പരിപാടിയുടെ പ്രത്യേകത കൊണ്ടു മാത്രമല്ല, വിവാദങ്ങള്‍ കൊണ്ടും  ശ്രദ്ധയാകര്‍ഷിച്ച റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഇത്തവണ തെന്നിന്ത്യന്‍ നടിമാരെ അടച്ചാക്ഷേപിച്ചുകൊണ്ടാണ് ബിഗ് ബോസ് പുതിയ വിവാദത്തിന് തിരി കൊളുത്തുന്നത്. ബിഗ് ബോസ് സീസൺ  11ല്‍ പുതിയ വിവാദ പരാമര്‍ശവുമായാണ് നടി ഹീന ഖാന്‍ എത്തിയിരിക്കുന്നത്. സൗഹൃദ സംഭാഷണത്തിനിടയിലാണ് ഹീന കൂടെയുള്ളവരോട് തെന്നിന്ത്യന്‍ നടിമാരെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയത്.

തെന്നിന്ത്യയിലെ സംവിധായകര്‍ക്ക് ‘തടിച്ച ശരീരപ്രകൃതിയുള്ള മദാലസകളായ’ നായികമാരെയാണ് ആവശ്യം എന്നായിരുന്നു ഹീന പറഞ്ഞത്. തെന്നിന്ത്യന്‍  പ്രേക്ഷകരും അത്തരത്തിലുള്ള നായികമാരെ കാണാനാണ് ഇഷ്ടപ്പെടുന്നത്. കഴുത്ത് ഇറക്കിവെട്ടിയ വസ്ത്രങ്ങള്‍ ധരിക്കുന്ന തടിച്ച നായികമാരെ കാണാനാണ് സംവിധായകര്‍ക്കും പ്രേക്ഷകര്‍ക്കുമിഷ്ടമെന്ന് ഹീന പറഞ്ഞു.

തനിക്ക് തെന്നിന്ത്യയില്‍ നിന്ന് വലിയ രണ്ട് അവസരങ്ങള്‍ വന്നതാണ്, എന്നാല്‍ തടികൂട്ടണമെന്ന് ആവശ്യപ്പെട്ടതിനാല്‍ താന്‍ ആ അവസരങ്ങള്‍ വേണ്ടെന്നു വയ്ക്കുകയായിരുന്നുവെന്നും ഹീന പറയുന്നുണ്ട്.

ഹീനയുടെ ഈ പരാമര്‍ശത്തിനെതിരെ ഖുശ്ബുവും ഹന്‍സികയും രംഗത്തെത്തി. എങ്ങനെ മാന്യത പുലര്‍ത്തണമെന്ന കാര്യത്തില്‍  തെന്നിന്ത്യയില്‍ നിന്നും പാഠം പഠിക്കണമെന്ന്‌ ഹീനയ്ക്കു ഖുശ്ബു മറുപടി നല്‍കി. എങ്ങിനെയാണ് ഹീനയ്ക്ക് ഇത്തരത്തില്‍ തെന്നിന്ത്യന്‍ സിനിമാ മേഖലയെ താഴ്ത്തിക്കെട്ടി സംസാരിക്കാന്‍ കഴിഞ്ഞതെന്നും നിരവധി ബോളിവുഡ് താരങ്ങള്‍  തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള കാര്യം അവര്‍ക്കറിയാമോ എന്നും ചോദിച്ച ഹന്‍സിക, തങ്ങളെ ഇത്തരത്തില്‍ അപമാനിക്കാന്‍ ശ്രമിച്ച ഹീനയെ കുറിച്ചോര്‍ക്കുമ്പോള്‍ കഷ്ടം തോന്നുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ