കൊച്ചി പഴയ കൊച്ചിയല്ലെന്നറിയാം, പക്ഷേ ബിലാൽ പഴയ ബിലാൽ തന്നെ എന്ന മമ്മൂട്ടിയുടെ വാക്കുകൾ കേരളക്കരയിൽ കേൾക്കാൻ തുടങ്ങിയിട്ട് പത്ത് വർഷം തികയുന്നു. അമൽ നീരദ് ഒരുക്കിയ മമ്മൂട്ടി ചിത്രം ബിഗ് ബിയിലെ ഹിറ്റ് ഡയലോഗുകളിലൊന്നായിരുന്നു ഇത്. ബിഗ് ബി വെളളിത്തിരയിലെത്തിയിട്ട് പത്ത് വർഷം തികയുന്നുവെന്ന് സംവിധായകൻ അമൽ നീരദ് തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

2007ലെ വിഷുകാലത്താണ് ബിലാൽ ജോൺ കുരിശങ്കലും സഹോദരങ്ങളും മലയാള സിനിമാ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. സിനിമ ഇറങ്ങി പത്ത് വർഷമാവുന്ന വേളയിൽ തനിക്കും കൂടെയുണ്ടായിരുന്നവർക്കും എന്തായിരുന്നു ബിഗ് ബിയെന്ന് കുറിക്കുകയാണ് അമൽനീരദ്.

”ബിഗ് ബി ഇറങ്ങിയിട്ട് പത്ത് വർഷം തികയുന്നു. ഞങ്ങൾക്ക് ഇത് വെറുമൊരു സിനിമ മാത്രമായിരുന്നില്ല. മറിച്ച് അതിജീവനായിരുന്നു. ബിഗ് ബി ഞങ്ങളുടെ അവസാനത്തെ വഞ്ചിയായിരുന്നു, നോഹയുടെ പേടകം പോലെ. നായകനായും രക്ഷകനായും കൂടെ നിന്ന മമ്മൂക്കയ്‌ക്ക് നന്ദി. ഇക്കാലമത്രയും ഞങ്ങളുടെ തെറ്റുകുറ്റങ്ങളെ പൊറുത്ത് നല്ല ശ്രമങ്ങളെ അംഗീകരിച്ച് എന്നും കൂടെ നിന്ന പ്രേക്ഷകർക്ക് നന്ദി”.-അമൽ നീരദ് ഫെയ്‌സ്ബുക്കിൽ കുറിച്ചു.

അന്ന വരെ കണ്ട് ശീലമില്ലാത്ത ഒരു ചലച്ചിത്ര വസന്തത്തിനാണ് ഈ അമൽ നീരദ് ചിത്രം തുടക്കം കുറിച്ചത്. വ്യത്യസ്‌തമായൊരുക്കിയ ആക്ഷൻ ത്രില്ലറായിരുന്നു ബിഗ് ബി. അമൽ നീരദിന്റെ ആദ്യ സംവിധാന സംരംഭം കൂടിയായിരുന്നു ചിത്രം.

ബിഗ് ബിയുടെ സംഭാഷണമൊരുക്കിയത് ഉണ്ണി. ആർ ആയിരുന്നു. മരിയ്‌ക്കാർ ഫിലിംസിന്റെ ബാനറിൽ ഷാഹുൽ ഹമീദാണ് ചിത്രം നിർമ്മിച്ചത്. സിനിമയ്‌ക്ക് പശ്ചാത്തല സംഗീതമൊരുക്കിയത് ഗോപി സുന്ദറായിരുന്നു. ബാല, മനോജ് കെ.ജയൻ,നഫീസ അലി, പശുപതി, മംമ്ത മോഹൻദാസ്, ഇന്നസെന്റ് എന്നിവരായിരുന്നു മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ