സിദ്ദിഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ബിഗ് ബ്രദറി’ൽ മോഹൻലാലിന്റെ സഹോദരങ്ങളായി അനൂപ് മേനോനും യുവതാരം ഷർജാനോ ഖാലിദും അഭിനയിക്കുന്നു. ‘ജൂൺ’ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച യുവതാരമാണ് ഷർജാനോ. മൂന്നു നായികമാരും ചിത്രത്തിലുണ്ട്. റെജീന കസാൻഡ്ര, ‘പിച്ചക്കാരൻ’ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ സത്നാ ടൈറ്റസ് എന്നിവർക്കു പുറമെ ഒരു പുതുമുഖ നായികയും ചിത്രത്തിലെത്തുന്നുണ്ട്.


എസ് ടാക്കീസ്, വൈശാഖ സിനിമ, ഷാ മാൻ ഇന്റർനാഷണൽ എന്നീ ബാനറുകൾ സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾ ജെൻസോ ജോസും വൈശാഖ രാജനും ഷാജിയും മനു ന്യൂയോർക്കുമാണ്. കൊച്ചിയും ബാംഗ്ലൂരും മംഗലാപുരവും പ്രധാന ലൊക്കേഷനാവുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂൺ 25 ന് ആരംഭിക്കും. ജൂലായ് ഒന്നിനാണ് മോഹൻലാൽ ചിത്രത്തിൽ ജോയിൻ ചെയ്യുന്നത്.
‘ലേഡീസ് ആന്‍ഡ് ജന്റില്മാന്’ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സിദ്ധിഖും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ബിഗ് ബ്രദറി’നുണ്ട്. ചിത്രത്തിൽ സച്ചിദാനന്ദൻ എന്ന കഥാപാത്രത്തെ ആണ് മോഹൻലാൽ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ട്. ബംഗളൂരു, മംഗലാപുരം എന്നിവടങ്ങളിലായി 90 ദിവസത്തെ ഷൂട്ടിംഗ് ആണ് ചിത്രത്തിന് ഉള്ളത്.
മോഹൻലാൽ, അനൂപ് മേനോൻ, ഷർജാനോ ഖാലിദ്, റെജീന കസാൻഡ്ര, സത്നാ ടൈറ്റസ് എന്നിവർക്ക് പുറമെ സിദ്ദിഖ്, ചെമ്പൻ വിനോദ്, ജനാർദ്ദനൻ, ടിനി ടോം, വിഷ്ണു ഉണ്ണികൃഷ്ണൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് ദീപക് ദേവ് സംഗീതവും ജിത്തു ദാമോദർ ഛായാഗ്രഹണവും നിർവ്വഹിക്കും.
ഏപ്രിൽ 24 ന് ചിത്രത്തിന്റെ പൂജ ചടങ്ങ് കൊച്ചിയിൽ നടന്നിരുന്നു. പനമ്പള്ളി നഗറിലെ മൈ സ്റ്റുഡിയോയിൽ വെച്ചായിരുന്നു ചടങ്ങ്.
#BigBrother Pooja stills pic.twitter.com/DWwvGDW1jU
— Mohanlal (@Mohanlal) April 24, 2019
മോഹൻലാൽ- സിദ്ദിഖ് കൂട്ടുക്കെട്ടിൽ പുറത്തിറങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് ‘ബിഗ് ബ്രദർ’. 1992 ഇൽ റിലീസ് ചെയ്ത സിദ്ദിഖ്- ലാൽ- മോഹൻലാൽ ചിത്രമായ ‘വിയറ്റ്നാം കോളനി’ ആണ് ഇവരുടെ ആദ്യത്തെ ചിത്രം. ബോക്സ് ഒാഫീസിൽ ഗംഭീരവിജയം നേടിയ ‘വിയറ്റ്നാം കോളനി’ ഇരുന്നൂറിൽ അധികം ദിവസമാണ് തിയേറ്ററുകളിൽ പ്രദർശിപ്പിക്കപ്പെട്ടത്. ‘ലൂസിഫറി’നു ശേഷം മോഹൻലാൽ അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ബിഗ് ബ്രദറി’നുണ്ട്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ നവാഗതരായ ജിബിയും ജോജുവും സംവിധാനം ചെയ്യുന്ന ‘ഇട്ടിമാണി മെയ്ഡ് ഇൻ ചീന’യുടെ ഷൂട്ടിംഗ് തിരക്കിലാണ് മോഹൻലാൽ ഇപ്പോൾ. ‘ഇട്ടിമാണി’യുടെ പൂജയും ബിഗ് ബ്രദറിന്റെ പൂജയും നടന്നത് ഒരേ ദിവസമായിരുന്നു. ‘ഒടിയനും’ ‘ലൂസിഫറി’നും ശേഷം ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ചിത്രമാണ് ‘ഇട്ടിമാണി മെയ്ഡ് ഇൻ ചീന’. ആശിർവാദ് സിനിമാസിന്റെ 27-ാമത്തെ പ്രൊജക്റ്റ് ‘ഇട്ടിമാണി മെയ്ഡ് ഇൻ ചീന’.
Read more: നിങ്ങളില്ലെങ്കിൽ ഈ സിനിമ ചെയ്യില്ലെന്ന് മോഹൻലാൽ പറഞ്ഞു: രാധിക ശരത്കുമാർ
മോഹന്‍ലാലിനൊപ്പം രാധികാ ശരത്കുമാറും ‘ഇട്ടിമാണി’യിൽ അഭിനയിക്കുന്നുണ്ട്. 1985 ല്‍ പുറത്തിറങ്ങിയ ‘കൂടുംതേടി’ എന്ന ചിത്രത്തിലെ രാധിക- മോഹന്‍ലാല്‍ ജോഡിയും ‘വാചാലമെന്‍ മൗനവും’ എന്നു തുടങ്ങുന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നീണ്ട ഒരിടവേളയ്ക്കു ശേഷമാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്. ‘ഇട്ടിമാണി’യുടെ ലൊക്കേഷൻ സ്റ്റിൽ അടുത്തിടെ സമൂഹമാധ്യമങ്ങളിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കണ്ണിറുക്കി ചിരിക്കുന്ന കുസൃതി നിറഞ്ഞ മോഹന്‍ലാലിന്റെ ചിത്രം നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു.
കൊച്ചിയും തൃശൂരുമാണ് ‘ഇട്ടിമാണി’യുടെ പ്രധാന ലൊക്കേഷനുകള്‍. ഹണി റോസാണ് ചിത്രത്തിലെ നായിക. എം പത്മകുമാര്‍ സംവിധാനം ചെയ്ത ‘കനലി’നു ശേഷം ഹണി റോസ് വീണ്ടും മോഹന്‍ലാലിന്റെ നായികയാവുകയാണ് ‘ഇട്ടിമാണി’യില്‍.