Big Boss Malayalam, 10-09-2018, Episode 77: എലിമിനേഷനില്‍ ഹിമ പുറത്തായതിന് ശേഷം ബിഗ് ബോസില്‍ മത്സരം പുനരാരംഭിച്ചു. കഴിഞ്ഞ ദിവസം നാടകീയമായ സംഭവങ്ങള്‍ക്കൊടുവിലാണ് ഹിമ പുറത്തായത്. അതിഥിയോടായിരുന്നു പെട്ടി എടുത്ത് പുറത്തേക്ക് വരാന്‍ ആദ്യം ആവശ്യപ്പെട്ടിരുന്നത്. തുടര്‍ന്ന് അതിഥി പെട്ടി എടുത്ത് പുറത്തേക്ക് പോയെങ്കിലും ഹിമയെ ബിഗ് ബോസ് കണ്‍ഫെഷന്‍ മുറിയിലേക്ക് വിളിക്കുകയായിരുന്നു. മികച്ച അവസരം നല്‍കി രണ്ടാമതും വീട്ടിലെത്തിച്ചിട്ടും ഹിമയ്ക്ക് പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാന്‍ സാധിച്ചില്ലെന്ന് ബിഗ് ബോസ് അറിയിച്ചു. എന്നാല്‍ സാബുവിനോടുളള തന്റെ പെരുമാറ്റം വളരെ സത്യമായിരുന്നു എന്ന വാദത്തില്‍ ഹിമ ഉറച്ച് നിന്നു. തനിക്ക് അഭിനയിക്കാനറിയില്ലെന്നും തന്റെ ഉളളു തുറന്നാണ് കാണിച്ചതെന്നും ഹിമ വ്യക്തമാക്കി. എന്നാല്‍ പെട്ടി എടുത്ത് പുറത്തേക്ക് വരാന്‍ ബിഗ് ബോസ് ആവശ്യപ്പെടുകയായിരുന്നു.

അതിഥിയെ പിന്നീട് ബിഗ് ബോസ് ഹൗസില്‍ തിരികെ എത്തിച്ചു. ക്യാപ്റ്റന്‍ സ്ഥാനത്തേക്കാണ് പുതുജീവനുമായി അതിഥി എത്തിയത്. പുതിയ ക്യാപ്റ്റനായ അതിഥി ഓരോരുത്തര്‍ക്കും ഈ ആഴ്ച്ചയിലെ ചുമതലകള്‍ വീതിച്ച് നല്‍കി. 77ാം ദിനം രാവിലെ തന്നെ പേളിക്ക് ശ്രീനിഷ് വ്യായാമമുറകള്‍ കാണിച്ച് കൊടുത്തു. രാത്രി 12 മണിയോടെ അരിസ്റ്റോ സുരേഷിന്റെ പാട്ടിന് സാബുവും അര്‍ച്ചനയും നൃത്തം ചെയ്തു. ഇതിനിടെ പേളിയും ശ്രീനിഷും ഒരു മൂലയ്ക്ക് മാറിയിരുന്ന് സംസാരിക്കുകയായിരുന്നു. ‘അവര്‍ ഊര്‍ജം കൈമാറുകയാണ് എന്നാണ് പേളിയേയും ശ്രീനിഷിനേയും നോക്കി സാബു പറഞ്ഞത്.

78ാം ദിനം രാവിലെ തന്നെ സാബുവും അര്‍ച്ചനയും തമ്മില്‍ തമാശയ്ക്ക് വഴക്കിട്ടു. രാവിലെ വ്യായാമത്തിന്റെ ഭാഗമായി ഡാന്‍സ് ചെയ്യുകയായിരുന്നു മത്സരാര്‍ത്ഥികള്‍. ഇതിനിടെ സാബുവിന്റെ സഹായത്തോടെ ഷിയാസ് അതിഥിയെ എടുത്ത് പൊക്കി പൂളിലിട്ടു. നനഞ്ഞുകുളിച്ച അതിഥി തിരികെ എത്തുമ്പോള്‍ കുളിക്കാനുളള തയ്യാറെടുപ്പിലായിരുന്നു ഷിയാസ് അതിഥി ഉടന്‍ തന്നെ ഫോം എടുത്ത് ഷിയാസിന്റെ ദേഹത്ത് സ്പ്രേ ചെയ്തു. സാബു എല്ലാവിധ സഹായവും അതിഥിക്ക് നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഷിയാസ് കുളിമുറിയില്‍ കയറി വാതിലടച്ചു.

ഈയാഴ്ച്ചയിലേക്കുളള എലിമിനേഷന്‍ നടപടികള്‍ ആരംഭിച്ചു. ഓരോ മത്സരാര്‍ത്ഥികളും രണ്ട് പേരെ നോമിനേറ്റ് ചെയ്യണം. മത്സരാര്‍ത്ഥികളുടെ കട്ടൗട്ടില്‍ കത്തി കുത്തി ഇറക്കിയാണ് മത്സരാര്‍ത്ഥികളെ നോമിനേറ്റ് ചെയ്യേണ്ടത്. ശ്രീനിഷിനേയും പേളിയേയും ആണ് ബഷീര്‍ നോമിനേറ്റ് ചെയ്തത്. അര്‍ച്ചനയേയും സാബുവിനേയും ആണ് ഷിയാസ് നോമിനേറ്റ് ചെയ്തത്. പേളിയേയും ശ്രീനിഷിനേയും ആണ് അര്‍ച്ചന നോമിനേറ്റ് ചെയ്തത്. പേളിയുടെ സ്വഭാവത്തില്‍ കൃത്രിമത്വം ഉണ്ടെന്നാണ് അര്‍ച്ചനയുടെ അഭിപ്രായം.

സാബുവിനേയും അര്‍ച്ചനയേയും ആണ് ശ്രീനിഷ് നോമിനേറ്റ് ചെയ്തത്. സാബുവിനേയും അര്‍ച്ചനയേയും ആണ് പേളി നോമിനേറ്റ് ചെയ്തത്. ശ്രീനിഷിനേയും പേളിയേയും സാബു നോമിനേറ്റ് ചെയ്തു. ശ്രീനിഷ് പ്രണയ ട്രാക്കിലൂടെ വിജയിക്കാനാണ് ശ്രമമെന്നായിരുന്നു സാബു കാരണമായി പറഞ്ഞത്. ആ തന്ത്രം പയറ്റി വിജയിക്കാനാണ് ശ്രീനിഷ് തയ്യാറെടുക്കുന്നതെന്നും സാബു പറഞ്ഞു. സാബുവിനേയും അര്‍ച്ചനയേയും ആണ് സുരേഷ് നോമിനേറ്റ് ചെയ്തത്. ക്യാപ്റ്റന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് അതിഥി ബഷീറിനേയും സുരേഷിനേയും ആണ് അതിഥി നോമിനേറ്റ് ചെയ്തത്. ഷിയാസിനെ ആണ് നോമിനേറ്റ് ചെയ്തതെങ്കില്‍ വോട്ട് കിട്ടുമായിരുന്നില്ല. സുരേഷിന് പ്രേക്ഷകര്‍ വോട്ട് ചെയ്ത് അകത്ത് തന്നെ ഇരുത്തുമെന്നാണ് അതിഥി പറഞ്ഞത്.

ഷിയാസും അതിഥിയും ഒഴികെയുളള ആറ് പേരാണ് ഈ ആഴ്ച്ച നോമിനേഷനിലുളളത്. നോമിനേറ്റ് ചെയ്തതിന് പിന്നാലെ അതിഥിയെ സുരേഷ് അവഗണിച്ചു. തുടര്‍ന്ന് അതിഥി കരഞ്ഞുകൊണ്ട് സ്മോക്കിംഗ് റൂമില്‍ നിന്നും പുറത്തേക്ക് പോയി. സ്നേഹം ഉണ്ടായിരുന്നെങ്കില്‍ സുരേഷിനെ അതിഥി പരിഗണിക്കുമായിരുന്നെന്ന് സാബു മറ്റുളളവരോട് പറഞ്ഞു. എന്നാല്‍ അതിഥി സുരേഷിനെ നോമിനേറ്റ് ചെയ്തതാണ് ശരിയായ തീരുമാനമെന്ന് ശ്രീനിഷും പേളിയും അതിയെ പറഞ്ഞു മനസ്സിലാക്കി.

തന്നോട് ദേഷ്യമുണ്ടോയെന്ന് അതിഥി സുരേഷിനോട് ചോദിച്ചു. സാബു നെഗറ്റീവ് പറയുമ്പോള്‍ തനിക്ക് വിഷമം ഉണ്ടാക്കുന്നുണ്ടുവെന്ന് അതിഥി പറഞ്ഞു. തനിക്ക് പ്രശ്നമില്ലെന്നാണ് സുരേഷ് പറഞ്ഞത്. തനിക്ക് അതിഥി ചെയ്തത് ഇഷ്ടപ്പെട്ടില്ലെന്നായിരുന്നു സാബുവിന്റെ അഭിപ്രായം. ഇതിനെ ചൊല്ലി അതിഥിയോട് സാബു വഴക്കിട്ടു. അതിഥിയുടെ ക്യാപ്റ്റന്‍സിയില്‍ പേളി അടക്കം ഉള്ളവര്‍ പണിയൊന്നും ചെയ്യുന്നില്ലെന്ന് സാബുവും അര്‍ച്ചനയും ആരോപിച്ചു. ഇതിനെ ചൊല്ലി അര്‍ച്ചനയും സാബുവും അതിഥിയോട് വഴക്കിട്ടു. എന്നാല്‍ ക്ലീന്‍ ചെയ്തില്ലെന്ന് പറഞ്ഞ് റാഗിംങ് ഒന്നും ചെയ്യേണ്ടെന്ന് അതിഥി തുറന്നടിച്ചു. ഇതിന്റെ പേരില്‍ ഇരുവും തമ്മില്‍ വഴക്കായി. ഇതിന് പിന്നാലെ അര്‍ച്ചനയും പേളിയും തമ്മില്‍ വഴക്കിട്ടു. എന്നാല്‍ താന്‍ പണിയെടുക്കാമെന്ന് പറഞ്ഞ് പേളി രംഗത്തെത്തി. വേണ്ടെന്നായിരുന്നു അര്‍ച്ചനയുടെ നിലപാട്. എന്നാല്‍ ഇനി ഹൗസില്‍ താന്‍ പണിയൊന്നും എടുക്കില്ലെന്ന് പേളി വ്യക്തമാക്കി. ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്താക്കിയാലും കുഴപ്പമില്ലെന്നാണ് പേളി പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook