ബിഗ് ബോസ് ഷോ അഞ്ചാം ആഴ്ചയിലേക്ക് കടന്നപ്പോള്‍ എലിമിനേഷന്‍ കാര്‍മേഘം രണ്ട് മുതിര്‍ന്ന താരങ്ങള്‍ക്ക് മുകളിലാണ് ഉള്ളത്. നടിയും മുന്‍ മോഡലുമായിരുന്ന ശ്വേത മേനോനാണ് പുറത്താവാന്‍ സാധ്യതയുളളവരുടെ പട്ടികയില്‍ ഉള്ള ഒരാള്‍. മറ്റൊരാള്‍ അവതാരകയും സാമൂഹ്യപ്രവര്‍ത്തകയുമായ രഞ്ജിനി ഹരിദാസാണ്. 16 പേരുമായി തുടങ്ങിയ പരിപാടിയില്‍ ഇപ്പോള്‍ 12 പേരാണ് ബാക്കിയുളളത്. ആദ്യം പുറത്തുപോയത് മനോജ് വര്‍മ്മയായിരുന്നു. ആരോഗ്യകാരണങ്ങളാലാണ് അദ്ദേഹത്തെ ബിഗ് ബോസ് പറഞ്ഞയച്ചത്. ഇതിന് പിന്നാലെ ഡേവിഡ് ജോണ്‍, ഹിമ ശങ്കര്‍, ശ്രീലക്ഷ്മി, ദീപന്‍ എന്നിവരും പുറത്തായി.

രഞ്ജിനി ഹരിദാസ്, ശ്വേത മേനോന്‍, തരികിട സാബു, അനൂപ് ചന്ദ്രന്‍, അതിഥി റായ്, ശ്രീനീഷ് അരവിന്ദ്, ബഷീര്‍ ബഷി, പേളി മാണി, ഷിയാസ് കരീം എന്നിവരാണ് ഇപ്പോള്‍ മത്സരിക്കുന്നത്. മുതിര്‍ന്ന താരങ്ങളായ ശ്വേത, രഞ്ജിനി എന്നിവരില്‍ ആര് പുറത്തായാലും ചിരി മറ്റ് മത്സരാര്‍ത്ഥികളുടെ മുഖത്തായിരിക്കും. കാരണം, ബിഗ് ബോസില്‍ ഏറ്റവും കൂടുതല്‍ വിജയസാധ്യത കല്‍പ്പിക്കപ്പെട്ടത് ഈ രണ്ട് പേര്‍ക്കുമായിരുന്നു. ഇരുവരുടേയും അനുഭവസമ്പത്ത് ബിഗ് ബോസ് ഹൗസില്‍ മുതല്‍ കൂട്ടാകുമെന്നാണ് കണക്കുകൂട്ടപ്പെട്ടത്. എന്നാല്‍ 100 ദിവസങ്ങള്‍ അതിജീവിക്കേണ്ടുന്ന മത്സരത്തില്‍ വെറും 35 ദിവസങ്ങള്‍ കഴിയുമ്പോഴാണ് ഇവരില്‍ ഒരാള്‍ പുറത്താക്കപ്പെടുന്നത്.

ഈ ആഴ്ച ആരാണ് പുറത്താവുകയെന്ന് മോഹന്‍ലാല്‍ രാത്രിയോടെ പ്രഖ്യാപിക്കും. വ്യക്തമായ നിലപാടുകളിലൂടെ ബിഗ് ബോസ് ഹൗസില്‍ നിറഞ്ഞുനില്‍ക്കുന്നയാളാണ് രഞ്ജിനി ഹരിദാസ്. പ്രവൃത്തി പരിചയം കൊണ്ടും നിലപാടുകള്‍ കൊണ്ടും രണ്ട് തവണ രഞ്ജിനി ബിഗ് ബോസ് ഹൗസില്‍ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ക്യാപ്റ്റനായിരുന്ന കാലത്ത് മറ്റ് മത്സരാര്‍ത്ഥികളെ നയിക്കുന്നതില്‍ പൂര്‍ണ്ണ വിജയിയായിരുന്നു രഞ്ജിനിയെങ്കിലും ശ്വേതയോടുളള പെരുമാറ്റത്തില്‍ മറ്റ് മത്സരാര്‍ത്ഥികള്‍ അസ്വസ്ഥരായിരുന്നു. ക്യാപ്റ്റനായിരിക്കുമ്പോള്‍ പക്ഷപാതപരമായാണ് രഞ്ജിനിയുടെ പെരുമാറ്റമെന്ന് മത്സരാര്‍ത്ഥികള്‍ പരസ്പരം പരാതിപ്പെട്ടു. എന്നാല്‍ ഇരുവരും തങ്ങളുടെ സൗഹാര്‍ദ്ദം തുടര്‍ന്നുവന്നു. ബിഗ് ബോസിലെ ‘ഡോണ്ട് കെയര്‍’ ആറ്റിറ്റ്യൂഡിലൂടെ രഞ്ജിനി നിരവധി ആരാധകരേയും സൃഷ്ടിച്ചു കഴിഞ്ഞു.

തന്റെ വ്യക്തമായ നിലപാടുകളും വിട്ടുവീഴ്ച ഇല്ലായ്മയും രഞ്ജിനിയെ ബിഗ് ബോസിലെ ശക്തയായ ഒരു മത്സരാര്‍ത്ഥി ആക്കി മാറ്റി. ഈയൊരു വസ്തുതയാണ് എലിമിനേഷന്‍ പട്ടികയിലേക്ക് രഞ്ജിനിയെ എത്തിച്ചതെന്ന് പറഞ്ഞാല്‍ തെറ്റാവില്ല. ബിഗ് ബോസില്‍ ഇപ്പോള്‍ മേല്‍ക്കൈ കാണാവുന്ന സാബു അടക്കമുളള മുന്‍നിര താരങ്ങള്‍ക്ക് ഒത്ത എതിരാളി അല്ലെങ്കില്‍ ഒരുപടി മുമ്പില്‍ നില്‍ക്കുന്ന മത്സരാര്‍ത്ഥി രഞ്ജിനിയാണ്. ഈ വസ്തുത തിരിച്ചറിഞ്ഞ അടവാണ് സാബുവും അനൂപും അടക്കമുളളവര്‍ പയറ്റുന്നത്. ഇതാണ് രഞ്ജിനിയെ എലിമിനേഷന്റെ പടിക്കല്‍ വരെ എത്തിച്ചിരിക്കുന്നത്.

അപ്പോള്‍ പിന്നെ പുറത്ത് പോവുന്നത് ശ്വേത മേനോനാണോ? ഇന്ന് ഒരാള്‍ പുറത്തു പോവും, ഇല്ലെങ്കില്‍ രണ്ട് പേര്‍ പുറത്തു പോവും, അതുമല്ലെങ്കില്‍ ആരും പുറത്തുപോവില്ല. ഒരാള്‍ പുറത്തുപോവുന്നുണ്ടെങ്കില്‍ അത് ശ്വേത മേനോന്‍ തന്നെയായിരിക്കും. ബിഗ് ബോസ് ഹൗസില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ എതിര്‍ വോട്ടുകള്‍ ലഭിച്ചിരിക്കുന്നത് ശ്വേത മേനോനാണ്. ബിഗ് ബോസിലെ മക്കളുടെ ‘അമ്മ’ എന്ന വിളിപ്പേരില്‍ നിന്നും ‘കപട കഥാപാത്രം’ എന്ന പേരിലേക്ക് ശ്വേത വഴുതി വീണത് വളരെ പെട്ടെന്നാണ്. ബിഗ് ബോസ് ഹൗസിലെ മത്സരാര്‍ത്ഥിയാണ് താനെന്ന് മനസ്സിലാക്കാതെ സിനിമയിലെ മുതിര്‍ന്ന ഒരു താരമെന്ന നിലയിലാണ് ശ്വേതയുടെ പെരുമാറ്റമെന്ന് മറ്റ് മത്സരാര്‍ത്ഥികള്‍ പലപ്പോഴും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മറ്റ് മത്സരാര്‍ത്ഥികളെ രണ്ടാം കിടക്കാരായാണ് ശ്വേത കാണുന്നതെന്നും ചില മത്സരാര്‍ത്ഥികള്‍ സൂചിപ്പിക്കുകയുണ്ടായി.

അനുഭവസമ്പത്ത് ഏറെയുളള വ്യക്തിയെന്ന നിലയില്‍ ശ്വേതയയെ ആയിരുന്നു ബിഗ് ബോസിലെ ആദ്യ ക്യാപ്റ്റനായി തിരഞ്ഞെടുത്തതും. എന്നാല്‍ വ്യക്തിത്വം ഒളിപ്പിച്ചാണ് ശ്വേത കളിക്കുന്നതെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. പേളി അടക്കമുളള മത്സരാര്‍ത്ഥികളോട് മേല്‍ക്കോയ്മയുളള മത്സരാര്‍ത്ഥിയെന്ന രീതിയിലുളള ശ്വേതയുടെ പെരുമാറ്റങ്ങള്‍ ശ്വേതയ്ക്ക് തന്നെ തിരിച്ചടിയായി. ഹൗസിലെ പ്രായം കുറഞ്ഞ മത്സരാര്‍ത്ഥികളോടുളള ശ്വേതയുടെ അകല്‍ച്ച ബഷീര്‍ അടക്കമുളളവര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതിനിടെയാണ് ശ്വേതയുടെ കള്ളി പൊളിച്ച് മോഹന്‍ലാലിന്റെ പ്രവേശനം. എലിമിനേഷന്‍ പ്രക്രിയയ്ക്കിടെയായിരുന്നു ശ്വേത കള്ളം പറയുന്ന വീഡിയോ മോഹന്‍ലാല്‍ പരസ്യമാക്കിയത്.

അനൂപ് തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന് പറഞ്ഞ് ബിഗ് ബോസിനോട് ശ്വേത പരാതിപ്പെട്ടപ്പോഴായിരുന്നു ഈ സംഭവം. കരഞ്ഞുകൊണ്ട് കണ്‍ഫെഷന്‍ റൂമിലെത്തിയ ശ്വേതയെ ബിഗ് ബോസ് ആശ്വസിപ്പിച്ച് മടക്കി അയച്ചിരുന്നു. എന്നാല്‍ അനൂപിനെ മോശക്കാരനാക്കി ശ്വേത മറ്റ് മത്സരാര്‍ത്ഥികളോട് സംസാരിച്ചു. അനൂപ് തന്നെ കുറിച്ച് കുറ്റം പറയുന്ന ദൃശ്യങ്ങള്‍ ബിഗ് ബോസ് കാണിച്ചെന്നും താന്‍ മാപ്പ് കൊടുത്തത് കൊണ്ടാണ് അനൂപ് ബിഗ് ബോസ് ഹൗസില്‍ തുടരുന്നത് എന്നുമായിരുന്നു ശ്വേത കള്ളം പറഞ്ഞത്. എന്നാല്‍ ദൃശ്യങ്ങള്‍ സഹിതം ഇത് കെട്ടുകഥയാണെന്ന് മോഹന്‍ലാല്‍ എല്ലാവരേയും അറിയിച്ചു. ശക്തയായ മത്സരാര്‍ത്ഥിയെന്ന നിലയില്‍ നിന്നും താഴേക്കുളള ശ്വേതയുടെ വീഴ്ച ഇതോടെ പൂര്‍ണ്ണമാവുകയായിരുന്നു. അതിജീവനത്തിന് വേണ്ടിയാണ് താന്‍ കള്ളം പറഞ്ഞതെന്ന് പറഞ്ഞെങ്കിലും പിന്നീടുളള ദിവസങ്ങള്‍ ശ്വേതയെ വേട്ടയാടി. ശ്വേതയ്ക്ക് എതിര്‍വോട്ടുകള്‍ നല്‍കുന്നതിന് മത്സരാര്‍ത്ഥികള്‍ പിന്നീട് ചൂണ്ടിക്കാട്ടിയത് ഈ കാരണമായിരുന്നു. വീട്ടിലെ നാട്യം, പക്ഷപാതം എന്നീ വലിയ ആരോപണങ്ങളാണ് ശ്വേതയെ വിടാതെ പിന്തുടര്‍ന്നത്. രഞ്ജിനിയോട് മാത്രമായുളള ശ്വേതയുടെ അടുത്ത പെരുമാറ്റം മറ്റുളളവര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുകയും ചെയ്തു.

എന്നാല്‍ മത്സരാര്‍ത്ഥികള്‍ മാത്രമല്ല ബിഗ് ബോസ് ഹൗസില്‍ നിന്ന് ഒരാളെ പുറത്താക്കുന്നതില്‍ പങ്കു വഹിക്കുന്നത്. പുറത്തേക്ക് തയ്യാറായിരിക്കുന്ന രഞ്ജിനിയെയും ശ്വേതയേയും രക്ഷിക്കാന്‍ പോന്ന ഘടകങ്ങളാണ് പ്രേക്ഷകരുടെ വോട്ടും ബിഗ് ബോസിന്റെ അന്തിമ തീരുമാനവും. ബിഗ് ബോസിലെ മികച്ചൊരു മത്സരാര്‍ത്ഥിയായ രഞ്ജിനി ഇതുകൊണ്ട് തന്നെ ഇപ്പോള്‍ പുറത്തു പോവാന്‍ സാധ്യതയില്ല. അപ്പോഴും തയ്യാറാക്കി വച്ച പെട്ടി വലിച്ച് പുറത്തേക്ക് പോവേണ്ടി വരിക ശ്വേത തന്നെയാവും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook