ബിഗ് ബോസില്‍ മറ്റൊരു എലിമിനേഷന്‍ കൂടി കഴിഞ്ഞിരിക്കുകയാണ്. എട്ട് പേരില്‍ നിന്നും ഏഴുപേരായി ചുരുങ്ങിയിരിക്കുകയാണ് മത്സരാര്‍ത്ഥികള്‍. ബഷീര്‍ ബാഷിയായിരുന്നു മത്സരത്തില്‍ നിന്നും പുറത്തേക്ക് പോയത്. ശ്രിനിഷ് അരവിന്ദ്, പേളി മാണി, അര്‍ച്ചന സുശീലന്‍, അരിസ്റ്റോ സുരേഷ്, സാബു മോന്‍, അതിഥി, ഷിയാസ് എന്നിവരാണ് ഇപ്പോള്‍ ബിഗ് ഹൗസിലുള്ളത്. ടാസ്‌ക്കുകളിലെ പ്രകടനവും പ്രേക്ഷകരുടെ വോട്ടിങ്ങുമൊക്കെയാണ് എലിമിനേഷനിലെ സുപ്രധാന ഘടകം.

ശ്രീനിയും ബഷീറുമായിരുന്നു ഒടുവില്‍ അവശേഷിച്ചിരുന്നത്. കുറച്ച് നേരം കളിപ്പിച്ചതിന് ശേഷമാണ് ബിഗ് ബോസ് ഇത്തവണ ആരാണ് പുറത്തേക്ക് പോവുന്നതെന്ന് വ്യക്തമാക്കിയത്. ബഷീര്‍ ബാഷിയായിരുന്നു പുറത്തേക്ക് പോവുന്നത്. അവസാന നിമിഷവും പ്രതീക്ഷ കൈവിടാതെ നില്‍ക്കുകയായിരുന്നു ശ്രീനി. ഇടയ്ക്ക് ഇത്തവണ ആരും പുറത്തേക്ക് പോവുന്നില്ലെന്ന പ്രതീതിയും ജനിപ്പിച്ചിരുന്നു. പിന്നീടാണ് ബഷീറിന്റെ പെട്ടി നിലത്തേക്ക് പതിച്ചത്. പ്രതീക്ഷിച്ച കാര്യമാണ് കേട്ടതെന്ന തരത്തിലായിരുന്നു ബഷീറിന്റെ പ്രതികരണം.

ഇന്നലെ എല്ലാവർക്കും ബഷീർ പോകുന്നതില്‍ ദുഖത്തിലായിരുന്നു. ശ്രീനിയാണ് തന്‍റെ ഏറ്റവും വലിയ സുഹൃത്തെന്നു പറഞ്ഞു കൊണ്ടാണ് ബഷീർ യാത്ര പറഞ്ഞത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ തന്റെ പ്രിയപ്പെട്ടവരെ കാണാന്‍ കഴിയുമെന്ന സന്തോഷമാണ് ഇന്നലെ മോഹന്‍ലാലിനോട് ബഷീര്‍ പങ്കുവെച്ചത്. ഇതിന് പിന്നാലെ അദ്ദേഹം കൊച്ചിയില്‍ വിമാനമിറങ്ങി. ഇരു ഭാര്യമാരും ബന്ധുക്കളും കുട്ടിയും ബഷീറിനെ സ്വീകരിക്കാന്‍ വന്നിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷം വളരെ സന്തോഷത്തോടെയാണ് ബഷീറിനെ ബന്ധുക്കള്‍ സ്വീകരിച്ചത്. ഇതിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

ബിസിനസ്സും കുടുംബവുമൊക്കെയായി കഴിയുന്നതിനിടയില്‍ തനിക്ക് ലഭിച്ച മികച്ച അവസരമായിരുന്നു ബിഗ് ബോസെന്നും ജീവിതത്തിലെ തന്നെ വലിയ ഭാഗ്യങ്ങളിലൊന്നായി കാണുകയാണ് ഈ അവസരത്തെയെന്നും ബഷീർ വ്യക്തമാക്കി. ‘പങ്കെടുത്തത് കൊണ്ട് മാത്രം ജീവിതത്തില്‍ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. പാത്രം കഴുകല്‍, സ്വന്തമായി വസ്ത്രം കഴുകുന്നത് ഇവയെല്ലാം ഒരനുഭവമായിരുന്നു. കുടുംബത്തെയാണ് കൂടുതല്‍ മിസ്സ് ചെയ്തത്. മക്കളെ വളര്‍ത്താനും മറ്റ് കാര്യങ്ങള്‍ ചെയ്യാനുമൊക്കെ ഭാര്യ പെടുന്ന കഷ്ടപ്പാടിനെക്കുറിച്ച്‌ ഇപ്പോഴാണ് മനസ്സിലായത്. ഇനി മക്കളോടും കുടുംബത്തോടും ഇരിക്കുമ്പോള്‍ കിച്ചണില്‍ സഹായിക്കുമെന്നും താരം പറയുന്നു.

ജയിച്ച്‌ പോകണം എന്ന് വെറുതെ പറഞ്ഞതാണ്. അവിടെ അതിനകത്ത് നടക്കുന്ന പല കാര്യങ്ങളെക്കുറിച്ചും കൃത്യമായി അറിയുന്നത് പ്രേക്ഷകര്‍ക്കാണ്. എന്തായാലും പെട്ടു, ഇനി നില്‍ക്കുന്നത് വരെ നില്‍ക്കാം എന്നതായിരുന്നു തീരുമാനം. ഇത്തവണത്തെ നോമിനേഷന്‍ വന്നപ്പോള്‍ തന്നെ പുറത്തേക്ക് പോവുന്നത് താനായിരിക്കുമെന്ന് മനസ്സിലാക്കിയിരുന്നതായി താരം പറയുന്നു. ഇതേക്കുറിച്ച്‌ കുടുംബാംഗങ്ങളുമായി ഷെയര്‍ ചെയ്തിരുന്നുവെന്നും ബഷീര്‍ പറയുകയുണ്ടായി. എന്നാൽ പുറംലോകവുമായി ബന്ധമില്ലാത്ത ഒരു മത്സരാർത്ഥിക്ക് അതെങ്ങനെ സാധിച്ചുവെന്നാണ് ആളുകൾ സംശയിക്കുന്നത്. എന്നാൽ പ്രേക്ഷകപിന്തുണ ഏറ്റവുമധികമുള്ള താരങ്ങളിൽ ഒരാളാണ് പേളി. പേളിയുമായുള്ള പ്രണയം ശ്രീനിഷിനെ സുരക്ഷിതനാക്കുമെന്ന് ആർക്കും
ഊഹിക്കാവുന്നതാണ്’, ബഷീര്‍ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ