പേളി പ്ലേറ്റ് മാറ്റുന്നു; കളി മടുത്തെന്ന് പ്രഖ്യാപനം, ഒന്നും മനസ്സിലാവാതെ വാ പൊളിച്ച് ശ്രീനിഷ്

Big Boss Malayalam Episode 86: നിയമം തെറ്റിക്കരുതെന്നും ഊര്‍ജ്ജസ്വലതയോടെ ഇരിക്കണമെന്നും ബിഗ് ബോസ് അറിയിച്ചു

Big Boss Malayalam Episode 86: 86ാം ദിവസം രാവിലെ തന്നെ മത്സരാര്‍ത്ഥികള്‍ ഡാന്‍സ് പരിശീലനം ആരംഭിച്ചു. വ്യായാമത്തിന്റെ ഭാഗമായാണ് നൃത്തം ചെയ്യുന്നത്. അര്‍ച്ചനയുടെ നേതൃത്വത്തിലാണ് നൃത്തം നടന്നത്. ബിഗ് ബോസില്‍ പുതിയ അതിഥി എത്തുകയാണെന്ന് ബിഗ് ബോസ് അറിയിച്ചു. സല്‍മാന്‍ ഖാനായിരിക്കുമോ വരുന്നതെന്നാണ് ഷിയാസ് ചോദിച്ചത്. എന്നാല്‍ ഒരു കോലമാണ് ബിഗ് ബോസ് എത്തിച്ചത്. ഇതിനെ താങ്ങിപ്പിടിച്ച് മത്സരാര്‍ത്ഥികള്‍ ലിവിംഗ് റൂമിലെത്തിച്ചു. ഈ അതിഥിയെ നന്നായി പരിചരിക്കാനും ഇയാളുടെ പോയകാല ജീവിതം കണ്ടെത്താനുമാണ് ബിഗ് ബോസ് ടാസ്കായി നിര്‍ദേശിച്ചത്. ‘രമേശ്’ എന്നാണ് കോലത്തിന് മത്സാരാര്‍ത്ഥികള്‍ പേരിട്ടത്. ഈ കോലത്തെ എടുത്ത് മത്സരാര്‍ത്ഥികള്‍ ഡാന്‍സ് ചെയ്തു.

പുതുതായി എത്തിയ അതിഥിക്ക് നല്ല പശ്ചാത്തലമാണോ മോശം പശ്ചാത്തലം ആണോയെന്ന് കണ്ടെത്തണം. തുടര്‍ന്ന് സാബുവും പേളിയും നേതത്വം നല്‍കി കൊണ്ട് അന്വേഷണം ആരംഭിച്ചു. ഇതിനിടെ ഈ അതിഥിയെ കണ്‍ഫെഷന്‍ റൂമിലെത്തിക്കാന്‍ ബിഗ് ബോസ് ആവശ്യപ്പെട്ടു. തുടര്‍ന്ന് കോലം കണ്‍ഫെഷന്‍ മുറിയിലെത്തിച്ചു. ബിഗ് ബോസില്‍ ബോംബ് വെക്കാനാണ് എത്തിയതെന്ന് അപരിചിതനായ അതിഥിക്ക് വേണ്ടി ബിഗ് ബോസ് അറിയിച്ചു. ഗ്രാന്‍ഡ് ഫിനാലെയ്ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പല മത്സരാര്‍ത്ഥികളും പകല്‍സമയം അലസതയോടെ ഇരിക്കുന്നതായി ബിഗ് ബോസ് വ്യക്തമാക്കി. നിയമം തെറ്റിക്കരുതെന്നും ഊര്‍ജ്ജസ്വലതയോടെ ഇരിക്കണമെന്നും ബിഗ് ബോസ് അറിയിച്ചു. ഈ സമയത്ത് കട്ടിലില്‍ തന്നെ കിടന്ന അതിഥിക്കും അര്‍ച്ചനയ്ക്കും ബിഗ് ബോസ് ശിക്ഷ നല്‍കി. പൂളില്‍ 20 തവണ ചാടാനാണ് ബിഗ് ബോസ് പറഞ്ഞത്. ഇനി ഇത് ആവര്‍തത്തിക്കില്ലെന്ന് ബോര്‍ഡില്‍ എഴുതുകയും വേണം. തുടര്‍ന്ന് ഇരുവരും സ്വിമ്മിംഗ് പൂളില്‍ ചാടി.

ഇതിനിടെ പേളിയും ശ്രീനിഷും തമ്മില്‍ വഴക്കുണ്ടായി. പേളി തന്നെ എപ്പോഴും അവഗണിക്കുകയാണെന്ന് ശ്രീനിഷ് പറഞ്ഞു. സംസാരിക്കാന്‍ താത്പര്യം ഇല്ലാത്തത് പോലെയാണ് പേളിയുടെ പെരുമാറ്റമെന്നും ശ്രീനിഷ് തുറന്നടിച്ചു. എന്നാല്‍ ശ്രീനിഷ് അനാവശ്യമായി വഴക്കുണ്ടാക്കുകയാണെന്ന് പറഞ്ഞ് പേളി എഴുന്നേറ്റ് പോയി. തുടര്‍ന്ന് ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ വീണ്ടും സംസാരമുണ്ടായി. ‘പലപ്പോഴും പേളി എന്നെ അവഗണിക്കുന്നു. എന്നോട് മിണ്ടില്ല. പലപ്പോഴും ഞാന്‍ ശശി ആവുകയാണ്. ഞാനാണ് സംസാരിക്കാത്തതെന്ന് പേളി പറയുന്നു. പക്ഷെ നീ മറ്റുളളവരോട് സംസാരിക്കുമ്പോള്‍ ഭയങ്കര സന്തോഷത്തിലാണ്. എന്നാല്‍ എന്നോട് അങ്ങനെ അല്ല’, ശ്രീനിഷ് പറഞ്ഞു. എന്നാല്‍ ശ്രീനിഷ് തന്നെയാണ് അവഗണിക്കുന്നതെന്ന് പറഞ്ഞു. ‘ഞാന്‍ ഒരിക്കലും നിന്നെ വിട്ട് ഓടിപ്പോവില്ല. നിന്റെ കൂടെ ഒരുപാട് നേരം ചെലവഴിക്കണമെന്നുണ്ട് എനിക്ക്. പഴയ ബന്ധങ്ങളെ കുറിച്ച് സംസാരിക്കണ്ട. നമ്മള്‍ ഇവിടെ വെച്ചാണ് കണ്ടുമുട്ടിയത്. ശ്രീനിഷിനെ ഞാന്‍ അവഗണിക്കുന്നില്ല. എനിക്ക് പലപ്പോഴും ശ്രീനിഷ് സംസാരിക്കാതിരിക്കുമ്പോള്‍ ഒറ്റപ്പെടല്‍ തോന്നാറുണ്ട്. പക്ഷെ ശ്രീനിഷ് പലപ്പോഴും കുറ്റപ്പെടുത്തുകയാണ്. ഞാന്‍ പലപ്പോഴും കാര്യങ്ങളില്‍ നന്നായി ബോധവതിയായി പറയേണ്ടി വരുന്നു. തോന്നുന്നതൊക്കെ പറഞ്ഞാല്‍ ശ്രീനിഷിന് വിഷമം ആകുമോയെന്ന് തോന്നുന്നു’, ഇതും പറഞ്ഞ് പേളി കരഞ്ഞു.

നമ്മുടെ ബന്ധം സെറ്റാവില്ലെന്ന് പറയാനാണോ ഇക്കാര്യമൊക്കെ പറയുന്നതെന്ന് ശ്രീനിഷ് ചോദിച്ചു. ‘അങ്ങനെ ആണെങ്കില്‍ പറയണം. ഷിയാസ് വിജയിക്കണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നീ സന്തോഷവതിയല്ലെന്ന് അറിയാം. പഴയത് പോലെ അല്ല പേളി. രാത്രി സംസാരിക്കുമ്പോഴും ഉറക്കം വരുന്നെന്ന് ഇപ്പോള്‍ പറയുന്നു. മടുപ്പ് തോന്നുന്നത് കൊണ്ടല്ലെ അങ്ങനെയൊക്കെ ചെയ്യുന്നത്. നീ ഗെയിം കളിക്കുകയാണെന്നാണ് മറ്റുളളവര്‍ പറയുന്നത്. പക്ഷെ എനിക്ക് നിന്നെ വിവാഹം ചെയ്യണമെന്നാണ് ആഗ്രഹം. നീ ഓരോ സമയവും ഓരോ സ്വഭാവമാണ്. ഈ വ്യത്യാസം കാണുമ്പോള്‍ എനിക്ക് വിഷമമുണ്ട്. പേളിയുടെ ഉദ്ദേശം എന്താണ്. ഗ്രാന്‍ഡ് ഫിനാലെയില്‍ എത്താനാണ് ഇതൊക്കെ എന്ന് മറ്റുളളവരും പറയുന്നു’, ശ്രീനിഷ് പറഞ്ഞു. എന്നാല്‍ അതൊക്കെ ശ്രീനിഷിന് തോന്നുന്നതാണെന്നും തന്നെയാണ് ശ്രീനിഷ് അവഗണിക്കുന്നതെന്നും പേളി വ്യക്തമാക്കി.

രാത്രിയോടെ ബിഗ് ബോസ് ഒരു ടാസ്ക് നല്‍കി. എല്ലൂരി രാജ എന്നാണ് ടാസ്കിന്റെ പേര്. മടി കാണിക്കുന്ന മത്സരാര്‍ത്ഥികളെ ഊര്‍ജ്ജസ്വലരാക്കാനാണ് ടാസ്കെന്ന് ബിഗ് ബോസ് അറിയിച്ചു. എന്നാല്‍ താന്‍ ബിഗ് ബോസില്‍ നില്‍ക്കുന്നില്ലെന്ന് പേളി പറഞ്ഞു. ‘എനിക്ക് ടാസ്ക് കളിക്കാന്‍ പറ്റില്ല. എനിക്ക് മതിയായി. മടുത്തു, ഈ ഗെയിം എനിക്ക് ഇനി കളിക്കണ്ട. ബിഗ് ബോസിനോട് പറഞ്ഞ് എനിക്ക് പുറത്ത് പോണം. കാരണമൊന്നും ഇല്ല, പക്ഷെ എനിക്ക് പുറത്ത് പോണം. ഇനി നില്‍ക്കാന്‍ കഴിയില്ല. ഇനി എനിക്ക് പറ്റില്ല. വീട്ടില്‍ പോയെ പറ്റു. ഞാന്‍ സന്തോഷം ഉളളത് പോലെ അഭിനയിക്കുകയാണ്. എന്റെ വിഷമം പറഞ്ഞാല്‍ നിങ്ങള്‍ക്ക് മനസ്സിലാവില്ല’, ഇതും പറഞ്ഞ് പേളി പൊട്ടിക്കരഞ്ഞു. മറ്റുളളവര്‍ പേളിയെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പേളി കരച്ചില്‍ തുടര്‍ന്നു. പേളിക്കും ശ്രീനിഷിനും ഒപ്പം തങ്ങളുണ്ടെന്ന് സുരേഷ് പറഞ്ഞു. എന്നാല്‍ താന്‍ കളി മതിയാക്കുകയാണെന്ന് പേളി വ്യക്തമാക്കി. എന്നാല്‍ ഇതിന് പിന്നാലെ പേളിയും മറ്റ് മത്സരാര്‍ത്ഥികള്‍ക്കൊപ്പം ടാസ്കില്‍ പങ്കെടുത്തെങ്കിലും തളര്‍ന്ന ശരീരഭാഷയായിരുന്നു പേളിക്ക്. ശ്രീനിഷുമായുളള ബന്ധം തന്നെയാണ് പേളിയെ അലട്ടുന്നതെന്ന് കരുതേണ്ടി വരും. മത്സരം അവസാന ആഴ്ച്ചയിലേക്ക് കടക്കുന്നതോടെ ഇരുവരും തമ്മില്‍ വിവാഹതിരാവുമോ എന്ന് ഉറ്റുനോക്കുകയാണ് എല്ലാവരും. ഇതിനിടെയാണ് തനിക്ക് പുറത്ത് പോവണമെന്ന് കരഞ്ഞ് കൊണ്ട് പേളി പറയുന്നത്. രാത്രി ശ്രീനിഷും പേളിയും പരസ്പരം സോറി പറഞ്ഞാണ് ഉറങ്ങാന്‍ പോയത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Big boss malayalam episode

Next Story
കാമുകിയ്ക്കൊപ്പം സൽമാൻഖാൻ ജയ്‌പൂരിൽ, പ്രണയജോഡികളെ വളഞ്ഞ്​ ആരാധകർ
The moderation of comments is automated and not cleared manually by malayalam.indianexpress.com