ദില്ലി: ലോകപ്രശസ്ത പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ സംഗീതപരിപാടിക്കായി ഇന്ത്യയിലെത്തി. ഇന്ന് പുലര്‍ച്ചെ 1.30ഓടെയാണ് അദ്ദേഹം മുംബൈ വിമാനത്താവളത്തിലെത്തിയത്. സല്‍മാന്‍ ഖാന്റെ ബോഡിഗാര്‍ഡ് സംഘമായ ഷെറയാണ് 23കാരന് അംഗരക്ഷയ്ക്കായി വിമാനത്താവളത്തിലെത്തിയത്. ഇന്ന് വൈകുന്നേരം നാല് മണിയോടെ മുംബൈയിലാണ് പരിപാടി. രാത്രി എട്ട് മണിക്ക് ബീബര്‍ വേദിയിലെത്തും. ഒന്നരമണിക്കൂര്‍ നീളുന്ന സംഗീതപരിപാടിയാണ് ജസ്റ്റിന്‍ ബീബര്‍ അവതരിപ്പിക്കുക.
ബീബറിനെ കാണാനായി നിരവധി ആരാധകരാണ് വിമാനത്താവളത്തിലും ബീബര്‍ താമസിച്ചേക്കുമെന്ന് തോന്നിയ ഹോട്ടലുകളിലും നിരന്തരം സന്ദര്‍ശനം നടത്തുന്നത്. കഴിഞ്ഞ ദിവസം ബീബര്‍ മുംബൈ നഗരത്തില്‍ വരുന്നുണ്ടെന്ന റൂമറുകളെ തുടര്‍ന്ന് ആരാധകരും മാധ്യമങ്ങളും ഒന്നടങ്കം ഇന്നലെ അദ്ദേഹത്തെ കാത്തിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ യാത്രയെ കുറിച്ചോ താമസത്തെ കുറിച്ചോ സംഘാടകര്‍ വിവരങ്ങളൊന്നും പുറത്തുവിട്ടില്ല.
അടുത്ത രണ്ടുദിവസംകൂടി ജസ്റ്റിന്‍ ഇന്ത്യയിലുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദില്ലിയും ജയ്പുരും താജ്മഹലും സന്ദര്‍ശിക്കാനാണ് താരത്തിന്റെ തീരുമാനം. പരിപാടിയുടെ ഭാഗമായി കനത്ത സുരക്ഷയാണ് മുംബൈ നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്.
ലോക സംഗീതയാത്രയുടെ ഭാഗമായി മുംബൈയില്‍ എത്തിയ ബീബര്‍ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് ഷോ നടത്തുന്നത്. വൈറ്റ് ഫോക്‌സ് ഇന്ത്യയാണ് സംഘാടകര്‍.
ആദ്യമായിട്ടാണ് ജസ്റ്റിന്‍ ഇന്ത്യയില്‍ സംഗീത പരിപാടി അവതരിപ്പിക്കുന്നത്. 60,000ത്തിലധികം പേര്‍ ഇന്ന് പരിപാടിയില്‍ പങ്കെടുക്കാനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 4,000 രൂപ മുതല്‍ 76,000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. 90ശതമാനം ടിക്കറ്റുകളും വിറ്റുതീര്‍ന്നതായി സംഘാടകര്‍ അറിയിച്ചു.