ഉലകനായകൻ കമൽഹാസൻ അവതാരകനായെത്തുന്ന ബിഗ് ബോസ് തമിഴ് പതിപ്പിന്റെ പരസ്യം പുറത്തിറങ്ങി. ഒരു മിനിറ്റ് 26 സെക്കൻഡ് ദൗർഘ്യമുളള പരസ്യത്തിൽ സൂപ്പർ ഡയലോഗുകളാണ് കമൽഹാസൻ പറയുന്നത്. സിനിമയിൽ താൻ നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും തന്നെക്കാൾ കൂടുതൽ വേഷം ചെയ്തത് സാധാരണക്കാരായ ജനങ്ങളാണെന്ന് കമൽഹാസൻ പറയുന്നു.

”സിനിമയിൽ നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ട്. നായകനായി, വില്ലനായി, കുളളനായി, പ്രണയിക്കുന്നവനായി, പെണ്ണായി, അമേരിക്കക്കാരനായി, ഇന്ത്യനായി വേഷം ചെയ്തിട്ടുണ്ട്. ഇപ്പോൾ ജീവിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ എന്നെക്കാൾ കൂടുതൽ വേഷം ചെയ്തത് നിങ്ങളാണ്. വോട്ട് ചെയ്യാൻ കാശു വാങ്ങുമ്പോൾ ഒരു മുഖം, വോട്ട് ചെയ്യുമ്പോൾ മറ്റൊരു മുഖം, സുഹൃത്തുക്കളോടൊപ്പം ഒരു മുഖം, ഫെയ്സ്ബുക്കിൽ ഒരു മുഖം… ഇതിൽ സത്യമായ മുഖം ഏതാണ്” കമൽഹാസന്റെ ചോദ്യം. ആർക്കും ഓടാനും ആകില്ല, ഒളിക്കാനും ആകില്ല. ഞാൻ നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുവെന്ന് പറഞ്ഞാണ് കമൽഹാസൻ തന്റെ വാക്കുകൾ അവസാനിപ്പിക്കുന്നത്.

ബോളിവുഡില്‍ സൂപ്പര്‍ ഹിറ്റായ ബിഗ് ബോസിന്റെ തമിഴ് പകര്‍പ്പിലാണ് കമൽഹാസൻ അവതാരകനായെത്തുന്നത്. വിജയ് ടിവിയാണ് പ്രോഗ്രാം സംപ്രേക്ഷണം ചെയ്യുന്നത്. ബിഗ് ബോസ് ഹിന്ദി പതിപ്പിൽ സൽമാൻ ഖാൻ ആയിരുന്നു അവതാരകൻ. ബിഗ്‌ബോസില്‍ അതിഥിയായെത്തിയ ബോളിവുഡ് താരങ്ങളുടെ തുറന്നു പറച്ചിലുകള്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ബിഗ് ബോസ് തമിഴിലെത്തുമ്പോൾ തെന്നിന്ത്യയിലെ പല താരങ്ങളും എത്തുമെന്നാണ് സൂചന.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ