ബിഗ് ബോസ് താരങ്ങളായ രജിത് കുമാറും പവൻ ജിനോ തോമസും സിനിമയിലേക്ക്. അഞ്ജലി പ്രൊഡക്‌ഷന്‍സിന്റെ പുതിയ സിനിമയായ ‘അഞ്ജലി’ യിലാണ് രജിത് കേന്ദ്രകഥാപാത്രമായെത്തുന്നത്. ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ പവനും അവതരിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ആറ്റിങ്ങല്‍ സ്വദേശികളായ രഞ്ജിത്ത് പിള്ള, മുഹമ്മദ് ഷാ എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ത്യയിലും അമേരിക്കയിലുമായി ചിത്രീകരിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് മെയ് ആദ്യ ആഴ്ച ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

ഫീൽ ഫ്ളൈയിംഗ് എന്റർടെയിൻമെന്റിന്റെ ബാനറിൽ ആലപ്പി അഷറഫ് കഥയും തിരക്കഥയും എഴുതി നവാഗതനായ പെക്സൻ അംബ്രോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്കും രജിത്ത് കുമാറിന് അവസരം ലഭിച്ചിരുന്നു. ക്രേസി ടാസ്ക്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം കോമഡിക്കാണ് പ്രാധാന്യം നൽകുന്നതെന്നും ചിത്രീകരണം മെയ് അദ്യവാരം ആരംഭിക്കുമെന്നും അഷ്റഫ് പറയുന്നു. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകുന്ന ചിത്രത്തിൽ, മാനസികാശുപത്രിയിൽ നിന്നും ചാടി രക്ഷപ്പെടുന്ന മൂന്നു യുവതികളുടെ കഥയാണ് പറയുന്നത്. ചിത്രത്തിൽ സൈക്കാട്രിസ്റ്റിന്റെ കഥാപാത്രമാണ് രജിത്ത് കുമാർ. കഥാപാത്രം രജിത്കുമാറിന് വേണ്ടി മാറ്റി വെച്ചിരിക്കുകയാണെന്നും ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തോട് സംസാരിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ എന്നും ആലപ്പി അഷ്റഫ് ഫെയ്സ് ബുക്ക് പോസ്റ്റിൽ കുറിച്ചു.

ബിഗ് ബോസ് മലയാളം സീസൺ രണ്ടിലെ ഏറ്റവും ശക്തനായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു രജിത്ത്കുമാർ. ഫൈനൽ ഫൈവിൽ തീർച്ചയായും എത്തുമെന്ന് പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുള്ള മത്സരാർത്ഥി കൂടിയായിരുന്നു രജിത്. എന്നാൽ ഹൗസിനകത്തുണ്ടായ ചില അപ്രതീക്ഷിത സംഭവവികാസങ്ങളുടെ പുറത്ത് ബിഗ് ബോസ് ഷോയിൽ നിന്നും പുറത്താക്കപ്പെടുകയായിരുന്നു താരം.

Bigg Boss Malayalam Rajith Kumar Pavan

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഷോ ഉപേക്ഷിച്ച് പോയ മത്സരാർത്ഥിയാണ് പവൻ. ബിഗ് ബോസ് വീടിനകത്തെ ശ്രദ്ധേയമായ കൂട്ടുകെട്ടുകളിൽ ഒന്നായിരുന്നു രജിത് കുമാറും പവനും തമ്മിലുള്ളത്. ബിഗ് ബോസിൽ നിന്നും പുറത്തായ രജിത്തിനെ യാത്രയയ്ക്കാൻ എയർപോർട്ടിൽ പവനും ഭാര്യയും എത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook