/indian-express-malayalam/media/media_files/uploads/2018/08/onam-films.jpg)
ഓണത്തിന് റിലീസിന് ചെയ്യേണ്ടിയിരുന്ന ബിഗ് ബജറ്റ് ചിത്രങ്ങളുടെ റിലീസ് മാറ്റിവച്ചു. 10 ലേറെ സിനിമകളുടെ റിലീസാണ് മാറ്റിവച്ചത്. ഫിലിം ചേംബറിന്റെ അധ്യക്ഷതയിൽ കൊച്ചിയിൽ ചേർന്ന സിനിമാ സംഘടനകളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. പ്രളയക്കെടുതിയിൽ കേരള ജനത വലയുകയാണ്. ഈ സമയത്ത് സിനിമകൾ റിലീസ് ചെയ്താൽ തിയേറ്ററുകളിൽ എത്തുന്നവർ കുറവായിരിക്കുമെന്നും അങ്ങനെ വന്നാൽ മുടക്കു മുതൽ പോലും തിരിച്ചു കിട്ടില്ലെന്നുമുളള വിലയിരുത്തലിലാണ് റിലീസ് മാറ്റിവയ്ക്കാൻ ധാരണയായത്.
കുട്ടനാടൻ ബ്ലോഗ്, വരത്തൻ, രണം, തീവണ്ടി, ചാലക്കുടിക്കാരൻ ചങ്ങാതി, പടയോട്ടം തുടങ്ങി ചിത്രങ്ങളെല്ലാം സെപ്റ്റംബറിലാണ് റിലീസിന് എത്തുകയെന്ന് ഫിലിം ചേംബർ ഓഫ് കൊമേഴ്സിന്റെ വൈസ് പ്രസിഡന്റ് അനിൽ വി.തോമസ് ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു. ഓഗസ്റ്റ് 24 ന് (നാളെ) ധർമ്മജൻ ബോൽഗാട്ടി, രമേശ് പിഷാരടി, ഗീത വിജയൻ എന്നിവർ മുഖ്യവേഷത്തിലെത്തുന്ന 'ലാഫിങ് അപ്പാർട്മെന്റ് നിയർ ഗിരിനഗർ' റിലീസ് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
പൃഥ്വിരാജിന്റെ രണം, ടൊവിനോ തോമസിന്റെ തീവണ്ടി സെപ്റ്റംബർ 7 നും മമ്മൂട്ടിയുടെ കുട്ടനാടൻ ബ്ലോഗും ബിജു മേനോന്റെ പടയോട്ടവും സെപ്റ്റംബർ 14 നും, ഫഹദ് ഫാസിലിന്റെ വരത്തൻ, കുഞ്ചാക്കോ ബോബന്റെ മാംഗല്യം തന്തുനാനേനയും ജോണി ജോണി യെസ് പപ്പയും സെപ്റ്റംബർ 20 നും, ചാലക്കുടിക്കാരൻ ചങ്ങാതിയും ലില്ലിയും ഓഗസ്റ്റ് 28 നും റിലീസ് ചെയ്യാൻ തീരുമാനമായി.
കായംകുളം കൊച്ചുണ്ണി ഒക്ടോബറിൽ റിലിസ് ചെയ്യാനാണ് ആദ്യം തീരുമാനിച്ചത്. എന്നാൽ അതേ മാസം തന്നെയാണ് ഒടിയനും റിലീസിന് എത്തുന്നത്. ഇതുസംബന്ധിച്ച് രണ്ടു സിനിമയുടെയും അണിയറക്കാരുമായി വീണ്ടുമൊരു ചർച്ച നടത്തുമെന്നും അതിനുശേഷമായിരിക്കും കായംകുളം കൊച്ചുണ്ണിയുടെ റിലീസ് തീയതി തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഫിലിം ചേംബറില്‍ ഉള്‍പ്പെടുന്ന സംഘടനകളെല്ലാം ചേര്‍ന്ന് 10 ലക്ഷം രൂപ ധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയെന്നും അനിൽ തോമസ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us