Big Boss Malayalam, Final episode: ബിഗ് ബോസ് മലയാളത്തിന്റെ നൂറാം എപ്പിസോഡാണ് ഇന്ന്. എന്നുവച്ചാല്‍ വിജയി ആരാണ് എന്ന് ഇന്നറിയാം. പതിനാറ് മത്സരാര്‍ത്ഥികളുമായി ആരംഭിച്ച ബിഗ് ബോസിന്റെ അവസാന ഘട്ടത്തില്‍ അഞ്ചുപേരാണ് ബാക്കിയായത്. സാബു മോന്‍, പേളി മാണി, അരിസ്റ്റോ സുരേഷ്, ശ്രീനിഷ്, ഷിയാസ് എന്നിവരാണ് വിജയ കിരീടത്തിനായി ഇന്ന് മാറ്റുരയ്ക്കുന്നത്.

ഇതിനിടയില്‍ മത്സരത്തിലെ വിജയി പേളി മാണിയാണെന്ന തരത്തിലുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. പേളിക്ക് ആശംസകളുമായി നടി മംമ്താ മോഹന്‍ദാസും രംഗത്തെത്തിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ പേളിക്കൊപ്പമുള്ള ചിത്രം ഷെയര്‍ ചെയ്തുകൊണ്ടാണ് മംമ്ത പ്രിയ സുഹൃത്തിന് ആശംസകള്‍ നേര്‍ന്നത്.

മംമ്തയുടെ പോസ്റ്റിന് താഴെ പേളിയെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധിപേര്‍ കമന്റ് ചെയ്തിട്ടുണ്ട്. പരിപാടിയുടെ പത്ത് എപ്പിസോഡ് എങ്കിലും കണ്ടിട്ടുണ്ടെങ്കില്‍ മംമ്ത ഒരിക്കലും പേളിയെ സപ്പോര്‍ട്ട് ചെയ്യില്ല, പേളി ശരിക്കും ഫ്രോഡാണ് എന്നൊക്കെ പലരും കമന്റ് ചെയ്തിരുന്നു. അതേസമയം പേളിയെ പിന്തുണച്ച മംമ്തയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് പേളി ആര്‍മിയും പേളി വിജയിക്കണമെങ്കില്‍ സാബു ആര്‍മി ചാകണമെന്ന് പറഞ്ഞുകൊണ്ട് സാബു ഫാന്‍സും രംഗത്തെത്തിയിട്ടുണ്ട്.

ബിഗ് ബോസിനു മുമ്പ് മുതലേ നിരവധി ആരാധകരുള്ള പ്രമുഖ ടെലിവിഷന്‍ അവതാരകയാണ് പേളി. നിലവില്‍ ‘പേളി ആര്‍മി’ എന്ന പേരില്‍ ആരാധകരുമുണ്ട് പേളിക്ക്. ബിഗ് ബോസില്‍ വന്നതിനു ശേഷം ആരാധകര്‍ക്കും പേളിയെ കൂടുതല്‍ അടുത്തറിയാനുള്ള അവസരം ലഭിച്ചു.

പേളിയുടെ തീര്‍ത്തും വൈകാരിമായ സ്വഭാവവും പലപ്പോഴായി ബിഗ് ബോസില്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ശ്രീനിഷുമായുള്ള പ്രണയമാണ് മറ്റൊരു പ്രധാന ചര്‍ച്ചാ വിഷയം. ശ്രീനിയും പേളിയും ശരിക്കും പ്രണയത്തിലാണെന്ന് ഒരുകൂട്ടര്‍ പറയുമ്പോള്‍ ഇതെല്ലാം പേളിയുടെ ഗെയിം ആണെന്നും പേളി ശ്രീനിഷിനെ പറ്റിക്കുകയാണെന്നും മറ്റൊരു കൂട്ടര്‍ പറയുന്നു.

വിജയ സാധ്യതയുള്ളവരുടെ പട്ടികയില്‍ കേള്‍ക്കുന്ന മറ്റു രണ്ട് പേരുകള്‍ ഷിയാസിന്റേയും സാബുവിന്റേയുമാണ്. പരിപാടിയില്‍ വരുന്നതിന് മുമ്പ് വരെ തീര്‍ത്തും വില്ലന്‍ ഇമേജുണ്ടായിരുന്ന സാബുവിന് ശരിക്കും പോസിറ്റീവായൊരു ഇമേജാണ് ബിഗ് ബോസ് നേടിക്കൊടുത്തത്. ഷിയാസിനും ധാരാളം ആരാധകരുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook