Big Boss Malayalam, September 14, 2018, Episode 82: കഴിഞ്ഞ ദിവസം നാട്ടുരാജ്യമെന്ന ടാസ്കില് നല്ല പ്രകടനം നടത്തിയതിന് മത്സരാര്‍ത്ഥികള്‍ക്ക് ബിഗ് ബോസ് 1600 പോയിന്റ് നല്കി. ഈ പോയിന്റ് ഉപയോഗിച്ച് മത്സരാര്‍ത്ഥികള്‍ക്ക് ലക്ഷ്വറി വസ്തുക്കള്‍ വാങ്ങാം. എന്നാല്‍ ഈ പോയിന്റില്‍ കവിഞ്ഞ സാധനങ്ങള്‍ക്കാണ് പട്ടിക തയ്യാറാക്കുന്നതെങ്കില്‍ ഈ പോയിന്റ് നഷ്ടമാകും. തുടര്‍ന്ന് മത്സരാര്‍ത്ഥികള്‍ സാധനങ്ങള്‍ പര്‍ച്ചേസ് ചെയ്യാനായി തയ്യാറെടുത്തു. അതേസമയം കഴിഞ്ഞ ആഴ്ച മോഹന്‍ലാല്‍ കടമായി നല്കിയ പോയിന്റ് തിരികെ നല്‍കണ്ടേയെന്ന് സുരേഷ് ചോദിച്ചു. അത് കഴിഞ്ഞ കാര്യമാണെന്നും സാധനം വാങ്ങാന്‍ വേണ്ടിയാണ് ലാലേട്ടന് പോയിന്റ് തന്നതെന്നും സാബു പറഞ്ഞു. എന്നാല്‍ ഇത് കേള്‍ക്കാന്‍ തയ്യാറാവാതെ സുരേഷ് സ്മോക്കിങ് മുറിയിലേക്ക് പോയി. ഈ പോയിന്റിന് വാങ്ങിയ ഒരു സാധനവും താന്‍ കഴിക്കില്ലെന്ന് സുരേഷ് പറഞ്ഞു.
കുറച്ച് കഴിഞ്ഞ് ഷിയാസിനെ ബിഗ് ബോസ് കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചു. ഈ വീട്ടില്‍ നിന്ന് പുറത്ത് പോവണമെന്ന് അഭിനയിച്ച് മറ്റുളളവരെ ബോധിപ്പിക്കാനാണ് ബിഗ് ബോസ് ഷിയാസിനോട് ആവശ്യപ്പെട്ടത്. ഇത് രഹസ്യമായിരിക്കണമെന്നും ബിഗ് ബോസ് അറിയിച്ചു. എന്നാല്‍ ഷിയാസിന് നല്കിയ ടാസ്ക് ബിഗ് ബോസ് മറ്റുളള മത്സരാര്‍ത്ഥികളെ അറിയിച്ചു. ഷിയാസിന്റെ മുമ്പില്‍ അഭിനയിക്കണമെന്നും ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തു പോവാന്‍ ഷിയാസിനെ പ്രേരിപ്പിക്കണമെന്നും ബിഗ് ബോസ് മറ്റ് മത്സരാര്‍ത്ഥികളോട് നിര്‍ദേശിച്ചു. ഷിയാസിനെ പറ്റിക്കാനായി എല്ലാവരും ചട്ടം കെട്ടി. പുറത്ത് പോവണമെന്ന് മറ്റുളളവരെ പറഞ്ഞ് വിശ്വസിപ്പിക്കാനുളള പദ്ധതി തയ്യാറാക്കുകയായിരുന്നു ഷിയാസ്. പേളിയോടും അതിഥിയോടും വഴക്ക് കൂടുന്നത് പോലെ അഭിനയിച്ച് പുറത്ത് പോവാന്‍ ഇത് കാരണമാക്കാനായിരുന്നു ഷിയാസിന്റെ പദ്ധതി.
എന്തിനാണ് ഷിയാസിനെ ബിഗ് ബോസ് വിളിപ്പിച്ചതെന്ന് മറ്റുളളവര്‍ ചോദിച്ചു. കരാര്‍ ഒപ്പിട്ട് നല്കാന് എന്നായിരുന്നു ഷിയാസിന്റെ മറുപടി. ഷിയാസിന് ബിഗ് ബോസ് രഹസ്യടാസ്ക് നല്കിയ കാര്യം അറിയാത്തത് പോലെ മറ്റുളളവര്‍ അഭിനയിച്ചു. തനിക്ക് വീട്ടില്‍ പോകണമെന്ന് ഷിയാസ് അതിഥിയോട് പറഞ്ഞു. തന്നെ എല്ലാവരും കളിയാക്കുന്നെന്നാണ് ഷിയാസ് പറഞ്ഞത്. ബഷീറിനോടും ശ്രീനിഷിനോടും ഇക്കാര്യം തന്നെ ഷിയാസ് പറഞ്ഞു. പേളി ഷിയാസിനെ പ്രകോപിപ്പിക്കാന്‍ ശ്രമം ആരംഭിച്ചു. സാബുവും ഷിയാസിനെ പ്രകോപിപ്പിച്ചു. തനിക്ക് വീട്ടില്‍ പോവണമെന്ന് വീണ്ടും ഷിയാസ് പറഞ്ഞു.
ബിഗ് ബോസ് വാതില്‍ തുറന്നാല്‍ ഷിയാസ് പോകുമോയെന്ന് പേളി ചോദിച്ചു. താന്‍ പെട്ടി പാക്ക് ചെയ്ത് പോവുകയാണെന്ന് ഷിയാസ് പറഞ്ഞു. തുടര്‍ന്ന് ഷിയാസ് വസ്ത്രങ്ങളും സാധനങ്ങളും പാക്ക് ചെയ്യാന്‍ ആരംഭിച്ചു. ബഷീറും അതിഥിയും തമാശയ്ക്ക് തടയാന്‍ ശ്രമിച്ചു. മറ്റുളളവര്‍ പോയിക്കൊള്ളാന്‍ ഷിയാസിനോട് പറഞ്ഞു. ‘പടച്ചോന് സത്യം ഞാന്‍ പുറത്തു പോവും’ എന്നാണ് ഷിയാസ് പറഞ്ഞത്. തുടര്‍ന്ന് ഷിയാസ് സാധനങ്ങള്‍ പാക്ക് ചെയ്തു. പേളിയാണ് പലപ്പോഴും തന്നെ വല്ലാതെ കളിയാക്കുന്നതെന്നും ഷിയാസ് വ്യക്തമാക്കി. ഇതിനിടെ ഷിയാസിന്റെ സാധനങ്ങള്‍ സാബു പുറത്തേക്ക് എറിഞ്ഞു. സാധനങ്ങള്‍ കെട്ടിവച്ച ഒരു കാരിബാഗ് മതിലിന് മുകളില്‍ കുടുങ്ങി. മതില് ചാടി പുറത്ത് പോവുമ്പോള്‍ അത് എടുത്ത് കൊള്ളാന്‍ ഷിയാസിനോട് സാബു പറഞ്ഞു.
കളി കൈവിട്ട പോലെയായിരുന്നു പിന്നീട് ഷിയാസിന്റെ പെരുമാറ്റം. എല്ലാവരും ഷിയാസിനോട് മതില് ചാടി പോവാനാണ് പറഞ്ഞത്. എന്നാല്‍ വേലി കെട്ടിയ മതില് വഴി ചാടാന്‍ കഴിയുന്നില്ലെന്ന് മുകളില്‍ കയറി ഷിയാസ് പറഞ്ഞു. എന്നാല്‍ ശ്രമിച്ചാല്‍ പറ്റുമെന്ന് എല്ലാവരും ചേര്‍ന്ന് പറഞ്ഞു. ഷിയാസിന്റെ എല്ലാ സാധനങ്ങളും മുഴുവനായി മതിലിന് അപ്പുറത്തേക്ക് സാബുവും ബഷീറും എറിഞ്ഞു. അതേസമയം എല്ലാവരോടും ലിവിങ് റൂമിലേക്ക് വരാനായി ബിഗ് ബോസ് നിര്‍ദേശിച്ചു. ഷിയാസ് കരയുന്നത് പോലെ അഭിനയിച്ചു. എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് പറയാന്‍ ഷിയാസിനോട് ബിഗ് ബോസ് അറിയിച്ചു. തന്റെ പ്രോട്ടീന്‍ പൗഡര്‍ അടക്കമുളള സാധനങ്ങള്‍ എല്ലാവരും പുറത്തേക്ക് എറിഞ്ഞതായി ഷിയാസ് പരാതി പറഞ്ഞു. താന്‍ എല്ലാവരേയും പറ്റിച്ചതാണെന്ന് വെളിപ്പെടുത്തല്‍ കണക്കെ ഷിയാസ് മറ്റുളളവരോട് പറഞ്ഞു. താന്‍ അഭിനയിക്കുകയായിരുന്നെന്നും ഷിയാസ് പറഞ്ഞു.
എന്നാല്‍ എല്ലാവരും ചേര്‍ന്ന് ഷിയാസിനെ പറ്റിക്കുകയായിരുന്നെന്ന കാര്യം ഷിയാസ് അറിഞ്ഞില്ല. ടാസ്ക് ചെയ്ത ഷിയാസിന് ഒരു സമ്മാനം ബിഗ് ബോസ് എത്തിച്ച് നല്കി. ഭക്ഷണമായിരുന്നു ബിഗ് ബോസ് നല്‍കിയത്. എന്നാല്‍ ഷിയാസാണ് പറ്റിക്കപ്പെട്ടതെന്ന് മത്സരാര്‍ത്ഥികള്‍ വെളിപ്പെടുത്തി. എല്ലാവരും ചേര്‍ന്ന് ഷിയാസിനെ കളിയാക്കി. ഇതിന് പിന്നാലെ എല്ലാവരും ചേര്‍ന്ന് ഷിയാസിനെ എടുത്ത് വെള്ളത്തിലിട്ടു.