മോഹന്‍ലാലിനെ നായകനാക്കി നടന് പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘ലൂസിഫര്‍’ നാളെ തിയേറ്ററുകളില്‍ എത്തുകയാണ്. ‘ലൂസിഫര്‍’ എന്ന പേരിന്റെ അര്‍ത്ഥ-ചരിത്ര പ്രസക്തിയില്‍ തുടങ്ങി, സിനിമയുടെ വിശേഷങ്ങളും അണിയറക്കഥകളുമൊക്കെ ആഘോഷമാക്കുകയായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സിനിമാ പ്രേമികളും മാധ്യമങ്ങളും. അതിനിടയില്‍ ശ്രദ്ധയില്‍ പെട്ട ഒരു വസ്തുതയാണ് ക്രിസ്ത്യന്‍ അല്ലെങ്കില്‍ ബിബ്ലിക്കല്‍ പേരുകള്‍ മലയാള സിനിമയുടെ ടൈറ്റില്‍ ആയി വരുന്ന ട്രെന്‍ഡ്.
സിനിമാ ചരിത്രത്തിന്റെ തുടക്കം മുതല്‍ ക്രിസ്തീയ-ബൈബിള്‍ കഥകളെ ആസ്പദമാക്കി സിനിമകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ പത്തോ പതിനഞ്ചോ വര്‍ഷങ്ങള്‍ക്കിടയിലെ മലയാള സിനിമ എടുത്തു നോക്കിയാല്‍, ബിബ്ലിക്കല്‍ പേരുകള്‍ ധാരാളമായി സിനിമകളുടെ ടൈറ്റില്‍ ആയി വരുന്നത് കാണാന്‍ സാധിക്കും. ‘ലൂസിഫറി’ല്‍ നിന്നും പിന്നിലേക്ക് നോക്കുമ്പോള്‍ ‘മിഖായേല്‍’, ‘ഈ. മ. യൌ’, ‘അബ്രഹാമിന്റെ സന്തതികള്‍’, ‘ആദം ജോണ്‍’, ‘ഹല്ലേലൂയ്യ’, ‘വെളിപാടിന്റെ പുസ്തകം’, ‘പുതിയ നിയമം’, ‘ജേക്കബിന്റെ സ്വര്‍ഗരാജ്യം’, ‘സെവന്ത് ഡേ’, ‘ആമേന്‍’, ‘ലാസ്റ്റ് സപ്പര്‍’, ‘പ്രെയ്സ് ദ ലോര്‍ഡ്’, ‘ഡേവിഡ് ആന്‍ഡ് ഗോലിയാത്ത്’ എന്നിങ്ങനെ അനേകം സിനിമകള്‍.
എന്താണ് സിനിമാ പേരുകളെ മാമ്മോദീസാ മുക്കുന്ന ഈ പുതിയ ട്രെന്‍ഡിന് പിന്നില്‍ ? ‘ലൂസിഫറി’ല്‍ തന്നെ അന്വേഷണം തുടങ്ങാം എന്ന് കരുതി. ആരാണ് ലൂസിഫര്‍? ബൈബിളില്‍ പക്ഷേ ഇങ്ങനൊരു പേരില്ല. അസ്മോദേവൂസ്, ലെഗിയോണ്‍, ബേല്‍സെബൂല്‍ എന്നിങ്ങനെ പിശാചുക്കളുടെ പേരുകള്‍ എടുത്ത് പറയുന്നുണ്ടെങ്കിലും ലൂസിഫറില്ല. പറുദീസയില്‍ നിന്ന് പുറത്താക്കപ്പെട്ട സന്ദര്‍ഭം പറയുമ്പോള്‍ ‘പ്രഭാത നക്ഷത്ര’മെന്നാണ് ബൈബിളില്‍ സാത്താനെ പരാമര്‍ശിക്കുന്നത്. പക്ഷേ പരാമ്പരാഗത ക്രിസ്ത്യന്‍ കഥകളില്‍, ദൈവത്തിന് മുകളില്‍ സിംഹാസനമൊരുക്കാന് ശ്രമിച്ച് പുറത്താക്കപ്പെട്ട മാലാഖമാരുടെ നേതാവിനെ ലൂസിഫറെന്ന് പേരിട്ട് വിളിക്കുന്നുണ്ട്. മാലാഖക്കൂട്ടത്തില് നിന്ന് പുറത്താക്കപ്പെട്ട്, സ്വര്‍ഗത്തില്‍ നിന്ന് പാതാളത്തിലേക്കുള്ള ദൂരം കൊണ്ട് ചെകുത്താനായ ലൂസിഫര്‍. ഒരാള്‍ക്ക് തന്നെ മാലാഖയും പിശാചുമായി മാറാനാകുമെന്ന് താത്വികാവലോകനത്തിലേക്കും എത്താം. കഥ എന്തുമാകട്ടെ, തിന്മയുടെ പ്രതിരൂപമാണെങ്കിലും മാലാഖയായിരുന്നു ലൂസിഫര്‍. ബ്ലോക്ക്ബസ്റ്റര്‍ മോഹന്‍ലാല്‍ ചിത്രത്തിന് ഇതിലും ‘ഇന്റര്‍നാഷണല്‍’ ആയ വേറെ ഒരു പേര് കിട്ടാനുണ്ടോ?
Read More: Who is Lucifer?: സാത്താനോ മാലാഖയോ, ആരാണ് ലൂസിഫര്‍ ?
‘ലൂസിഫറി’ല്‍ നിന്നും ‘മിഖായേലി’ലേക്കും ‘ജോസെഫി’ലേക്കും കടക്കാം. ഏഴ് കാവല്‍ മാലാഖമാരിലെ പ്രധാനി, സ്വര്‍ഗീയ സൈന്യങ്ങളുടെ നേതാവ്, പിശാചിനെ പാദത്തിന് കീഴിലാക്കിയവന്, മരണ ശേഷം ആത്മാക്കളെ സ്വര്ഗത്തിലേക്കെത്തിക്കുന്നവന്, ഇങ്ങനെ മിഖായേല്‍ മാലാഖ വിശ്വാസിക്ക് ഉടനീളം പരിചയാണ്. മൈക്കിളിനെ (നിവിന്‍ പോളി)ക്കുറിച്ച് അമ്മ സഹോദരിക്ക് പറഞ്ഞ് കൊടുക്കുന്നതും അങ്ങനെയാണ്, ആപത്തു വരുമ്പോള്‍ മിഖായേല്‍ മാലാഖയെപ്പോലെ അവന് വരും. പശ്ചാത്തപിക്കുന്ന പാപിക്ക് മാപ്പ് കൊടുക്കാന്‍ താന്‍ ദൈവമല്ലെന്ന് പറഞ്ഞ് നായകന് ശത്രുക്കളെ വെട്ടി നിരത്തുന്നു. വിശ്വസിക്കുന്നവര്‍ക്ക് കാവലിരിക്കുന്ന നായകന് മിഖായേല്‍ മാലാഖയുടെ പ്രതിച്ഛായ കൃത്യമാണ്.
ജോജുവാണ് ജോസഫായെത്തിയത്. കുടുംബത്തെ സ്നേഹിക്കുന്ന, ജോലിയില്‍ മിടുക്കനായ, നന്മകളുള്ള ഒരു സാധാരണ പൊലീസുകാരന്. പുതിയ നിയമത്തിലെ മരപ്പണിക്കാരനായ ജോസഫും കുടുംബത്തെ നെഞ്ചിലേറ്റിയ ഒരു പാവം തച്ചനാണ്. പഴയ നിയമത്തിലെ ജോസഫും കുടുംബത്തെക്കുറിച്ച് കരുതലുള്ളവനാണ്. കാര്യങ്ങള്‍ കൃത്യമായി വിലയിരുത്തുന്ന, ദീര്‍ഘവീക്ഷണമുള്ള വ്യക്തി. സിനിമ കാണുമ്പോള്‍ പുതിയ നിയമത്തിലെയും പഴയ നിയമത്തിലെയും ജോസഫുമാരോട് ചേര്‍ന്ന് നില്ക്കും ജോജുവിന്റെ ജോസഫും.
ബൈബിളില്‍ നിന്ന് കൃത്യം എടുത്തതല്ലെങ്കിലും പേരു കൊണ്ട് തന്നെ ക്രിസത്യന്‍ ബന്ധം അറിയിച്ചിരുന്നു ‘ഈ.മ.യൌ’. പേരിന്റെ പ്രത്യേകത കൊണ്ട് തന്നെ പെട്ടെന്ന് ശ്രദ്ധ കിട്ടുകയും ചെയ്തു. മരണം കേന്ദ്രകഥാപാത്രമാകുമ്പോള്‍, അത് ഒരു സത്യക്രിസ്ത്യാനിയാടുതാകുമ്പോള്, ‘ഈശോ മറിയം യൗസേപ്പേ ഈ ആത്മാവിന് കൂട്ടായിരിക്കണേ’ എന്ന പ്രാര്‍ഥനയേ ചൊല്ലാനുള്ളൂ. ക്രിസ്ത്യാനികള്‍ക്ക് മാത്രമറിയാമായിരുന്ന, വളരെക്കുറിച്ച് അക്രൈസ്തവര്‍ കേട്ടിരിക്കാന്‍ ഇടയുള്ള സുകൃതജപം. ആദ്യവസാനം കൃത്യമായ ചേരുവകളുള്ള സാഹിത്യസൃഷ്ടി അതേ പേരില്‍ സിനിമയായെത്തുന്നു. വ്യത്യസ്തത അല്ല, മറിച്ച് മുഴച്ച് നില്‍ക്കാതെ, കഥയ്ക്ക് ബാധ്യതയില്ലാതെ കൃത്യമായൊരു കൂട്ടിച്ചേര്‍ക്കല്‍, അതാണ് ‘ഈ.മ.യൗ’ എന്ന് പേരിന് പിന്നിലുണ്ടായിരുന്നത്.
നായക കഥാപാത്രമോ, കഥാപരിസരമോ ഇത്തരത്തിലുള്ള പേരുകള്‍ തെരഞ്ഞെടുക്കുന്നതിനെ സ്വാധീനിക്കുന്നുണ്ട് എന്ന് വ്യക്തമാകുന്നുണ്ട്. എന്നാല്‍ അതിലുപരി മറ്റെന്തെല്ലാമാണ് ഒരു സൃഷ്ടാവിന്റെ പരിഗണയില്‍ വരിക? എന്താണ് മലയാള സിനിമയിലെ ഈയൊരു ട്രെന്‍ഡ് സൂചിപ്പിക്കുന്നത് ? ക്രിസ്തീയ പേരുകള്‍ക്ക് പ്രത്യേക സ്വീകാര്യത വന്നു ചേരുന്നതിന്റെ കാര്യം എന്തായിരിക്കും?
കേരളത്തിലെ ക്രിസ്റ്റ്യാനിറ്റി ഒരു മതപരമായ സാന്നിധ്യം മാത്രമയല്ല, മറിച്ച് ഒരു കള്‍ച്ചറല്‍ കോണ്ടെക്സ്റ്റസിലാണ് കൂടുതലായി നിലനില്‍ക്കുന്നത് എന്നത് കൊണ്ടാണിത് എന്നാണ് ‘ഇയ്യോബിന്റെ പുസ്തകം’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തും നാടക സംവിധായകനുമായ ഗോപന് ചിദംബരന്റെ അഭിപ്രായം. അടുത്തിടെയിറങ്ങിയ ‘കുമ്പളങ്ങി നൈറ്റ്സി’ലെ ബേബി മോളെന്ന കഥാപാത്രം പറയുന്ന പോലെ ‘യേശു നമുക്കറിയാത്ത ആളൊന്നുമല്ലല്ലോ’ എന്ന തരത്തില്‍ ജനീകയമാണ് ഇവിടെ ക്രിസ്തുമതം എന്നും ഗോപന് പറയുന്നു.
“കേരളത്തിനുള്ള സെക്കുലര്‍ സ്വഭാവത്തിന്റെ ഭാഗമായി കൂടിയാണ് ഈ സ്വീകാര്യത. കേരളത്തിന്റെ ജനതയുടെ അടുത്ത് ക്രിസ്റ്റ്യാനിറ്റിയുടെ സ്പിരിറ്റ് വളരെ മനോഹരമായ രീതിയില്‍ വന്നു ചേര്‍ന്നിട്ടുണ്ട്. അത് പ്രധാനമായും നടന്നിട്ടുള്ളത് (എന്‍ കെ) ദാമോദരന്‍ സാറിന്റെയൊക്കെ ദൊസ്തയേവ്സ്കി പരിഭാഷകളിലൂടെയാണ്. ക്രിസ്റ്റ്യാനിറ്റിയുടെ ഏസ്തെറ്റിക്ക് വശം കൂടി അവ പരിചയപ്പെടുത്തി.”
ദൊസ്തയേവ്സ്കിയുടെ ‘കാരമസോവ് സഹോദരന്മാരി’ല്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ‘ഇയ്യോബിന്റെ പുസ്തക’മെന്ന ചിത്രത്തിന്റെ തിരക്കഥയെഴുതിയത് എന്നും ഗോപന് വെളിപ്പെടുത്തി. കഥാപാത്രങ്ങളുടെ പേരുകളും മാറ്റിയില്ല. എന്നാല്‍ ബൈബിളിനോടെന്നതിനേക്കാള് ദൊസ്തയേവ്സ്കിയുടെ സൃഷ്ടിയോടാണ് ‘ഇയ്യോബിന്റെ പുസ്തകം’ ചേര്‍ന്ന് നില്‍ക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
“ബൈബിളില്‍ ജോബിന്റെ പുസ്തകത്തിലെ ‘പ്രായാധിക്യം ജ്ഞാനം പ്രദാനം ചെയ്യുന്നില്ല, ദീര്‍ഘായുസ്സ് വിവേകവും’ എന്ന വചനത്തോടെയാണ് സിനിമയുടെ തുടക്കം. വിദ്യാര്‍ഥിയായിരുന്ന സമയത്ത് തുഞ്ചത്ത് എഴുത്തച്ഛന്റെ രാമായണം പഠിക്കാനുണ്ടായിരുന്നു, ബൈബിളുണ്ടായിരുന്നില്ല. പിന്നീട് ആരൊക്കയോ പറഞ്ഞ് കേട്ടാണ് ബൈബിള്‍ വായിച്ചത്. പക്ഷേ പിന്നീട് എന്റെ ഭാഷ മെച്ചപ്പെടുത്താന്‍ ബൈബിള്‍ വായന സഹായിച്ചു. ബൈബിള്‍ ഉദ്ധരണികള്‍ അറിയാതെ തന്നെ കാണാപാഠമായി. ജോബിനേക്കാള്‍, ഇയ്യോബെന്ന പേരില്‍ കഥാപാത്രമെത്തുമ്പോള്‍ മലയാളിയ്ക്ക് എവിടെയൊക്കയോ ഒരു അടുപ്പം തോന്നും. ചുരുക്കിപ്പറഞ്ഞാല്‍ ക്രിസ്റ്റ്യാനിറ്റിക്കുള്ള ‘കള്‍ച്ചറല്‍ സ്ട്രെങ്ത്’ അസാമാന്യമാണ്.”

ലോകത്തെമ്പാടുമുള്ള കലാലോകം ബൈബിളിലൂടെ പ്രചോദിതമായിട്ടുണ്ട്, ബിപിന്‍ ചന്ദ്രന്
ബൈബിള്‍ ആസ്പദമാക്കിയുള്ള പേരുകള്‍ വരുന്നത് ഒരു ട്രെന്‍ഡിന്റെ കാറ്റഗറിയില്പ്പെടുത്താന് സാധിക്കില്ല, അത് സ്വാഭവികമായി വന്നു ചേരുന്നതാവാന് ആണ് സാധ്യത എന്നുമാണ് ‘c/o സൈറാ ബാനു’, ‘പാവാട’, ‘1983’, ‘ബെസ്റ്റ് ആക്ടര്‍’ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രന്റെ വിലയിരുത്തല്‍..
“ബൈബിളിനുള്ള സര്‍വസ്വീകാര്യതയാണ് ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ക്കുള്ള പ്രചോദനം. ഒരു ‘ഗ്രാന്‍ഡ് നരേറ്റിവ്’ അല്ലെങ്കില്‍ ഒരു ബൃഹദാഖ്യാനം ആയതു കൊണ്ട് തന്നെ മലയാള സിനിമ മാത്രമല്ല, ലോകത്തെമ്പാടുമുള്ള കലാലോകം ബൈബിളിലൂടെ പ്രചോദിതമായിട്ടുണ്ട്. ശില്പ കലയിലും ചിത്രകലയിലും ഒക്കെ മികച്ച ഉദാഹരണങ്ങള്‍ ഉണ്ട്. ക്രിസ്ത്യാനികളും അല്ലാത്തവര്‍ക്കും ബൈബിള്‍ കഥകളും പേരുകളും ഒക്കെ പരിചിതമാണ്.”
ബൈബിള്‍ പേരുകള്‍ മാത്രമല്ല, വചനങ്ങള്‍ പറയുന്ന കഥാപാത്രങ്ങളെയും മലയാളി ഏറ്റെടുത്തിട്ടുണ്ട് എന്നാണ് ബിപിന്റെ പക്ഷം.
“പദ്മരാജന്റെ ‘നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍’ എടുത്താല്‍, അതില്‍ ബൈബിള്‍ വചനങ്ങള്‍ക്ക് വലിയ സ്ഥാനമുള്ളതായി കാണാം. പ്രേക്ഷകരിലേക്കത് മനോഹരമായി സംവേദിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ സിനിമയില്‍ നേരിട്ട് ഉപയോഗിച്ചില്ലെങ്കില്‍ പോലും ചിലപ്പോള്‍ ഒരു സിനിമയുടെ തുടക്കത്തില്‍ ഒക്കെ ബൈബിള്‍ വചനങ്ങള്‍ ഉദ്ധരിച്ച് തുടങ്ങാറുണ്ട്. സിനിമയുടെ മൂഡ് സെറ്റ് ചെയ്യാനും അല്ലെങ്കില്‍ ഒരു കഥാപാത്രത്തിന്റെയോ, കഥാപരിസരത്തിന്റെയോ സ്വഭാവം സെറ്റ് ചെയ്യാനായി ഇതിലൂടെ സാധിക്കും. ഒരു എഴുത്തുകാരന് എന്ന നിലയില്‍ ചില കാര്യങ്ങള്‍ എളുപ്പത്തില്‍ കണ്‍വേ ചെയ്യാന്‍ ഇത് സഹായിക്കും. ഇപ്പോള്‍ ഒരു പ്രണയ സീനില്‍ ‘Flesh of my Flesh, Blood Of my Blood’ എന്നതിനെ ‘എന്റെ മാംസത്തിന്റെ മാംസവും, രക്തത്തിന്റെ രക്തവും’ എന്ന് കാവ്യാത്മകമായി അവതരിപ്പിക്കാന്‍ സാധിക്കും.”
പ്രാദേശികമായ മിത്തുകളെക്കാള്‍ യൂണിവേഴ്സലായ മിത്തുകള്‍ ഉപയോഗിക്കുമ്പോള്‍ ചുരുക്കി കഥ പറയാനാകും. പ്രധാനമായും ചെറിയ കുട്ടികള്‍ക്ക് മുതല്‍ വലിയവര്‍ക്ക് വരെ പരിചയമുള്ളതെന്ന നിലയ്ക്കാണ് ബൈബിളിലേക്കെത്തുന്നത് എന്നും ബിപിന്‍ ചന്ദ്രന് വിശ്വസിക്കുന്നു.
എന്നാല്‍ മറ്റൊരു വാദമാണ് ‘ഈ മ യൌ’ തിരക്കഥാകൃത്ത് പി എഫ് മാത്യൂസ് മുന്നോട്ട് വയ്ക്കുന്നത്. ആന്തരികമായ, ഘടനാപരമായ മാറ്റങ്ങള്‍ ഒന്നും തന്നെ ഉണ്ടാകാതിരിക്കുന്ന സാഹചര്യത്തില്‍ ‘പെരിഫറല്‍’ ആയ ഒരു മാറ്റം സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഇത് സംഭവിക്കുന്നത് എന്നാണു അദ്ദേഹം പറയുന്നത്.
“പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ തന്നെയാണ് ഇപ്പോഴും. ഏറ്റവും മിനിമലായി ചെയ്യാന്‍ പറ്റുന്നത് പെരിഫറലായ മാറ്റങ്ങളാണ്. അതിലൊന്നാണ് പേര്. ഇതില്‍ മൂല്യങ്ങള്‍ മാറുന്നില്ല, മൂല്യവ്യവസ്ഥകള്‍ മാറുന്നില്ല, ചിന്തകള്‍ മാറുന്നില്ല, നവീനത്വം വരുന്നില്ല, ഒരു ക്രിയാത്മകതയുമുണ്ടാകുന്നില്ല. എല്ലാം പഴയപടി തന്നെ. അങ്ങനെ വരുമ്പോള്‍ പെരിഫറല്‍ ആയിട്ട് നമ്മള് ആവിഷകരിക്കുന്ന ചില സൂത്രപ്പണികള്‍ ആണ് പേരിലുള്ള കുതിച്ചു ചാട്ടങ്ങള്‍.”

ബൈബിളുമായി ബന്ധമില്ല, ‘ഈ.മ.യൗ’ എന്ന പേരിന്, പി എഫ് മാത്യൂസ്
അങ്ങനെയിടുന്ന പേരുകള്‍ സിനിമയ്ക്ക് എത്രത്തോളം അനുയോജ്യമാണ് എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു എന്നും പറഞ്ഞ പി എഫ് മാത്യൂസ്, താന്‍ ചെയ്യുന്ന ചിത്രങ്ങളില്‍ മാറി നിന്നല്ല വിമര്‍ശനം, അവയും കൂടി ഈ ആക്ഷേപത്തില്‍ പെടുന്നുണ്ട് എന്നും കൂട്ടിച്ചേര്‍ത്തു.
“ബൈബിളുമായി ബന്ധമില്ല, ‘ഈ.മ.യൗ’ എന്ന പേരിന്. കൊച്ചി-തൃശ്ശൂര്‍ പ്രദേശത്തെ ക്രിസ്ത്യാനികളുടെ ഒരു വിഭാഗത്തില്‍ മരണ സമയത്ത് അടിക്കുന്ന നോട്ടീസിലും കല്ലറയിലും കുറിച്ച് വച്ചിരുന്ന ഒരു പ്രാര്‍ത്ഥനയാണത്. ബിബ്ലിക്കല്‍ അല്ല അത്, ലോക്കല്‍ ആയ ഒരു ആചാരമാണ്. പ്രമേയത്തോട് ചേര്‍ന്ന് നില്‍ക്കുന്നത് കൊണ്ടാണ് ആ പേരെടുത്തത്. സംവിധായകന് ലിജോ ജോസ് പെല്ലിശേരിയാണ് ഈ പേര് ആദ്യം പറഞ്ഞത്. മുഴച്ച് നില്‍ക്കാതെ, കഥയ്ക്ക് ബാധ്യതയില്ലാതെ കൃത്യമായൊരു കൂട്ടിച്ചേര്‍ക്കല്‍, അതാണ് ‘ഈ.മ.യൗ’ എന്ന് പേരിന് പിന്നില്‍. ഇതിലും നല്ലൊരു പേര് എനിക്കും പറയാന്‍ ഉണ്ടായിരുന്നില്ല. ഇതൊരു സ്വയം ന്യായീകരണമായി തോന്നാം, പക്ഷേ വസ്തുത അതാണ്.”
(With desk inputs)
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook