Big Boss Malayalam 2018: ‘ഇനി ചെറിയ കളികളില്ല വലിയ കാര്യങ്ങള്‍ മാത്രം’ എന്ന ടാഗ്‌ലൈനോടെയാണ് മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ‘ബിഗ് ബോസ്’ പ്രേക്ഷകര്‍ക്കു മുന്നിലേക്ക് എത്തിയിരിക്കുന്നത്. ആ ടാഗ് ലൈനിനോട് എല്ലാവിധത്തിലും യോജിക്കുന്ന തരത്തിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ അവതാരകനായി എത്തുന്ന ബിഗ് ബോസിന്റെ ബജറ്റ് 44 കോടി രൂപയാണെന്നാണ് അറിയുന്നത്.  ഷോയുടെ ചിലവുകളെക്കുറിച്ച് അറിയാന്‍ കഴിഞ്ഞ കണക്കുകള്‍ ഇങ്ങനെയാണ്.

നൂറു ദിവസം നടക്കാന്‍ പോകുന്ന ഈ പരിപാടിയില്‍ മോഹന്‍ലാല്‍ പ്രതിഫലമായി കൈപ്പറ്റുന്നത് 12 കോടി രൂപയാണ്. 10 മുതല്‍ 12 ലക്ഷം  രൂപയാണ് പരിപാടിയില്‍ പങ്കെടുക്കുന്ന 16 സെലിബ്രിറ്റി മത്സരാര്‍ത്ഥികളുടെ പ്രതിഫലം.   മത്സരാര്‍ത്ഥികള്‍ എല്ലാവര്‍ക്കും ഒരേ പ്രതിഫലം അല്ല എന്നും അറിയാന്‍ കഴിഞ്ഞു.

പരിപാടിയുടെ ബജറ്റിലെ ഏറ്റവും പ്രധാനപെട്ട ഒന്ന് ‘ബിഗ്‌ ബോസി’ന്റെ സെറ്റ് ആണ്.  ആകെ ബജറ്റ് എന്നറിയുന്ന 44 കോടി രൂപയിൽ ഏഴു മുതൽ എട്ടു കോടിയോളം രൂപ സെറ്റിന് മാത്രമായി വരും എന്നാണ് അനുമാനിക്കാൻ കഴിയുന്നത്. ആധുനിക സജ്ജീകരണങ്ങളും 60 റോബോട്ടിക് ക്യാമറകളുമാണ് ബിഗ് ബോസ് ഹൗസിൽ ഒരുക്കിയിരിക്കുന്നത്. കിടപ്പുമുറികൾ മ്യൂറൽ പെയിന്റിങ്ങുകളാൽ അലങ്കരിച്ചിരിക്കുന്നു.  കൊച്ചിയിലായിരുന്നു ആദ്യം ബിഗ് ബോസ് ഹൗസ് പണിയാന്‍ പദ്ധതി. എന്നാല്‍ സ്ഥലപരിമിതി ഉള്‍പ്പെടെയുള്ള തടസം മൂലം മുംബൈയിലെ ഫിലിം സിറ്റിയിലേക്ക് പറിച്ചു നടുകയായിരുന്നു.

Read More: ബിഗ് ബോസ് മലയാളം ആരംഭിച്ചു; ചിത്രങ്ങള്‍ കാണാം

മോഹൻലാലിന്റേയും താരങ്ങളുടേയും ആകെ പ്രതിഫല തുക 15 കോടിയോളം രൂപയാണ് വരുന്നത്. പ്രൊഡക്ഷൻ, ടെക്‌നിക്കൽ ചെലവ് അഞ്ചു കോടിയോളം രൂപ ചെലവായി എന്നും അറിയുന്നു. അണിയറ പ്രവർത്തകർ കണക്കുകൾ പുറത്തുവിടാൻ തയ്യാറായില്ലെങ്കിലും വൃത്തങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങൾ ഇങ്ങനെയാണ്.  കൊച്ചിയിൽ നിന്നും മുംബൈയിലെ ഫിലിം സിറ്റിയിലേക്കുള്ള പറിച്ചുനടലിൽ മൂന്നു കോടിയോളം രൂപയുടെ നഷ്‌ടം സംഭവിച്ചിട്ടുണ്ട് എന്നും അറിയുന്നു.

ഏഷ്യാനെറ്റിന്റെ 25-ാം വാര്‍ഷികം പ്രമാണിച്ചാണ് ബിഗ് ബോസ് മലയാളം ആരംഭിച്ചിരിക്കുന്നത്. ഹിന്ദിയില്‍ ആരംഭിച്ച ബിഗ് ബോസ് അവതരിപ്പിച്ചിരുന്നത് സല്‍മാന്‍ ഖാനും തമിഴില്‍ കമല്‍ഹാസനുമായിരുന്നു. മലയാളത്തില്‍ മോഹന്‍ലാല്‍ അവതാരകനായി എത്തുന്നു എന്നതുതന്നെയാണ് ഇതിന്റെ ഏറ്റവും വലിയ ഹൈലേറ്റ്.

ഇന്നലെ തുടങ്ങിയ പരിപാടിയില്‍ ബിഗ് ബോസ് ഹൗസും താരങ്ങളേയും മോഹന്‍ലാല്‍ പരിചയപ്പെടുത്തി. ശ്വേതാ മേനോന്‍, രഞ്ജിനി ഹരിദാസ്, അര്‍ച്ചന സുശീലന്‍, അതിഥി റായ്, ഹിമാ ശങ്കര്‍, ദിവ്യ സന, അരിസ്‌റ്റോ സുരേഷ്, അനൂപ് ചന്ദ്രന്‍, മനോജ് കെ.വര്‍മ, ഡേവിഡ് ജോണ്‍, സാബു മോന്‍, ദീപന്‍ മുരളി, ശ്രീലക്ഷ്‌മി ജഗതി ശ്രീകുമാര്‍, ബഷീര്‍ ബഷി, ശ്രീനിഷ് അരവിന്ദ്, പേര്‍ളി മാണി എന്നിവരാണ് ബിഗ് ബോസിലെ മത്സരാര്‍ത്ഥികള്‍.

Read More: മോഹന്‍ലാൽ ‘ബിഗ് ബോസി’ലെ താരങ്ങളെ വരവേൽക്കുന്നു

പരിപാടിയുടെ ഭാഗമാകുന്ന ഓരോ മത്സരാര്‍ത്ഥിയും 24 മണിക്കൂറും നിരീക്ഷണത്തിലായിരിക്കും. ‘ബിഗ് ബോസി’ന്റെ ഭാഗമാകുന്നിടത്തോളം കാലം അവര്‍ക്ക് സ്വകാര്യതയില്ല എന്നതാണ് സത്യം. ശുചിമുറിയില്‍ ഒഴികെ മറ്റെല്ലായിടത്തും ക്യാമറകള്‍ അവരെ നിരീക്ഷിച്ചുകൊണ്ടിരിക്കും. രാവിലെ ഉണരുന്നതു മുതല്‍ ഉറങ്ങുന്നതുവരെ അവരുടെ ജീവിതം മറ്റുള്ളവര്‍ക്കു മുന്നില്‍ തുറന്നിരിക്കും. അവരെ ലോകം മുഴുവന്‍ കാണുമ്പോഴും അവര്‍ ആരെയും കാണില്ല എന്നതാണ് കൗതുകകരമായ കാര്യം.

ഓരോ ആഴ്‌ചയിലും മത്സരാര്‍ത്ഥികള്‍ക്ക് ചെയ്യേണ്ട ടാസ്‌കുകള്‍ നല്‍കും. ഇത് ഭംഗിയായി ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ മുന്നോട്ടുള്ള പോക്ക്. അത് തീരുമാനിക്കേണ്ടത് പ്രേക്ഷകര്‍ കൂടിയാണ്. എസ്എംഎസ് വഴിയോ ഓണ്‍ലൈനായോ പ്രിയപ്പെട്ട മത്സരാര്‍ത്ഥിക്ക് വോട്ട് ചെയ്യുകയും അവരെ നൂറു ദിവസം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യാം. കുറഞ്ഞ വോട്ട് ലഭിക്കുന്ന മത്സരാര്‍ത്ഥി പുറത്താകും. മാത്രമല്ല, പരിപാടിയുടെ നിയമങ്ങള്‍ പാലിക്കാതിരിക്കുന്നവര്‍ക്കും തക്കതായ ശിക്ഷ ലഭിക്കും.

പരിപാടിയുടെ നിയന്ത്രണം മുഴുവന്‍ ‘ബിഗ് ബോസി’ന്റെ കൈയ്യിലായിരിക്കും. അദ്ദേഹത്തിന്റെ നിര്‍ദ്ദേശമനുസരിച്ചു മാത്രമേ ഇവര്‍ക്ക് നീങ്ങാന്‍ സാധിക്കൂ. അതേസമയം പ്രത്യേകിച്ചൊരു സ്‌ക്രിപ്റ്റൊന്നും ഇല്ലാത്ത പരിപാടിയാണിത്. ബിഗ് ബോസിനെ കാണാന്‍ മത്സരാര്‍ത്ഥികള്‍ക്ക് സാധിക്കില്ല. അദ്ദേഹത്തിന്റെ ശബ്ദം മാത്രമേ കേള്‍ക്കൂ. ഇനി ആര്‍ക്കെങ്കിലും ബിഗ് ബോസിനോട് സംസാരിക്കാനുണ്ടെങ്കില്‍, കണ്‍ഫഷന്‍ റൂം ഉണ്ടായിരിക്കും. അവിടെ പോയി ഇരുന്ന് മനസു തുറക്കാം. അതേസമയം, ‘ബിഗ് ബോസി’നെ കാണാന്‍ സാധിക്കില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook