഹിറ്റായി മാറിയ ഒരു ഷോ മലയാളിയുടെ മാത്രം സ്വഭാവ വൈകൃതമായി ആരോപിക്കപ്പെടുന്നത് ‘പൊട്ടക്കിണറ്റിലെ തവള’ കണക്കെയുള്ള ചിന്താഗതി മാത്രമാണ്.

ചാനലുകാർ മുൻകൂട്ടി തയ്യാറാക്കിയ രഹസ്യമായ തിരക്കഥയ്ക്കനുസരിച്ചാണ് മത്സരാർത്ഥികൾ പെരുമാറുന്നതെന്നത് മിക്കവരും പറയുന്ന ആരോപണമാണ്. മത്സരാർത്ഥികൾ തമ്മിൽ ഉടലെടുക്കുന്ന പ്രണയം പോലും സ്ക്രിപ്റ്റഡ്‌-ഷോ ആണെന്നാണ് വാദം. ഇതിനെക്കുറിച്ച് ഷോയിൽ നിന്നും പുറത്തായ ശേഷം രഞ്ജിനി ഹരിദാസ് പറഞ്ഞത് ശ്രദ്ധേയമാണ്:

“ഒരു വീട്ടില്‍ യാതൊരു ബാഹ്യ ബന്ധങ്ങളുമില്ലാതെ, കുറേ അപരിചിതരുടെ കൂടെ പൂട്ടിയിടുമ്പോള്‍ നമുക്കുണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങള്‍ സങ്കല്‍പ്പിക്കുന്നതിലും അപ്പുറമാണ്. എത്ര കാമറ ഉണ്ടെന്നറിഞ്ഞിട്ടും കാര്യമില്ല , ഒരു പരിധിയില്‍ കൂടുതല്‍ അഭിനയിക്കാന്‍ കഴിയില്ല. ആദ്യത്തെ മൂന്നാഴ്ചയൊക്കെ മനുഷ്യര്‍ കോണ്‍ഷ്യസ് ആയിരുന്നിരിക്കാം, അഭിനയിച്ചിട്ടുണ്ടാവാം. എന്നാല്‍ അതിനു ശേഷം ഓരോരുത്തരും കാണിക്കുന്നതാണ് അവരുടെ യഥാര്‍ത്ഥ സ്വഭാവം”.

പരിപാടിയിൽ വന്നതിനു ശേഷം മത്സരാർത്ഥികൾ ഒറ്റയ്ക്കോ സുഹൃത്തുക്കളുമായോ കാര്യങ്ങൾ രഹസ്യമായി പ്ലാൻ ചെയ്യുന്നുണ്ടാവാം. അത് ഒരു മത്സരമായ ഈ ഷോയിൽ വിജയിക്കുന്നതിനുള്ള കരുനീക്കങ്ങൾ നടത്തുന്നതിന്റെ ഭാഗമാണ്. ചാനൽ നടത്തിപ്പുകാർ ‘ബിഗ് ബോസ്’ ഹൗസിൽ ഇടപെടുന്നത് അവർ മത്സരാർത്ഥികൾക്ക് നൽകുന്ന ടാസ്ക്, ഗെയിം എന്നിവയിലൂടെയാണ്. പരിപാടി രസകരമാക്കുന്നതിനും വ്യക്തികൾ തമ്മിൽ ഇണക്കങ്ങളും പിണക്കങ്ങളും സൃഷ്ടിക്കുന്നതിനും ഇത്തരം ഇടപെടലുകൾ ആവശ്യമാണ്. വളരെ വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളിൽ ജനിച്ചു വളർന്ന വൈവിധ്യമാർന്ന വ്യക്തിത്വങ്ങളുള്ള മനുഷ്യർ ഒത്തു ചേരുമ്പോൾ അവരുടെയിടയിലെ വൈരുദ്ധ്യങ്ങളിൽ ഉരുത്തിരിയുന്ന സംഘർഷം (conflicts) എങ്ങിനെ ഉടലെടുക്കുന്നു, അവ എങ്ങിനെ പരിഹരിക്കപ്പെടുന്നു എന്നുള്ളതൊക്കെ പഠിക്കാനുതകുന്ന ഒരു ‘സാമൂഹിക പരീക്ഷണം’ (social experiment) ആണ് ‘ബിഗ് ബോസ്’.

അതിശയോക്തി കലർന്ന ‘നിർമ്മിത യാഥാർഥ്യം’ (constructed reality) ആയി ‘ബിഗ് ബോസ്’ ഷോയെ കാണാം. തനിക്ക് നേരിടുന്ന അനീതിക്കെതിരെ ഒരാൾ എങ്ങിനെ, ഏതളവിൽ പ്രതികരിക്കുന്നു എന്നുള്ളതും ആധുനിക കാലത്ത് വളരെ പ്രധാനമാണ്. ദുർഘട സന്ധികളിൽ വ്യക്തികളുടെ പെരുമാറ്റം ധാർമികമാണോ, സംഘർഷങ്ങൾ നീതിയുക്തമായി പരിഹരിക്കപ്പെടുന്നുണ്ടോ എന്നുള്ളതിനെക്കുറിച്ചുള്ള ചർച്ചകൾ ഇത്തരം റിയാലിറ്റി ഷോകൾ ഉത്പാദിപ്പിക്കുന്നുണ്ട്. വിനോദത്തിന് പുറമേ നീതിയെകുറിച്ച്‌ അവബോധം സൃഷ്ടിക്കുന്ന ചർച്ചകൾക്ക് തിരി കൊളുത്തുന്നു എന്നുള്ളത് തന്നെയാണ് ഇത്തരം പരിപാടികളുടെ സാമൂഹിക മൂല്യം. ഒരു നോവലിലോ സിനിമയിലോ ഉള്ളത് എഴുത്തുകാരന്റെ സ്ക്രിപ്റ്റിന് അനുസരിച്ച് പെരുമാറുന്ന കഥാപാത്രങ്ങൾ ആണ്. അതായത് അവ പൂർണ്ണമായും സ്ക്രിപ്റ്റഡ്‌ ആണ്. എന്നിരുന്നാലും ‘മീശ’ എന്ന നോവലിൽ മതവിരുദ്ധത ഉണ്ടോയെന്നും, ‘കസബ’ എന്ന സിനിമയിൽ സ്ത്രീ വിരുദ്ധത ഉണ്ടോയെന്നുമൊക്കെ നമ്മൾ വളരെ ഗൗരവത്തോടെ ചർച്ച ചെയ്യുന്നു.

അതിനാൽ തന്നെ ‘ബിഗ്ബോസ്’ പോലുള്ള പരിപാടികളിൽ ചില കാര്യങ്ങൾ സ്ക്രിപ്റ്റഡ്‌ ആയിരുന്നാൽ പോലും (അങ്ങനെയാണെന്ന് എനിക്ക് അഭിപ്രായമില്ല), ചില ഭാഗങ്ങൾ മത്സരാർത്ഥികൾ അഭിനയിക്കുന്നതായാൽ പോലും, നീതിയെ കുറിച്ച് അത് ഉൽപാദിപ്പിക്കുന്ന ചർച്ചകൾ പ്രസക്തമായി തന്നെ തുടരുന്നുണ്ട്.

മറ്റൊന്നുള്ളത് റിയാലിറ്റി ഷോകൾ പാശ്ചാത്യ സംസ്കാരമാണ് എന്ന ആരോപണമാണ്. ഇന്ത്യൻ സംസ്കാരം എന്നപേരിൽ നമ്മുടെ ചാനലുകൾ സ്ഥിരമായി വിളമ്പുന്നത് അമ്മായിയമ്മ പോര്, നാത്തൂൻ പോര്, വല്യേട്ടൻ മനോഭാവം, അമ്മാവൻ സിൻഡ്രോം, അവിഹിത ബന്ധങ്ങൾ എന്നിവയൊക്കെയുള്ള കൂട്ടുകുടുംബങ്ങളെ അടിസ്ഥാനമാക്കിയ സീരിയലുകളാണ്. മലയാളി സമൂഹം വളരെ പെട്ടെന്ന് അച്ഛൻ-അമ്മ-കുട്ടികൾ എന്ന അണു കുടുംബ വ്യവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെങ്കിലും നമ്മുടെ സീരിയലുകൾ മാത്രം നമ്മെ ഇപ്പോഴും കൂട്ടുകുടുംബങ്ങളിലും അത് ഉൽപാദിപ്പിക്കുന്ന പ്രശ്നങ്ങളിലും തളച്ചിട്ടിരിക്കുകയാണ്.

ടെലിവിഷൻ സാങ്കേതികവിദ്യ കണ്ടു പിടിച്ച പാശ്ചാത്യ രാജ്യങ്ങൾ 75 വർഷത്തോളം ടെലിവിഷൻ പ്രോഗ്രാമിങ്ങിൽ അനുഭവ സമ്പത്തുള്ളവരാണ് . അതിനാൽ തന്നെ പുതിയ പ്രോഗ്രാം ഫോർമാറ്റുകൾ പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് കടം കൊള്ളേണ്ടി വരുന്നത് അനിവാര്യമാണ്. എന്തായാലും റിയാലിറ്റി ഷോകളുടെ വരവ് പൈങ്കിളി സീരിയലുകളുടെ ബാഹുല്യത്താലുള്ള വീർപ്പുമുട്ടലിൽ നിന്നുള്ള മോചനം തന്നെയാണ്. നെതർലാൻഡിൽ ആരംഭിച്ച ‘ബിഗ് ബ്രദർ’ എന്ന ടിവി ഷോയുടെ ഇന്ത്യൻ അവതാരമാണ് ‘ബിഗ് ബോസ്’. ലോകത്തിലെ പല ഭാഷകളിലും ഹിറ്റായി മാറിയ ഈ ടിവി ഷോ നമ്മുടെ കൊച്ചുഭാഷയിലും വരുന്നു എന്നുള്ളത് തികച്ചും സ്വാഗതാർഹമാണ്. മത്സരാർത്ഥികളെ മലയാളത്തിൽ മാത്രം സംസാരിക്കാൻ പ്രേരിപ്പിക്കുന്ന, ദുർഘടമായ പല വാദപ്രതിവാദങ്ങളും മാതൃഭാഷയിൽ തന്നെ നടത്താൻ ഇടയാക്കുന്ന ഇത്തരം പരിപാടികൾ ഒരർത്ഥത്തിൽ ഭാഷയെയും സംസ്കാരത്തെയും പരിപോഷിപ്പിക്കുന്നു എന്ന് വേണം കരുതാൻ.

മലയാളം ‘ബിഗ് ബോസ്’ അതിന്റെ ഒന്നാം സീസണിൽ തന്നെ നീതിയെയും ധാർമികതയെയും കുറിച്ചുള്ള പല ചർച്ചകൾക്കും കേരള സമൂഹത്തിൽ തുടക്കം കുറിച്ചിട്ടുണ്ട്. ശ്വേതാ മേനോനെ അവർ പ്രൊഫഷന്റെ ഭാഗമായി ചെയ്ത അർദ്ധനഗ്ന വേഷങ്ങളുടെ പേരിൽ അവഹേളിച്ച അനൂപ്, ട്രാൻസ് സ്ത്രീകൾ ഗതികേട് കൊണ്ട് ചെയ്യേണ്ടിവരുന്ന ലൈംഗിക തൊഴിലിനെ വിമർശിച്ച ട്രാൻസ് വനിതയായ അഞ്ജലി അമീർ, സ്വന്തം സ്ത്രീ ശരീരത്തെ കവചമായി ഗെയിമിനിടയിൽ ഉപയോഗിച്ച അതിഥി അതിനെ പൊളിക്കാൻ ശ്രമിച്ച സാബുവിനെതിരെ ലൈംഗികആരോപണമുന്നയിച്ചത്… ഇതൊക്കെ സമൂഹത്തിലും സോഷ്യൽ മീഡിയയിലും നീതിയെയും തുല്യതയെയും കുറിച്ചുള്ള ചർച്ചകൾക്ക് വഴി തെളിയിച്ചിട്ടുണ്ട്.

മലയാളം ‘ബിഗ് ബോസ്’ അവസാനിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾത്തന്നെ മലയാളിയായ ശ്രീശാന്ത് ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന ‘ബിഗ് ബോസ് സീസൺ 12’ ഹിന്ദിയിൽ തുടക്കംകുറിച്ചിട്ടുണ്ട്. ആരായിരിക്കും മലയാളം ‘ബിഗ് ബോസ്’ സീസൺ ഒന്നിലെ വിജയി? പേർളി അല്ലെങ്കിൽ സാബു എന്ന് ഏതാണ്ട് ഉറപ്പിക്കാമെന്ന് തോന്നുന്നു!

‘രണ്ടു പുരുഷന്മാർ ചുംബിക്കുമ്പോൾ:
മലയാളി ഗേയുടെ ആത്മകഥയും എഴുത്തുകളും’
എന്ന പുസ്തകത്തിന്റെ രചയിതാവും
സാമൂഹിക നിരീക്ഷകനുമാണ് ലേഖകൻ

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ