Big Boss Malayalam Contestants: ‘ജീവിതത്തിലെ ഒരു ടേര്‍ണിങ് പോയിന്റിലൂടെ കടന്നു പോകുകയാണ്, തിരിച്ചു വരുന്നതു വരെ ഈ പ്രൊഫൈല്‍ മൗനത്തിലായിരിക്കും,’ എന്നാണ് നടി ഹിമ ശങ്കര്‍ ഇന്ന് തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. കുറച്ചു ദിവസം മുമ്പാണ് താനൊരു വലിയ പ്രൊജക്‌ടിന്റെ ഭാഗമാകുന്ന കാര്യം സീരിയല്‍ താരം ദീപന്‍ മുരളി തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചത്. ബാക്കി വിവരങ്ങൾ പിന്നീട് അറിയിക്കാമെന്നും ദീപൻ പറഞ്ഞിരുന്നു.

എന്താണ് ഇവരുടെ ഒക്കെ ആ ബിഗ് ഡില്‍? ആ ടേര്‍ണിങ് പോയിന്റ്? മറ്റൊന്നുമല്ല, അത് ഏഷ്യാനെറ്റില്‍ ജൂണ്‍ 24ന് (നാളെ) ആരംഭിക്കുന്ന ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയാണ്. പരിപാടിയിലെ 16 മത്സരാര്‍ത്ഥികളായ സെലിബ്രിറ്റികളില്‍ ഹിമയുടേയും ദീപന്റേയും പേരുകള്‍ നേരത്തേ കേള്‍ക്കുന്നുണ്ടായിരുന്നു. അഭ്യൂഹങ്ങള്‍ ശരിവയ്‌ക്കുന്ന തരത്തിലാണ് ഈ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ എന്ന അവകാശവാദത്തോടെയാണ് ബിഗ് ബോസ് ആരംഭിക്കുന്നത്. നാളെ വൈകുന്നേരം ഏഴുമണിക്കാണ് പരിപാടിയുടെ ഔദ്യോഗിക ലോഞ്ച്. നാളെ മുതല്‍ നൂറു ദിവസത്തേക്ക് പരിപാടിയുടെ ഭാഗമാകുന്ന മത്സരാര്‍ത്ഥികള്‍ക്കാര്‍ക്കും പുറം ലോകവുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കുന്നതല്ല. അതിന്റെ മുന്നോടിയായാണ് ഈ അറിയിപ്പുകള്‍.

ഹിമയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

അപ്പൊ കൂട്ടുകാരെ ജീവിതത്തിലെ ഒരു ടേര്‍ണിങ് പോയിന്റിലൂടെ കടന്ന് പോവുകയാണ് .. ഇതുവരെ ഹിമ എന്ന വ്യക്തി സഞ്ചരിച്ച വഴികള്‍, ചിന്തകള്‍, രൂപങ്ങള്‍, ഭാവങ്ങള്‍, അനുഭവങ്ങള്‍ എല്ലാത്തിനേയും ചലഞ്ച് ചെയ്യുന്ന ഒരു സ്‌പേസില്‍ ആണ് ഇനിയുള്ള കുറച്ച് നാളുകള്‍. ഇത് ഞാന്‍ മാത്രം ഡീല്‍ ചെയ്യുന്ന എന്റെ പ്രൊഫൈല്‍ ആണ്.. തിരിച്ചു വരുന്നതുവരെ ഈ പ്രൊഫൈല്‍ മൗനത്തില്‍ ആയിരിക്കും.. എന്റെ ഒഫീഷ്യല്‍ പേജ് ഇന്ന് മുതല്‍ പേജ് അഡ്മിന്‍സ് ആയിരിക്കും ഡീല്‍ ചെയ്യുക.. ഹിമ എന്ന വ്യക്തി നിങ്ങളുടെ സ്‌നേഹവും പരിഗണനയും അര്‍ഹിക്കുന്നു എന്ന് തോന്നിയാല്‍ സപ്പോര്‍ട്ട് ചെയ്യുക.. എന്നും…
സ്‌നേഹത്തോടെ
ഹിമ…

മലയാളത്തില്‍ ഒരുങ്ങുന്ന ബിഗ് ബോസിന്റെ അവതാരകനായി എത്തുന്നത് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലാണ്. കഴിഞ്ഞദിവസം ഫെയ്‌സ്ബുക്ക് ലൈവില്‍ വന്ന മോഹന്‍ലാല്‍ ബിഗ് ബോസിനെ കുറിച്ചുള്ള സംശയങ്ങള്‍ക്ക് മറുപടി നല്‍കി. ബിഗ് ബോസിലേക്ക് തന്നെ ക്ഷണിച്ചത് അംഗീകാരമായി കാണുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. സാധാരണ ചെയ്‌തുകൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ നിന്നും വ്യത്യ്‌തമായി എന്തെങ്കിലും ചെയ്യാന്‍ കഴിയുമ്പോള്‍ സംതൃപ്‌തിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ