നടനാവാൻ വേണ്ടിയാണ് ബിബിൻ ജോർജ് തിരക്കഥ എഴുതി തുടങ്ങിയത്. ‘അമർ അക്ബർ ആന്റണി’, ‘കട്ടപ്പനയിലെ ഹൃത്വിക് റോഷൻ’ എന്നീ സിനിമകളിലൂടെ തിരക്കഥാകൃത്തായി പേരെടുത്തപ്പോഴും ഉളളിന്റെ ഉളളിൽ അഭിനയ മോഹം ബാക്കി കിടന്നു. ചില സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തുവെങ്കിലും ബിബിൻ ജോർജ് നടനായി തിരിച്ചറിയപ്പെട്ടില്ല. ആ സങ്കടം ഇടയ്ക്കെങ്കിലും ബിബിനെ വേദനിപ്പിക്കുന്നുണ്ടായിരുന്നു. ഇപ്പോഴിതാ ബിബിൻ ജോർജ് നായകനായി തന്നെ എത്തുകയാണ്. ഷാഫി സംവിധാനം ചെയ്യുന്ന ‘ഒരു പഴയ ബോംബ് കഥ’യിലൂടെയാണ് തിരക്കഥാകൃത്തിൽനിന്നും ബിബിൻ നായകവേഷത്തിലേക്ക് മാറുന്നത്. പുതിയ സിനിമാ വിശേഷങ്ങളുമായി ബിബിൻ ജോർജ് ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോടൊപ്പം….

  • ഒരു പഴയ ബോംബ് കഥയിലെ നായക വേഷത്തിലേക്ക് എത്തുന്നത് എങ്ങനെ?

‘റോൾ മോഡൽസ്’ എന്ന സിനിമയിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. അതു കണ്ടിട്ടാണ് ബിഞ്ജു ജോസഫും സുനിൽ കർമ്മയും എന്നെ മനസ്സിൽ കണ്ടു കൊണ്ട് ‘ഒരു പഴയ ബോംബ് കഥ’യുടെ തിരക്കഥ എഴുതുന്നത്. തിരക്കഥ എഴുതി പൂർത്തിയായപ്പോൾ ഇരുവരും എന്നെ കാണാൻ വേണ്ടി വന്നു. ആ സമയത്ത് ദുൽഖർ സൽമാൻ നായകനാവുന്ന ‘ഒരു യെമണ്ടൻ പ്രേമകഥ’യുടെ ക്ലൈമാക്സ് രംഗം എഴുതുന്നതിന്റെ തിരക്കിലായിരുന്നു ഞാൻ. എഴുത്ത് തുടങ്ങിയാൽ പിന്നെ മനസ്സിൽ അത് മാത്രമേ ഉണ്ടാവൂ. അതിന്റെ ടെൻഷനും ആലോചനയും ഒക്കെയായിരുന്നു എന്റെ മനസ്സിൽ. ആ സമയത്ത് ‘ഒരു പഴയ ബോംബ് കഥ’യുടെ കഥ അവർ പറഞ്ഞപ്പോൾ എനിക്ക് ഇഷ്ടമായില്ല. എനിക്ക് ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞ് ഞാനവരെ മടക്കി അയച്ചു.

ഒരു വർഷത്തോളമെടുത്താണ് ഞാനും വിഷ്ണുവും ‘ഒരു യെമണ്ടൻ പ്രേമകഥ’യുടെ തിരക്കഥ പൂർത്തിയാക്കിയത്. അതിന്റെ ഷൂട്ട് തുടങ്ങാൻ ഇരിക്കുമ്പോഴാണ് ദുൽഖർ ഹിന്ദി ചിത്രത്തിൽ അഭിനയിക്കാൻ പോയത്. അതോടെ ആ സിനിമ വൈകി. വിഷ്ണുവാണെങ്കിൽ അടുത്ത സിനിമയിലേക്ക് അഭിനയിക്കാൻ പോയി. എനിക്ക് ഒന്നും ചെയ്യാനില്ല. എന്ത് ചെയ്യണമെന്ന് അറിയാതെ ഞാൻ ഇരിക്കുമ്പോഴാണ് സലീഷ് എന്ന എന്റെ അടുത്ത സുഹൃത്തുമായി ‘ഒരു പഴയ ബോംബ് കഥ’യുടെ കാര്യം സംസാരിക്കുന്നത്. അവനോട് ഞാൻ ഈ സിനിമയുടെ കഥ പറഞ്ഞു. നല്ല കഥയാണെന്നും എന്തിനാണ് ഞാൻ വേണ്ടെന്നു വച്ചതെന്നും അവൻ ചോദിച്ചു. അങ്ങനെ ഞാൻ വീണ്ടും ബിഞ്ജു ജോസഫിനെയും സുനിൽ കർമ്മയെയും വിളിച്ചു, എനിക്ക് കഥ ഒരിക്കൽ കൂടി കേൾക്കണമെന്ന് പറഞ്ഞു. മനസ്സ് ഫ്രീയാക്കി ഇരുന്ന് കേട്ടപ്പോൾ എനിക്ക് ഇഷ്ടമായി.

പിന്നെ എല്ലാം വളരെ പെട്ടെന്നാണ് നടന്നത്. ആദ്യം ഞാൻ കഥ കേട്ടു, എനിക്ക് ഇഷ്ടമായി, അതു കഴിഞ്ഞ് ഞാനും കൂടി പോയാണ് ഷാഫി സാറിനെ കാണുന്നത്. അദ്ദേഹത്തിന് ഇഷ്ടമായി, സംവിധാനം ചെയ്യാമെന്ന് പറയുന്നു. അവിടെ ഇരുന്നു തന്നെയാണ് ഹരീഷ് കണാരനെയും കലാഭവൻ ഷാജോണിനെയും വിളിക്കുന്നത്. ഇവർ രണ്ടുപേരും തിരക്കുളളവരാണ്. അതിൽ തന്നെ ഹരീഷിനെ കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്. പക്ഷേ ഈ സിനിമ പറയുമ്പോൾ ഹരീഷ് ഫ്രീയായിരുന്നു. ഹരീഷ് ചെയ്യാനിരുന്ന ഒരു സിനിമ എന്തോ കാരണങ്ങളാൽ മാറിപ്പോയി. അങ്ങനെ ഹരീഷും സിനിമയ്ക്ക് ഓകെ പറഞ്ഞു. ‘ഒരു യെമണ്ടൻ പ്രേമകഥ’ ഷൂട്ട് ചെയ്യാനിരുന്ന അതേ സമയത്താണ് ‘ഒരു പഴയ ബോംബ് കഥ’യുടെ ഷൂട്ടിങ് നടന്നത്.

  • ഒരു മുഴുനീള കഥാപാത്രം ചെയ്തപ്പോഴുണ്ടായ അനുഭവം?

ബേസിക്കലി ഞാനൊരു മിമിക്രി ആർട്ടിസ്റ്റാണ്. മിമിക്രി ആർട്ടിസ്റ്റുകൾക്ക് അഭിനയം കുറച്ചു കൂടുതലായിരിക്കും. അതിനാൽ തന്നെ അഭിനയിക്കുമ്പോൾ ഓവർ ആവുമോ എന്ന പേടിയുണ്ടായിരുന്നു. ഞാൻ അഭിനയിക്കുമോ എന്ന സംശയം ഷാഫി സാറിന് ഇല്ലായിരുന്നു. കാരണം ‘റോൾ മോഡൽസി’ൽ എന്റെ ആക്ഷൻ രംഗങ്ങൾ എടുത്തത് ഷാഫി സാറാണ്. ബിബിൻ ചെയ്യും എന്നൊരു തോന്നൽ സാറിന്റെ ഉളളിലുണ്ട്. പക്ഷേ എന്റെ മനസ്സിൽ ഒരു ഭയമുണ്ടായിരുന്നു. സെറ്റിൽ എല്ലാവരും ഫീൽഡിൽ വർഷങ്ങളായി ഉളളവർ. ഞാനൊരു പുതുമുഖവും. ആദ്യ ഷോട്ട് എടുത്തപ്പോൾ പേടിച്ചിട്ട് ഞാൻ ചുണ്ടു കടിച്ചു. ഷാഫി സാർ അങ്ങനെ ചെയ്യരുതെന്നും എന്താണ് ചെയ്യേണ്ടതെന്നും പറഞ്ഞു തന്നു. അടുത്ത ഷോട്ട് എടുത്തപ്പോൾ ശരിയായി. പിന്നെ പിന്നെ എല്ലാം ഓകെ ആയി. എന്റെ അഭിനയം നന്നായിട്ടുണ്ടോയെന്ന് എനിക്കറിയില്ല. അതു തീരുമാനിക്കേണ്ടത് പ്രേക്ഷകരാണ്.

ബിബിൻ ജോർജ് സംവിധായകൻ ഷാഫിയ്‌ക്കൊപ്പം

  • ഈ സിനിമയിൽ ബിബിന്റെ ഒരു തകർപ്പൻ ഡാൻസ് ഉണ്ടല്ലോ?

ആ പാട്ട് ഷൂട്ട് ചെയ്യുന്ന സമയത്ത് നന്നായി ഡാന്‍സ് ചെയ്യണം എന്നൊരു മോഹം മനസ്സിലുണ്ടായിരുന്നു. ഷാഫി സാറിന്റെയും ദിനേഷ് മാസ്റ്ററിന്റെയും പ്രോൽസാഹനം കൂടിയായപ്പോൾ ധൈര്യം വന്നു. എന്റെ ഈ കാലും കൊണ്ട് എങ്ങനെയായാണ് നൃത്തം ചെയ്തത് ചോദിച്ചാൽ ഇപ്പോൾ എനിക്കറിയില്ല. ഉളളിൽ എവിടെയോ താളം ഉണ്ടായിരുന്നു.​ അങ്ങനെ ചെയ്തു. പാട്ട് കണ്ടിട്ട് നാട്ടുകാരും സുഹൃത്തുക്കളും ഒക്കെ ചോദിച്ചത്, നീ ഇത്ര നന്നായി നൃത്തം ചെയ്യുമോ എന്നാണ്. റിഹേഴ്സൽ ചെയ്തിട്ടില്ല. ഓരോ ഷോട്ടിലും മാസ്റ്റർ ചെയ്തു കാണിക്കും, അത് ഞാന്‍ അപ്പോൾ തന്നെ ചെയ്യും. മൂന്നു ദിവസം കൊണ്ടായിരുന്നു പാട്ടിന്റെ ഷൂട്ടിങ്. മൂന്നു ദിവസവും കാലിന് നല്ല നീരായിരുന്നു. ;

  • ‘അമർ അക്ബർ ആന്റണി’, ‘കട്ടപ്പനയിലെ ഋത്വിക് റോഷൻ’ എന്നീ രണ്ടു സിനിമകളുടെയും തിരക്കഥ എഴുതിയത് നാദിർഷയ്ക്ക് വേണ്ടിയാണ്. അദ്ദേഹവുമായുളള അടുപ്പം?

നാദിർഷ ഇക്ക സ്വന്തം ചേട്ടനെ പോലെയാണ്. പച്ചാളത്ത് മുളകു ബജി കഴിച്ചു നടന്ന രണ്ടു പിള്ളേരുടെ സ്ക്രിപിറ്റിൽ പൂർണ വിശ്വാസം അർപ്പിച്ച് ചെയ്ത രണ്ടു സിനിമയും ഇത്രയും ഹിറ്റാവാൻ കാരണം നാദിർഷ ഇക്കയാണ്. 17-ാം വയസ്സിൽ ടിവിക്കുവേണ്ടിയാണ് ഞാൻ എഴുത്ത് തുടങ്ങിയത്. ‘കളിയും ചിരി’യും പ്രോഗ്രാമിന്റെ 175 എപ്പിസോഡുകൾ നാദിഷയ്ക്ക് വേണ്ടി എഴുതിയിരുന്നു. ‘ബഡായി ബംഗ്ലാവി’ന്റെ 130 എപ്പിസോഡോളം എഴുതി. ‘ബഡായി ബംഗ്ലാവ്’ ഷൂട്ട് ചെയ്യുന്ന സമയത്ത് മുകേഷിനെ കാണാൻ നാദിർഷ ഇക്ക അവിടെ വന്നു. കഥ വല്ലതും ഉണ്ടോയെന്ന് എന്നോട് ചോദിച്ചു. ദിലീപേട്ടന് പറ്റിയ കഥയില്ലെന്ന് ഞാൻ പറഞ്ഞു. നാദിർഷ ഇക്ക ദിലീപിനെ വച്ചിട്ടേ സിനിമ ചെയ്യൂ എന്നൊരു തെറ്റിദ്ധാരണ ഞങ്ങൾക്കുണ്ടായിരുന്നു. പക്ഷേ ഇക്ക പറഞ്ഞു, നിങ്ങൾ പറഞ്ഞു കേൾപ്പിക്കെന്ന്, അങ്ങനെയാണ് ‘അമർ അക്ബർ ആന്റണി’ സിനിമ ഉണ്ടാകുന്നത്.

  • വിഷ്ണു ഉണ്ണിക്കൃഷ്ണനുമായുളള സൗഹൃദം?

സാഹചര്യം കൊണ്ട് ഏറ്റവും വലിയ ശത്രുക്കളാവേണ്ടതാണ് ഞങ്ങൾ രണ്ടുപേരും. ആറാം ക്ലാസിൽ പഠിക്കുന്ന സമയത്ത് എന്റെ വീടിനു അടുത്ത് പ്രോഗ്രാമിനു വേണ്ടിയാണ് അവൻ വന്നത്. അതിൽ ഞാനും ഉണ്ടായിരുന്നു. പക്ഷേ പരിപാടി കഴിഞ്ഞതോടെ അവൻ സ്റ്റാറായി. പിന്നെ എവിടെ മൽസരിച്ചാലും അവന് ആദ്യ സ്ഥാനം, രണ്ടാം സ്ഥാനം എനിക്ക്. അങ്ങനെ വർഷങ്ങൾ പോയി. ഡിഗ്രി ഫസ്റ്റ് ഇയർ വരെ. ആ വർഷം മൽസരത്തിൽ ഞാൻ ജയിച്ചു. അതോടെ ഞങ്ങൾ തമ്മിലുളള മൽസരം നിർത്തി. പിന്നെ ഞങ്ങൾ ഒരുമിച്ചായിരുന്നു എല്ലാ കാര്യത്തിലും. അവന് അഭിനയമായിരുന്നു മോഹം. എനിക്ക് അഭിനയം ഇഷ്ടമാണെങ്കിലും എഴുത്തായിരുന്നു എന്റെ മേഖല. പക്ഷേ തിരക്കഥ എഴുതാൻ തുടങ്ങിയപ്പോൾ ഞങ്ങൾ വീണ്ടും ഒരുമിച്ചായി.

ബിബിൻ ജോർജും വിഷ്‌ണു ഉണ്ണിക്കൃഷ്‌ണനും

  • തിരക്കഥാകൃത്താണോ അതോ അഭിനേതാവാണോ, ബിബിന് ഇഷ്ടം ഏതാണ്?

ആക്ടിങ്ങ് ആണ് എനിക്ക് ഏറ്റവും ഇഷ്ടം. തിരക്കഥ എഴുതുമ്പോൾ ഒരു വരി എഴുതാൻ ചിലപ്പോൾ ഒരു ദിവസം വേണം, ചിലപ്പോൾ ടെൻഷനാവും. അത്രയും എഫർട്ട് എടുത്തിട്ടാണ് എഴുതി പൂർത്തിയാക്കുന്നത്. പക്ഷേ സിനിമ ഇറങ്ങിക്കഴിയുമ്പോൾ നമ്മൾ ആരുമല്ല. നമ്മളെ ആരും തിരിച്ചറിയപ്പെടില്ല. അത് വേദന തരുന്നതാണ്. സിനിമയുടെ പരിപാടിക്ക് പോകുമ്പോൾ അതിൽ ഒരു ചെറിയ വേഷം ചെയ്ത ആളും തിരക്കഥ എഴുതിയ ഞാനും ഇരിക്കുകയാണെങ്കിലും എല്ലാവരും വന്ന് അയാൾക്ക് കൈ കൊടുത്തിട്ട് പോകും. നമ്മളെ ഒന്നു നോക്കുക പോലും ചെയ്യില്ല. അപ്പോൾ മനസ്സിൽ വല്ലാത്ത വേദന തോന്നാറുണ്ട്. പക്ഷേ അഭിനയിക്കുമ്പോൾ അതില്ല. നമ്മൾ തിരിച്ചറിയപ്പെടും. എന്നാൽ ഒരു തിരക്കഥ എഴുതി പൂർത്തിയാകുമ്പോൾ കിട്ടുന്ന സന്തോഷം അത് വേറെ ലെവലാണ്. അത് തിരക്കഥയ്ക്കേ നൽകാൻ സാധിക്കൂ.

  • ‘ഒരു യെമണ്ടൻ പ്രേമകഥ’യിലെ കഥാപാത്രം?

ഒരു യെമണ്ടൻ പ്രേമകഥയിൽ വില്ലന്റെ വേഷമാണ് എനിക്ക്. ചെയ്യുന്ന സിനിമകളിൽ വ്യത്യസ്തത വേണമെന്നാണ് എന്റെ ആഗ്രഹം. എല്ലാ റോളും ചെയ്യാൻ പറ്റുന്ന ഒരു നടനെന്ന് കേൾക്കുന്നതാണ് ഇഷ്ടം.

  • അടുത്ത പ്രോജക്ട്?

‘ഒരു യെമണ്ടൻ പ്രേമകഥ’യുടെ തിരക്കഥ എഴുതി പൂർത്തിയാക്കി. ഇപ്പോൾ ഞാൻ ബ്ലാങ്കാണ്. സാധാരണക്കാരുടെ കഥയാണ് ഞങ്ങൾക്ക് പറയാനുളളത്. അത് അവരുടെ ഇടയിൽ നിന്നുമാണ് കിട്ടാറുളളത്. അടുത്തതും അങ്ങനെ തന്നെയാവും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ